സംസ്ഥാന സ്കൂള്‍ കലോത്സവചരിത്രത്തില്‍ കോഴിക്കോടിന് വീണ്ടും കലാകിരീടം. തുടര്‍ച്ചയായി പത്താം തവണയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കുന്നത്.
56-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 232 മത്സരയിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോഴിക്കോട് 919 പോയന്റിന് മുന്നിലും തൊട്ടുപിന്നാലെ 912 പോയന്റോടെ പാലക്കാട് ജില്ലയും എത്തി. കണ്ണൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. അപ്പീല്‍പോയ മത്സരയിനങ്ങളുടെ പോയന്റുകള്‍ അറിയാനായി ഇരുടീമും നിറയെ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു.
അവസാനഘട്ട വഞ്ചിപ്പാട്ടും ഹയര്‍ അപ്പീലുമാണ് നിര്‍ണ്ണായകമായത്. അവസാനഘട്ട ഫോട്ടോ ഫിനിഷിങ്ങിലൂടെയാണ് കോഴിക്കോട് കിരീടം നിലനിര്‍ത്തിയത്. ഇഞ്ചാടിഞ്ച് പോരാട്ടത്തിലാണ് കോഴിക്കോടും പാലക്കാടും മത്സരിച്ചിരുന്നത്. പാലക്കാട് ജില്ല നാല് ഹയര്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നാണ് മത്സരം മുറുകിയത്. അപ്പീല്‍ അനുവദിക്കാത്തത് കോഴിക്കോടിനെ കിരീടമണിയിച്ചു. അപ്പീല്‍ അനുവദിച്ചിരുന്നെങ്കില്‍ ഒരു പോയന്റ് മുന്നിലായി പാലക്കാട് കിരീടം നേടുമായിരുന്നു.
കലോത്സവത്തിന്റെ തുടക്കം മുതലേ നിറയെ പരാതികളും ആക്ഷേപങ്ങളും നിറഞ്ഞിരുന്നു.
കോഴിക്കോട് ക്രിസ്റ്റ്യന്കോളേജില് വെച്ച് നടന്ന കഴിഞ്ഞ 55-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോടും പാലക്കാടും ഒരുമിച്ച് കലാകിരീടം നേടുകയായിരുന്നു.
1957-ല്‍ എറണാകുളത്ത് നടന്ന ആദ്യകലോത്സവത്തില് ത്തന്നെ കോഴിക്കോട് ഉള്‍പ്പെടുന്ന വടക്കെ മലബാറാണ് ജേതാക്കളായിരുന്നത്. കോഴിക്കോടിന്റെ ആദ്യകിരീടം 1959-ല്‍ ചിറ്റൂരില്‍ നടന്ന മൂന്നാംകലോത്സവത്തില് ലഭിച്ചു.
രണ്ടാം കിരീടം നേടാന്‍ കോഴിക്കോടിന് 32 വര്‍ഷം കാത്തിരിക്കേണ്ടിവന്നുവെന്നതാണ് മറ്റൊരു സവിശേഷത. അതിനിടെ കലോത്സവത്തിന്റെ മട്ടും ഭാവവും ആകെ മാറിയിരുന്നു. 1980 മുതല്‍ തുടര്‍ച്ചയായി 10 വര്‍ഷം കിരീടം നേടിയ തിരുവനന്തപുരത്തിന്റെയും മറ്റും കുത്തക തകര്‍ക്കാന്‍ കോഴിക്കോടിന് ഈ മാറ്റം സഹായകമായി.
1960, 1976, 1987 എന്നിങ്ങനെ മൂന്നുവര്‍ഷങ്ങളില്‍ കലോത്സവത്തിന് ആതിഥേയത്വം വഹിച്ചത് കോഴിക്കോടാണ്. പക്ഷേ, കിരീടംമാത്രം നേടാനായില്ല. 1987-ല്‍ ആദ്യമായി ജേതാക്കള്‍ക്ക് സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തിയതും കോഴിക്കോട്ടാണ്. അത്തവണയും തിരുവനന്തപുരം കിരീടം നേടി.
കോഴിക്കോട്-919
പാലക്കാട്- 912
കണ്ണൂര്‍- 908
മലപ്പുറം- 904
എറണാകുളം- 896
തൃശൂര്‍- 892
കോട്ടയം- 869
കാസര്‍കോട്- 844
തിരുവനന്തപുരം- 837
ആലപ്പുഴ- 833
കൊല്ലം- 818
വയനാട്- 792
പത്തനംതിട്ട- 781
ഇടുക്കി- 747