Home » കലാസാഹിതി » ഹാരിസ് മടങ്ങുകയാണ്

ഹാരിസ് മടങ്ങുകയാണ്

ഡോ.കെ.കെ.അബ്ദുല്ല

ഇപ്പോൾ ഞങ്ങൾക്ക് മുമ്പേ പോകുന്ന ആംബുലൻസിൽ ഡോ. വി.സി. ഹാരിസിന്റെ ചലനമറ്റ ശരീരമാണ്. കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടറായിരുന്നു ഹാരിസ്. ആംബുലൻസിൻറെ പുറകിലെ ചില്ലിൽ അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖമുള്ള പോസ്റ്റർ. പുറകെയുള്ള വാഹനത്തിൽ ഞങ്ങൾ, ഹാരിസിന്റെ കോഴിക്കോട് നിന്നുള്ള സുഹൃത്തുക്കൾ. ഫാറൂഖ്കോളേജ് അധ്യാപകരായിരുന്ന എ.ഷാജഹാനും ഞാനും ഇപ്പോൾ ഇംഗ്ലീഷ് വിഭാഗത്തിലുള്ള സി.ഉമ്മറും, ഫാറൂഖ് ഹൈസ്കൂൾ അധ്യാപകനായിരുന്ന ശശിധരൻ പിള്ള മാഷും.
ഹാരിസിന്റെ ചിത്രത്തിലേക്ക് നോക്കിയിരുന്നപ്പോൾ കാലം പിറകിലേക്ക് കുതിക്കുന്നു. 1985 – ’90 കളിൽ ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൽ മികവുറ്റ അധ്യാപകൻ. കലാ-സാംസ്കാരിക സംഘാടകൻ, സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി , നാടകവും സിനിമയും ഉള്ളിൽ ഒരു ജ്വാലയായി കൊണ്ടു നടക്കുന്ന അക്ഷര സ്നേഹിയും. ഹാരിസും കൂടെയുൾപ്പെട്ട നാടക സംഘമാണ് ‘അധ്യാപകനെ കാണാനില്ല’, ‘കുക്കുട പുരാണം’ എന്നീ നാടകങ്ങൾക്ക് രചനയും സാക്ഷാൽക്കാരവും നടത്തിയത്. കുക്കുട പുരാണത്തിൽ വരുന്നൂ, അയൽക്കാരന്റെ വീട്ടിൽ മുട്ടയിട്ട കോഴിയുടെ ഇനമേതെന്നു തിരിച്ചറിയാനെത്തുന്ന ജന്തു ശാസ്ത്രജ്ഞൻ. സ്വത സിദ്ധമായ തന്റെ അഭിനയ പാഠവവും ഭാഷയും ചാലിച്ചു ചേർത്ത് ഈ കഥാപാത്രത്തെ ഹാരിസ് അനശ്വരമാക്കി. കോളേജിനു വേണ്ടി ‘അക്ഷരം തേടി’ എന്ന ഡോക്യുമെന്ററി അണിയിച്ചൊരുക്കിയത് ഹാരിസായിരുന്നു. മലബാറിന്റെ വിദ്യാഭ്യാസ മേഖലയിൽ ഒരു വെള്ളി നക്ഷത്രം പോലെ ഉദിച്ചുയർന്ന ഫാറൂഖ് കോളേജിന്റെ ചരിത്രം വ്യക്തതയാർന്ന തിരക്കഥയിലൂടെ അഭ്രപാളികളിലേക്ക് ഹാരിസ് പകർത്തി.
ആംബുലൻസ് സർവ്വകലാശാലയുടെ കവാടം കടന്ന് ഉള്ളിലെത്തിയതോടെ ഹാരിസിനെക്കാത്തു നിന്ന സുഹൃത്തുക്കളും, വിദ്യാർത്ഥികളും നാട്ടുകാരും വാഹനത്തെ പൊതിഞ്ഞു. അസംബ്ലി ഹാളിലൊരുക്കിയ പൊതുദര്ശനത്തി നായി, ദുഃഖമുള്ളിലൊതുക്കി എല്ലാവരും അച്ചടക്കത്തോടെ വരിയായ് നിന്നു. പുഷ്പങ്ങളാൽ അലംകൃതമായ നിരവധി റീത്തുകളുടെ അകമ്പടിയോടെ നിശ്ശബ്ദനായി നീണ്ടു കിടക്കുന്നത് ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം ഈ സർവകലാശാലയിൽ അക്ഷരം ഊതി മിനുക്കിയ അധ്യാപകനാണ്. വിരിഞ്ഞുല്ലസിച്ചു നിൽക്കുമ്പോൾ അകാലത്തിൽ കൊഴിഞ്ഞു വീണ ഒരു പുഷ്പം പോലെ. ഹാരിസിന്റെ ശിഷ്യ ഗണങ്ങളുണ്ട് നിരവധി പേരിവിടെ. ഗവേഷകരും, അധ്യാപകരും, പത്രപ്രവത്തകരുമായവർ. സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് അവരെ കോർത്തിണക്കുന്ന ഒരു കണ്ണിയായിരുന്നു ഹാരിസ്. ഗുരുവും സുഹൃത്തും തത്ത്വചിന്തകനുമായി പാഠഭേദങ്ങളിലേക്ക് പുറം ലോകത്തിന്റെ ബൗദ്ധിക ഇടപെടലുകളിലേക്ക് നയിച്ച ഇടയൻ. അസംബ്ലി ഹാളിലെ പൊതുദർശനത്തിനു ശേഷം, തൊട്ടടുത്തു തന്നെയുള്ള സ്കൂൾ ഓഫ് ലെറ്റേഴ്സിലും തങ്ങളുടെ ഹാരിസ് സാറിനെ വേണമെന്ന് കുട്ടികൾക്ക് നിർബ്ബന്ധം. അവിടെയും ഹാരിസ്സാറിനു ചുറ്റും നിന്ന് വിതുമ്പുന്ന ചുണ്ടുകൾ ഹൃദയം തകരുന്ന വേദനയോടെ അദ്ദേഹത്തിന്റെ ഇഷ്ട ഗാനം പാടി. കഭി കഭി മേരെ ദിൽ മേം, ഖയാൽ ആത്താ ഹേ…..

അധ്യാപകനെയുംവിദ്യാർത്ഥിയെയും വേർതിരിക്കുന്ന അതിർത്തികൾ മാച്ചു കളഞ്ഞു, ഹാരിസ്. നിശ്ചലമായ വിജ്ഞാനത്തിന്റെ സ്രോതസ്സല്ല, കാലവുമായി കൊള്ളൽ കൊടുക്കുന്ന അറിവിന്റെ ഉറവയാകാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. അധ്യാപകനിലപ്പുറം ചലച്ചിത്ര-സാഹിത്യനിരൂപകനും ചലച്ചിത്രസംവിധായകനും നടനുമായിരിക്കുമ്പോഴും ഒരു വിഗ്രഹമാവാതെ അധീശത്വവ്യവഹാരങ്ങൾക്ക് എതിരെനിന്ന് വിഗ്രഹഭഞ്ജകനാകായി. ഒരു മനുഷ്യനെ വിധിക്കേണ്ടത് അയാൾ ഈ ലോകത്തോട് ഉന്നയിച്ച ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ്, ഉത്തരങ്ങളിലൂടെയല്ല എന്ന ഫ്രഞ്ച് ചിന്തകൻ വോൾട്ടയറിന്റെ മൊഴികളിലൂന്നി, തന്റെ വിദ്യാർത്ഥികളിൽ സമ്പ്രദായങ്ങളെ മാറ്റിമറിക്കുന്ന ചോദ്യങ്ങൾ ഉണർത്താനാണ് അദ്ദേഹം ശ്രമിച്ചത്. ഒട്ടും പ്രകടനപരമാവാതെ, ജാതിയുടെയും മതത്തിന്റെയും കലർപ്പില്ലാത്ത സ്ത്രീ വിരുദ്ധമല്ലാത്ത, ദളിത് വിരുദ്ധമല്ലാത്ത ഒരു കൂട്ടായ്മായിലാണ് ഹാരിസ് എന്നും നില കൊണ്ടത്.
പാശ്ചാത്യ ചിന്തയുടെ അടിസ്ഥാന തത്ത്വങ്ങളെ ചോദ്യം ചെയ്ത ഴാക് ദെരിദ യോടായിരുന്നു ഹാരിസിന്റെ ബൗദ്ധിക സഹവർത്തിത്വം. ഉത്തരാധുനിക ചിന്തയുടെ ഉപജ്ഞാതാവായ ദെരിദ, വ്യത്യസ്തതയാണ് സ്വത്വത്തിന്റെ അടിസ്ഥാനം എന്ന ആശയത്തിൽ ഊറ്റം കൊണ്ടു. സ്ഥാപന വൽക്കരണത്തിനെതിരെ എക്കാലവും നിലയുറപ്പിച്ച ദെരിദയോടപ്പം, നിർമ്മിതിയിലല്ല, അപനിർമ്മിതി (Deconstruction)യിലാണ് ധൈഷണികതയുടെ ഊർജ്ജം ഹാരിസും കണ്ടെത്തുന്നതും. മൗഢ്യമാർന്ന സ്ഥിരത എന്നത് ചെറിയ മനസ്സുകളുടെ ചെറ്റത്തരമാണെന്ന് എമേഴ്സൺ. ജീവിതത്തിൽ വ്യത്യസ്തനാകാനും, സാമ്പ്രദായിക മരവിപ്പുകളുടെ ജഢമാകാതിരിക്കാനും, സ്ഥിരമല്ലാതെ ഒഴുകുന്ന മാനവിക ജൈവികതയുടെ ഭാഗമാവാനുമാണ് ഹാരിസ് ശ്രമിച്ചത്.
പൊതുദര്ശനങ്ങളെല്ലാം കഴിഞ്ഞ് ഹാരിസിനെയും വഹിച്ചു കൊണ്ടുള്ള ആംബുലൻസ് ഇപ്പോൾ പോകുന്നത് ഏറ്റുമാനൂർ പട്ടിത്താനത്തേക്കാണ്. ആടിയ വേഷങ്ങളൊക്കെയും അഴിച്ചു വെച്ച്, അവിടെ സ്വന്തം പുരയിടത്തിൽ അന്ത്യ വിശ്രമം. അദ്ദേഹത്തിന്റെ അഭിലാഷം പോലെ മതാചാരപ്രകാരമുള്ള ചടങ്ങുകളില്ലാതെ. കൂടി നിന്ന സുഹ്രുത്തുക്കളോടും ബന്ധുക്കളോടും തന്റെ വിദ്യാർത്ഥികളോടും ഹാരിസ് യാത്രാമൊഴി ചൊല്ലിയിരിക്കണം. ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയത് പോലെ നമുക്ക് പിൻവിളി വിളിക്കാതിരിക്കാം, മിഴി നാരു കൊണ്ട് കഴല് കെട്ടാതിരിക്കാം, പടി പാതി ചാരി, കരൾ പാതി ചാരി തിരിച്ചു നടക്കാം. ഹാരിസ് മടങ്ങുകയാണ്.

(ഫാറൂഖ് കോളേജിൽ ഡോ.വി.സി.ഹാരിസിന്റെ സഹപ്രവർത്തകനായിരുന്നു ലേഖകൻ. ഫാറൂഖ് കോളേജ് ഫിസിക്സ് വിഭാഗം മുൻ മേധാവിയാണ്.)

Leave a Reply