കോഴിക്കോട്ടെ നൈനാംവളപ്പിലെ ഫുട്ബോള്‍ ആരാധകരെ തേടി വീണ്ടും ഫിഫയുടെ ഉപഹാരങ്ങളെത്തി. ലോകകപ്പ് ട്രോഫിയുടെ സുവര്‍ണമാതൃക ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ആസ്ഥാനത്തു നിന്നും കോഴിക്കോട്ടെത്തിയത്.
ഫിഫാ ഫെയര്‍പ്ലേ ടീഷര്‍ട്ട് ,ക്യാപ്,പേനകള്‍,ബാഡ്ജ് എന്നിവയും 2014 ലോകകപ്പിന്റെ വിവരങ്ങള്‍ അടങ്ങുന്ന ടെക്നിക്കല്‍ റിപ്പോര്‍ട്ടുമാണ് നൈനാം വളപ്പ് ഫുട്ബോള്‍ ഫാന്‍സ് അസോസിയേഷന് പ്രസിഡന്റ് എന്‍.വി. സുബൈറിന് കഴിഞ്ഞദിവസം പാര്‍സലായി ലഭിച്ചത്. ലോകത്തെ ഏതു മൈതാനത്ത് പന്തുരുണ്ടാലും ആവേശം നൈനാംവളപ്പുകാര്ക്കാകും. കാല്പന്തുകളിയോടുള്ള ഈ സ്നേഹമാണ് ഫിഫ അംഗീകരിച്ചത്. 2010ലും ഇവിടുത്തെ ആരാധകര്‍ക്ക് ഫിഫ സ്നേഹസമ്മാനങ്ങള്‍ അയച്ചു കൊടുത്തിരുന്നു. പ്രാദേശിക ഫുട്ബോള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
നൈനാം വളപ്പിലെ ഫുട്ബോള്‍ കന്പം ബിബിസി അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2006 ലോകകപ്പില്‍ ഇഎസ്പിഎന്‍ നേരിട്ടെത്തിയാണ് നൈനാംവളപ്പിലെ ആവേശം ലോകത്തെ അറിയിച്ചത്.
