Home » ഇൻ ഫോക്കസ് » സൂഫീപഥങ്ങളിൽ: ജയ്‌പൂരിലെ വിസ്മയങ്ങള്‍

സൂഫീപഥങ്ങളിൽ: ജയ്‌പൂരിലെ വിസ്മയങ്ങള്‍

ഖ്വാജയുടെ ദർഗ സന്ദര്‍ശിക്കാനുള്ള സമയമായിട്ടില്ല, ഹൈദ്രബാദില്‍ നിന്ന് സയ്യിദ് മുഹമ്മദ് ആരിഫുദ്ദീൻ ജീലാനി ഷെയ്ഖും സംഘവും എത്തണം. അതുവരെ സമയമുണ്ട്. ജയ്‌പൂർ അടുത്താണ്. മധ്യകാലം പണിതീര്‍ത്ത വാസ്തുവിസ്മയങ്ങള്‍. മുഗള്‍-രജപുതാന ശൈലികളുടെ സമ്മോഹിത സമ്മേളനം. കൊളോണിയല്‍ ഭരണാധികാരികൾ ചരിത്രത്തോടു ചെയ്ത നീതിപോലും കാണിക്കാൻ നമ്മുടെ ഭരണാധികാരികള്‍ക്കാവുന്നില്ലെന്ന് ഇന്ത്യൻ എല്ലാ ഭൂതകാല തിരുശേഷിപ്പുകളുടെയും സമകാലീനസ്ഥിതി വിളിച്ചോതുന്നു. പി. പി. ഷാനവാസ് യാത്രാനുഭവം തുടരുന്നു.

ജ്‌മീറില്‍ എത്തുമ്പോള്‍ രാത്രി. റെയില്‍വെ സ്‌റ്റേഷനില്‍ പലവിധം ജനങ്ങള്‍. ഇരുട്ടിലൂടെ ദര്‍ഗയിലേക്കുള്ള വഴിനടത്തം. ദര്‍ഗാഷരീഫിന്റെ പ്രവേശന കവാടങ്ങളിലൊന്നിനരികെ ഞങ്ങള്‍ കെട്ടുഭാണ്ഡങ്ങള്‍ ഇറക്കി വിശ്രമിച്ചു.

തമിഴ്‌നാട്ടുകാര്‍ നടത്തുന്ന ലോഡ്ജില്‍ അഭയം. മൊയ്‌നുദ്ദീൻ ഖ്വാജ അന്തിയുറങ്ങുന്ന ദര്‍ഗയുടെ മുഖ്യകവാടത്തില്‍ ചെന്നു നോക്കി. മസ്തിഷ്‌കത്തില്‍ ആനന്ദ ലഹരി. ഹൃദയം നിറഞ്ഞുകവിഞ്ഞു. പാതിരാവിലെ അജ്‌മീറിലെ കാറ്റേറ്റു കുളിര്‍ന്നു.

ഖ്വാജയുടെ ശവകുടീരം സന്ദര്‍ശിക്കാനുള്ള സമയമായിട്ടില്ല, ഹൈദ്രബാദില്‍ നിന്ന് സയ്യിദ് മുഹമ്മദ് ആരിഫുദ്ദീൻ ജീലാനി ഷെയ്ഖും സംഘവും എത്താനുണ്ട്. അവരുടെ നേതൃത്വത്തില്‍ വേണം ദര്‍ഗാ സന്ദര്‍ശനം. അതുവരെ സമയമുണ്ട്. ജയ്‌പൂർ അടുത്താണ്, യാത്രാപ്രിയനായ നിസാമുദ്ദീൻ ഞങ്ങളോടു പറഞ്ഞു. ഏഴാമത്തെ തവണയാണ് നിസാം അജ്‌മീറില്‍ എത്തുന്നത്. അവന്റെ എല്ലാ സങ്കടങ്ങള്‍ക്കും ഖ്വാജ ഉത്തരം നല്‍കുന്നു. അള്ളാഹുവിനോട് അപേക്ഷിക്കാൻ വീട്ടിലിരുന്ന് പ്രാര്‍ത്ഥിച്ചാല്‍ മതി, ഇവിടെ ഖ്വാജയോടാണ് ദുആ. അവന്റെ വിശ്വാസത്തിലെ അന്ധത എന്നെ വിസ്മയിപ്പിച്ചു.

ഖ്വാജ മൊയിനുദ്ദീൻ ചിസ്തിയുടെ ദർഗയിലേക്കുള്ള കവാടം

രാജസ്ഥാൻ കൃഷിപ്പാടങ്ങളുടെ നടുവിലൂടെ ഉള്ളു കുളിര്‍പ്പിക്കുന്ന ബസ്‌യാത്ര ഏറെ സന്തോഷം പകരുന്നതായിരുന്നു. നിറങ്ങള്‍ നൃത്തം ചെയ്യുന്ന നീളൻ തട്ടങ്ങള്‍ പുതച്ച ഗ്രാമീണ സ്ത്രീകള്‍. നിറപ്പകിട്ടുള്ള തലപ്പാവുകള്‍ ധരിച്ച പുരുഷന്മാര്‍. അലസഗമനം നടത്തുന്ന ഒട്ടകങ്ങള്‍. പച്ചത്തളിരുകള്‍ തല കാണിച്ചു നില്‍ക്കുന്ന ചോളവയലുകള്‍. ഇടയ്ക്ക് ഏതോ തീര്‍ത്ഥാടന സ്ഥലത്തേക്ക് ജാഥയായി പോകുന്ന ഗ്രാമീണ കുടുംബങ്ങള്‍. വിശാലമായ ലാന്റ്‌സ്‌കേപ്പ് ഹൃദയത്തെ സുഖപ്പെടുത്തുന്നു. കാഴ്ചയ്ക്ക് സാന്ത്വനമരുളുന്നു.

രാജസ്ഥാന്റെ തലസ്ഥാനമാണ് ജയ്‌പൂര്‍. പണ്ട് ദില്ലിയിലെ മുനീര്‍ക്കയിലെ സഹമുറിയൻ ജയ്‌പൂരിന്റെ ഭംഗികള്‍ വിവരിച്ചുതന്നിട്ടുണ്ട്. ജോലി മുഷിയുമ്പോള്‍ സ്വന്തം ജന്മനാടു പോലെ അവൻ പോയ്‌വരാറുള്ള സ്ഥലമായിരുന്നു ജയ്‌പൂര്‍. ജയ്‌പൂരിലെ അംബര്‍ കൊട്ടാരം, പിങ്ക് സിറ്റി, ഹവ്വാമഹല്‍. ഓരോ ഇടത്തും മധ്യകാലം പണിതീര്‍ത്ത വാസ്തുവിസ്മയങ്ങള്‍. മുഗള്‍-രജപുതാന ശൈലികളുടെ സമ്മോഹിത സമ്മേളനം.

അക്ബറുടെ ചക്രവര്‍ത്തി പദത്തിനു സാമന്തം നല്‍കിയിരുന്ന ജയ്‌പൂര്‍ ഭരിച്ച ഹിന്ദുരാജാക്കന്മാര്‍ക്ക് വലിയ തോതില്‍ പടയോട്ടങ്ങളും ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ട് അക്കാലത്തെ കൊട്ടാരക്കെട്ടുകളും തടാകങ്ങളും കമാനങ്ങളും കോട്ടകളുമെല്ലാം ഭംഗിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മതവൈരമില്ലാത്ത ഭരണക്രമം നിലനിര്‍ത്തിയതിന്റെ സൂചനകള്‍ എങ്ങും കാണാം. സൗമ്യതയും സദ്ഭാവനയും രാജാസ്ഥാനികള്‍ക്കുണ്ട്. മലമുകളിലെ മനുഷ്യരെപ്പോലെ മരുഭൂമിയുടെ ചാരത്തെ ഈ മനുഷ്യരും മനുഷ്യസ്‌നേഹത്തിന്റെയും നിരഹന്തയുടെയും മാതൃകകളാണ്. പലപ്പോഴും ഭൂമിശാസ്ത്രങ്ങളാണ് മനുഷ്യരുടെ അടിസ്ഥാന ചോദനകളെ നിര്‍ണ്ണയിക്കുന്നത്. ഭൂമിയുടെ കിടപ്പിനും ചരിത്രത്തിനുമാണ് മനുഷ്യചരിത്രത്തേക്കാള്‍ മന:ശാസ്ത്രവുമായി ബന്ധം.

ഒരു ബ്രിട്ടീഷ് ക്യൂറേറ്ററുടെ നേതൃത്വത്തില്‍ ഭംഗിയായി ക്രമീകരിച്ച ജയ്‌പൂര്‍ മ്യൂസിയത്തിനു മുമ്പില്‍ ഞങ്ങളുടെ കാര്‍ നിര്‍ത്തി. രജപുതാന മിനിയേച്ചറുകള്‍ വരച്ചിട്ട കൗതുക വസ്തുക്കള്‍, കണ്ണാടികള്‍, ചിത്രങ്ങള്‍ എല്ലാം നിറച്ച ഉന്തുവണ്ടികള്‍. കരകൗശല പ്രദര്‍ശനങ്ങളില്‍ വലിയ വിലകൊടുക്കേണ്ട പല കലാവസ്തുക്കളും ചെറിയ വിലയ്ക്ക്. മ്യൂസിയം ദിവസം മുഴുവൻ നടന്നുകാണാനുണ്ട്. ചരിത്രത്തിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും സമാഹരിച്ചതിന്റെ കലയും സൗന്ദര്യവും ആസ്വദിച്ച് നടന്നു.

ജയ്‌പൂര്‍ മ്യൂസിയം (ചിത്രത്തിന് കടപ്പാട്: അനുരാധ ശങ്കർ)

ഒരു ഈജിപ്ഷ്യൻ മമ്മിയും അവിടെ പ്രദര്‍ശനത്തിനുണ്ട്. ഒരു സ്ത്രീയുടെ മൃതദേഹം മമ്മിഫൈ ചെയ്തത്. വിശ്വാസമാകാതെ ഞങ്ങള്‍ പരതി. അയ്യായിരം കൊല്ലം മുമ്പ് മോസസ് പ്രവര്‍ത്തിച്ച ഈജ്പ്തില്‍ ജീവിച്ച ഏതോ രാജകുടുംബാംഗമാകുമോ ഇവര്‍? മാൻകൊമ്പുകളും വേട്ടത്തലകളും ലോഹപ്രതിമകളും സ്ഥാനീയ മുദ്രകളും ചിത്രപടങ്ങളൂം ശില്‍പങ്ങളും സംഗീതോപകരണങ്ങളും. മധ്യകാല രാജസ്ഥാൻ ചരിത്രത്തിന്റെ നഖപടം. രാഗമാലാ ചുമര്‍ചിത്രങ്ങള്‍ ആദ്യമായി കണ്ടു. ഇന്ത്യൻ രാഗങ്ങളുടെ ചിത്രഭാഷ്യങ്ങള്‍. ഓരോ രാഗത്തിന്റെയും ഭാവം പകരുംവിധം സംഗീതജ്ഞാനവും ചിത്രകലാവൈദഗ്ധ്യവും മേളിക്കുന്ന അപൂര്‍വ കലാസൃഷ്ടികള്‍. കൊളോണിയല്‍ ശക്തികള്‍ക്ക് വലുതായൊന്നും പരിക്കേല്‍പ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഇന്ത്യൻ സംഗീതത്തിന്റെയും ചുമര്‍ചിത്രകലാ പാരമ്പര്യത്തിന്റേയും സമ്മോഹനമായ മേളനം രാഗാമാലാ ചുമര്‍ചിത്രപടങ്ങളില്‍ ദര്‍ശിക്കാം. മഹാഭാഗ്യമായി കരുതി, അതില്‍ മിഴിനട്ട് ഹൃദയദ്രവീകരണത്തിന്റെ നിമിഷങ്ങള്‍ കഴിക്കുമ്പോള്‍, സെല്‍ഫോണ്‍ ശബ്ദിച്ചു. നേരം പോയ് നേരം പോയ്..

കാല്‍നൂറ്റാണ്ടുകൊണ്ട് ഒരു മലയുടെ വിസ്തൃതിയാകെ എടുത്ത് നിര്‍മിച്ച അംബര്‍ കോട്ടയുടെ വിസ്മയങ്ങളില്‍ തളര്‍ന്ന് ഞങ്ങള്‍ കോട്ട കയറി. അന്തപ്പുരങ്ങളും പ്രാര്‍ത്ഥനാമുറികളും ദര്‍ബാറും നിരീക്ഷണ മട്ടുപാവും കുളിമുറികളും. ഹൃദയത്തിന്റെ താളങ്ങളെ പല ഏറ്റിറക്കങ്ങളായി ക്രമീകരിച്ച വാസ്തുശില്‍പത്തിന്റെ അനന്യമായ ചാരുത. എത്രയോ അധ്യായങ്ങളില്‍ വിശദീകരണം വേണ്ടിവരുന്ന എടുപ്പുകളുടെയും നിര്‍മ്മിതികളുടെയും വാസ്തുകല. പ്രജയെ നിഷ്പ്രഭനും ദുര്‍ബലനുമാക്കുന്ന പ്രാകാരങ്ങള്‍. ശത്രുവിനെ സ്തബ്ധമാക്കുന്ന ഉരുക്കുനിര്‍മ്മിതികള്‍. വളഞ്ഞുപുളഞ്ഞു പോകുന്ന ഭൂഗര്‍ഭ പാതകള്‍. അക്ബറിന്റെ സാമന്തം അംഗീകരിച്ച് അദ്ദേഹത്തിന് സലാം പറയുന്ന മാര്‍ബിള്‍ ഫലകം.

റെഡ് സ്‌റ്റോണും മാര്‍ബിളും ഉപയോഗിച്ചു നിര്‍മ്മിച്ച കോട്ട ശിലാദേവിക്കു സമര്‍പ്പിച്ചതാണ്. പൊതുജനങ്ങള്‍ക്കായി നിര്‍മിച്ച ഹാളില്‍ നമ്മുടെ സാധാരണത്വത്തിന്റെ അര്‍ത്ഥവും തത്വവും അറിയാം. ദിവാൻ ഇ ആം. ഗണേഷ് പോള്‍. ജയ് മന്ദിര്‍. ചിത്രപ്പണികളും കണ്ണാടികളും കൊണ്ട് അലങ്കരിച്ച മേല്‍ക്കൂരകള്‍. കുന്നിറങ്ങുമ്പോള്‍ ഇന്ത്യ ജീവിതത്തെയും അധികാര സ്വരൂപങ്ങളെയും പറ്റി നാം സങ്കല്‍പിച്ചുപോരുന്ന ലളിതവല്‍ക്കരണങ്ങള്‍ പലതും കൊഴിഞ്ഞുവീഴുമെന്നുറപ്പ്.

ഹവാ മഹൽ അകക്കാഴ്ച്ച

പിങ്ക് സിറ്റിയിലൂടെ സഞ്ചരിച്ച് ഞങ്ങള്‍ ഹവാമഹലിലെത്തി. ശബ്ദങ്ങളുടെ പ്രേതങ്ങള്‍ കുടിപ്പാര്‍ക്കുന്ന ഹവ്വാമഹലിന്റെ എടുപ്പിന്റെ സംരക്ഷണത്തിലുള്ള കെടുകാര്യസ്ഥത അന്തിപ്പിച്ചു. പുരാവസ്തുശാസ്ത്രം വെറും നിധിതേടലായി മനസ്സിലാക്കിയ കൊളോണിയല്‍ മനസ്സുകള്‍ നിറഞ്ഞ അധികാരപ്പുരകളും ചരിത്രസ്ഥാപനങ്ങളും ഇത്തരം ദൃശ്യസമ്പന്നതയെയും വാസ്തുജ്ഞാനത്തെയും സംരക്ഷണ ബാധ്യതയായി ഇനിയും ഗൗരവത്തോടെ കണ്ടിട്ടില്ല.

നമ്മുടെ നാട്ടിലെ ചരിത്രത്തിനു സംഭവിച്ച ഈ അനാഥത്വം തന്നെയാണ് രാഷ്ട്രീയത്തിലേക്കും കുടിയേറിയത്. കൃത്യമായ വിശദാംശങ്ങളോ സംരക്ഷണത്തിനുള്ള ക്രമീകരണങ്ങളോ ഇല്ലാതെ ചരിത്രം പുഴുകുത്തിപ്പോകുന്നു. ചരിത്രത്തോടു കാണിക്കുന്ന ഈ അനാസ്ഥ വര്‍ത്തമാന രാഷ്ട്രീയത്തിന് ചിലപ്പോള്‍ ആവശ്യമാണെന്നിരിക്കും. കൊളോണിയല്‍ ഭരണാധികാരികളും ഓറിയന്റലിസ്റ്റുകളും ഇന്ത്യൻ ചരിത്രത്തോടു ചെയ്ത നീതിപോലും കാണിക്കാൻ നമ്മുടെ ഭരണാധികാരികള്‍ക്കാവുന്നില്ലെന്ന്, ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലേയും എല്ലാ ഭൂതകാല തിരുശേഷിപ്പുകളുടെയും സമകാലീനസ്ഥിതി വിളിച്ചോതുന്നു.

ഹവാമഹലിന്റെ ശബ്ദചരിത്രത്തെക്കുറിച്ച് വിപിൻ വിജയിന്റെ ഡോക്യുമെന്ററി ഞാനോര്‍ത്തു. ഹവാമഹലിലെ ഹാളുകളില്‍ പ്രേതബാധയേറ്റ പോലെ വിലപിക്കുന്ന സ്ത്രീയുടെ ഇമേജ് ആ ഡോക്യുമെന്ററിയില്‍ ആവിഷ്‌കരിക്കുന്നു. ഇന്ത്യ ശബ്ദലേഖനത്തിന്റെ ചരിത്രമന്വേഷിക്കുന്ന സൃഷ്ടി, ഇന്ത്യയുടെ ഭൂതകാലശബ്ദാനുഭവങ്ങളെ തേടിയാവണം ഹവാമഹലില്‍ എത്തിയത്. കാറ്റിന്റെ വീട് എന്നര്‍ത്ഥമുള്ള ഹവാമഹല്‍, രാജാവിന്റെ ഫെസ്റ്റിവലുകള്‍ക്കായി മാത്രം പണിത നിര്‍മിതിയാണ്.

(തുടരും)

*
സൂഫീപഥങ്ങൾ ഒന്നാംഭാഗം ഇവിടെ വായിക്കാം:

സൂഫീപഥങ്ങളിൽ: ആത്മാന്വേഷണത്തിന്റെ അജ്മീർ യാത്ര

സൂഫീപഥങ്ങൾ മൂന്നാംഭാഗം ഇവിടെ വായിക്കാം:

സൂഫീപഥങ്ങളിൽ: പരിവ്രാജകത്വത്തിലൂടെ സത്യത്തെത്തേടുന്ന വിപ്ലവകാരിയുടെ മതമാണ് സൂഫിസം

Leave a Reply