Home » ഇൻ ഫോക്കസ് » എന്‍റെ രക്ഷകന്‍ ഒരു ദ്രിശ്യ വിസ്‌മയം:

എന്‍റെ രക്ഷകന്‍ ഒരു ദ്രിശ്യ വിസ്‌മയം:

സൂര്യ കൃഷണ മൂര്‍ത്തിയുടെ ലൈറ്റ് ആന്‍ഡ്‌ സൌണ്ട് ഷോ ‘ എന്‍റെ രക്ഷകന്‍ ‘ നെ കുറിച്ച് ഡോക്ടര്‍ കെ .കെ അബ്ദുള്ള എഴുതിയ റിവ്യൂ-

നോഹയുടെ പെട്ടകം കണക്കെയുള്ള ഒരു കൂടാരത്തിൽ, മനുഷ്യരെയും പക്ഷി മൃഗാദികളെയും കയറ്റി, ബൈബിൾ സത്യങ്ങളുടെ ഉള്ള് തേടിയുള്ള ഒരു യാത്രയാണ്, ‘എന്റെ രക്ഷകൻ’ എന്ന ബൈബിൾ മെഗാ സ്റ്റേജ് ഷോയിലൂടെ സൂര്യ കൃഷ്ണമൂർത്തി ഒരുക്കുന്നത്. റോമൻ സാമ്രാജ്യത്തിനു കീഴിലുള്ള യഹൂദ രാജാവ് ഹെറദോസിന്റെ പകിട്ടാർന്ന കൊട്ടാരം. ഒരു ദിവ്യ നക്ഷത്രത്തെ പിന് തുടർന്ന്, കിഴക്കു നിന്നെത്തുന്ന മൂന്ന് രാജാക്കന്മാർ അറിയിക്കുന്നു:

‘ഇവിടെ, ബത്ലഹേമിൽ യഹൂദ രാജാവായ രക്ഷകൻ പിറക്കും’.

നൂറ്റിയമ്പത് കലാകാരന്മാരും അമ്പതിലേറെ പക്ഷി മൃഗാദികളെയും ഉൾക്കൊള്ളിച്ചുകൊണ്ട്, കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടി ൽ നവമ്പർ ഒന്ന് മുതൽ അവതരിക്കപ്പെടുന്ന ബൈബിൾ ഷോ ആരംഭിക്കുന്നതെങ്ങിനെയാണ്. യേശു ക്രിസ്തുവിന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ചരിത്രം പിന്നീടങ്ങോട്ട് ഒഴുകിയെത്തുന്നത് സ്ഥല-കാല വ്യത്യസ്തതയാർന്ന രംഗങ്ങളുടെ ഇടതടവില്ലാത്ത വിന്യാസങ്ങളിലൂടെയാണ്.

കാലാൾപ്പടയും അശ്വാരൂഢരായ സൈനികരും ഹെറദോസിന്റെ കൊട്ടാരത്തിലേക്ക് ചുവടുവെക്കുന്നത്, യേശുവിന്റെയും അനുചരന്മാരുടെയും യെരുശലേം പ്രവേശനം, വധഭീഷണി ഭയന്നുള്ള ബത്ലഹേമുകാരുടെ പലായനം, യേശുവിന്റെ യെരുശലേമിലേക്കുള്ള കഴുതപ്പുറത്തേറിയുള്ള യാത്ര, ചമ്മട്ടിയടിയേറ്റുകൊണ്ടുള്ള യേശുവിന്റെ കാൽവരി യാത്ര ഇതെല്ലാം കാഴ്ചക്കാർക്കിടയിലുള്ള നടപ്പാതയിലൂടെ അരങ്ങിലേക്ക് ചെന്നെത്തുന്നത് തികച്ചും വേറിട്ട അനുഭവമായി..

ഹെറദോസ് രാജാവിന്റെ കൊട്ടാരം, പുൽക്കൂട്ടിൽ പിറന്നു വീണ ഉണ്ണിയേശുവിനു വിണ്ണിൽ നിന്ന് മാലാഖമാർ സ്വാഗതഗാനമരുളുന്നത്, യേശു മരുഭൂമിയിൽ പരീക്ഷിക്കപ്പെടുന്നത്, അവസാനത്തെ അത്താഴം, കുരിശിലേറ്റൽ, ഉയിർത്തെഴുന്നേൽപ്പ് എന്നിവയെല്ലാം രംഗസംവിധാനത്തിന്റെ അവിസ്മരണീയമായ കാഴ്ചകളായി മാറി.

ഉല്പത്തി പ്രമാണത്തിലെ വചനങ്ങളിലൂടെയും ഗായത്രിമന്ത്രത്തോടെയും തുടങ്ങു ന്ന ഷോയോടൊപ്പം ശാസ്ത്രം പറയുന്ന പ്രപഞ്ച സങ്കൽപ്പങ്ങളും ഇഴചേർക്കുന്നതിന്റെ ഔചിത്യം സാമാന്യ ബോധ്യത്തിനപ്പുറത്താണ്. യേശു ശമരിയക്കാരിയിൽ നിന്ന് ജലപാനം നടത്തുമ്പോളുണ്ടാകുന്ന സംഗീതപരിസരം, “അല്ലല്ലെന്തു കഥയിതു കഷ്ടമേ, അല്ലലാലങ്ങു ജാതി മറന്നിതോ” എന്ന കുമാരനാശാന്റെ അനശ്വരവരികളെ ഓർമിപ്പിക്കുന്നു. അവിടെ ഉപഗുപ്തനും ചണ്ഡാലഭിക്ഷുകിയും നിഴലുകളായി മാറുന്നു. കുരിശും ചുമലിലേറ്റി കാൽവരി യിലേക്കുള്ള യാത്രയിൽ ചമ്മട്ടിയടിയേറ്റു വലിച്ചിഴക്കപ്പെടുന്ന യേശുവിന്റെ വേദന കാണികളിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കെ, പീഢനം തിരശ്ശീലയിൽ ആവർത്തിക്കുന്നത് അരോചകമായി എന്ന് വേണം പറയാൻ. കവി മധുസൂധന് നായരും സംഗീത സംവിധായകനായ രമേഷ് നാരായണനുമൊരുക്കുന്ന സംഗീത പ്രപഞ്ചം ബൈബിൾ പശ്ചാത്തലത്തിലേക്കു ചേർന്നു നിൽക്കുന്നുവെങ്കിലും ഈണങ്ങളുടെ വ്യതിരിക്തത അനുഭവവേദ്യമാണോ എന്ന് സംശയമുണ്ട്.

ക്രിസ്തു ദേവന്റെ ആകാരവടിവും പ്രാർത്ഥനാ നിർഭരതയും വിനയഭാവവും പക്വതയും ഒത്തിണങ്ങിയ ശ്രി.പ്രദീഷിൽ ക്രിസ്തു ദേവൻ ഭദ്രമായൊതുങ്ങി. യേശുവിന്റെ പാദങ്ങൾ കണ്ണീരുകൊണ്ടു കഴുകിത്തുടച്ച്, ഇടതടവില്ലാതെ പാദങ്ങൾ ചുംബിച്ച് , ആ ദിവ്യപാദങ്ങളെ പരിമളം പൂശിയ മഗ്ദനയിലെ മറിയത്തിനു മുന്നിലാണ് യേശു ഉയിർത്തെഴുന്നേൽക്കുന്നതായി ബൈബിളിൽ പറയുന്നത്. മഗ്ദലന മറിയത്തിനു അർഹമായ പ്രാധാന്യം ഈ ഷോയുടെ രംഗാവിഷ്കരണത്തിൽ കിട്ടാതെ പോയി എന്ന് വേണം കരുതാൻ. അനസ്യൂതം പെയ്തു കൊണ്ടിരിക്കുന്ന സംഗീതപ്പെരുമഴയിൽ, തോർച്ചക്കായി ഒരുസംഭാഷണം വന്നിരുന്നെങ്കിൽ എന്ന് കാണികൾ ആഗ്രഹിച്ചു പോകുന്നുണ്ട്. ശബ്ദഘോഷങ്ങൾ ശ്രവ്യപരിധി ഭേദിക്കുന്ന വിധം വന്യമാകുന്നുണ്ട് ചിലപ്പോഴെങ്കിലും. റോമൻ പുരോഹിതന്മാരുടെയും ഭരണവർഗ്ഗത്തിന്റെയും റോമൻ ജനതയുടെയും രണ്ടായിരം വര്ഷങ്ങള്ക്കപ്പുറമുള്ള വേഷവിധാനങ്ങൾ ഒപ്പിയെടുത്താണ് പട്ടണം റഷീദ് ചമയം ഒരുക്കിയിരിക്കുന്നത്. മലകളും കടലും മേഘങ്ങളും തനിമയോടെ സ്റ്റേജിൽ വന്നണഞ്ഞ പോലെയായി, സൂര്യ കൃഷ്ണമൂർത്തിയുടെ രംഗസംവിധാനം.

‘എന്റെ രക്ഷകൻ’, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന അരങ്ങിന്റെ മറ്റൊരു പൊളിച്ചെഴുത്താണ്. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിഴലും വെളിച്ചവും, ശബ്ദവും, സംഗീതവും, നടനവും നൃത്തവും ചേർത്തൊ രുക്കി, ഇടയ്ക്കു തിരശ്ശീ ലയുടെ സാധ്യതയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ ഉദ്ധ്യമം, ഒരു ദൃശ്യവിസ്മയം തന്നെ എന്ന കാര്യത്തിൽ സംശയമില്ല.

Leave a Reply