Home » നമ്മുടെ കോഴിക്കോട് » താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് വിലക്ക്

താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് വിലക്ക്

റോഡുകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായ താമരശ്ശേരി ചുരത്തിലൂടെ വലിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് താത്കാലികമായി തടഞ്ഞു. ചരക്കു വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ ബസുകള്‍, സ്വകാര്യ ബസുകള്‍ തുടങ്ങിയവയ്ക്കാണ് വിലക്ക്. ചുരം വഴിയുള്ള ഗതാഗതം ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സിക്കും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഭാരംകൂടിയ ട്രക്കുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് നേരത്തെതന്നെ പൊലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. അടിവാരത്ത് താത്കാലിക ചെക്ക് പോസ്റ്റ് തുറന്ന് 25 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ പൊലീസ് കഴിഞ്ഞ ദിവസം മുതല്‍ വഴിതിരിച്ചു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

മറ്റു വഴികളിലൂടെ കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കണമെന്നാണ് പൊലീസ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ഇതോടെ ബസുകള്‍ അടക്കമുള്ളവയ്ക്ക് കുറ്റ്യാടി ചുരം വഴി പോകേണ്ടിവരും. പൊലീസിന്റെ വിലക്ക് ലംഘിച്ച് ചുരത്തിലൂടെ സഞ്ചരിച്ച പതിനാല് ഭാരംകൂടിയ ലോറികള്‍ക്ക് പൊലീസ് കഴിഞ്ഞ ദിവസം വന്‍തുക പിഴ ചുമത്തിയിരുന്നു. രണ്ടായിരം രൂപവീതമാണ് പിഴ ഈടാക്കിയത്. പന്ത്രണ്ട് ചക്രങ്ങളുള്ള വലിയ ലോറികളാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് ചുരത്തിലൂടെ കഴിഞ്ഞ ദിവസം സഞ്ചരിച്ചത്.

Leave a Reply