ഗുജറാത്ത് തെരഞ്ഞെടുപ്പുഫലം നാളെ വരാനിരിക്കെ രണ്ടാം ഘട്ടത്തിലെ ഏഴു ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് നടക്കും. റീപോളിങ്ങിനു കാരണമെന്തെന്നു കമ്മീഷന് വ്യക്തമാക്കിയിട്ടില്ല. സാങ്കേതിക കാരണങ്ങളാലാണെന്നാണു വിശദീകരണം.
ദലിത് നേതാവ് ജിഗ്നേഷ് മെവാനി മത്സരിക്കുന്ന വഡ്ഗാമിലെ ചില ബൂത്തുകളിലടക്കമാണു റീപോളിംഗ് നടക്കുന്നത്.വിസ്നഗര്‍, ബെച്ചറാജി, മൊദാസ, വെജല്‍പൂര്‍, വത്വ,സജമാല്‍പൂര്‍-ഖാദിയ, സാല്‍വി, സന്‍ഖേദ തുടങ്ങി പത്ത് പോളിംഗ് സ്റ്റേഷനുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണുമെന്നും കമ്മീഷന് അറിയിച്ചു.
ഗുജറാത്തില്‍ വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ഹാര്‍ദിക് പട്ടേലും അല്പേശ് ഠാക്കൂറും രംഗത്തെത്തിയിരുന്നു. അതിനിടെ, യന്ത്രങ്ങളുടെ സത്യസന്ധത തെളിയിക്കാന്‍ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഒരു ബൂത്തിലെ വോട്ട് രസീതുകള്‍ കൂടി എണ്ണണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദേശം നല്കി.
പരീക്ഷണ പോളിംഗില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ യന്ത്രങ്ങളില്‍ നിന്നു മാറ്റുന്നതില്‍ പോളിംഗ് ഓഫിസര്‍മാര്‍ വീഴ്ചവരുത്തിയ ഏഴു മണ്ഡലങ്ങളിലെ 10 ബൂത്തുകളില്‍ യന്ത്രങ്ങളിലെ വോട്ടിനൊപ്പം വോട്ട് രസീതുകളും എണ്ണണമെന്നും കമ്മിഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടിനൊപ്പം വോട്ട് രസീതുകൂടി എണ്ണണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചതിനു പിന്നാലെയാണു വോട്ടിങ് യന്ത്രങ്ങളില്‍ വന്‍ കൃത്രിമം നടത്താന്‍ ബിജെപി ശ്രമിച്ചേക്കുമെന്ന ആരോപണവുമായി ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തിയത്. പട്ടാന്‍, ബനാസ്കാന്ത ജില്ലകളില്‍ വ്യാപകമായ തിരിമറി നടന്നതായി സംശയമുണ്ടെന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും പിന്നാക്ക ഐക്യവേദി നേതാവുമായ അല്പേശ് ഠാക്കൂറും ആരോപിച്ചു.
ഗുജറാത്തിന് പുറമെ ഹിമാചല്‍ പ്രദേശിലെയും തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത് രണ്ടിടത്തും ബിജെപിയാണ് അധികാരത്തിലെത്തുക എന്നാണ്.