Home » എഡിറ്റേഴ്സ് ചോയ്സ് » കൊണ്ടോട്ടിയിലെ ബസ് തൊഴിലാളികളേ, രാഷ്ട്രീയ-സിനിമാ പ്രമുഖർ നിങ്ങളെക്കണ്ട് പഠിക്കട്ടെ!

കൊണ്ടോട്ടിയിലെ ബസ് തൊഴിലാളികളേ, രാഷ്ട്രീയ-സിനിമാ പ്രമുഖർ നിങ്ങളെക്കണ്ട് പഠിക്കട്ടെ!

|രാജേഷ് കിഴിശ്ശേരി|

രാജേഷ് കിഴിശ്ശേരി

രാവിലെ കൊണ്ടോട്ടിയിലേക്കുള്ള ബസ്സിൽ കയറിയപ്പോൾ കണ്ടക്ടർ ബാഗിനു പകരം ഒരു ബക്കറ്റുമായി വരുന്നു! കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങൾ മെമ്മോറിയൽ ഡയാലിസിസ് കേന്ദ്രത്തിന്റെ ധനശേഖരണം എന്ന് ബക്കറ്റിൽ എഴുതിയിരിക്കുന്നു. ചെറിയ ഒരു തുക ബക്കറ്റിൽ നിക്ഷേപിച്ച് ഞാൻ ചെക്കറോട് സംഗതി എന്താണെന്നു ചോദിച്ചു.140 ബസ്സുകളുടെ ഇന്നത്തെ കളക്ഷൻ കേന്ദ്രത്തിനുള്ള സംഭാവനയാണത്രേ! പോരാത്തതിന് ബസ് ജീവനക്കാർ കൂലി എടുക്കില്ല, പകരം ഡീസൽ ചെലവ് എടുക്കും.

ഒരു ബസിന് ഇന്നത്തെ രീതിയിലാണെങ്കിൽ ചുരുങ്ങിയത് 12000 രൂപ കളക്ഷനുണ്ടാകും. മൊത്തം 1680000 രൂപ ഇങ്ങനെയാണെങ്കിൽ സന്ധ്യയോടെ ഡയാലിസിസ് സെന്ററിന് ലഭിക്കണം.

സഹായ സമാഹരണത്തിന്റെ പ്രചാരണത്തിന് ബസ്സുകളിൽ പതിച്ച പോസ്റ്റർ

ബസ് തൊഴിലാളി സത്യത്തിൽ ഇന്ന് പട്ടിണിയിലാണ്. കാരണം അവനിന്ന് കൂലി ഇല്ല. സർക്കാറിൽ നിന്നും ഒരാനുകൂല്യവും അവന്റെ സൻമനസിന് പ്രതീക്ഷിക്കാനുമില്ല. സമയത്തിന്റെ നിസാര കാരണം പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ വളരെ മോശമായാണ് അവനോട് പെരുമാറാറുള്ളത്.

ഇത്രയും വലിയ ഒരു സഹായം തങ്ങൾ ജീവിക്കുന്ന സമൂഹത്തിന് ഈ തുച്ഛവേതനക്കാർ നൽകിയ കാര്യം ചാനലുകളോ പത്രക്കാരോ അറിഞ്ഞു കൊള്ളണമെന്നുമില്ല. ഇന്ന് രാത്രി അത്താഴത്തിന് ആ തൊഴിലാളികളുടെ വീട്ടിൽ മത്സ്യം വാങ്ങിക്കാണില്ല. കുഞ്ഞിന്റെ ചുമ മരുന്ന് നാളെയേ ഇനി അവൻ വാങ്ങൂ. ഇന്നത്തെ പലതും നാളത്തേക്ക് മാറ്റി വെച്ച അവൻ ഭാര്യയുടേയും, കുഞ്ഞുങ്ങളുടേയും മുന്നിൽ പരാജിതനായ് ഇരിക്കുന്നുണ്ടാവണം. അവന്റേയോ കുഞ്ഞുങ്ങളുടേയോ അസുഖങ്ങളിൽ അവൻ നിസ്സഹായനാണ്.

ഒരു സിക്ക് ലീവ് അവനില്ല. ഞായറാഴ്ചകളോ, മറ്റ് ഒഴിവു ദിനങ്ങളോ അവനെ തിരിഞ്ഞു നോക്കുകയേ ഇല്ല തന്നെ! കാരണം ലീവിന് അവന് കൂലിയില്ല. എങ്കിലും എത്ര സന്തോഷത്തോടെയായിരുന്നു അവൻ ആ ബക്കറ്റ് നീട്ടിയത്!

തൊഴിലാളികളുടെ നിഷ്കളങ്കമായ ദേശ -സാമൂഹ്യ സേവനത്തിന്റെ വ്യാപ്തി അമ്പരപ്പിക്കുന്നതാണ്. ചിലപ്പോൾ ഓട്ടോ ഡ്രൈവർമാർ ഇതേ സേവനം ചെയ്യാറുണ്ട്. ഇത്ര രൂപ എന്ന ടാർജറ്റ് വെച്ച് അന്നത്തെ കൂലി എടുക്കാതെ ഡീസൽ കാശ് മാത്രമെടുത്തുള്ള ത്യാഗസന്നദ്ധത!

ഇത്ര ത്യാഗത്തോടെ വേറെ മേഖലയിലുള്ളവർ ദേശ-സാമൂഹ്യ സേവനം നടത്താറുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു നോക്കി.പക്ഷെ ഒരു കാര്യം മനസിലായി. പല മാന്യൻമാരും കൃത്യമായി നികുതി പോലും അടക്കുന്നില്ല! രാഷ്ട്രീയ-സിനിമാരംഗത്തെ പ്രമുഖർ ഇന്ന് കോടതിയലക്ഷ്യം എന്ന രാജ്യദ്രോഹപ്രവർത്തനം വരെ നടത്തുന്ന ഇതേ നാട്ടിലാണ് തൊഴിലാളികളുടെ ത്യാഗസന്നദ്ധത എന്നോർക്കുമ്പോൾ താഴെ തട്ടിൽ പട്ടിണിയുടേയും പരിദേവനത്തിന്റേയും അരികിൽ മനുഷ്യത്വം കുടികൊള്ളുന്നു എന്നും അറിയുന്നത്.

എന്റെ പ്രിയപ്പെട്ട ബസ് തൊഴിലാളികളേ നിങ്ങൾ ഇന്ന് ചെയ്ത ദേശസേവനം മഹത്തമമാണ്. ഇന്നും സമൃദ്ധമായി അത്താഴം കഴിക്കുന്ന ഞങ്ങളോട് നിങ്ങളും നിങ്ങളുടെ കുഞ്ഞുങ്ങളും പൊറുത്തുതരുമല്ലോ.

(നോവലിസ്റ്റും സാമൂഹ്യപ്രവർത്തകനുമാണ് ലേഖകൻ. കുറിപ്പെടുത്തത് ഫേസ്ബുക്കിൽനിന്ന്)

Leave a Reply