മുൻമന്ത്രി എ കെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോൺ കെണി വിവാദത്തിൽ ജുഡീഷ്യൽ കമ്മീഷൻ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. 17 സാക്ഷികളെയാണ് കേസിന്റെ ഭാഗമായി കമ്മീഷൻ വിസ്തരിച്ചത്. 60 രേഖകൾ പരിശോധിക്കുകയും ചെയ്തു. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങൾ തുടരുന്ന എ കെ ശശീന്ദ്രനും തോമസ് ചാണ്ടിക്കും റിപ്പോർട്ട് നിർണായകമാണ്.
എ കെ ശശീന്ദ്രൻ കുറ്റവിമുക്തനാക്കിയാൽ എൻ സി പിക്ക് ആശ്വാസം നൽകുന്ന കാര്യമാണത്. നിരപരാധിയെന്ന് കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയാൽ മന്ത്രിസ്ഥാനം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് ശശീന്ദ്രൻ
ഫോൺകെണി വിവാദം അന്വേഷിച്ച ആന്റണി കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ മാധ്യമങ്ങള്‍ക്ക് സെക്രട്ടേറിയറ്റില്‍ വിലക്ക്. മാധ്യമങ്ങളെ പ്രവേശിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെയാണ് സാധാരണ മാധ്യമപ്രവർത്തകരെ അനുവദിക്കുക.സോളർ കമ്മീഷൻ റിപ്പോർട്ട് സമർപ്പണ സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ നിൽക്കാൻ മാധ്യമങ്ങളെ അനുവദിച്ചിരുന്നു. എന്നാൽ, ഇന്നു രാവിലെ മാധ്യമങ്ങൾ എത്തിയപ്പോഴാണ് സുരക്ഷാ ജീവനക്കാർ ഗെയ്റ്റിൽവച്ച് തടഞ്ഞത്. എൻസിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയമായി ഏറെ നിർണായകമായ റിപ്പോർട്ടാണ് കമ്മീഷൻ സമർപ്പിക്കുന്നത്.