ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് ഇന്ന് തുടക്കമാകും. രാവിലെ 10ന് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം ചെയ്യും. ആദ്യദിവസം പയ്യന്നൂര്‍ മുതല്‍ പിലാത്തറവരെയാണ് യാത്ര. ഈ പദയാത്രയില്‍ അമിത്ഷാ പങ്കെടുക്കും. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എം.പി.മാരായ സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ, നളിന്‍കുമാര്‍ കട്ടീല്‍, ബിജെപി അഖിലേന്ത്യാ സെക്രട്ടറി എച്ച്.രാജ, വി.മുരളീധരന്, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കന്മാര് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
തിങ്കളാഴ്ച രാത്രിയാണ് അമിത് ഷാ കേരളത്തിലെത്തിയത്. ബേക്കലില്‍ എത്തി അവിടെ തങ്ങുന്ന അമിത് ഷാ ഇന്ന് രാവിലെ ഒന്‍പതുമണിയോടെ റോഡ് മാര്‍ഗം പയ്യന്നൂരിലെത്തും. ഇതിനുമുന്‍പ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം 12 മണിയോടെ അവസാനിക്കും. ഉച്ചഭക്ഷണത്തിനുശേഷം വൈകീട്ട് മൂന്നിന് ഗാന്ധി പാര്‍ക്കിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് അമിത്ഷാ ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്യുക. അമിത്ഷായുടെ വരവ് പ്രമാണിച്ച് വന്‍ സുരക്ഷാ സന്നാഹത്തിനു നടുവിലാണ് തിങ്കളാഴ്ച മുതല്‍ പയ്യന്നൂര്‍.