കെ കെ. അബ്ദുല്ല, പി.എ. സുഭ
1 മലീല – ദി ഫെയര്‍വെല്‍ ഫ്ളവര്‍ (തായ്ലന്ഡ്)
സൗഹൃദത്തിലെ ആത്മീയത
വിഖ്യാതമായ ‘ദ ബ്ലൂ അവര്‍’ എന്ന ചിത്രത്തിനുശേഷം തായ്ലാന്ഡിന്റെ പാരമ്പര്യവും ബുദ്ധമത വിശ്വാസവും ഇഴ ചേര്‍ത്ത് അനുചാ ബോണ്യ വതാന ഒരുക്കിയ ചിത്രമാണ് മലീല.
മുന്‍കാല സുഹൃത്തുക്കളായ ഷെയിനും പിച്ചും ബുദ്ധമതാശ്രമത്തില് വീണ്ടും ഒന്നിക്കുന്നു. മുല്ലപ്പൂക്കള്‍, മടക്കി ഒതുക്കിയ വാഴയിലയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയെടുക്കുന്ന പരമ്പരാഗത ആഭരണം ഉണ്ടാക്കി നദിയില്‍ ഒഴുക്കുന്നതിലാണ് മാരകരോഗിയായ പിച്ച് ആശ്വാസം കണ്ടെത്തുന്നത്. ഭാര്യയും മകളും നഷ്ടപ്പെട്ടതിന്റെ വേദന ഉള്ളിലൊതുക്കി കഴിയുന്ന ഷെയിന്‍ തന്റെ സുഹൃത്തിനോടുള്ള ആത്മബന്ധത്തിലാണ് നിര്‍വൃതിയടയുന്നത്.
ഇരുവരുടെയും ബന്ധം സ്വവര്‍ഗ്ഗാനുരാഗത്തിന്റെ തലത്തിലേക്കും എത്തിച്ചേരുന്നു. പിച്ച് ഈ ലോകത്തോട് വിടപറയുകയാണെന്നറിയുന്ന ഷെയിന്‍ തന്റെ സുഹൃത്തിനെ ആത്മീയ പ്രേരണകളിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. പ്രകൃതിയും ബുദ്ധമതാചാരങ്ങളും ചേര്ത്തിണക്കപ്പെട്ട ഈ ചിത്രം രണ്ടു വ്യക്തികളുടെ സ്നേഹ ബന്ധത്തിന്റെ അഗാധ തലങ്ങളെ സ്പര്‍ശിക്കുന്നതും ജീവിതത്തില്‍ ഏല്ക്കേണ്ടിവരുന്ന മരവിപ്പും മൃതിയുടെ അനിവാര്യതയും സൂചിപ്പിക്കുന്നതുമാണ്. മരണപ്പെട്ട തന്റെ സുഹൃത്തിനെ ബുദ്ധതത്ത്വങ്ങളിലൂടെ വീണ്ടും കണ്ടെത്താന്‍ ഷെയിന്‍ ബുദ്ധസന്യാസിയായി മാറുന്നതും തപസ്സനുഷ്ഠിക്കുന്നതും ഇതുവരെ അഭ്രപാളികളില്‍ കാണാത്തതും ഉന്നതമായ ആത്മബന്ധത്തിന്റെ നിദാനമായി കണ്ടെത്താവുന്നതുമാണ്.
വനാന്തരത്തില്‍ അരങ്ങേറുന്ന കഥാഗതിയില്‍ പ്രകൃതിയിലെ ഓരോ ശബ്ദ വ്യതിയാനങ്ങളും ഒപ്പിയെടുത്തിരിക്കുന്ന സംഗീതം നിര്‍വഹിച്ചിരിക്കുന്നു, ചാപ്പവിച്ച് ടെംനിറ്റിക്ക്. പ്രേക്ഷകരുടെ ഇടയിലേക്ക് മഴ പെയ്തിറങ്ങുന്നപോലെതന്നെ തോന്നിപ്പിക്കുന്ന സൂക്ഷ്മമായ ശബ്ദലേഖനം. പാരമ്പര്യ തായ് സംഗീതോപകരണങ്ങള്‍കൊണ്ട് ശ്രാവ്യ മധുരമായ പശ്ചാത്തല സംഗീതം. ആരാധനക്കായ് കഥാപാത്രങ്ങള്‍ ഒരുക്കിയെടുക്കുന്ന ‘ബയാ ശ്രീ’ എന്ന പരമ്പരാഗത ആഭരണത്തിന്റെ ഒതുക്കുകള്‍ പോലെ അടുക്കി വെച്ചിരിക്കുന്ന ചിട്ടയാര്‍ന്ന എഡിറ്റിംഗ് നടത്തിയിരിക്കുന്നത് ചോണിലാസി ഉപാനിക്കറ്റ്, ലീ ചട്ടമട്ടിക്ക് എന്നിവര്‍ ചേര്‍ന്നാണ്. പ്രകൃതിയോട് ചേര്‍ന്ന് നില്ക്കുന്ന തിരക്കഥയെ ചേര്‍ത്തുവെക്കുന്ന പ്രകൃതി ദൃശ്യങ്ങള്‍ ഒപ്പിയെടുത്തത് ചായപരുക്ക് ചാലര്പര്ബോര്ണ്നിച്ചിനാണ്. പ്രധാന അഭിനേതാക്കള്‍, സുക്കോളവത് കാനറോസ്, അനുചിഡ് സപന്ഫോംഗ്, സുറെറ്റ മ്യുന്ഗ്പുട്ട് എന്നിവര്‍ കഥാപാത്രങ്ങളില്‍ ജീവിക്കുകതന്നെ ചെയ്യുന്നു.
മനുഷ്യന്റെ പരമമായ സ്വാതന്ത്ര്യവും ആത്മീയമായ ഔന്നത്യവും പ്രഖ്യാപിക്കുന്ന ബുദ്ധമതത്തില്‍ ബന്ധങ്ങള്‍ സ്വവര്ഗ്ഗരതിയോളമെത്തുന്നതിന്റെ സാംഗത്യമെന്താണ്? സംവിധായകനോടാണ് ഈ ചോദ്യം ഉന്നയിച്ചത്. മറുപടി: ‘രണ്ടു വ്യക്തികള്‍ തമ്മിലുണ്ടായ ബന്ധത്തിന്റെ പാരമ്യം സ്വവര്‍ഗ്ഗാനുരാഗം എന്ന് കാണണമെന്നില്ല, അനുരാഗം എന്ന് കണ്ടാല്‍ മതിയാവും’. അനുചാ ബോണ്യ വതാനയുടെ സംവിധാനത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം സ്നേഹബന്ധങ്ങളുടെ ആത്മീയമായ വീണ്ടെടുപ്പുകളെ സമര്‍ത്ഥിക്കുകയും, മനുഷ്യരെ ഭൗതികേച്ഛകളില്‍നിന്ന് മുക്തനാക്കി ശാശ്വതസമാധാനം നേടുന്ന ബുദ്ധ തത്വങ്ങളെ പ്രതീകവല്‍ക്കരിക്കുകയും ചെയ്യുന്നു.
2. റിട്ടേണീ (ഖസാക്കിസ്ഥാന്‍)
അതിര്‍ത്തികളില്ലാത്ത ലോകത്തെക്കുറിച്ചുള്ള സ്വപ്നം
സോവിയറ്റ് യൂണിയന്റെ ആധിപത്യത്തില്‍നിന്ന് 1991-ല്‍ ഖസാക്കിസ്ഥാന്‍ സ്വാതന്ത്ര്യം നേടിയതിനെത്തുടര്‍ന്ന്, അതിര്‍ത്തി രാജ്യങ്ങളില്‍നിന്ന് ഖസാക്കിസ്ഥാനിലേക്ക് മടങ്ങിവരുന്ന വംശജരെ വിശേഷിപ്പിക്കാന്‍ ഖസാക്ക് അധികാരികള്‍ ഉപയോഗിക്കുന്ന ഔദ്യോഗിക പദമാണ് ‘മടങ്ങിവരുന്നവന്‍’ എന്നര്‍ത്ഥം വരുന്ന ‘റിട്ടേണീ ‘.
1930-കളിലുണ്ടായ കസാഖിസ്ഥാന്‍ ഭരണകൂട ഭീകരതയില്‍നിന്ന് അഫ്ഘാനിസ്ഥാനിലേക്കു പലായനം ചെയ്ത സപാര്ക്കുളിന്റെ പിതാവും ഭാര്യയും, ഒരു മൈന്‍ അപകടത്തില്‍പ്പെട്ട് സംസാരശേഷി നഷ്ടപ്പെട്ട മകളും അടങ്ങുന്ന കുടുംബം നീണ്ട കാത്തിരിപ്പിന് ശേഷം ഖസാക്കിസ്ഥാനിലേക്കു മടങ്ങാനൊരുങ്ങുന്നു. പിതാവിനെയും (ബസര്ബെ) ചുമലിലേറ്റിയുള്ള യാത്രയില്‍ സപാര്ക്കുള് നേരിടുന്ന യാതനകള്‍ പലതാണ്. തുര്‍ക്ക്മെനിസ്ഥാന്‍ പോസ്റ്റ് അതിര്‍ത്തി കടക്കുക, മൈഗ്രേഷന്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കുക, രജിസ്ട്രേഷന്, മറ്റ് ഔപചാരിക രേഖകള്‍ ഹാജരാക്കുക തുടങ്ങി പലതും. അതിര്‍ത്തി കടന്ന് കസാഖ് മണ്ണിലെത്തുന്ന ബസര്ബെ ആ മണ്ണില്‍ സാഷ്ടാംഗം നടത്തുന്ന കാഴ്ച ഹൃദയാര്വജകമാണ്. അസുഖബാധിതനായ അദ്ദേഹം പറയുന്നു: ‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഈ മണ്ണിലാണ് അടക്കം ചെയ്യേണ്ടത്’. പിതാവിന്റെ മൃതശരീരവുമായുള്ള സ്പാര്ക്കുളിന്റെ യാത്രയും അടക്കംചെയ്യാന്‍ അനുഭവിക്കേണ്ടിവരുന്ന സംഘര്‍ഷങ്ങളും യാഥാര്‍ഥ്യ ബോധത്തോടെയാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. അനുവാദം വാങ്ങാതെ ഖബറടക്കാന്‍ ഒരുങ്ങിയതിനെ പട്ടാളക്കാരന് ചോദ്യം ചെയ്യുന്നുവെങ്കിലും ദയനീയസ്ഥിതി മനസ്സിലാക്കുന്നതോടെ ആയാളും സ്പാര്ക്കുളിനെ സ ഹായിക്കുന്നു. പട്ടാളക്കാരന്റെ അനുകമ്പയും കുരിശ് വരയും മരുഭൂമിയിലെ ഒരു സ്നേഹസ്പര്‍ശമായി സപാര്ക്കുളിനും കാണികള്‍ക്കും ഒരേപോലെ അനുഭവപ്പെടുന്നു.
തങ്ങളുടെ സ്വപ്നരാജ്യത്തിന്റെ ദേശീയഗാനം കേള്‍ക്കാനും, സ്ത്രീകളുടെ മുഖാവരണം നീക്കാനാവുന്നുണ്ടെങ്കില്ക്കൂടി, അഫ്ഗാനിസ്ഥാനില്‍ നിന്നുകൊണ്ട് ഖസാക്കിസ്ഥാനെതിരെ പോരാടിവന്നതിന്റെ തിക്താനുഭവങ്ങളും ചില ഖസാക്കികളില്നിന്നും സപാര്ക്കുള് നേരിടുന്നു. എങ്കിലും സവാര്കൂള്സ് യുദ്ധത്തില്‍ തകര്‍ന്ന ഗ്രാമത്തിലെ പള്ളി പുതുക്കിയെടുക്കുന്നതിലൂടെ സപാര്ക്കുളിന്റെ ജീവിതം മാറിമറിയുന്നു.
സങ്കീര്‍ണ്ണമായ അതിര്‍ത്തിപ്രശ്നങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സംവിധായകന് കുര്‍മന്‍ ബെക്കോവ് നെയ്തെടുക്കുന്ന ചിത്രം ചരിത്രത്തോടും കഴിഞ്ഞകാല അതിര്‍ത്തി പോരാട്ടങ്ങളോടും നീതിപുലര്‍ത്തുന്നു. സഹനത്തിന്റെ എല്ലാ അവസ്ഥകളും വരച്ചു കാണിക്കുന്ന കാച്ചിക്കുറുക്കിയ തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന്റെ സഹായത്തോടെ നുര്ലാന് സാന്‍ ഷാറാണ്. അതിര്‍ത്തിപ്രദേശത്തെ മലനിരകളിലൂടെ പോകുന്ന യാത്രാസംഘത്തിന്റെ കാല്പ്പെരുമാറ്റമടക്കം ഒപ്പിയെടുക്കുന്ന പശ്ചാത്തല ശബ്ദലേഖനം മഹത്തരമാണ്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദുലീഗ അക് മോള്‍ഡ, യെസിമ് സെജിസ്ബെവ്, ബയാന്‍ കാഴ്നാ ബീവ, ദിനാ ര ഡൈ റോവ എന്നിവരുടെ അഭിനയ പാടവം കാണികള്‍ക്കിടയില്‍ ചിരപരിചിതത്വം നല്കാന് പോന്നവയാണ്. അസുഖബാധിതനായിട്ടും മകന്റെ ചുമലിലേറി മരുഭൂമി താണ്ടുന്ന സപാര്ക്കുളിന്റെ പിതാവിന്റെ നിശ്ചയദാര്‍ഢ്യ ത്തിന്റെയും കനിവിന്റെയും മുഖം മനസ്സില്‍ തങ്ങിനില്ക്കുന്നു.
സംവിധായകന് സാബിറ്റ് കുര്മാങ്കോവിനോട് ഒരു ചോദ്യം: ‘വൈരം നിലനിന്നിരുന്ന അഫ്ഘാന്‍ -ഖസാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ മടങ്ങി വരുന്നവരെ സ്വാഗതം ചെയ്യുന്നു എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണോ അതോ കാല്പനികമാണോ?’ മറുപടി: ‘ജډനാട്ടില്‍നിന്ന് പലായനം ചെയ്യേണ്ടി വന്നവര്‍ക്ക് തിരികെ വരാന്‍ സ്വാഗതം ചെയ്യുകവഴി അതിര്‍ത്തികള്‍ മാഞ്ഞുപോകട്ടെ എന്ന എന്റെ ഒരാഗ്രഹമാണ് ഈ ചിത്രത്തില്‍ പറഞ്ഞു വെക്കുന്നത്’. ഏതായാലും ആ ആഗ്രഹം നډയുടേതാണ്, അതിര്‍ത്തികളില്ലാത്ത ഒരു ലോകത്തെക്കുറിച്ചുള്ള ഒരു സ്വപ്നം കൂടിയാണ് ഈ ചിത്രം.