Home » നമ്മുടെ കോഴിക്കോട് » നഗരപാത വികസനം: നവീകരിച്ച റോഡുകളുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

നഗരപാത വികസനം: നവീകരിച്ച റോഡുകളുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

നഗരത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്തു പകരാന്‍ ആറ് റോഡുകള്‍. നഗരപാത വികസന പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ഇവയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചേവരന്പലം സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിക്കും.
സ്റ്റേഡിയം-പുതിയറ, കാരപ്പറന്പ്-കല്ലുത്താന്‍ കടവ്, കോവൂര്‍-വെള്ളിമാടുകുന്ന്, ഗാന്ധിറോഡ്-മിനിബൈപാസ്, പനാത്ത് താഴം-സിഡബ്ല്യുആര്‍ഡിഎം, പുഷ്പ ജംഗ്ഷന്‍ -മാങ്കാവ് എന്നീ റോഡുകളാണ് നവീകരിച്ചിരിക്കുന്നത്. ഇതില്‍ കാരപ്പറന്പ്-കല്ലുത്താന്‍ കടവ് റോഡ് നാലു വരിയായും മറ്റ് റോഡുകള്‍ 10 മീറ്റര്‍ വീതിയിലുമാണ് വികസിപ്പിച്ചിട്ടുള്ളത്. ഇതു കൂടാതെ കുനിയില്‍കാവ്-മാവൂര്‍ റോഡ് എഴുമീറ്റര്‍ വീതിയിലും വികസിപ്പിച്ചിട്ടുണ്ട്. റോഡുകള്‍ തുറന്നതോടെ നഗരത്തിലെ ഗതാഗത കുരുക്കിന് ഒരു പരിധിവരെ ശമനമുണ്ടായിട്ടുണ്ട്. റോഡുകള്‍ കടന്നു പോകുന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടും പരിഹരിക്കപ്പെട്ടു.
24 മാസത്തെ കാലാവധിയാണ് നല്‍കിയിരുന്നതെങ്കിലും 20 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കി. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെയും ഊരാളുങ്കല്‍ സൊസൈറ്റിയുടെയും മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് ഇത് സാധ്യമാക്കിയത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരുടേയും പിന്തുണ പദ്ധതിക്കു ലഭിച്ചതായി എംഎല്‍എമാരായ എ. പ്രദീപ്കുമാര്‍, ഡോ.എം.കെ. മുനീര്‍ എന്നിവര്‍ പറഞ്ഞു. എം.കെ. രാഘവന്‍ എംപി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സബ് കളക്ടര്‍ എം.വിഘ്‌നേശ്വരി, റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ എ.പി.പ്രമോദ് എന്നിവരും പങ്കെടുത്തു.
* ആധുനിക സൗകര്യങ്ങള്‍
അന്താരാഷ്ട്ര ഗുണ നിലവാരമുള്ള റോഡുകളില്‍ നൂതന സുരക്ഷാ ക്രമീകരണങ്ങളും ഇരു വശങ്ങളിലുമായി കോണ്‍ക്രീറ്റ് ഓടകളുമുണ്ട്. ഉന്നത നിലവാരത്തിലുള്ള തെരുവ് വിളക്കുകളും ബസ് ബേകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ നടപ്പാതകളും നിര്‍മിച്ചിട്ടുണ്ട്. 15 പ്രധാന ജംഗ്ഷനുകളില്‍ ട്രാഫിക് സിഗ്‌നല്‍ സംവിധാനവും ഒന്പത് ഹൈമാസ്റ്റ് ലൈറ്റുകളും സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പുല്‍ത്തകിടികളും പൂന്തോട്ടങ്ങളും നിര്‍മിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ജംഗ്ഷനുകളിലും ഇരുന്പ് കൈവരികളും സ്ഥാപിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഫ ുട്ഫാത്ത് ലെവലില്‍ ഇന്റര്‍ലോക്ക് വിരിച്ച് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കുന്നതിന് വേണ്ടിയുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
* രണ്ടാം ഘട്ടത്തില്‍ നവീകരിക്കുന്നത് പത്ത് റോഡുകള്‍
പത്ത് റോഡുകള്‍ കൂടി അടുത്ത ഘട്ടത്തില്‍ നവീകരിക്കാനാണ് തീരുമാനം. കരിക്കാംകുളം-സിവില്‍സ്റ്റേഷന്‍-കോട്ടുളി, മൂഴിക്കല്‍-കാളാണ്ടിത്താഴം, കോവൂര്‍ -മെഡിക്കല്‍ കോളജ്-മുണ്ടിക്കല്‍ താഴം, പുതിയങ്ങാടി-തണ്ണീര്‍ പന്തല്‍, ഭട്ട്‌റോഡ്-വെസ്റ്റ്ഹില്‍ ചുങ്കം, മാനാഞ്ചിറ-പാവങ്ങാട്, മിനി ബൈപാസ്-പനാത്തു താഴം, മാങ്കാവ്-പൊക്കുന്ന്-പന്തീരാങ്കാവ്, കല്ലുത്താന്‍ കടവ്-മീഞ്ചന്ത, കോതി-പയ്യാനക്കല്‍-പന്നിയങ്കര മേല്‍പ്പാലം എന്നീ റോഡുകളാണ് അടുത്തഘട്ടത്തില്‍ നവീകരിക്കുക.

Leave a Reply