Home » എഡിറ്റേഴ്സ് ചോയ്സ് » മാപ്പിളപ്പാട്ടിന്റെ മൊഞ്ചാണ് കൊണ്ടോട്ടി; കെടാതെ കത്തുന്നു ഇശലിൻ ചെരാതുകൾ
മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി പ്രസിദ്ധീകരിച്ച വൈദ്യരുടെ സമ്പൂർണ കൃതികൾ മൂന്നു വാല്യങ്ങളിൽ

മാപ്പിളപ്പാട്ടിന്റെ മൊഞ്ചാണ് കൊണ്ടോട്ടി; കെടാതെ കത്തുന്നു ഇശലിൻ ചെരാതുകൾ

മോയിൻകുട്ടി വൈദ്യർ തൊട്ടുള്ള കവിമുനിമാർ കൊളുത്തിവച്ചുപോയ ഇശലിൻ ചിരാതുകൾ തലമുറകളിലൂടെ കെടാതെ സൂക്ഷിക്കുകയാണ് കൊണ്ടോട്ടി. വൈദ്യർ മഹോത്സവനാളുകൾക്ക് ഒരനുബന്ധമായി കൊണ്ടോട്ടിയുടെ കാവ്യചരിത്രപാരമ്പര്യത്തെക്കുറിച്ച് പി. വി. ഹസീബ്‌ റഹ്‌മാൻ

‘പൂമകളാണെ ഹുസുനുൽ ജമാൽ പുന്നാരത്താളം മികന്തബീവി…

മാപ്പിളപ്പാട്ടിൻ മലപ്പുറത്തിന്റെ മൊഞ്ചാണ് കൊണ്ടോട്ടി. ഇവിടെ ഇളംകാറ്റ് പോലും ഇശലിന്റെ ഈണം തിരയുകയാണ്. ഒരു കാലത്ത് കലയെയും പാട്ടിനെയും അക്ഷരക്കൂട്ടുകളാക്കിയവർ കൊളുത്തിവച്ചുപോയ ഇശലിൻ ചിരാതുകൾ തലമുറകൾ കെടാതെ സൂക്ഷിക്കുന്നു.

കാലങ്ങൾക്ക് മുമ്പേ കൊണ്ടോട്ടിക്ക് സ്വന്തമായ ഒരു ദേശീയതയുണ്ട്. ഈ മണ്ണിന്റെ കലാ-സാംസ്‌കാരിക പൈതൃകമാണ് അതിന്റെ മുഖവാതിൽ. കരിപ്പൂർ കണ്ണംകോട്ട് പാറയിൽ യന്ത്രപ്പക്ഷികൾ ചേക്കേറിയതാണ് കൊണ്ടോട്ടിയുടെ വികസന വളർച്ചക്ക് ആക്കം കൂട്ടിയത്. എന്നാൽ അതിനുമെത്രയോ മുമ്പ് ‘കൊണ്ടുവെട്ടി’ സാഹിത്യസാംസ്‌കാരിക പൈതൃകത്താൽ സമ്പുഷ്ടമാണ്. പാട്ടുസംസ്‌കാരം തന്നെ ഇതിൽ മുഖ്യം. മാപ്പിളപ്പാട്ടിന്റെ കളിത്തോഴനെന്നു വിശ്വഖ്യാതി നേടിയ മഹാകവി മോയിൻകുട്ടി വൈദ്യർ ഈ മണ്ണിന്റെ സുകൃതമാണ്.

മോയിൻകുട്ടി വൈദ്യർ വിവിധ ഭാഷകളിലുള്ള പ്രാവീണ്യവും സർഗവൈഭവവുംകൊണ്ട് സങ്കര പദപ്രയോഗങ്ങൾ അണിയിച്ചൊരുക്കി ഇശലുകളുടെ ലോകത്ത് അനന്യമായൊരിടം പടുത്തുയർത്തി. ഒട്ടനവധി ഗാനസൃഷ്ടികൾ മലയാളിക്ക് വൈദ്യർ സമ്മാനിച്ചു. അവ മഹാനായ കവിയുടെ ഇമ്പം തുളുമ്പുന്ന ആശയവട്ടങ്ങൾ കൂടിയായിരുന്നു. ചടുലമായ പദപ്രയോഗങ്ങൾകൊണ്ട് ഇശൽപാട്ടുകളെ മാസ്മരികപാതയിൽ അടയാളപ്പെടുത്തിയ വൈദ്യരുടെ രചനകൾ ഒരു കാലഘട്ടത്തിന്റെ മധുരമുള്ള ഈണങ്ങളായിരുന്നു. ജന്മി വാഴ്ചയ്ക്കും കോളനി വാഴ്ചയ്ക്കും എതിരെ അറബി മലയാളത്തിലെഴുതിയ വൈദ്യരുടെ സൃഷ്ടികളിൽ പ്രണയവും ദേശീയതയും സ്‌നേഹവുമുണ്ട്; മതവും സംസ്‌കാരവും സ്വാതന്ത്ര്യബോധവുമുണ്ട്.

മോയിൻകുട്ടി വൈദ്യരുടെ ഖബറിടം

കൊണ്ടോട്ടി മേലങ്ങാടി ഓട്ടുപാറയിൽ ഉണ്ണിമമ്മദ് വൈദ്യരുടെയും കുഞ്ഞാമിനയുടെ മകനായി 1852ലാണ് മോയിൻകുട്ടി ജനിച്ചത്. വൈദ്യനായ പിതാവ് കവിയുമായിരുന്നു. ബാല്യത്തിലേ പാട്ടെഴുത്തിൽ കമ്പം കയറിയ മോയിൻകുട്ടി ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് കാല്പനിക ഇതിഹാസ പ്രണയകാവ്യം ‘ബദറുൽ മുനീർ-ഹുസ്‌നുൽ ജമാൽ’ (1872) രചിച്ചത്. അജ്മീറിലെ രാജാവായ മഹ്‌സിന്റെ മകൾ ഹുസ്‌നുൽ ജമാലും മന്ത്രി മസ്മീറിന്റെ പുത്രൻ ബദറുൽ മുനീറും തമ്മിലുണ്ടായ പ്രണയമായിരുന്നു കല്പനാസൃഷ്ടമായ ഇതിവൃത്തം. പേർഷ്യൻ കവി മുഈനുദ്ദീൻ ഷായുടെ മൂലകൃതിയെ ആസ്പദമാക്കിയായിരുന്നു രചന.

കൊണ്ടോട്ടിയുടെ ചരിത്ര നായകൻ മുഹമ്മദ് ഷാ തങ്ങളുടെ പൗത്രൻ ഇസ്തിയാഹ് ഷാ തങ്ങളുടെ കാലത്താണ് മോയിൻകുട്ടി വൈദ്യരെന്ന പ്രതിഭയുടെ കവിവളർച്ച തുടങ്ങുന്നത്. തങ്ങളുടെ ഉപദേശകനായിരുന്ന നിസാമുദ്ദീൻ ശൈഖായിരുന്നു വൈദ്യർക്ക് ബദറുൽ മുനീർ-ഹുസനുൽ ജമാൽ പേർഷ്യൻ കഥ പറഞ്ഞുകൊടുത്തത്. ദഫും അറബനയും കുത്ത് ബൈത്തും ഷഹനായി സംഗീതവുമെല്ലാം ഇഴുകിച്ചേർന്ന ഇന്തോ-പേർഷ്യൻ സമന്വയ സാംസ്‌കാരികധാര കൂടിയായ കൊണ്ടോട്ടി നേർച്ചയുടെ പശ്ചാത്തലവും വൈദ്യരിലെ കവി മനസ്സിനു ചോദനയേകി.

ഖാജാ മുഈനുദ്ദീൻ ചിഷ്തിയുടെ പരമ്പരയിൽനിന്നെത്തി കൊണ്ടോട്ടി ഖുബ്ബയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഹസ്രത്ത് മുഹമ്മദ് ഷാ ചിഷ്തി തങ്ങളുടെ കാലത്തുതന്നെ സൂഫീ സംഗീതം ഈ മണ്ണിൽ എത്തിയിട്ടുണ്ട്. തങ്ങളുടെ മരണശേഷം അഫ്ഗാനിസ്ഥാനിൽനിന്ന് ഖൈബർ ചുരം കടന്നെത്തിയ നിയാസ് അഹമ്മദ് ഖാൻ ഖുബ്ബയിൽ ഏറെക്കാലം ഷഹനായി വായിച്ചിരുന്നതായി ചരിത്രമുണ്ട്. വൈദ്യരുടെ കവിവളർച്ചയുടെ കാലഘട്ടം കൂടിയാണിത്.

നാൽപ്പത് വയസ്സുവരെ മാത്രമാണ് മോയിൻകുട്ടി വൈദ്യർ ജീവിച്ചത്. എന്നാൽ ഇക്കാലയളവിൽത്തന്നെ കനപ്പെട്ട ഗാനസൃഷ്ടികൾ മാപ്പിളസാഹിത്യത്തിന് വൈദ്യർ സമ്മാനിച്ചു. ബദറുൽ മുനീർ-ഹുസനുൽ ജമാലിനു പുറമെ മുല്ലപ്പൂച്ചോലയിൽ,സലീഖ്വത്ത്, കറാമത്ത് മാല, ബദർ ഖിസ്സപ്പാട്ട്, സലസീൽ മൂലപുരാണം, എലിപ്പട, ഒട്ടകത്തിന്റെയും മാനിന്റെയും കഥ, ബെത്തിലപ്പാട്ട്, മലപ്പുറം ഖിസ്സ, ഉഹ്ദ് പടപ്പാട്ട്, കിളത്തിമാല, തീവണ്ടി ചിന്ത്, ഹിജ്‌റ തുടങ്ങിയ പ്രശസ്തമായ ധാരാളം ഗാനസൃഷ്ടികളും വൈദ്യരുടെതായുണ്ട്.

മോയിൻകുട്ടി വൈദ്യർ അറബിമലയാളത്തിലെഴുതിയ പാട്ടുകാവ്യ ശീലുകളിൽ മിക്കതും പിൽക്കാലത്ത് മധുരമൂറുന്ന ഗാനങ്ങളായി മാറി. മലയാള സിനിമയിലും അവ വന്നു. പലതും ഒപ്പനപ്പാട്ടുകളായും കോൽക്കളിപ്പാട്ടുകളുമായി ഉപയോഗിക്കപ്പെട്ടു. പിന്നീടുവന്ന മാപ്പിളപ്പാട്ടുകളിൽ ഏറെയും മോയിൻകുട്ടി വൈദ്യരുടെ കാവ്യത്തിന്റെ ചുവടുപിടിച്ചാണ് എഴുതപ്പെട്ടത്.

വൈദ്യരിലൂടെ കൂടുതൽ ജനകീയമായിത്തീർന്ന മാപ്പിളപ്പാട്ട് സംസ്‌കാരം ഏറനാട്ടിലാകെയും സ്വാധീനംചെലുത്തി. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടന്ന സമരപോരാട്ടങ്ങളിൽ മുദ്രാവാക്യമായി ഉയർന്നത് വൈദ്യരുടെ പടപ്പാട്ടുകളാണ്.

ഒരു ജനതയുടെ ദിനസരിതാളങ്ങളും സംസ്‌കാരങ്ങളും കാവ്യതാളമാക്കിയ ഒരു മഹാകവിയുടെ പ്രതിഭയെ പിൽക്കാലത്ത് കൈരളിക്കു മുന്നിൽ ജനകീയമാക്കാൻ മുന്നിൽ നിലകൊണ്ടവർ പലരുണ്ട്. കവി ടി.ഉബൈദ് സാഹിബാണ് അതിൽ പ്രാതസ്മരണീയൻ.

കൊണ്ടോട്ടി നേർച്ചക്കും പ്രാർത്ഥനകൾക്കും കേന്ദ്രമായ പ്രസിദ്ധമായ ഖുബ്ബ

പാട്ടിന്റെ വെട്ടം വൈദ്യർക്ക് മുമ്പും പിമ്പും

മോയിൻകുട്ടി വൈദ്യരാണ് മാപ്പിളപ്പാട്ടിന്റെ ഹൃദയമെങ്കിലും കൊണ്ടോട്ടിയിൽ കാലങ്ങൾക്കുമുമ്പേ പാട്ടിന്റെ വെട്ടമുണ്ട്. കണ്ടുകിട്ടിയതിൽ ഏറ്റവും പഴക്കമുള്ള മാപ്പിള സാഹിത്യകൃതി ഖാളി മുഹമ്മദിന്റെ മുഹയുദ്ദീൻ മാലയാണ്. നാന്നൂറ് വർഷമാണ് ഈ കൃതിയുടെ പഴക്കം. കൃതിയുടെ സ്വാധീനത്തിലുപരി കൊണ്ടോട്ടിയിലും ഖാളി മുഹമ്മദിന്റെ സാമീപ്യവുമുണ്ടായതായി ചരിത്രം പറയുന്നു. വൈദ്യരുടെ കറാമത്ത് മാല ഉൾപ്പെടെ ചില കൃതികളിൽ മുഹയുദ്ദീൻ മാലയിലെ ഇശലുകളുടെ സ്വാധീനമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

മോയിൻകുട്ടി വൈദ്യരുടെ പിതാവ് ഉണ്ണി മമ്മദ് വൈദ്യർ (വൈദ്യരുടെ മരണശേഷം ഹിജ്‌റ ഖിസ്സ പൂർത്തീകരിച്ചത് പിതാവാണ്) കവി ആയിരുന്നെങ്കിലും മോയിൻകുട്ടി വൈദ്യർക്കു മുമ്പുള്ള മാപ്പിള കവികളെക്കുറിച്ച് ചരിത്ര രേഖകളില്ല. എന്നാൽ സമകാല കവികളെല്ലാം ചരിത്രത്തിൽ ഇടം നേടിയവരാണ്. നിമിഷ കവി കളത്തിങ്ങൽ മൊയ്തീൻ കുട്ടി വൈദ്യർ, കൊണ്ടോട്ടി ശൈഖ് കൃതി എഴുതിയ മുസ്ല്യാരകത്ത് സൈനുദ്ദീൻ മുസ്ല്യാർ, മറ്റൊരു ഹിജ്‌റ പാട്ട് എഴുതിയ മുസ്ല്യാരകത്ത് അഹമ്മദ് കുട്ടി മുസ്ല്യാർ, ചികിത്സാ കീർത്തനം രചിച്ച ചോല പരീക്കുട്ടി ഹാജി, ഇബ്രാഹിം ഇബ്‌നു അദ്ഹം ഖിസ്സപ്പാട്ടും കല്യാണ നിശ്ചയം ഖണ്ഡകാവ്യവും എഴുതിയ പുലവർ മുഹമ്മദ്, സൂഫികവി മുസ്ല്യാരങ്ങാടി കടായിക്കൽ മൊയ്തീൻകുട്ടി ഹാജി, പുലിക്കോട്ടി ഹൈദർ, സ്വാതന്ത്ര്യസമരസേനാനി നെച്ചിമണ്ണിൽ കുഞ്ഞിക്കമ്മു മാസ്റ്റർ,മിസ്റ്റിക് കവി അയമുട്ടി പാപ്പ, എം.പി.മുഹമ്മദ് മേലങ്ങാടി, കൊണ്ടോട്ടി തങ്ങളെയും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെയുംകുറിച്ച് പാട്ടെഴുതിയ തോട്ടോളി മുഹമ്മദ്, യാ ഇലാഹി നീയല്ലാതെ, കൊടി ഉയരുക നീ, മുസ്ലിം ലീഗിൻ പച്ചക്കൊടിയേ തുടങ്ങിയ ഗാനങ്ങൾ രചിച്ച മധുവായി മോയിൻകുട്ടി, ആലുങ്ങൽ ചെറിയ ഹസ്സൻ മുതലാളി, കുണ്ടുകാവിൽ മൂസക്കുട്ടി മൊല്ല, മഠത്തിൽ കുഞ്ഞി മരക്കാർ, കെ.എസ്. ഖാദർ പുല്പറ്റ, അഹമ്മദ് കുട്ടി തുറക്ൽ തുടങ്ങി ഒട്ടേറെ പേർ വൈദ്യരുടെ കാലഘട്ടത്തിലും പിന്നീടും ഈ മണ്ണിൽ ഇശലിൻ കുളിരു നല്കി കടന്നുപോയവരായുണ്ട്.

പിൽക്കാലത്ത് ഇശലും ഗസലും സമം ചേർത്ത് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ശ്രുതിമാധുരി മലയാള ചലച്ചിത്രഗാനങ്ങളിൽ കോർത്ത എം. എസ്.ബാബുരാജ് കൊണ്ടോട്ടിക്കാർക്ക് സ്വന്തം ബാവുക്കയായിരുന്നു. ബാബുക്കയുടെ മൂത്ത മകൾ സാബിറയെ കൊണ്ടോട്ടി തുറക്കൽ പള്ളിപ്പറമ്പൻ ഇബ്രാഹിം മണവാട്ടിയാക്കും മുമ്പുതന്നെ ബാബുരാജിന് ഈ നാടുമായി ബന്ധവും സൗഹൃദവുമുണ്ടായിരുന്നു. തുറക്കലെ കെ. എസ്.മുഹമ്മദ് കുട്ടിയും ഇത്തലമുറയിലെ ശ്രദ്ധേയനായ ഗായകനായിരുന്നു.

കൊണ്ടോട്ടിയുടെ ഈ കലാപശ്ചാത്തലംതന്നെയാണ് കൊണ്ടോട്ടിക്കാരായ ടി. എ. റസാക്ക്, ടി. എ.ഷാഹിദ് എന്നീ സഹോദരങ്ങളെ ചലച്ചിത്രലോകത്തെ ശ്രദ്ധേയരായ എഴുത്തുകാരാക്കിയതും. ഇരുവരുടെയും പല സിനിമകളിലും കൊണ്ടോട്ടിയുടെ മാപ്പിള-കലാസംസ്‌കാരവും ചരിത്രവും ഇതിവൃത്തവും മിത്തുകളുമായിട്ടുണ്ട്. പിൽക്കാലത്ത് മാപ്പിളപ്പാട്ടുകളെ ജനകീയമാക്കിയതിൽ ശ്രദ്ധേയനായ വി. എം.കുട്ടിയും മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയുമല്ലാം ഈ ഇശൽമണ്ണിന്റെ സൃഷ്ടികളാണ്.

(എഴുത്തുകാരനും മാധ്യമപ്രവർത്തകനുമാണ് ലേഖകൻ)

Leave a Reply