ഗുലാബ് ജാന്‍
ഒറ്റവായനയുടെ കാലം കഴിഞ്ഞു. ഇന്ന് എഴുത്തുകാര്‍ സര്‍വ്വജ്ഞാനിയായ ദൈവമല്ല. വ്യത്യസ്ത കര്ത്തൃത്വവ്യവഹാരങ്ങള് ഒരു കൃതിയെ വായിക്കുന്നത് വ്യത്യസ്തമായി തന്നെയായിരിക്കും. അതുകൊണ്ട് എഴുത്തുകാരന് എന്ത് ഉദ്ദേശിച്ചുവെന്നത് ഇന്ന് പ്രസക്തമല്ല. കൃതി വായനക്കാരനുമായി സംവദിക്കുന്ന പാഠപരിസരം എന്ത് എന്നതാണ് മുഖ്യം. അതാവട്ടെ ഓരോ വ്യത്യസ്ത പ്രതിനിധാനങ്ങള്‍ക്കും വ്യത്യസ്ത പാഠങ്ങള്‍ ആയിരിക്കുകയും ചെയ്യും. അപ്പോള്‍ ഒരു രചനയ്ക്ക് പല വായനകള്‍ ഉണ്ടാകുന്നതും അത് സംവാദാത്മകമായി നിരൂപിക്കപെടുന്നതും ജനാധിപത്യത്തെ കൂടുതല്‍ മുന്നോട്ട് കൊണ്ട് പോകുകയേ ചെയ്യൂ…
ജനാധിപത്യം ജൂപ്പിറ്ററിന്റെ സിരസ്സില്നിന്ന് മിനര്‍വ പ്രവഹിക്കുന്നത് പോലെ സ്വാഭാവികമായി പൊട്ടി വിടര്‍ന്നതല്ല. അതൊരു സാമൂഹ്യനിര്‍മ്മിതിയാണ്. മനുഷ്യര്‍ അതിന് നല്‍കേണ്ടിവന്ന വില ചെറുതല്ല. അത് നിലനിര്‍ത്തുന്നതിന് വേണ്ടിയും വികസിപ്പിക്കാനും പലതരം സഹനങ്ങള്‍ ഇന്നും നടക്കുണ്ട്. സ്ത്രീ-പുരുഷ കര്‍തൃത്വത്തെ പ്രശ്നവത്ക്കരിച്ചു നടന്ന ചുംബനസമരത്തില്‍ പങ്കെടുത്ത് മര്‍ദ്ദനമേറ്റവര്‍ വരെ ജനാധിപത്യത്തിന് വേണ്ടിയുള്ള ചാവേറുകളാണ്. സാമൂഹ്യ അസ്വസ്ഥതകളും ചിന്തകളും പേറുന്ന പല അടരുകളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന അത്തരം മനുഷ്യരാണ് ആധുനിക ജീവിതഭാവനയുടെ ആകാശമായി ജനാധിപത്യത്തെ ഉയര്‍ത്തിപിടിക്കുന്നതും അതിന് കാവല്‍ നില്ക്കുന്നതും. അതിന് കരുത്ത് പകരണം. കാരണം വെറും പ്രജകളോ തൊമ്മികളോ മാത്രമായി മനുഷ്യരെ കാണാന്‍ ഒസൃത്തുള്ള പഴയ ആജ്ഞാനുവര്‍ത്തികളായ തമ്പുരാക്കന്മാരുടെ പ്രേതങ്ങള്‍ ജനാധിപത്യത്തെ ഭയപ്പെടുന്ന വര്‍ത്തമാനത്തിന്റെ മുഖാമുഖത്താണ് നാം നില്‍ക്കുന്നത്.
എന്നാല്‍ ചിലരുണ്ട്, അവര്‍ക്ക് സാമൂഹികതയോട് പുച്ഛമാണ്. തെരുവില്‍ നടക്കുന്ന പ്രകടനങ്ങള്‍ ബീവറേജിലേക്കുള്ള ഓട്ടത്തിന്റെ സമയക്രമം തെറ്റിക്കുമത്രെ. സംഘടനകള്‍ അവരെ അലോസരപ്പെടുത്തും. സാംസ്ക്കാരികപ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും കാണുമ്പോള്‍ വാവിട്ട് ചിരിച്ച് ”ജനാധിപത്യത്തി”ന്റെ കൊമ്പത്തിരുന്ന് അതിന് മാര്‍ക്കിടും. എല്ലാ ശരികളുടേയും ജ്ഞാനപ്പാറകളാണവര്. പഴയ അജ്ഞാനുവര്‍ത്തികളായ തമ്പുരാക്കന്മാരുടെ പുതിയ അവതാരങ്ങള്‍. എന്നാല്‍ അവരിലാരെയെങ്കിലും വിമര്‍ശിച്ചാല്‍ എത്ര പെട്ടന്നാണവര് കൂട്ടം കൂടുന്നതും ജനാധിപത്യത്തിന് വേണ്ടി ആക്രോശിക്കുന്നതും….
ജനാധിപത്യമെന്നാല്‍ എന്തും പറയാനുള്ള സ്ഥലിയാണന്നാണ് ചിലര്‍ ധരിച്ചുവെച്ചിരിക്കുന്നത്. അവരില്‍ ചിലര്‍തന്നെയാണ് ശശികലയുടെ വിഷം ചീറ്റാനുള്ള അവകാശവും പര്‍ദ്ദ മൗലികാവകാശമാണെന്നും വാദിച്ചുറപ്പിക്കുന്നത്. എന്നാല്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന വ്യവഹാരങ്ങളായ തുല്യതയും ഒരുമയും സ്വാതന്ത്ര്യവും ഹനിക്കുന്ന അത്തരം പ്രവണതയ്ക്കെതിരെ ഒത്തുതീര്‍പ്പുകള്‍ ആത്മാഹത്യാപരമാണ്. ആധുനിക മനുഷ്യന്റെ വളര്‍ച്ചയെ പിറകോട്ട് വലിക്കുന്നതുകൊണ്ട് അത്തരം ആശയങ്ങളോട് ജനാധിപത്യത്തിന് സന്ധിചെയ്യുക വയ്യ. ജനാധിപത്യത്തെ നിലനിര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്യുന്ന അടിസ്ഥാന സങ്കല്‍പ്പങ്ങളും അതിനെ സാധ്യമാക്കുന്ന സാമൂഹ്യവ്യവഹാരങ്ങളും ആക്രമിക്കപെടുമ്പോള്‍, അപഹസിക്കപ്പെടുമ്പോള്‍ നിശബ്ദമായിരിക്കുന്നത് ചരിത്രപരമായ കുറ്റകൃത്യമാണ്. പൊതുവിദ്യാഭ്യാസവും അത് നിര്‍മ്മിച്ചെടുക്കുന്ന പൊതുവെഞ്ചും ജനാധിപത്യത്തിന്റെ ബഹുസ്വരതയേയും ഒരുമയേയും നിര്‍മ്മിച്ചെടുക്കുന്ന അടിസ്ഥാന ശിലയാണ്. അത് സംരക്ഷിക്കാനുള്ള ബാധ്യത അധ്യാപകര്‍ക്ക് മാത്രമല്ല ജനാധിപത്യത്തില്‍ ജീവിക്കാന്‍ ഭാഗ്യം ലഭിച്ച നാമ്മുടെ പൊതു ഉത്തരവാദിത്വമാണ്. പറഞ്ഞുവരുന്നത് എന്‍ പ്രഭാകരന്റെ കഥയെ കുറിച്ചുതന്നെയാണ്.
പ്രഭാകരന്‍മാഷിന്റെ കളിയെഴുത്ത് എന്ന കഥ ഏറ്റവും മോശം കഥയാണെന്നാണ് അദ്ദേഹത്തിന് വേണ്ടി രംഗത്ത്വന്ന് തിമിര്‍ക്കുന്നവര്‍ പോലും പറയുന്നത്. അപ്പോള്‍പിന്നെ സീനിയറായ ഈ കഥാകൃത്തിന് അത്തരമൊരു കഥ എഴുതാന്‍ ഉണ്ടായ ആന്തരികപ്രചോദനം എന്തായിരുന്നു. പ്രസക്തമായ ചോദ്യമാണെങ്കിലും അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണെന്ന് അംഗീകരിക്കാം. ഈ കഥയുടെ ആന്തരിക വികാരം പൊതുവിദ്യാഭ്യാസത്തോടുള്ള അങ്ങേയറ്റത്തെ അസഹിഷുതയാണ്. സംവാദത്തിനുള്ള ഒരിടം അബദ്ധത്തില്‍പോലും അദ്ദേഹം തുറന്നിടുന്നില്ല. കേരളത്തിലെ പൊതുവിദ്യാഭ്യാസം ഇനിയും വികസിക്കേണ്ട ഒരു പ്രക്രിയതന്നെയാണ്. അതൊരു വിശുദ്ധപശുവല്ല. ഗൗരപരമായ ചര്‍ച്ചയും കൂട്ടിച്ചേര്‍ക്കലുകളും ഇനിയും ഉണ്ടായേ തീരൂ. മലയാളത്തില്‍ പൊതുവിദ്യാഭ്യാസത്തെ വിമര്‍ശനവിധേയമാക്കുന്ന ധാരാളം കഥകള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം വായിച്ച് ആസ്വദിച്ച കൂട്ടത്തില്‍ സ്ക്കൂള് അധ്യാപകരും ഉണ്ടായിരുന്നു. അന്നാരും വിമര്‍ശനവുമായി രംഗത്ത് വന്നിട്ടില്ല. പ്രഭാകരന് മാഷ് പക്ഷെ പൊതുവിദ്യാഭ്യാസത്തിനെതിരെ എതെങ്കിലും ഗുണപരമായ വിമര്‍ശനമായല്ല ഈ കഥ എഴുതിയത്. ഒരുത്തരത്തിലുള്ള യാഥാര്‍ത്ഥ്യവുമായി പൊരുത്തപെടാത്ത ഒരു നല്ല ഭാവനയില്പോലും കടന്ന്വരാത്ത ഒരു കഥ നിഗൂഢമായ അജഡയോടുകൂടി ജനാധിപത്യമര്യാദകള്‍ പരിഗണിക്കാതെ തനിക്ക് പൊതുവിദ്യാഭ്യാസത്തെ പൊളിച്ചടക്കണമെന്ന് തീരുമാനിച്ച് എഴുതുന്നു. അയാള്‍ എഴുത്തുകാരന് ആണ് എന്ന ഒറ്റ കാരണംകൊണ്ട് അത് സഹിക്കണം എന്ന് പറയുന്നത് മറ്റെന്തായാലും ജനാധിപത്യമാകാന് തരമില്ല. ജനാധിപത്യജീവിതത്തിന്റെ അടിത്തട്ട് തകര്‍ക്കുന്ന ആശയങ്ങളോട് ശൃംഗരിക്കുന്നത് നാം ജീവിക്കുന്ന കാലത്തോട് ചെയ്യുന്ന കുറ്റകൃത്യമാണ്. പൊതുവിദ്യാഭ്യാസം കെട്ടകാലത്തെ അപൂര്‍വ്വമായ പ്രതീക്ഷകളില്‍ ഒന്നാണ്. അതിനെ വളര്‍ത്തുകയാണ് ജനാധിപത്യ ബോധമുള്ള മനുഷ്യര്ചെയ്യേണ്ടത്. തളര്‍ത്തുന്നവര്‍ക്ക് കുഴലൂത്ത് നടത്തുകയല്ല.
അപകടകരമായ മറ്റൊന്ന് സ്ത്രീ-പുരുഷ ബന്ധത്തെകുറിച്ച് മാഷ് നിലനിര്‍ത്തിപോരുന്ന പ്രാകൃതമായ കാഴ്ച്ചപാട് ഈ കഥയില്‍ അതിന്റെ ഉച്ചിയില്‍ എത്തുന്നുണ്ട് എന്നതാണ്. ഈ സദാചാരനോട്ടം സ്ത്രീയെ ശരീരമാത്രമായി കാണുന്ന മൂല്യബോധത്തെതന്നെയാണ് പങ്ക് പറ്റുന്നത്. ഫാസിസ്റ്റ് വ്യാപനകാലത്തിന്റെ ഒരു സവിശേഷത അത് നമ്മുടെ ഉള്ളില്‍ അടക്കിവെച്ചിരിക്കുന്ന സകല ജനാധിപത്യവിരുദ്ധതകളേയും ഉത്തേജിപ്പിക്കും എന്നതാണ്. ഉള്ളില്‍ കെട്ടിക്കിടന്ന് തളംകെട്ടിയ അത്തരം വികാരങ്ങള്‍ ഒരു ദുര്‍ഗന്ധത്തോടെ പുറത്തോക്കൊഴുകും. നമുക്കിടയില്‍ നിന്ന് തന്നെ ചിലര്‍ക്ക് ജാതിവാല് മുളച്ച് വരുന്നത് പോലെ. ഇനിയും എത്ര വിഗ്രഹങ്ങളാണ് തകര്ന്നടിയാനിരിക്കുന്നത്?