കേരളത്തില്‍ കനത്ത മഴയും ശക്തമായ കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂര്‍ കടല്‍ പ്രക്ഷുബ്ദ്ധമാകുമെന്നും മഴ മാറിനിന്നാലും മത്സ്യത്തൊഴിലാളികള്‍ 48 മണിക്കൂര്‍ നേരത്തേക്ക് കടലിലേക്ക് പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ കൊച്ചി ചെല്ലാനം കടപ്പുറത്ത് അര്‍ധരാത്രിയിലും രൂക്ഷമായ കടലാക്രമണമാണ് ഉണ്ടായത്. നിരവധിവീടുകളിലേക്ക് തിരമാല ഇരച്ചുകയറി. വീടുകള്‍ക്കുള്ളില്‍ വെള്ളം കയറിയതോടെ കുട്ടികളും പ്രായമായവരുമടക്കം കടല്‍ത്തീരത്ത് നിലയുറപ്പിച്ചു. ഒടുവില്‍ മേയര്‍ സൗമിനി ജെയ്നും മറ്റ് കൗണ്‍സിലര്‍മാരും ജീവനക്കാരും എത്തിയ ശേഷമാണ് ജനങ്ങള്‍ ഇവിടെ നിന്നും ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറാന്‍ തയ്യാറായത്.
കേരള തീരത്തേക്കാള്‍ ശക്തിപ്രാപിച്ചാണ് ഓഖി ലക്ഷദ്വീപിനു മുകളിലെത്തിയത്. മിനിക്കോയി, കല്പേനി ദ്വീപുകളില്‍ ഓഖി ആഞ്ഞടിച്ചു. ലക്ഷദ്വീപില്‍ ഇന്ന് 145 കി.മീ. വേഗത്തില്‍ വരെ കാറ്റിന് സാധ്യതയുണ്ട്. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒട്ടേറെ വീടുകള്‍ തകര്‍ന്നടിഞ്ഞെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി ഫോണില്‍ ചര്‍ച്ച നടത്തിയതായും എംപി അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നു പ്രത്യേക സംഘത്തെ അയയ്ക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസുമായും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. കല്പേനിയില് തയാറാക്കിയ ഹെലിപ്പാഡും കരയിലേക്ക് തിരയടിച്ചു കയറാതിരിക്കാന്‍ ഒരുക്കിയ സംവിധാനങ്ങളും കനത്ത തിരയില്‍ തകര്‍ന്നു. ചുഴലിക്കാറ്റ് വരുന്നതായി മുന്നറിയിപ്പു നേരത്തേ ലഭിച്ചതിനു തുടര്‍ന്നു സ്വീകരിച്ച നടപടികള്‍ രക്ഷാദൗത്യം വേഗത്തിലാക്കാന്‍ സഹായിച്ചതായും എംപി പറഞ്ഞു. കവരത്തിയില്‍ മുങ്ങിപ്പോയ ഉരുവില്‍ നിന്ന് ഏഴു പേരെ രക്ഷപ്പെടുത്തി. മിനിക്കോയിയിലും കല്പേനിയിലും അഞ്ചു വീതം മത്സ്യബന്ധന ബോട്ടുകള്‍ മുങ്ങിപ്പോയി.
കവരത്തിയില്‍ നാവികസേനയ്ക്കോ തീരസംരക്ഷണ സേനയ്ക്കോ ഇപ്പോള്‍ തിരച്ചില്‍ ഹെലികോപ്റ്ററുകളില്ല. താല്‍ക്കാലികമായി എത്തിച്ച ഹെലികോപ്റ്ററിന് ദീര്‍ഘനേരം തിരച്ചില്‍ നടത്താനുള്ള ശേഷിയില്ല. കാറ്റ് ശക്തമായതോടെ ജനങ്ങള്‍ സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാറുകയാണ്.കേരളതീരത്തുനിന്നു മിനിക്കോയ് ദ്വീപ് വഴി തിരിഞ്ഞ ഓഖി ഞായറാഴ്ച ഗുജറാത്ത് തീരത്തേക്കു കടക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ഗുജറാത്ത് തീരത്തടുക്കുമ്പോഴേക്കും ശക്തി കുറഞ്ഞു ന്യൂനമര്‍ദം മാത്രമായി മാറും.
വെള്ളിയാഴ്ച രാവിലെ എട്ടു മുതലാണ് കാറ്റ് വീശിത്തുടങ്ങിയത്. ശക്തിയേറിയ കാറ്റില്‍ മരങ്ങള്‍ കടപുഴകി. തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. റോഡ്, വീടുകള്‍, വൈദ്യുതി ശൃംഖല, കൃഷി എന്നിയ്ക്ക് നാശനഷ്ടം ഉണ്ടാവും. മിനിക്കോയ്, കല്പേനി, കവരത്തി, ആന്‍ഡ്രോത്ത്, അഗതി, അമിനി, കടമത്, കില്ട്ടന്, ബിത്ര, ചെത്ലത്ത് എന്നിവിടങ്ങളില്‍ കൂറ്റന്‍ തിരമാലയുണ്ടാവും. 7.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയടിക്കുമെന്നാണ് അറിയിപ്പ്.
കവരത്തി, അഗത്തി, അമിനി ദ്വീപുകളില്‍ ഭരണകൂടം അപായ മുന്നറിയിപ്പു പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകളും തുറന്നു. അഗത്തിയിലെ ബോട്ടുകള്‍ എല്ലാം തന്നെ നാട്ടുകാര്‍ കരയില്‍ കയറ്റി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ അഗത്തി ഡെപ്യൂട്ടി കലക്ടര്‍ ഓഫീസ് കണ്ട്രോള് റൂം തുറന്നു. 04894242263 എന്ന നമ്പറിലേക്കോ പൊലീസ് സ്റ്റേഷനിലേക്കോ സഹായത്തിനു വിളിക്കാം. ദുരിതാശ്വാസ ക്യാംപായി പ്രഖ്യാപിച്ച സ്കൂളുകളിലേക്ക് പ്രിന്‍സിപ്പാള്‍ പ്രത്യേകം ഡ്യൂട്ടിക്കായി ജീവനക്കാരെ ഏര്‍പ്പാടാക്കി. തീരപ്രദേശങ്ങളിലുള്ളവരെ ക്യാംപിലേക്ക് മാറാന്‍ ഭരണ കൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.