Home » നമ്മുടെ കോഴിക്കോട് » പ്രദീപ്ത സ്മരണ’ ഡോ പ്രദീപൻ പാമ്പിരികുന്ന് അനുസ്മരണത്തിന് കോഴിക്കോട് തുടക്കമായി

പ്രദീപ്ത സ്മരണ’ ഡോ പ്രദീപൻ പാമ്പിരികുന്ന് അനുസ്മരണത്തിന് കോഴിക്കോട് തുടക്കമായി

ഇടപെട്ട എല്ലാ മണ്ഡലങ്ങളിലും മൗലികത അടയാളപ്പെടുത്തിയ പ്രതിഭയാണ് ഡോ. പ്രദീപന്‍ പാമ്പിരികുന്ന്. സാംസ്‌കാരിക പ്രവര്‍ത്തനവും പ്രഭാഷണവും ചിന്തകന്‍ എന്ന കര്‍തൃത്വത്തില്‍ നിന്ന് അദ്ദേഹത്തെ ജനകീയതയുടെ ആരുറപ്പുള്ള ബുദ്ധിജീവിയാക്കി മാറ്റി. ജൈവികത സവിശേഷ ഭാവരാശിയായി അദ്ദേഹം ജീവിതത്തിലുടനീളം കൊണ്ടുനടന്നു. സംഗീതം ശാസ്ത്രീയമായി സ്വാംശീകരിച്ച പ്രദീപന്‍ പാടുക മാത്രമല്ല. സംഗീതത്തിന്റെ ഏറ്റവും സൂക്ഷ്മമായ തലങ്ങളെക്കുറിച്ച് ചിന്തിക്കുകയും സ്വന്തം അഭിപ്രായം സ്വരൂപിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ‘ഏകജീവിതാനശ്വരഗാനം’ എന്ന ഗ്രന്ഥം മലയാള ചലച്ചിത്രഗാനത്തെക്കുറിച്ചുള്ള ആഴമുള്ള ആലോചനകളാണ്. വാദ്യകല നന്നായി കൈകാര്യം ചെയ്യാന്‍ അറിയാമായിരുന്നു. നാടകവേദിയോട് വല്ലാത്ത ഒരു മമത പ്രദീപന്‍ എന്നും കാത്തുസൂക്ഷിച്ചു. പ്രദീപന്‍ നിരവധി നാടകങ്ങള്‍ എഴുതി. ഇതില്‍ തുന്നല്‍ക്കാരന്‍ 2000-ത്തോളം വേദികളില്‍ ആവിഷ്‌കരിക്കപ്പെട്ട നാടകമാണ്. എഴുത്തിലായാലും പ്രഭാഷണത്തിലായാലും മറ്റേതൊരു ഭാഷാവ്യവഹാരത്തിലായാലും ആത്മാവിന്റെ സുഗന്ധം കൊണ്ട് അതിനെയെല്ലാം സൗന്ദര്യമുള്ളതാക്കി മാറ്റാനുള്ള പ്രദീപന്റെ ശേഷി അപാരമാണ്.
നാം ജീവിക്കുന്ന കാലത്തിന്റെ പ്രശ്‌നങ്ങള്‍ ചരിത്രത്തെ പ്രശ്‌നവത്ക്കരിച്ചുകൊണ്ട് പൂരിപ്പിക്കാനാണ് പ്രദീപന്‍ ശ്രമിച്ചത്. നമ്മെ അറിയിച്ചുകൊണ്ടിരുന്ന ചരിത്രമായിരുന്നില്ല അറിയേണ്ടിയിരുന്ന ചരിത്രമെന്ന് പ്രദീപന്‍ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. വരേണ്യ സൗന്ദര്യശാസ്ത്ര പദ്ധതികളുടെ ജനവിരുദ്ധവും കീഴാളവിരുദ്ധവുമായ ലോകവീക്ഷണത്തെയാണ് പ്രദീപന്‍ പ്രകോപിപ്പിക്കുകയും കാരുണ്യലേശമില്ലാതെ വിമര്‍ശിക്കുകയും ചെയ്തിട്ടുള്ളത്. ആദിവാസിയുടെയും കീഴാളരാക്കപ്പെട്ട ജനവിഭാഗത്തിന്റെയും ജീവിതത്തെയും സംസ്‌കാരത്തെയും കലയെയും വിശകലനം ചെയ്യുമ്പോള്‍ വരേണ്യ പ്രത്യയശാസ്ത്രത്തോട് അത് എപ്രകാരം കലഹിക്കുന്നു എന്നും വരേണ്യ പ്രത്യയശാസ്ത്രം എങ്ങനെ മനുഷ്യാനുഭവങ്ങളുടെ ബഹുസ്വരതയെ റദ്ദുചെയ്യുന്നുവെന്നും പ്രദീപന്‍ എഴുതുകയും പറയുകയും ചെയ്തുകൊണ്ടേയിരുന്നു. വിയോജിപ്പുകളെ രാജ്യദ്രോഹമായി കാണുന്ന ഫാഷിസത്തിന്റെ രാഷ്ട്രീയാന്തര്‍ഗതങ്ങളെ നിര്‍ധാരണം ചെയ്ത സമരോത്സുക സാംസ്‌കാരിക ജീവിതത്തെയാണ് നമ്മള്‍ പ്രദീപനിലൂടെ അനുഭവിച്ചത്.
പ്രദീപന്റെ എഴുത്തിലുടനീളം ഉജ്ജ്വലിച്ച പ്രധാന വസ്തുത കീഴാള പ്രതിരോധത്തിന്റേതായിരുന്നു. അത് അധീശാധികാരത്തിന്റെ ധിക്കാരത്തെ വെളിപ്പെടുത്തിയ സൂക്ഷ്മവും പ്രഹരശേഷിയുള്ളതുമായിരുന്നു. പ്രാദേശികസ്വത്വത്തിന്റെ അനേകം അടരുകളെയും സ്വാതന്ത്ര്യത്തെയും ആഘോഷിക്കാനല്ല, പ്രതിലോമപരവും വരേണ്യവുമായ പ്രത്യയശാസ്ത്രത്തെ തുറന്നുകാട്ടാനും പ്രതിരോധാത്മകമായ കീഴാളസ്വത്വത്തെ സജ്ജമാക്കാനുമാണെന്ന് നാം തിരിച്ചറിയുന്നു. എല്ലാ അര്‍ത്ഥത്തിലും ജൈവബുദ്ധിജീവിതമായിരുന്നു പ്രദീപന്റേത്.
അദ്ദേഹത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ ഒരു പെരുക്കമായി നമ്മെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. നമുക്ക് മുഖം തിരിച്ച് അകലാനാവില്ല. ജ്ഞാനവ്യവസ്ഥയില്‍ നിന്ന് നാളിതുവരെ അരികുവത്ക്കരിക്കപ്പെട്ട ബഹുഭൂരിപക്ഷം മനുഷ്യരുടെയും ഹൃദയമിടുപ്പിന്റെ ആ രാഷ്ട്രീയപ്പെരുക്കം നമുക്ക് തുടരേണ്ടതുണ്ട്. നമുക്ക് പ്രദീപന്റെ ചിന്തകള്‍ക്കൊപ്പം ചേരാം

Leave a Reply