Home » കലാസാഹിതി » കലാ നിറവില്‍ കൊണ്ടോട്ടി; വൈദ്യര്‍ മഹോത്സവത്തിന് പ്രൗഢമായ തുടക്കം

കലാ നിറവില്‍ കൊണ്ടോട്ടി; വൈദ്യര്‍ മഹോത്സവത്തിന് പ്രൗഢമായ തുടക്കം

ഭിന്നശേഷിക്കാരുടെ കലാപ്രകടനങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചും പ്രാദേശിക കലാകാരന്മാരുടെ ഒത്തുചേരലിന് വേദിയായും വൈദ്യര്‍ മഹോത്സവത്തിന് കൊണ്ടോട്ടിയില്‍ തുടക്കമായി. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ ബുധനാഴ്ച രാവിലെ ഒമ്പതിന് വിദ്യാര്‍ഥികള്‍ക്കുള്ള ചിത്രരചനാ ശില്‍പ്പശാലയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.

കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ നടന്ന ശില്‍പ്പശാല, സംഗീതസംവിധായകന്‍ കെ വി അബൂട്ടിയുടെ ചിത്രംവരച്ച് ചിത്രകാരന്‍ വി കെ ശങ്കരന്‍ ഉദ്ഘാടനംചെയ്തു.

കൊണ്ടോട്ടി ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികളുടെ കലാ പ്രകടനങ്ങളായിരുന്നു ആദ്യദിവസത്തെ വേറിട്ടതാക്കിയത്.
പ്രാദേശിക കലാകാരന്മാരുടെ കൂടിച്ചേരലും മഹോത്സവത്തെ അര്‍ഥപൂര്‍ണമാക്കി. എ. പി. അഹമ്മദ് കലാസായാഹ്നം ഉദ്ഘാടനംചെയ്തു. എന്‍. വി തുറക്കല്‍, സിദ്ദിഖ് താമരശേരി, സി കുഞ്ഞാലന്‍, എ. കുഞ്ഞാലന്‍ കുട്ടി, ഫാത്തിമക്കുട്ടി, കെ. പി. റഷീദ്, കെ. പി. സന്തോഷ്, ജാഫര്‍ പാണാളി തുടങ്ങിയവരായിരുന്നു നേതൃത്വം.

‘ഇത് ഞങ്ങളുടെയും ലോകം, ഞങ്ങളുടെയും ഭൂമി’ എന്ന സംഗീതശില്‍പ്പം ആസ്വാദകപ്രീതി പിടിച്ചുപറ്റി. ‘വൈദ്യര്‍ ഒരു കാവ്യ വിസ്മയം’ ഡോക്യുമെന്‍ററിയും പ്രദര്‍ശിപ്പിച്ചു.

Leave a Reply