Home » ഇൻ ഫോക്കസ് » സൂഫീപഥങ്ങളിൽ: ആത്മാന്വേഷണത്തിന്റെ അജ്മീർ യാത്ര
ലേഖകനും സുഹൃത്തുക്കളും അജ്‌മീർ പട്ടണത്തിൽ / ചിത്രം: ബിജു ഇബ്രാഹിം

സൂഫീപഥങ്ങളിൽ: ആത്മാന്വേഷണത്തിന്റെ അജ്മീർ യാത്ര

|പി പി ഷാനവാസ്|

പി പി ഷാനവാസ്

അഹമ്മദാബില്‍ തീവണ്ടിയിറങ്ങുമ്പോഴാണറിഞ്ഞത്, അജ്മീറിലേക്കുള്ള വണ്ടിയെത്താന്‍ വൈകും വരെ കാത്തിരിക്കണം. കൂടെയുള്ളവരില്‍ സ്ത്രീകളടക്കമുള്ള ചിലര്‍ തീവണ്ടിയാപ്പീസിലെ കാത്തിരിപ്പു മുറിയില്‍ വിശ്രമം തേടി. അധ്യാപക സഹോദരങ്ങളായ ഷക്കീറും ഷമീമും കോഴിക്കോട്ടെ വസ്ത്രവ്യാപാരിയായ നാസറളിയനും ചേര്‍ന്ന് ഞങ്ങള്‍ സബര്‍മതീ തീരത്തെ ഗാന്ധീ ആശ്രമം കാണാന്‍ പോയി. അഹമ്മദാബാദിലെ മുഷിഞ്ഞ തെരുവുകളിലൂടെ ഓട്ടോയില്‍ ആശ്രമകവാടത്തിലെത്തി. വേപ്പുമരങ്ങള്‍ തണലൊരുക്കുന്ന പരിസരത്തിന് പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. ഗാന്ധിജിയുടെ ജീവിത മുഹൂര്‍ത്തങ്ങളും അദ്ദേഹം കടന്നു പോയ രാഷ്ട്രീയ സന്ധികളും മ്യൂസിയത്തില്‍ ഫോട്ടോപകര്‍പ്പുകളായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പുസ്തകശാലയില്‍ ഗാന്ധിയന്‍ സാഹിത്യം. ഗാന്ധിജിയുടെ മരുമകന്‍ പണിത ആശ്രമത്തിലെ ബാത്ത്റൂമിന്‍റെ വൃത്തിയും വെടിപ്പും ഗാന്ധിയന്‍ ആദര്‍ശത്തിന്‍റെ അനുഭവമായി. സബര്‍മതീ തീരത്തെ കുടീരത്തില്‍ കാവിയുടുത്ത ഏതാനും വൈഷ്ണവ സാധുക്കള്‍ കുന്തിച്ചിരുന്നു സംസാരിക്കുന്നു. തൊട്ടടുത്താണ് ഗാന്ധീ ആശ്രമം. കോലായയിലെ ചര്‍ക്കയില്‍ സന്ദര്‍ശകര്‍ കൗതുകത്തിന് നൂല്‍നൂല്‍പ് പരീക്ഷിച്ചുനോക്കുന്നുണ്ട്. തൊട്ടടുത്ത് ഗാന്ധി പാര്‍ത്തിരുന്ന വിശാലമായ മുറി. അവിടെയുമുണ്ട് ചര്‍ക്ക. ഉപ്പു സത്യഗ്രഹം മുതല്‍ ഇന്ത്യന്‍ ഖിലാഫത്ത് പ്രസ്ഥാനത്തിനുവരെ രൂപംകൊടുത്ത ഗാന്ധിജിയുടെ മുറി. കോലായ കടന്ന് വരാന്തയ്ക്ക് ഇടതായി കസ്തൂര്‍ബ താമസിച്ചിരുന്ന മുറി. തൊട്ടടുത്ത് അതിഥികള്‍ക്കായുള്ള മുറി. കോലായയുടെ വലത്തെ അറ്റത്ത് അടുക്കള. കസ്തൂര്‍ബായുടെ മുറിയില്‍ ഞാന്‍ അല്‍പ്പനേരം മൗനത്തിലിരുന്നു. മുറ്റത്തെ വേപ്പുമരങ്ങള്‍ ഔഷധിയുടെ തണലൊരുക്കി. മീരാബഹന്‍ താമസിച്ചിരുന്ന കുടീരം. പ്രാര്‍ത്ഥനാചത്വരത്തിലെ കരിഞ്ഞുണങ്ങിയ മരം. സബര്‍മതി മാലിന്യങ്ങള്‍ പേറി നിസ്സംഗമായി പരന്നൊഴുകുന്നു.

എന്താണ് നിന്‍റെ ശബ്ദം താണിരിക്കുന്നത്, അവളുടെ ബദ്ധപ്പാട്. കൂടെ സഹോദരങ്ങളുണ്ട്. ഇത് ഗാന്ധിജിയുടെ ആശ്രമ പരിസരമാണ്, ഞാന്‍ മറുപടി പറഞ്ഞു.

കോട്ടുപോലുള്ള, തിളങ്ങുന്ന ബ്രൗണ്‍ നിറമുള്ള പര്‍ദ്ദയുടെ മിഴിയിലൂടെ സഫി ഞങ്ങളെ നോക്കി ചിരിച്ചു. ഭ്രാന്തന്മാര്‍ ഊരു ചുറ്റി എത്തിയല്ലോ എന്ന ആശ്വാസത്തില്‍ സുലൈഖാത്ത. വെറ്റിലയുടെ ലഹരിയില്‍ ചുവന്ന വായ കാട്ടി ചിരിച്ച് കുഞ്ഞിമുഹമ്മദ്ക്കയുടെ സലാം. റെയില്‍ ബ്രിഡ്ജിലൂടെ അടുത്ത പ്ലാറ്റ്ഫോമിലേക്ക് കടക്കുമ്പോള്‍ ബാബുവേട്ടന്‍ വിളിക്കുന്നു, ഹിമാലയ യാത്രാപഥക്കുറിപ്പുകളുടെ ഗതിയന്വേഷിച്ച്. മംഗളം ഓണപ്പതിപ്പിലേക്കുള്ള ആ വിവരണ പാഠവും ഫോട്ടോകളും രാജേഷിനെയും ബിജുവിനെയും എല്ലാ ഭാരവും ഏല്‍പിച്ചാണു പോന്നത് എന്ന് മറുപടി പറഞ്ഞു.

(തുടരും)

*
സൂഫീപഥങ്ങൾ രണ്ടാംഭാഗം ഇവിടെ വായിക്കാം:

സൂഫീപഥങ്ങളിൽ: ജയ്‌പൂരിലെ വിസ്മയങ്ങള്‍

സൂഫീപഥങ്ങൾ മൂന്നാംഭാഗം ഇവിടെ വായിക്കാം:

സൂഫീപഥങ്ങളിൽ: പരിവ്രാജകത്വത്തിലൂടെ സത്യത്തെത്തേടുന്ന വിപ്ലവകാരിയുടെ മതമാണ് സൂഫിസം

Leave a Reply