കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള സര്‍വീസിന് നാളെ തുടക്കമാകും. രാവിലെ 10.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്യും.
പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഉദ്ഘാടനം. ഉദ്ഘാടന ചടങ്ങുകള്‍ പതിനൊന്ന് മണിക്ക് ടൗണ്‍ ഹാളില്‍ വച്ച് നടക്കും. മെട്രോ സര്‍വ്വീസ് ഉദ്ഘാടനം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ച ഉടന്‍ മെട്രോ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനുള്ള രീതിയിലുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് കെ.എം.ആര്.എല്‍ എംഡി ഏലിയാസ് ജോര്‍ജ് അറിയിച്ചു.
പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളെജ് വരെ അഞ്ച് സ്റ്റേഷനുകളാണ് ഉള്ളത്. മഹാരാജാസ് ഗ്രൗണ്ടിലേക്ക് സര്‍വ്വീസ് നീളുന്നതോടെ ദൂരം 18 കിലോമീറ്ററാകും. ഇതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെഎംആര്‍എല്‍.