Home » ഇൻ ഫോക്കസ് » ഹാദിയയെ സ്വതന്ത്രയാക്കി സുപ്രീംകോടതി. പഠനം പൂര്‍ത്തിയാക്കാന്‍ അനുമതി

ഹാദിയയെ സ്വതന്ത്രയാക്കി സുപ്രീംകോടതി. പഠനം പൂര്‍ത്തിയാക്കാന്‍ അനുമതി

ഹാദിയയെ സ്വതന്ത്രയാക്കി സുപ്രീംകോടതി. സേലത്ത് പഠനം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കി. ഭര്‍ത്താവിനൊപ്പമോ മാതാപിതാക്കള്‍ക്കൊപ്പമോ ഹാദിയയെ വിടില്ല. സര്‍വകലാശാല ഡീന്‍ ആയിരിക്കും ലോക്കല്‍ ഗാര്‍ഡിയനെന്നും കോടതി ഉത്തരവിട്ടു.

ജനുവരി മൂന്നാം വാരം കേസ് വീണ്ടും പരിഗണിക്കും. ഡല്‍ഹിയില്‍ നിന്ന് കോളെജിലേക്ക് കൊണ്ടുപോകും. അതുവരെ കേരളാ ഹൗസില്‍ താമസിക്കണം. സേലത്തേക്ക് എത്തിക്കേണ്ട ചെലവ് കേരള സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി പറഞ്ഞു. ഹാദിയയുടെ സുരക്ഷാ ചുമതലയും പഠനചെലവും തമിഴ്നാട് സര്‍ക്കാരിനാണ്.

തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും കോടതിയെ അറിയിച്ചു. രഹസ്യവാദം വേണമെന്ന പിതാവ് അശോകന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.

ഭര്‍ത്താവിന്റെ ചെലവില്‍ പഠിക്കാനാണ് ആഗ്രഹമെന്നും തന്റെ പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു.സര്‍ക്കാര്‍ ചെലവില്‍ പഠിക്കാന്‍ ആഗ്രഹമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഭര്‍ത്താവിന് എന്റെ പഠന ചെലവ് വഹിക്കാന്‍ കഴിയുമെന്ന് ഹാദിയ മറുപടി നല്‍കി.

ഹാദിയയ്ക്ക് ഡോക്ടറാകാന്‍ എല്ലാവിധ സഹായവും നല്‍കാം. സംരക്ഷണത്തിന് കോളെജ് ഡീനിനെ ലോക്കല്‍ ഗാര്‍ഡിയനാക്കാമെന്ന് കോടതി പറഞ്ഞു. തന്നെ ഷെഹിന്‍ സംരക്ഷിച്ചുകൊള്ളുമെന്ന് ഹാദിയ പറഞ്ഞു.

11 മാസമായി മാനസികപീഡനം അനുഭവിക്കുന്നു, മാതാപിതാക്കളുടെ സമ്മര്‍ദം മൂലമാണ് വീടുവിട്ടതെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു. മനുഷ്യനെന്ന പരിഗണന ലഭിക്കണം. ഭര്‍ത്താവിനെ കാണണം. ഭര്‍ത്താവാണ് തന്റെ രക്ഷകര്‍ത്താവെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു.

അതേസമയം, ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നാണ് ഐഎന്‍എ കോടതിയെ അറിയിച്ചത്. വിഷയത്തില്‍ സംഘടിത ശക്തികളുടെ പ്രവര്‍ത്തനമുണ്ട്. ജഡ്ജിമാരും ഹാദിയയും തമ്മില്‍ സംസാരിക്കണം. തനിക്കും കുടുംബത്തിനും സുരക്ഷ വേണമെന്നും അശോകന്‍ അഭിഭാഷകന്‍ മുഖേന കോടതിയില്‍ പറഞ്ഞു.

ഷെഫിന്‍ ജഹാന് തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ അഭിഭാഷകന്‍ വാദിച്ചു. ഐ.എസ് പ്രവര്‍ത്തകനുമായി ഷെഫിന്‍ ജഹാന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടു. ഐഎസ് റിക്രൂട്ടര്‍ മന്‍സിയോട് ഷെഫിന്‍ സംസാരിച്ചതിന് തെളിവുണ്ട്.

ഹാദിയക്ക് ഇസ്‌ലാമിക ആശയങ്ങള്‍ അടിച്ചേല്‍പിച്ചത് സൈനബയാണ്. മതപരിവര്‍ത്തനത്തിനായി വലിയ ശൃംഖലയുണ്ടെന്നും എന്‍.ഐ.എ കോടതിയില്‍ ബോധിപ്പിച്ചു. മഞ്ചേരിയിലെ സത്യസരണി ഒട്ടേറെപ്പേരെ മതം മാറ്റിയിട്ടുണ്ട്. ഹാദിയ മാധ്യമങ്ങളോട് പറഞ്ഞതില്‍ ഈ സംഘനകളുടെ സ്വാധീനമുണ്ടെന്ന് എന്‍ഐഎ പറഞ്ഞു.

അതേസമയം, ഹാദിയയുടെ നിലപാടാണ് സുപ്രീംകോടതി അറിയേണ്ടതെന്ന് ഷെഫിന്‍ ജഹാനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഒരു സ്ത്രീക്ക് അവളുടെ ജീവിതം നിര്‍ണയിക്കാന്‍ അവകാശമുണ്ട്. തെറ്റായ തീരുമാനമാണെങ്കിലും അത് അവളുടെ തീരുമാനമാണ്. വ്യക്തി സ്വാതന്ത്ര്യ പ്രശ്‌നത്തിന് വര്‍ഗീയ നിറം നല്‍കരുത്. എന്‍.ഐ.എ അന്വേഷണം കോടതിയലക്ഷ്യമാണ്. മാധ്യമങ്ങളില്‍ വരുന്ന കാരണങ്ങളാണ് കോടതിക്കുള്ളില്‍ ചര്‍ച്ച ചെയ്യുന്നതെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

ഷെഫീന്‍ ജഹാന് വേണ്ടി കപില്‍ സിബലും അശോകന് വേണ്ടി ശ്യാം ദിവാനുമാണ് സുപ്രീംകോടതിയില്‍ ഹാജരായത്.

ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മൂന്നു മണിയോടെ കനത്ത സുരക്ഷയിലാണ് തന്റെ ഭാഗം പറയാനായി ഹാദിയയെ സുപ്രീംകോടതിയില്‍ എത്തിച്ചത്. കേരളാ ഹൗസില്‍ നിന്ന് ബുള്ളറ്റ് പ്രൂഫ് കാറിലാണ് ഹാദിയയെയും മറ്റുള്ളവരെയും സുപ്രീംകോടതിയില്‍ എത്തിച്ചത്. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനും കോടതിയില്‍ എത്തിയിരുന്നു.

ഹാദിയയുടെ കേസ് തുറന്ന കോടതിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേട്ടത്. സമൂഹത്തിന്റെ വികാരം നോക്കിയല്ല നിയമപരവും ഭരണഘടനാപരവുമായ വസ്തുതകളുടെ അടിസ്ഥാനത്തിലാകും ഹാദിയ കേസ് പരിഗണിക്കുകയെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

താനുമായുള്ള ഹാദിയ(അഖില)യുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് എന്‍.ഐ.എ.യ്ക്ക് നല്‍കിയ മൊഴിയിലും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും ഹാദിയ വ്യക്തമാക്കിയിരുന്നു

Leave a Reply