Home » നമ്മുടെ കോഴിക്കോട് » ‘അവഗണനയുടെ മരണപാത’; ജനജാഗ്രതാ സദസ്സ് ഇന്ന്

‘അവഗണനയുടെ മരണപാത’; ജനജാഗ്രതാ സദസ്സ് ഇന്ന്

കോഴിക്കോട്ടെ മെഗാ പദ്ധതിയായി പ്രഖ്യാപിച്ച മാനാഞ്ചിറ-വെള്ളിമാടുകുന്ന് നാലുവരി പാതാ വികസനത്തിന് ആവശ്യമായ ബാക്കി മുഴുവന്‍ ഫണ്ടും ബജറ്റില്‍ പ്രത്യേകമായി വകയിരുത്തണമെന്നാവശ്യപ്പെട്ട് ജനജാഗ്രതാ സദസ്സ് ഇന്ന് വൈകീട്ട് അഞ്ച് മണിക്ക്.

മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്ക് സമീപം ‘അവഗണനയുടെ മരണപാത’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കുന്നത്. മേയര്‍ വി.കെ.സി. മമ്മദ്‌കോയ, എം.കെ. രാഘവന്‍ എം.പി, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹികസാംസ്‌കാരിക നായകര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരെയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ ഡോ. എം ജി എസ് നാരായണന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ആക്ഷന്‍കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്.

റോഡിന്  രണ്ടാം ഗഡുവായി സര്‍ക്കാര്‍ നല്‍കിയ  25കോടി രൂപയും സര്‍ക്കാര്‍ ഭൂമി മതില്‍കെട്ടി സംരക്ഷിക്കാനുള്ള 4 കോടി രൂപയും മലാപ്പറമ്പ് ജങ്ഷന്‍ വിപുലീകരണത്തിനുള്ള 10 കോടി രൂപയും അടക്കം 39 കോടി രൂപ അടിയന്തരമായി വിനിയോഗിക്കണമെന്നാണ് യോഗം ആവശ്യപ്പെടുന്നത്.

ജനുവരി 29ന് ദേശീയ സ്‌കൂള്‍ കായികമേള കോഴിക്കോട് നടക്കുന്നതിന്റേയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ഫെബ്രുവരി അവസാനം നിലവില്‍ വരുമെന്നതിന്റേയും മറവില്‍ ഫണ്ട് ഉപയോഗിക്കാതിരിക്കാനുള്ള ശ്രമം നടക്കുന്നതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. ഒക്ടോബര്‍ ഒന്നിന് ഫണ്ട് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിലെ ബജറ്റ് ശീര്‍ഷകം തെറ്റിയതും തെറ്റ് തിരുത്തി ഫണ്ട് റിലീസ് ചെയ്യാന്‍ മൂന്നു മാസം വൈകിയതും റോഡ് വികസനം മലാപ്പറമ്പ് ജംഗ്ഷന്‍ വിപുലീകരണത്തില്‍ ഒതുക്കി അട്ടിമറിക്കാന്‍ നേരത്തെ നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.

യാത്രാ ദുരിതം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഭൂമി നേരത്തെ റോഡിന് വിട്ടുകൊടുത്ത് വാഹന ഗതാഗതം സുഗമമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പാക്കിയാല്‍ ഭൂമികയ്യേറ്റം നടക്കുമെന്ന അഭിപ്രായം കണക്കിലെടുത്താണ് സര്‍ക്കാര്‍ ഭൂമി മതില്‍ കെട്ടി സംരക്ഷിക്കാന്‍ 4 കോടി രൂപ അനുവദിച്ചത്. അത് എത്രയും വേഗം നടപ്പാക്കിയാല്‍ ഈ റൂട്ടില്‍ അപകടങ്ങള്‍ കുറയും.

ജില്ലയിലെ ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമിക്കുമ്പോള്‍ അതിനെ തുരങ്കംവെയ്ക്കുന്ന നീക്കങ്ങളില്‍ യോഗം പ്രതിഷേധിച്ചു. തുടക്കംമുതല്‍ ഈ റോഡിന്റെ വികസനം അട്ടിമറിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. കലക്ടറേറ്റില്‍ നിന്നും രണ്ട് പ്രധാന ഫയലുകള്‍ മുക്കിയത് മുഖ്യമന്ത്രി ഇടപെട്ടാണ് പൊക്കിയത്. 87 സെന്റ് സ്ഥലം നോട്ടിഫിക്കേഷനില്‍ നിന്ന് ഒഴിവാക്കി.

സ്വാഭാവിക മരണമടയുമെന്ന് പ്രതീക്ഷിച്ചിരുന്ന ഈ പദ്ധതി ജനകീയ മുന്നേറ്റത്തെ തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ട് ഇടെപെട്ട് പ്രാവര്‍ത്തികമാക്കുന്നതില്‍ കടുത്ത നിരാശയുള്ളവരാണ് ഈ റോഡ് വികസനത്തെ പിന്നോട്ട് വലിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് മുന്നു തവണ യോഗം വിളിച്ച സംസ്ഥാനത്തെ ഏക റോഡ് പദ്ധതിയാണിത്. പൊതുമരാമത്ത് മന്ത്രി നേതൃത്വം നല്‍കുകയും ചീഫ് സെക്രട്ടറി മോണിറ്ററിംഗ് ചെയ്യുകയും മന്ത്രി ഡോ. എം കെ മുനീര്‍ ചാര്‍ജ് വഹിക്കുകയും ചെയ്യുന്ന പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ജില്ലാ കലക്ടറാണ്.

നഗരപാതാ വികസന പദ്ധതിയിലെ മറ്റ് ആറ് റോഡുകളോടൊപ്പം ഈ റോഡിന്റെ വികസനത്തിലും മന്ത്രി മുനീര്‍ താല്പര്യമെടുത്ത് അടുത്ത ഗഡുവായി 50 കോടി രൂപയെങ്കിലും ഉടനെ അനുവദിക്കണമെന്നും വരുന്ന സംസ്ഥാന ബജറ്റില്‍ ബാക്കി മുഴുവന്‍ തുകയും വകയിരുത്താന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Leave a Reply