രാജ്യം കനത്തസുരക്ഷയില്‍ അറുപത്തിയേഴാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദില്ലിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദേശീയ പതാക ഉയര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യാഗേറ്റിലെ അമര്‍ ജവാന് ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രന്‍സ്വെ ഒലോന്ദ് മുഖ്യാതിഥിയായിരുന്നു.
റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. രാജ്യത്തിന്റെ സൈനികശേഷിയും സാംസ്കാരിക വൈവിധ്യവും വിളിച്ചോതി രാജ്പഥില്‍ നടന്ന പരേഡില്‍ ഫ്രഞ്ച് സേനയും പങ്കെടുത്തു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദേശ സൈന്യം ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനപരേഡിന്റെ ഭാഗമാകുന്നത്.
കരസേനയുടെ ഡല്‍ഹി എരിയാ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്. ജനറല്‍ രാജന് രവീന്ദ്രന് ആണ് പരേഡ് നയിച്ചത്. 26 വര്‍ഷത്തിനുശേഷം കരസേനയുടെ ശ്വാനസംഘവും പരേഡില്‍ പങ്കെടുത്തു. ചരിത്രത്തിലാദ്യമായി വനിതാ സ്റ്റണ്ട് കണ്ടിജന്റ് പരിപാടി അവതരിപ്പിച്ചു. ഇതുവരെ പുരുഷന്മാര് മാത്രമായിരുന്നു സ്റ്റണ്ട് അവതരിപ്പിച്ചിരുന്നത്. വിമന്‍ ഡേര്‍ഡെവിള്‍സ് സി.ആര്.പി.എഫ് എന്ന കണ്ടിജന്റില്‍ 120 സൈനികരുണ്ട്.
രാജ്പഥില്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പം ഫ്രാന്‍സിന്റെ സൈനികവിഭാഗവും റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരന്നു. 1604ല്‍ രൂപവത്കരിച്ച 35-ാം കാലാള്‍ സേനയാണ് പരേഡില്‍ പങ്കെടുത്തത്. 1780ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പുസുല്‍ത്താനൊപ്പം ഈ സൈനികവിഭാഗം യുദ്ധം ചെയ്തിട്ടുണ്ട്.
തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാവലയത്തിലാണ് രാജ്യം റിപ്പബ്ലിക് ദിനമ ആഘോഷിച്ചത്. സുരക്ഷക്കായി 50,000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. വിമാന വേധ മിസൈല്‍ സംവിധാനമടക്കമുള്ളവ സജ്ജമാക്കിയിരുന്നു. ഇന്ത്യന്‍ സുരക്ഷാസൈനികര്‍ക്കു പിന്തുണയുമായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയും ഫ്രഞ്ച് സുരക്ഷാ വിഭാഗവുമുണ്ട്. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. ഐ.ടി.ബി.പി. ഐജിയുടേയും കരസേനാ ഡോക്ടറുടേയും വാഹനങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് മോഷണം പോയത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. പതിവില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ ഒന്നര മണിക്കൂര്‍ മാത്രമായിരുന്നു ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡ്.