മലയാള സിനിമയിലെ നിറസാന്നിധ്യമായ പ്രശസ്ത സിനിമാതാരം കല്‍പ്പന(50) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. അവാര്‍ഡ് നിശക്കും തെലുങ്ക് സിനിമയുടെ ഷൂട്ടിംങിനുമായാണ് ഹൈദരാബാദിലെത്തിയത്.
നിരവധി ചിത്രങ്ങളില്‍ ഹാസ്യതാരമായി അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുളള അറുപതാമത് ദേശീയ പുരസ്കാരം ‘തനിച്ചല്ല ഞാന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു. പ്രമുഖ നടിമാരായ ഉര്‍വ്വശി, കലാരഞ്ജിനി എന്നിവര്‍ സഹോദരിമാരാണ്. ശ്രീമയിയാണ് മകള്‍. സംവിധായകന് അനിലായിരുന്നു ഭര്‍ത്താവ്. ‘ഞാന്‍ കല്‍പ്പന’ എന്നൊരു മലയാള പുസ്തകം കല്‍പ്പന പ്രസിദ്ധീകരിച്ചിട്ടുണ്ട്. കല്പ്പനയുടെ പുറത്തിറങ്ങിയ അവസാന ചിത്രം ചാര്‍ലിയായിരുന്നു.
1965 ഒക്ടോബര്‍ അഞ്ചിന് ജനിച്ച കല്‍പ്പന ബാലതാരമായാണ് സിനിമയിലെത്തിയത്. വിടരുന്ന മൊട്ടുകള്‍, ദ്വിക് വിജയം എന്നീ ചിത്രങ്ങളിലാണ് അവര്‍ ബാലതാരമായി വേഷമിട്ടത്. നാടകപ്രവര്‍ത്തകരായ വി.പി നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ് കല്‍പ്പന. 1983ല്‍ എം.ടിയുടെ ‘മഞ്ഞ്’ എന്ന ചിത്രത്തിലൂടെയാണ് കല്‍പ്പന സിനിമയിലെത്തിയത്. 1985ല്‍ ‘ചിന്ന വീട്’ എന്ന ചിത്രത്തിലൂടെ തമിഴിലും കല്‍പ്പന അരങ്ങേറി.
ബാലതാരമായി സിനിമയിലെത്തിയ കല്‍പ്പന 300ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഹാസ്യരംഗങ്ങള്‍ വളരെ തന്മയത്ത്വത്തോടെ അഭിനയിക്കാറുള്ള കല്‍പ്പന തമിഴ്, തെലുങ്ക് സിനിമയിലും വേഷമിട്ടു. കാവടിയാട്ടം, ഇന്ത്യന്‍ റുപ്പി, സ്പിരിറ്റ്, എന്നും എപ്പോഴും, ബാഗ്ളൂര്‍ ഡെയ്സ്, എബിസിഡി. പോക്കുവെയില്‍, അമേരിക്കന്‍ അമ്മായി. ഡോ. പശുപതി, കാബൂളിവാല, ടൊന്റി 20,അത്ഭുത ദ്വീപ്, വിസ്മയത്തുമ്പത്ത് , പൂക്കാലം വരവായി, പെരുവണ്ണാപ്പുരത്തെ വിശേഷങ്ങള്‍,മാമ്പഴക്കാലം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയവേഷമായിരുന്നു.
മലയാളത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊക്കെയും കല്‍പ്പന നിറസാന്നിധ്യമായിരുന്നു. പ്രേക്ഷകരെ അങ്ങേയറ്റം ചിരിപ്പിക്കുന്നതില്‍ കല്പ്പനയുടെ പങ്ക് വിലമതിക്കാനാവാത്തതാണ്. ഹാസ്യാഭിനയം കൊണ്ട് പ്രേക്ഷകമനസ്സിലിടം നേടിയ കല്‍പ്പന, വെള്ളിത്തിരക്ക് തീരാനഷ്ടവുമായാണ് ഈ പ്രതിഭ ഓര്‍മ്മയാവുന്നത്.