Home » ഇൻ ഫോക്കസ് » പ്രതീക്ഷയോടെ നോക്കാം ലോക കേരള സഭ

പ്രതീക്ഷയോടെ നോക്കാം ലോക കേരള സഭ

കെ.കെ.അബ്ദുല്ല

കേരളത്തിലെ മറ്റ് 141 എം.എൽ.എ.മാരും എം.പി.മാരും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ വിദേശ തൊഴിലാളികളും മറ്റു രാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികളുമുൾപ്പെടെ 351 പേരുടെ കേരള ലോകസഭ എന്ന സ്ഥിരം സംവിധാനം 2018 ജനുവരി യിൽ നിലവിൽ വരാൻ പോകുന്നു!

സഹ്യാദ്രി മലകളും, അറബിക്കടലും എന്ന കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തികളെ ഭൂമിമലയാളത്തോളം മാറ്റിവരക്കുകയാണ്, ചരിത്രപരം എന്ന് വിശേഷിപ്പിക്കാവുന്ന ഈ തീരുമാനത്തിലൂടെ പിണറായി സർക്കാർ ചെയ്യുന്നത്. ലോകത്തിന്റെ എല്ലാ കോണുകളിലേക്കും സഞ്ചരിച്ക്കുന്ന മലയാളിക്കും അവന്റെ സംസ്കാരത്തിനും പുറം ലോകവുമായുണ്ടാവുന്ന കൊള്ളൽ കൊടുക്കലിനുമുള്ള അംഗീകാരമായി വേണം ഈ തീരുമാനത്തെ കാണാൻ. കേരളത്തിന്റെ നയരൂപീകരണത്തിലും ഭരണ നിർവഹണത്തിലും പങ്കെടുക്കാൻ അവസരം നിലവിലില്ലാത്ത പ്രവാസി മലയാളികൾ അനുഭവിക്കുന്ന അന്യവൽക്കരണം ഇല്ലാതാക്കാൻ ഈ കേരള ലോകസഭയ്ക്ക് ഒരു പരിധി വരെയെങ്കിലും കഴിയും എന്ന് ന്യായമായും കരുതാവുന്നതാണ്.

മറ്റു സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും ജനസംഖ്യയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവാസികളുടെ പ്രാതിനിധ്യം ലോക കേരള സഭയിൽ ഉണ്ടായിരിക്കുക. ഇങ്ങനെയെങ്കിൽ യു.എ.ഇ യിൽ നിന്ന് 40, ഒമാൻ 8, കുവൈത്ത് 6, ഖത്തർ 6, ബഹ്റൈൻ 5, യുഎസ്എ 3 എന്നിങ്ങനെയായിരിക്കും പ്രാതിനിധ്യം. വികസിത രാജ്യങ്ങളിൽ പ്രവാസികൾ കുറവെന്നത് കൊണ്ട് പ്രാതിനിധ്യവും കുറവുണ്ട്. ഈ പ്രാതിനിധ്യ രീതി അല്പം കൂടെ പ്രയോഗികകവും ശാസ്ത്രീയവുമാക്കാവുന്നതാണ്. ഉദാഹരണത്തിന്, യുഎസ്എ , യൂറോപ്യൻ രാജ്യങ്ങൾ, ബ്രിട്ടൺ ഇവയ്ക്കുള്ള വികസനാങ്കം (Development Quotient) ഉന്നതമാണ്. ശാസ്ത്രീയമായ ഉൽപ്പാദന രീതി, ഉന്നതമായ വിദ്യാഭ്യാസ സൗകര്യങ്ങൾ, പരിസ്ഥിതി സൗഹൃദത്വം, പ്രകൃതിയോടിണങ്ങിയ മാലിന്യ സംസ്കരണ രീതി, ഭൗതിക സാഹചര്യങ്ങളുടെ നിലവാരം എന്നിവ നോക്കിയാവണം വികസനാങ്കം നിശ്ചയിക്കേണ്ടത് (കേരളത്തെ സംബന്ധിച്ചിടത്തോളം ഇനിയും വികസനത്തിന് നാം ആശ്രയിക്കേണ്ട മേഖലകളാണിത്). ഇത് അടിസ്ഥാനപ്പെടുത്തി പ്രാതിനിധ്യം കണക്കാക്കുമ്പോൾ അതിന് ഒരു പരമാവധി മൂല്യം നിശ്ചയിക്കുകയും വേണം, ഉദാഹരണത്തിന് പരമാവധി പ്രാതിനിധ്യം 25. പ്രവാസികൾ കൂടുതലുള്ള രാജ്യങ്ങളിൽ അപ്പോൾ വരുന്ന അംഗങ്ങളുടെ കുറവ് വികസിത രാജ്യങ്ങളിൽ നിന്ന് കൂടുതലയെടുക്കുക യാണെങ്കിൽ അവിടങ്ങളിൽ നിന്ന് ഇപ്പോഴുള്ള പ്രതിനിധികളുടെ കുറവിന് ഒരാശ്വാസം കിട്ടും.
200-ൽ പരം രജിസ്റ്റർ ചെയ്യപ്പെട്ട മലയാളി അസ്സോസിയേഷനുകളെ എങ്ങിനെ തെരഞ്ഞെടുക്കും എന്ന ഒരു പ്രശ്നവും നില നിൽക്കുന്നുണ്ട്. കാരണം അസ്സോസിയേഷനുകൾ വളരുകയും പിളരുകയും ചെയ്യുന്ന അവസ്ഥ പ്രവാസി ലോകത്തും നാട്ടിലെപ്പോലെ തന്നെ, അല്ലെങ്കിൽ അതിലും ശക്തിയായി അവിടേയും നില നിൽക്കുന്നുണ്ട്. സ്ഥാപന വർഷം , നാടുമായി നിലനിർത്തുന്ന പ്രവർത്തന മേഖലകൾ, അംഗങ്ങളുടെ എണ്ണം, പ്രവാസി ലോകത്തു് ഭരണ പരിചയം ഉണ്ടെങ്കിൽ അത് എന്നിവ ഇക്കാര്യത്തിൽ മാനദണ്ഡങ്ങളാക്കാവുന്നതാണ്.

ലോകത്തെമ്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയ ലോക കേരളസഭ ഏറെ പ്രതീക്ഷയോടെ മാത്രമേ നമുക്കുറ്റു നോക്കാനാവൂ. തീർച്ചയായും, ഇത് ജനാധിപത്യത്തിന്റെ സാധ്യതകളെ കൂടുതൽ അർത്ഥവത്താക്കുകയും പുറം ലോകവുമായുള്ള കൊള്ളൽ കൊടുക്കലുകളിലൂടെ കൂടുതൽ ശാസ്ത്രീയമായ, പക്വമായ തീരുമാനങ്ങളിലെത്തിച്ചേരാൻ ഇടവരുത്തുകയും ചെയ്യും.

Leave a Reply