Home » ന്യൂസ് & വ്യൂസ് » ആര്‍ ശങ്കറിന്റെ അവകാശം കുമ്മനത്തിനല്ലാതെ ആര്‍ക്ക്‌? നെഹ്രു വെളിപ്പെടുത്തുന്നു

ആര്‍ ശങ്കറിന്റെ അവകാശം കുമ്മനത്തിനല്ലാതെ ആര്‍ക്ക്‌? നെഹ്രു വെളിപ്പെടുത്തുന്നു

കോണ്‍ഗ്രസ്സുകാരനായ ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദനം സംഘപരിവാര്‍ ചടങ്ങാക്കിയതിനെച്ചൊല്ലിയുള്ള വിവാദം വിചിത്രമായി കോണ്‍ഗ്രസ്‌ അവസാനിപ്പിച്ചിരിക്കുന്നു. സ്വന്തം നേതാവിനെ സംഘപരിവാര്‍ റാഞ്ചിയതിനെപ്പറ്റി കാര്യമായി ഒരു ആവലാതിയും ഉയര്‍ത്താതെ കോണ്‍ഗ്രസ്‌ പാര്‍ട്ടി അദ്ധ്യക്ഷന്റെ കേരളയാത്ര തീരാറായിരിക്കുന്നു.


ആര്‍ ശങ്കറിനു മേലുള്ള കോണ്‍ഗ്രസിന്റെ അവകാശവാദം ഇത്ര ദുര്‍ബലമായതിന്റെ രഹസ്യമെന്താണ്‌?


ജവഹര്‍ലാല്‍ നെഹ്രുവിന്റെ വാക്കുകള്‍പോലും മുഖവിലക്കെടുക്കാന്‍ കൂട്ടാക്കാതിരുന്ന സംഘപരിവാറുകാരനായിരുന്നു അന്നേ ആര്‍ ശങ്കര്‍ എന്നു വെളിവാക്കുന്നു, ശങ്കറിന്‌ നെഹ്രു അയച്ച ഈ കത്ത്‌. കുപ്രസിദ്ധമായ വിമോചനസമരത്തിന്റെ അവസാന നാളുകളില്‍ സമരം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കെ. പി. സി. സി പ്രസിഡന്റായിരുന്ന ശങ്കറിന്‌ നെഹ്രു അയച്ച കത്ത്‌ ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.


ഒപ്പം, നായര്‍-ഈഴവ ഐക്യമെന്ന സംഘപരിവാറിന്റെ ദീര്‍ഘകാലസ്വപ്‌നം നടപ്പായിക്കാണാന്‍ മന്നത്ത്‌ പത്മനാഭനൊപ്പം ആര്‍ ശങ്കര്‍ വിമോചനസമരകാലത്ത്‌ നടത്തിയ നീക്കങ്ങളുടെ ലഘുചരിത്രവും.

എന്റെ പ്രിയപ്പെട്ട ശങ്കര്‍,

വിദ്യാഭ്യാസനിയമം സംബന്ധിച്ച്‌ ശ്രീ മന്നത്ത്‌ പത്മനാഭന്‍ പ്രത്യക്ഷത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്‌ എനിക്ക്‌ മനസ്സിലാക്കാനോ വിലമതിക്കാനോ കഴിയുന്നില്ല. നിങ്ങള്‍ സംസ്ഥാന ഗവണ്‍മെന്റുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നതിന്‌ മുമ്പ്‌ വിദ്യാഭ്യാസനിയമം പാടെ നിര്‍ത്തിവെക്കണമെന്ന്‌ പറയുന്നത്‌ ഉത്തരവാദിത്വബോധമുള്ളവര്‍ സ്വീകരിക്കേണ്ടുന്ന ഒരു നിലപാടാണെന്ന്‌ തോന്നുന്നില്ല.

ആ നിയമത്തിലുള്ളതു മുഴുവനും എതിര്‍ക്കപ്പെടേണ്ടതും വിവാദപരവുമായ കാര്യങ്ങളാണെന്ന്‌ പറയാന്‍ ആര്‍ക്കും സാധ്യമല്ല. ആകയാല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതുവരെ ആ നിയമത്തിലെ വിവാദപരമായ വകുപ്പുകള്‍ നടപ്പില്‍ വരുത്തരുതെന്ന്‌ പറയുകയാവും ശരി. പ്രസ്‌തുത നിയമം നടപ്പില്‍ വരുന്നതിനെ ഒന്നോടെ നിര്‍ത്തിവെപ്പിക്കാനുള്ള ശ്രമം ജനരോഷത്തെ ക്ഷണിച്ചുവരുത്തുമെന്ന്‌ ഞാന്‍ ബലമായി വിശ്വസിക്കുന്നു. പ്രത്യേകിച്ചും അത്‌ അധ്യാപകരുടെ ഇടയില്‍ വല്ലാത്ത വിദ്വേഷം ഉളവാക്കുമെന്നു മാത്രമല്ല, മറ്റുതരത്തിലും തിരിച്ചടിക്ക്‌ കാരണമാകുമെന്നും പറയേണ്ടിയിരിക്കുന്നു.

കേരള സംസ്ഥാന രൂപീകരണത്തിനുമുമ്പ്‌ മലബാര്‍ ഭാഗത്ത്‌ അധ്യാപകര്‍ക്ക്‌ നേരിട്ടു ശമ്പളം നല്‍കുകയായിരുന്നു എന്ന്‌ നിങ്ങള്‍ക്ക്‌ അറിയാമല്ലോ. വിദ്യാഭ്യാസനിയമം പാടെ നിര്‍ത്തിവെച്ചാല്‍ ഈ ഏര്‍പ്പാടുപോലും നിന്നു പോവുകയും തല്‍ഫലമായി കുഴപ്പമുണ്ടാകുകയും ചെയ്യും.

കേരളത്തില്‍ ചില പാര്‍ട്ടികള്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവനകളുടെ സ്വഭാവം എന്നെ ഉത്‌കണ്‌ഠാകുലനാക്കുന്നതുകൊണ്ടാണ്‌ ഞാന്‍ നിങ്ങള്‍ക്ക്‌ ഈ കത്തെഴുതുന്നത്‌. ആ പാര്‍ട്ടികളുമായി കോണ്‍ഗ്രസ്‌ ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട്‌ അവ വീശുന്ന കരിനിഴല്‍ കോണ്‍ഗ്രസ്സിന്റെ മേലും പതിക്കും. ഈ സംഗതികളിലെല്ലാം നമ്മള്‍ വളരെ കരുതല്‍ ഉള്ളവരായിരിക്കണം.

മന്നത്ത്‌ പത്മനാഭന്‍ കര്‍ഷകബന്ധനിയമത്തേയും എതിര്‍ക്കുന്നു. ഈ വക കാര്യങ്ങളെ സംബന്ധിച്ചും കോണ്‍ഗ്രസ്സിനു നിഷ്‌ക്രിയമായൊരു തീരുമാനം സ്വീകരിക്കാനാവില്ല.

നാലഞ്ചുദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ ഒരു പത്രസമ്മേളനം നടത്താന്‍ ഇടയുണ്ട്‌. അപ്പോള്‍ ഈ സംഗതികളെക്കുറിച്ച്‌ ആരെങ്കിലും ചോദിച്ചാല്‍ എന്റെ അഭിപ്രായം ഞാന്‍ വെളിപ്പെടുത്തിയേക്കും.

ആത്മാര്‍ത്ഥതയോടെ നിങ്ങളുടെ

ജവഹര്‍ലാല്‍ നെഹ്രു
(ഒപ്പ്‌)

പശ്ചാത്തലം

1959 ജൂലൈ രണ്ടാം തീയതിയാണ്‌ നെഹ്രു തന്റെ ആശങ്കകള്‍ പ്രകടിപ്പിച്ചുകൊണ്ട്‌ കെ. പി. സി. സി പ്രസിഡന്റായ ശങ്കറിന്‌ ഈ കത്ത്‌ അയച്ചത്‌. വിമോചനസമരം കഴിയുന്നതുവരെ ഈ കത്ത്‌ സ്വകാര്യകത്താണെന്ന യുക്തിയിന്മേല്‍ ശങ്കര്‍ സ്വകാര്യമായിത്തന്നെ വച്ചു.

ജനാധിപത്യവിരുദ്ധസമരത്തില്‍ നിന്ന്‌ ശങ്കറിനെ പിന്തിരിപ്പിക്കാന്‍ നെഹ്രു കത്തെഴുതിയതിന്റെ ഇരുപത്തിയെട്ടാം ദിവസം രാഷ്‌ട്രപതി ഇടപെട്ട്‌ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ ഗവണ്‍മെന്റിനെ പിരിച്ചുവിട്ടു. നെഹ്രു തന്നെ അതിനുള്ള ഉത്തരവില്‍ ഒപ്പിടുകയും ചെയ്‌തു.

ആർ ശങ്കർ

ആർ ശങ്കർ

ആര്‍ ശങ്കര്‍ എന്ന വിമോചനസമര നായകന്‍

വിമോചനസമരത്തോടെ ഭാരതകേസരി എന്ന പദവിയിലേക്കുയര്‍ന്ന മന്നത്ത്‌ പത്മനാഭനായിരുന്നു വിമോചന സമരത്തിന്‌ നേതൃത്വം കൊടുത്ത `കമ്മ്യൂണിസ്റ്റ്‌ വിരുദ്ധമുന്നണി’യുടെ നായകന്‍. നായര്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടേയും അനിഷേധ്യനായ നേതാവായിരുന്നു മന്നത്ത്‌ പത്മനാഭന്‍. ആധുനിക തിരുവിതാംകൂറിന്റെ സൃഷ്‌ടിക്കുവേണ്ടി നടന്ന എല്ലാ ജനാധിപത്യസമരങ്ങളെയും അട്ടിമറിക്കാന്‍ രാജാവിന്റെയും ദിവാന്റെയും പക്ഷത്ത്‌ നിലയുറപ്പിച്ച സംഘടനയായിരുന്നു മന്നത്തിന്റെ നേതൃത്വത്തിലുള്ള എന്‍ എസ്‌. എസ്‌. അവര്‍ണ്ണഹിന്ദുക്കളെയും അഹിന്ദുക്കളെയും ഭരണത്തില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിന്നും പാടെ മാറ്റിനിര്‍ത്തുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച ന്യൂനപക്ഷവിരുദ്ധപ്രസ്ഥാനമായിരുന്നു മന്നത്തിന്റെ എന്‍ എസ്‌. എസ്‌.

മന്നത്ത് പത്മനാഭൻ

മന്നത്ത് പത്മനാഭൻ

മന്നം വാല്‍ മുറിക്കുന്നു

വിമോചനസമരത്തിന്‌ ഏതാണ്ട്‌ ഒരു പതിറ്റാണ്ടുമുമ്പ്‌ ന്യൂനപക്ഷമതവിഭാഗങ്ങള്‍ക്കെതിരെ ഹിന്ദുക്കളെ ഐക്യപ്പെടുത്തുന്നതിനുവേണ്ടി മന്നത്തിന്റെ നേതൃത്വത്തില്‍ `ഹിന്ദു മഹാമണ്ഡലം’ രൂപംകൊണ്ടു. ആര്‍. ശങ്കര്‍ ആയിരുന്നു ഹിന്ദുമഹാമണ്ഡല രൂപീകരണത്തില്‍ മന്നത്തിന്‌ കൂട്ട്‌. എന്‍. എസ്‌. എസ്സിന്റെയും എസ്‌. എന്‍. ഡി. പി.യുടേയും നേതാക്കന്മാര്‍ എന്ന നിലയില്‍ മന്നവും ശങ്കറും രണ്ടു സമുദായസംഘടനകളെയും ഹിന്ദു മഹാമണ്ഡലത്തിന്റെ കീഴില്‍ ഒരൊറ്റ സംഘടനയാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ആ ഹിന്ദുമഹാമണ്ഡലകാലത്താണ്‌ മന്നം തന്റെപേരില്‍ നിന്നും പിള്ള എന്ന ജാതിചിഹ്നം ഉപേക്ഷിച്ചത്‌.

പുതിയ ക്ഷേത്രോത്സവരീതികള്‍

ക്ഷേത്രങ്ങളില്‍ ഗീതാപാരായണവും പുരാണപാരായണവും, എല്ലാ ക്ഷേത്രങ്ങളിലും ഉത്സവകാലത്ത്‌ മതപ്രസംഗങ്ങള്‍ തുടങ്ങിയ ക്ഷേത്രോത്സവരീതികള്‍ നടപ്പാക്കുന്നത്‌ മന്നവും ശങ്കറും ചേര്‍ന്നാണ്‌. അതിനായി തിരുവിതാംകൂറിലെ എല്ലാ പ്രധാനക്ഷേത്രങ്ങളിലും ശങ്കറും മന്നവും നേരിട്ടുതന്നെ മതപ്രസംഗങ്ങള്‍ നടത്തി ചുറ്റിസഞ്ചരിച്ചു. മന്നത്തിന്റെയും ശങ്കറിന്റെയും നേതൃത്വത്തില്‍ ക്ഷേത്രങ്ങള്‍ക്ക്‌ പുറത്തും തിരുവിതാംകൂര്‍ ഭാഗത്ത്‌ ഹിന്ദുമത യോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ക്രിസ്‌ത്യാനികളുടെ ഭരണമാണ്‌ കേരളത്തില്‍ നടക്കുന്നതെന്നും അത്‌ നായര്‍ സമുദായത്തിന്റെയും ഈഴവസമുദായത്തിന്റെയും താല്‌പര്യങ്ങള്‍ക്ക്‌ ഹാനികരമാണെന്നും അവര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു.

ഏകീകൃതഹിന്ദുജനതയെ സൃഷ്‌ടിക്കാനും ഹൈന്ദവതാത്‌പര്യങ്ങള്‍ സംരക്ഷിക്കാനും മന്നവും ശങ്കറും നടത്തിയ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ്സിനു ഭീഷണിയായി. കോണ്‍ഗ്രസ്സുകാര്‍ മന്നത്തിന്റെയും ശങ്കറിന്റെയും ഹിന്ദുമഹാമണ്ഡല കൂട്ടുകെട്ടിനെ ഒരു സമാന്തരാധികാരകേന്ദ്രത്തിന്റെ ഉയര്‍ച്ചയായിക്കണ്ട്‌ ഭയപ്പെട്ടു. ക്രിസ്‌ത്യാനികളായ കോണ്‍ഗ്രസ്സുകാരിലായിരുന്നു ഈ ഭയാശങ്കകള്‍ ഏറ്റവും കൂടുതല്‍. 1949ല്‍ ആലപ്പുഴയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ്‌ സമ്മേളനം ശങ്കറിനെയും മന്നത്തെയും കോണ്‍ഗ്രസ്സില്‍ നിന്ന്‌ പുറത്താക്കി.

കോണ്‍ഗ്രസ്സിനെ എന്തിനു പേടിക്കണം

ഭൂരഹിതരും കര്‍ഷകതൊഴിലാളികളും മറ്റു ദരിദ്രവിഭാഗങ്ങളുമടങ്ങുന്ന സാധാരണക്കാര്‍ കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ രാഷ്‌ട്രീയജീവിതത്തിലേക്കുള്ള മുന്നേറ്റം തുടരുന്ന കാലമായിരുന്നു അത്‌. സ്വാതന്ത്ര്യസമരകാലത്ത്‌ കോണ്‍ഗ്രസ്സിനെ എതിര്‍ത്തിരുന്ന ഭൂഉടമകളും കച്ചവടക്കാരും കരാറുകാരും സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ഖദറിട്ട്‌ കോണ്‍ഗ്രസ്സായിരുന്നു. ജനകീയപിന്തുണ ശോഷിച്ചു ദുര്‍ബലമായിത്തീര്‍ന്ന കോണ്‍ഗ്രസ്സിനെ മന്നത്തിനോ ശങ്കറിനോ പേടിയുണ്ടായിരുന്നില്ല.

ശങ്കറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെതിരെ ഡെമോക്രാറ്റിക്‌ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടി രൂപീകരിക്കപ്പെട്ടു. ആയിടക്കാണ്‌ ശബരിമലക്ഷേത്രം അഗ്നിക്കിരയായത്‌. അതു ക്രിസ്‌ത്യാനികള്‍ കരുതിക്കൂട്ടി ചെയ്‌ത ഒരു വര്‍ഗ്ഗീയപ്രതികാരമാണെന്ന ഹിന്ദുക്കളുടെ സംശയത്തെ ആളിക്കത്തിച്ച്‌ അതില്‍ നിന്ന്‌ ശങ്കറും മന്നവും ഊര്‍ജ്ജം സംഭരിച്ചു.

ഈ അന്തരീക്ഷത്തില്‍, 1959 മെയില്‍ കൊല്ലത്തു ചേര്‍ന്ന എസ്‌. എന്‍. ഡി. പി വാര്‍ഷികസമ്മേളനം എന്‍. എസ്‌. എസ്‌-എസ്‌. എന്‍. ഡി. പി ലയനപ്രമേയം പാസാക്കി. നാരായണഗുരുവിന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌ എന്ന സന്ദേശം വിശാല ഹൈന്ദവസമുദായ ഐക്യത്തിനുവേണ്ടിയുള്ള ആഹ്വാനമായി വ്യാഖ്യാനിച്ചു. അങ്ങനെ മന്നത്തിന്റെയും ശങ്കറിന്റെയും നേതൃത്വത്തില്‍ കേരളീയസമൂഹത്തില്‍ ഹിന്ദുവര്‍ഗ്ഗീയവാദത്തിന്റെ വേരോട്ടം ശക്തമാകുന്നതിനുള്ള പശ്ചാത്തലം ഒരുക്കപ്പെട്ടു.

ഇ എ൦ എസ് നമ്പൂതിരിപ്പാട് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി സ്ഥാനമേല്ക്കുന്നു

ഇ എ൦ എസ് നമ്പൂതിരിപ്പാട് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി സ്ഥാനമേല്ക്കുന്നു

കോണ്‍ഗ്രസ്‌ മാപ്പപേക്ഷിച്ചു

എന്നാല്‍ എന്‍. എസ്‌. എസ്‌-എസ്‌. എന്‍. ഡി. പി ലയനം അന്ന്‌ നടക്കാതെ പോയി. 1952ല്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതായിരുന്നു കാരണം. സ്വന്തം ജനപിന്തുണയില്‍ വിശ്വാസമില്ലാതായ കോണ്‍ഗ്രസ്‌, തെരഞ്ഞെടുപ്പിനെ നേരിടാന്‍ വേണ്ടി ശങ്കറിന്റെയും മന്നത്തിന്റെയും മുന്നില്‍ മടങ്ങിച്ചെന്ന്‌ മുട്ടുകുത്തി മാപ്പപേക്ഷിച്ചു. അവരെ കോണ്‍ഗ്രസ്സിലേക്ക്‌ ക്ഷണിച്ചു. ഈ ലയനത്തോടെ, ഖദര്‍ ധരിച്ച പണക്കാരുടെ പാര്‍ട്ടിയായി പരിണമിച്ചുകഴിഞ്ഞ കോണ്‍ഗ്രസ്സിനെ മന്നത്തിന്റെയും ശങ്കറിന്റെയും ഹിന്ദുമഹാമണ്ഡലം പൂര്‍ണ്ണമായി വിഴുങ്ങി.

ഇങ്ങനെ ദേശീയതയുടെ പാരമ്പര്യം കൈവിട്ട കോണ്‍ഗ്രസ്സിന്റെ നേതാവെന്ന നിലയിലാണ്‌ മന്നത്തോടൊപ്പം വിമോചനസമരത്തിന്റെ നേതൃത്വം ആര്‍. ശങ്കര്‍ ഏറ്റെടുത്തത്‌. കോണ്‍ഗ്രസ്സില്‍ നിലനിന്നിരുന്ന ക്രിസ്‌ത്യന്‍ സ്വാധീനത്തോട്‌ ആദ്യം മുതല്‌ക്കേ അസഹിഷ്‌ണുത ഉണ്ടായിരുന്ന ശങ്കറും മന്നവും വിമോചനസമരത്തിനു തൊട്ടുമുന്‍പും ആര്‍. എസ്‌. എസിനോട്‌ ബന്ധപ്പെട്ട്‌ ഹിന്ദു മഹാസഭയെന്ന ആശയം സജീവമായി നിലനിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

എന്നും ഹിന്ദുവര്‍ഗ്ഗീയ പ്രവര്‍ത്തനം

1958 ലെ, മന്നത്തിന്റെ ചില ഡയറിക്കുറിപ്പുകള്‍ അവര്‍ നടത്തിക്കൊണ്ടിരുന്ന ഹിന്ദുവര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കുന്നു. 1958 മാര്‍ച്ച്‌ 14-ാം തീയതിയില്‍ മന്നം തന്റെ ഡയറിയില്‍ ഇങ്ങനെ കുറിക്കുന്നു. “19-ാം തീയതി കൂടാന്‍ വിചാരിക്കുന്ന ഹൈന്ദവസഭയില്‍ ആലോചിക്കാനുള്ള ഹിന്ദുമഹാസഭയെപ്പറ്റിയും ദേവസ്വം ബോര്‍ഡ്‌ നിയമപരിഷ്‌കാരത്തിനുള്ള വ്യവസ്ഥയെപ്പറ്റിയും ആലോചിച്ചു.”

മെയ്‌ 13-ന്‌ ഗോള്‍വാള്‍ക്കാര്‍ക്ക്‌ എറണാകുളത്ത്‌ കൊടുത്ത സ്വീകരണയോഗത്തില്‍ അധ്യക്ഷന്‍ മന്നമായിരുന്നു. അന്ന്‌ ഡയറിയില്‍ ഇങ്ങനെ കുറിച്ചു: “ഗോള്‍വാള്‍ക്കറുടെ സ്വീകരണയോഗം. ഞാന്‍ അദ്ധ്യക്ഷന്‍. തിരുവനന്തപുരത്ത്‌ നിന്ന്‌ എറണാകുളത്ത്‌ വിമാനത്തില്‍ രണ്ടു മണിക്ക്‌ മുന്‍പെത്തി. അവിടെ നിന്ന്‌ കാറില്‍ എന്നെ പ്രഭുവിന്റെ വീട്ടിലേക്ക്‌ കൊണ്ടുപോയി. ഗുരുജിയുമൊരുമിച്ച്‌ ടി. ഡി ഹാളിലെത്തി. അവിടത്തെ ചടങ്ങില്‍ പങ്കുകൊണ്ടു. 5 മണിക്ക്‌ ആര്‍. എസ്‌. എസിന്റെ പൊതുയോഗം എന്റെ അദ്ധ്യക്ഷതയില്‍ കൂടി. ഞാനും ഗുരുജിയും പ്രസംഗിച്ചു. രാത്രി 8 മണിക്ക്‌ അവസാനിച്ചു. ഗുരുജിയുടെ കൂടെ താമസിച്ചു.”

കായല്‍രാജാക്കന്മാര്‍ പാലൂട്ടി

എന്നാല്‍ ഹിന്ദുവര്‍ഗ്ഗീയവാദത്തിന്റെ വളര്‍ന്നുകൊണ്ടിരുന്ന ഭീഷണിയേക്കാള്‍, കായല്‍രാജാക്കന്മാരും തോട്ടമുടമകളും ആയ ക്രിസ്‌ത്യാനികളും ക്രിസ്‌തുമതനേതൃത്വവും നിലനില്‍പ്പിന്‌ അപകടമായി കണ്ടത്‌ കമ്മ്യൂണിസത്തെയാണ്‌. കോണ്‍ഗ്രസ്സിനുള്ളിലും പുറത്തും ശക്തിപ്രാപിച്ചുകൊണ്ടിരുന്ന ഹിന്ദുമഹാസഭയുടെ നേതൃത്വവുമായി വിമോചനസമരത്തില്‍ കൈകോര്‍ക്കാന്‍ സമ്പന്ന കത്തോലിക്കരും സഭയും അക്കാരണത്താല്‍ മടിച്ചില്ല. ഈ ഭൂ ഉടമാ മേധാവിത്വത്തിന്റെ ശിരസ്സില്‍ പതിച്ച ആദ്യത്തെ അടിയായിരുന്നു കമ്മ്യൂണിസ്റ്റ്‌ ഗവണ്‍മെന്റിന്റെ കുടിയൊഴിക്കല്‍ നിരോധന ഉത്തരവ്‌. തുടര്‍ന്ന്‌ നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട ഭൂപരിഷ്‌കരണ ബില്ലാകട്ടെ, തിരുവിതാംകൂറിലെ ഭൂസ്വാമിമാരെയും മലബാറിലെ ജന്മിമാരെയും വിറളി പിടിപ്പിച്ചു.

അങ്ങനെ കേരളത്തിലെ എല്ലാ ജാതികളിലും മതങ്ങളിലും പെട്ട കായല്‍ രാജാക്കന്മാരും തോട്ടം ഉടമകളും ജന്മികളും അടങ്ങുന്ന ഭൂപ്രഭുക്കന്മാരുടെ അടിയന്തിര ആവശ്യമായിരുന്നു കമ്മ്യൂണിസ്റ്റ്‌ ഗവണ്‍മെന്റിനെ താഴെ ഇറക്കാനുള്ള വിമോചനസമരം.

ജൈവരാഷ്‌ട്രീയവും ജനസഞ്ചയവും (ബി രാജീവന്‍) പുറ൦താൾ

ജൈവരാഷ്‌ട്രീയവും ജനസഞ്ചയവും (ബി രാജീവന്‍) പുറ൦താൾ

വിദ്യാഭ്യാസബില്‍ എങ്ങനെ പൊറുക്കും

മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസബില്‍ ഇവര്‍ക്ക്‌ മറ്റൊരു പ്രകോപനമായി. കേരളത്തിലെ സ്‌കൂളുകളില്‍ 50 ശതമാനത്തിലധികം കത്തോലിക്കര്‍ അടക്കമുള്ള പ്രൈവറ്റ്‌ ഏജന്‍സികളാണ്‌ നടത്തിയിരുന്നത്‌. ഈ സ്വകാര്യസ്‌കൂളുകളുടെ മാനേജര്‍മാര്‍ സ്വന്തം ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനം കൈകാര്യം ചെയ്യുന്ന രീതിയില്‍ സ്വന്തം ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കനുസരിച്ചാണ്‌ സ്‌കൂള്‍ ഭരണം നടത്തിവന്നത്‌. അധ്യാപകരുടെ ശമ്പളം ഗവണ്‍മെന്റ്‌ ട്രഷറിയില്‍ നിന്ന്‌ വാങ്ങി വിതരണം ചെയ്യാനുള്ള അധികാരം മുതലെടുത്തു കൊണ്ട്‌ മാനേജര്‍മാര്‍ അധ്യാപകരെ പീഡിപ്പിച്ചു. മാനേജര്‍ കൊടുക്കുന്ന തുച്ഛമായ ശമ്പളം പറ്റിക്കൊണ്ട്‌ പട്ടിണിയും യാതനയുമായി കഴിയുന്നവരായിരുന്നു അധ്യാപകസമൂഹം. ജോലിയുള്ളപ്പോള്‍ മാനേജര്‍ കൊടുക്കുന്ന കൂലികൊണ്ട്‌ ജീവിക്കാന്‍ ബുദ്ധിമുട്ടിയ അവര്‍ക്ക്‌ വെക്കേഷന്‍ കാലത്ത്‌ മിക്ക സ്‌കൂളുകളിലും ശമ്പളംതന്നെ കൊടുത്തിരുന്നില്ല.

ഇതിനെക്കുറിച്ചൊന്നും ചോദിക്കാനും പറയാനും ആരുമുണ്ടായിരുന്നില്ല.

പട്ടിണിനായരെയും ജന്മിയെന്നു തോന്നിപ്പിച്ചു

എന്നാല്‍ വിമോചനസമരത്തിന്‌ നേതൃത്വം കൊടുത്ത കമ്മ്യൂണിസ്റ്റ്‌ വിരുദ്ധമുന്നണി വിദ്യാഭ്യാസബില്ലിനെ കേരളത്തിലെ ക്രൈസ്‌തവരുടെ ന്യൂനപക്ഷാവകാശധ്വംസനത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാട്ടുന്നതില്‍ വിജയിച്ചു. ഒരു തുണ്ടുഭൂമിയില്ലാത്ത നായരും താന്‍ നായരായതുകൊണ്ടുതന്നെ ജന്മിക്കു സമനാണെന്നു കരുതി ഭൂനയബില്ല്‌ അറബിക്കടലില്‍ എന്നു മുദ്രാവാക്യം വിളിച്ചു. മന്നത്തിന്റെയും ശങ്കറിന്റെയും നേതൃത്വത്തിലായിരുന്നു കാര്യമായും ഇതിനുള്ള ഓപ്പറേഷന്‍.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ ന്യൂനപക്ഷവിരുദ്ധരും ഒരു ന്യൂനപക്ഷമതവിഭാഗത്തിന്റെ നേതൃത്വവും ചേര്‍ന്നുണ്ടാക്കിയ ഈ അവിഹിത കൂട്ടുകെട്ടിനെ അംഗീകരിക്കാന്‍ അന്ന്‌ ജനാധിപത്യവാദികളായ കോണ്‍ഗ്രസ്സുകാര്‍ക്കുപോലും കഴിഞ്ഞിരുന്നില്ല. സി. കെ. ഗോവിന്ദന്‍ നായരെ പോലെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ പലരും സമരത്തെ എതിര്‍ത്തു.

വീണ്ടും കോണ്‍ഗ്രസ്‌ കീഴടങ്ങി

1959 ഏപ്രില്‍ മൂന്നാം തീയതി ആര്‍. ശങ്കര്‍ കെ. പി. സി. സി പ്രസിഡന്റ്‌ പദം കരസ്ഥമാക്കുന്നതുവരെ കോണ്‍ഗ്രസ്‌ ഒരു സംഘടനയെന്ന നിലയില്‍ വിമോചനസമരത്തില്‍ പങ്കെടുത്തിരുന്നില്ല. അതുവരെ ഹിന്ദുമഹാമണ്ഡലത്തിന്റെ (അല്ലെങ്കില്‍ എസ്‌. എന്‍. ഡി. പി. – എന്‍. എസ്‌. എസ്‌ നേതാക്കന്മാര്‍ എന്ന നിലയില്‍ മന്നത്തിന്റെയും ശങ്കറിന്റെയും) അനുയായികളും കത്തോലിക്കരും മാത്രമായിരുന്നു വിമോചന സമരത്തിന്റെ ആള്‍ക്കാര്‍. കെ. പി. സി. സിയുടെ നിയന്ത്രണം പൂര്‍ണ്ണമായും തന്റെ കൈകളില്‍ വന്നതോടെ കോണ്‍ഗ്രസ്സിലെ ജനാധിപത്യവാദികളെ മുഴുവന്‍ നിശ്ശബ്‌ദരാക്കാനും കോണ്‍ഗ്രസ്‌ സംഘടനയെ വര്‍ഗ്ഗീയവാദികളുടെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധമുന്നണിയിലേക്ക്‌ താഴ്‌ത്തിക്കെട്ടാനും ശങ്കറിനു കഴിഞ്ഞു.

സുധീരനും ആന്റണിയും എങ്ങനെ മിണ്ടും

എന്നാല്‍ അന്ന്‌ ആ സമരത്തില്‍ ആര്‍ ശങ്കറിന്റെ അനുയായികളായിരുന്നു വി എം സുധീരനും എ കെ ആന്റണിയുമടങ്ങുന്ന ഇന്നത്തെ കോണ്‍ഗ്രസ്‌ നേതാക്കളില്‍ ഭൂരിഭാഗവും. ആര്‍ ശങ്കറിനെക്കുറിച്ച്‌, വി എം സുധീരനോ എ കെ ആന്റണിയോ എന്തു മിണ്ടുമെന്ന്‌ നാം പ്രതീക്ഷിക്കണം?

(കടപ്പാട്‌: പ്രഫസര്‍ ബി രാജീവന്‍ എഴുതി, റാസ്‌ബറി ബുക്‌സ്‌ പ്രസിദ്ധീകരിച്ച ‘ജൈവരാഷ്‌ട്രീയവും ജനസഞ്ചയവും’ എന്ന ഗ്രന്ഥം)

Leave a Reply