ഈ മാസം 9,10 തീയതികളില്‍ രാജ്യവ്യാപകമായി നടത്താനിരുന്ന വാഹന പണിമുടക്ക് കേരളത്തെ ബാധിക്കില്ലെന്ന് ട്രേഡ് യൂണിയന് നേതാക്കള്‍ അറിയിച്ചു. ഓള് ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.
വന്‍കിട ചരക്കു വാഹനങ്ങളുടെ ഉടമകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളോടു ട്രേഡ് യൂണിയനുകള്‍ യോജിക്കുന്നുണ്ടെങ്കിലും സമരം നടത്തുന്നതു സംബന്ധിച്ചു യൂണിയനുകളുമായി ആലോചിക്കുകയോ പിന്തുണ അഭ്യര്‍ഥിക്കുകയോ ചെയ്തിട്ടില്ലെന്നു ബസ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന് (സിഐടിയു) സംസ്ഥാന ട്രഷറര്‍ കെ.ജയരാജന് പറഞ്ഞു. കേരളത്തിലെ ബസ്, ഓട്ടോ, ടാക്സി തൊഴിലാളികളോ വാഹന ഉടമകളോ സമരത്തില്‍ പങ്കെടുക്കുന്നില്ല. എങ്കിലും സമരത്തെ എതിര്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി മൂലമുള്ള പ്രശ്നങ്ങള്‍, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന, പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ധന തുടങ്ങിയവയ്ക്കെതിരെയാണു സമരം. ഇതേ ആവശ്യങ്ങളുന്നയിച്ചു കേരളത്തിലെ വാഹന ഉടമകളും തൊഴിലാളികളും വിപുലമായ പ്രക്ഷോഭം ആസൂത്രണം ചെയ്യുന്നുണ്ട്. ഇക്കാര്യം ആലോചിക്കാന്‍ സംസ്ഥാനത്തെ മോട്ടോര്‍ വാഹന രംഗത്തെ എല്ലാ സംഘടനകളുടെയും സംയുക്ത യോഗം 20ന് എറണാകുളത്തു ചേരും.