പാസ്പോര്‍ട്ട് വെരിഫിക്കേഷനു വേണ്ടി ഇനി ഏറെ നാള് കാത്തിരിക്കേണ്ടി വരുമെന്ന ആശങ്ക വേണ്ട. വെറും നാലു ദിവസത്തിനുള്ളില്‍ വെരിഫിക്കേഷന് പൂര്‍ത്തിയാക്കുന്ന തരത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ നടപ്പാക്കി കേരളം. ഏറെ സുരക്ഷിതത്വം ഉറപ്പാക്കി നടപ്പാക്കുന്ന സംവിധാനത്തിന് ഇ-വിഐപി എന്നാണ് പേരിട്ടിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ നവംബര്‍ ഒന്നു മുതല്‍ മലപ്പുറം ജില്ലയില്‍ നടപ്പാക്കി വരുന്ന ഇ-വിഐപി വിജയകരമാണെന്ന് കണ്ടതോടെയാണ് സംസ്ഥാനമൊട്ടാകെ ഇതു നടപ്പാക്കാന്‍ കേരളാ പോലീസ് ഒരുങ്ങുന്നത്. നിലവില്‍ 21 ദിവസമാണ് പോലീസ് വെരിഫിക്കേഷനു വേണ്ടിവരുന്നത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ അത് നാലു ദിവസമാക്കി ചുരുങ്ങുമെന്നാണ് പ്രതീക്ഷ.
പാസ്പോര്‍ട്ടിന് അപേക്ഷിച്ചാല്‍ ഉടന്‍ പോലീസ് സ്റ്റേഷനുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ആപ്പ് വഴി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നിന്ന ഫയലുകള്‍ കൈമാറും. ഉദ്യോഗസ്ഥര്‍ അപേക്ഷകരെ കണ്ടെത്തി ലഭ്യമായ വിവരങ്ങള്‍ റിപ്പോര്‍ട്ടായി ഉടന്‍ തന്നെ ഇതേ ആപ്പ് വഴി തിരികെ നല്‍കും. ഇതില്‍ ജില്ലാ പോലീസ് മേധാവിയുടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ പതിച്ച് പാസ്പോര്‍ട്ട് ഓഫീസിലേക്ക് നല്‍കുന്നതോടെ വെരിഫിക്കേഷന് പൂര്‍ത്തിയാകും.
വെരിഫിക്കേഷന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിന് അനുസരിച്ച് അപേക്ഷകനെ അറിയിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. അപേക്ഷ വെരിഫിക്കേഷന് അയച്ചാലുടന് അപേക്ഷകര്‍ക്ക് എസ്എംഎസ് ലഭിക്കും. അപേക്ഷകര്‍ക്ക് www.evip.kerelapolice.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷയുടെ ഫയല്‍ നനമ്പര്‍ നല്കി തല്‍സ്ഥിതി അറിയാനും കഴിയും.