ജില്ലയെ മാലിന്യമുക്തമാക്കുക എന്ന ആശയം മുന്‍നിര്‍ത്തി വിഭാവനം ചെയ്ത ‘സീറോവേസ്റ്റ് കോഴിക്കോട്’ പദ്ധതി യാഥാര്‍ഥ്യമാകുന്നു. അടുത്തവര്‍ഷം ജനുവരി ഒന്ന് മുതല്‍ വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാസത്തിലൊരിക്കല്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് തുടങ്ങുമെന്ന് കളക്ടര്‍ യു.വി. ജോസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത്, ഹരിത കേരളം മിഷന്, ശുചിത്വ മിഷന് എന്നിവയുടെ സഹകരണത്തോടെ ജില്ലാഭരണകൂടം നടപ്പാക്കുന്ന പദ്ധതി ആദ്യഘട്ടത്തില്‍ കോര്പറേഷന് ഒഴികെയുള്ള ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പാക്കും. മാലിന്യ ശേഖരണത്തിന് പ്രതിമാസം 40 രൂപയാണ് ഈടാക്കുക. കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്, ചില്ല്, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ലോഹങ്ങള്‍ എന്നിങ്ങനെ അഞ്ചായി തരംതിരിച്ചാണ് അജൈവ മാലിന്യങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെട്ട ഹരിത കര്‍മസേന പ്രവര്‍ത്തകര്‍ ശേഖരിക്കുക.
ആദ്യം ശേഖരണകേന്ദ്രങ്ങളിലും പഞ്ചായത്ത് തലങ്ങളിലെ മിനി എംആര്എഫുകളിലുമെത്തിക്കുന്ന മാലിന്യങ്ങള്‍ പിന്നീട് ബ്ലോക്ക് തലങ്ങളിലെ സൂപ്പര്‍ എംആര്എഫുകളിലെത്തിച്ച് സംസ്കരിക്കും. ആയിരം ചതുരശ്ര അടി വിസ്തൃതിയുള്ള മെറ്റീരിയല്‍ റിക്കവറി ഫെസിലിസിറ്റി(മിനി എംആര്‍എഫ്)കള്‍ക്ക് ഇതിനകം 63 പഞ്ചായത്തുകള്‍ സ്ഥലം കണ്ടെത്തി ഫണ്ട് വകയിരുത്തിക്കഴിഞ്ഞു. രണ്ടായിരം ചതുരശ്ര അടിയുള്ള സൂപ്പര്‍ എംആര്എഫുകള്ക്ക് 12 ബ്ലോക്കുകളും പണം വകയിരുത്തിയിട്ടുണ്ട്. സൂപ്പര്‍ എംആര്എഫുകള്ക്കാവശ്യമായ മെഷീനുകള്‍ എത്തിക്കുന്നതിനു ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് ധാരണാപത്രം ഒപ്പുവച്ചുകഴിഞ്ഞു.
പദ്ധതിയോടനുബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സീറോ വേസ്റ്റ് ചലഞ്ചില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവവര്ക്ക് പുരസ്കാരങ്ങള്‍ നല്‍കും. മാലിന്യങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് പിന്നീട് ടെന്‍ഡര്‍ ക്ഷണിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, അസിസ്റ്റന്റ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, ശുചിത്വമിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ സി. കബനി എന്നിവര്‍ പങ്കെടുത്തു.
