മിഠായിത്തെരുവിലൂടെ വാഹനം അനുവദിക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച അന്തിമതീരുമാനം 28ന് ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രഖ്യാപിക്കും. ഇന്നലെ മേയറുടെ ചേംബറില്‍ ചേര്‍ന്ന കൗണ്‍സില്‍ പാര്‍ട്ടി നേതാക്കളുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം. അതുവരെ നിലവിലെ നിരോധനം തുടരാനും തീരുമാനിച്ചു.
നവീകരിച്ച മിഠായിത്തെരുവിലൂടെ വാഹനഗതാഗതം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വ്യാപാരികള്‍ സമരപാതയിലാണ്. മിഠായിത്തെരുവില്‍ ഗതാഗതം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന വ്യാപാരികളും പൊതുജനങ്ങളുമുണ്ട്. ഇതുകൂടി പരിഗണിച്ചാകും കൗണ്‍സില്‍ അന്തിമതീരുമാനമെടുക്കുക.
കഴിഞ്ഞ ദിവസം എംഎല്‍എമാരും ജില്ലാ കളക്ടറുംവ്യാപാരികളും പങ്കെടുത്ത യോഗത്തില്‍ ചില അനിഷ്ട സംഭവങ്ങളുണ്ടായിരുന്നു. ജനപ്രതിനിധികളെ കൂകിവിളിക്കുകവരെയുണ്ടായി. മിഠായിത്തെരുവിലെ റോഡ് നഗരസഭയുടെ അധീനതയിലാണ്. അതിനാല്‍ കൗണ്‍സിലിന്റെ തീരുമാനം അന്തിമമായിരിക്കും. ഇലയ്ക്കും മുള്ളിനും കേടുണ്ടാവാത്തവിധം പ്രശ്നം പരിഹരിക്കാനാണ് മേയറുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്