Home » എഡിറ്റേഴ്സ് ചോയ്സ് » മതവാതിലുകൾ കൊട്ടിയടയ്ക്കപ്പെടുമ്പോൾ മതമൈത്രിയുടെ വിത്തുകൾ വിതയ്ക്കപ്പെടുംവിധം
പുളിക്കൽ മസ്ജിദ് തഖ് വയിൽ മാനവമൈത്രീ സംഗമത്തിൽ സ്വാമി ഡോക്ടർ ആത്മദാസ് യമി സംസാരിക്കുന്നു

മതവാതിലുകൾ കൊട്ടിയടയ്ക്കപ്പെടുമ്പോൾ മതമൈത്രിയുടെ വിത്തുകൾ വിതയ്ക്കപ്പെടുംവിധം

2017ലെ അവസാന വെളളിയാഴ്ച, മലപ്പുറം ജില്ലയിലെ ഒരു മുസ്ലിം ആരാധനാലയത്തിൽ ജുമുഅ നമസ്കാരത്തിലും ഖുത്തുബയിലും ജാതിമതഭേദമില്ലാതെ ജനങ്ങൾ ഒരുമിച്ചു പങ്കുകൊണ്ടതിന്റെ അനുഭവമെഴുതുന്നു, രാജേഷ് മോൻജി

രാജേഷ് മോൻജി

‘അഹിന്ദുക്കൾക്ക് പ്രവേശനമില്ല’ എന്ന് ബോർഡ് തൂക്കിയ ക്ഷേത്ര കവാടത്തിനു പുറത്ത് ചരിത്രാദ്ധ്യാപകൻ പഠിപ്പിച്ച പാഠങ്ങൾ ഓർത്തുകൊണ്ട് ഇതികർത്തവ്യതാമൂഢനായി പലയിടങ്ങളിലും നിൽക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ കേളപ്പജിയും എ.കെ.ജി യുമടക്കമുള്ള ചരിത്ര നായകൻമാരൊക്കെ മുന്നിൽ വന്ന് നിൽക്കാറുണ്ട്.

മാനവികതയിലധിഷ്ഠിതമായ വിപ്ലവബോധമാണ് സകല ഹിന്ദുക്കളെയും ക്ഷേത്രങ്ങളുടെ അകത്തളങ്ങളിലേക്കെത്തിച്ചത്. അപ്പോഴും ‘അഹിന്ദു’ക്കൾ പലയിടങ്ങളിലും പുറത്തുതന്നെ. അന്നുവരെ ക്ഷേത്രത്തിൽ കയറാൻ അനുവാദമില്ലാതിരുന്ന താഴ്ന്ന ജാതിക്കാരനും ഒരു അഹിന്ദുവും തമ്മിലുള്ള വ്യത്യാസമെന്താണ് എന്ന് അക്കാലത്തു തന്നെ ഒരു സ്കൂൾ വിദ്യാർത്ഥിയുടെ മനസ്സിൽ മൊട്ടിട്ട സംശയമായിരുന്നു. മതങ്ങളെയും മതവിശ്വാസങ്ങളേയും അതിർവരമ്പുകളും ചുറ്റുമതിലുകളുമുള്ള ഒരു ‘സംരക്ഷിത’മേഖലയായി നിലനിർത്താനാണ് മതമേലധികാരികൾ ശ്രമിച്ചു പോന്നത്. അധികാരത്തിന്റെ പ്രതിലോമപ്രത്യയശാസ്ത്രം മതത്തിനകത്ത് സൂക്ഷ്മമായി പ്രവർത്തിക്കുമ്പോൾതന്നെ അതിനു വിരുദ്ധമായ, കൂട്ടായ്മയുടെയും സഹവർത്തിത്വത്തിന്റെയും മാനവിക ബോധത്തിന്റെയും ധനാത്മകതയെ പുഷ്ടിപ്പെടുത്തുന്ന സാമൂഹികതയും ആഴത്തിൽ വേരോടിയിരുന്നു എന്നത് സാംസ്കാരിക നൈരന്തര്യത്തിന്റെ സവിശേഷതയായി കണക്കാക്കാം.

മതബോധം, തുറന്നു വെയ്ക്കപ്പെട്ട വാതായനങ്ങളായിരിക്കണം. സഹിഷ്ണുതയാൽ പരിചരിക്കപ്പെടുന്നതായിരിക്കണം. മതവാതിലുകൾ കൊട്ടിയടയ്ക്കപ്പെടുമ്പോൾ അസഹിഷ്ണുത അകത്തും പുറത്തും പ്രസരണം ചെയ്യപ്പെടും. പുറത്ത് എഴുതി വെയ്ക്കപ്പെട്ട ബോർഡുകൾ അസഹിഷ്ണുതയെ പ്രത്യക്ഷവൽക്കരിക്കുന്നു. ഇത്തരം ബോർഡുകൾ ഒരു ക്രിസ്ത്യൻ ദേവാലയത്തിലോ മുസ്ലിം ദേവാലയത്തിലോ ആയാലും അത് പ്രചരിപ്പിക്കുന്ന ആശയം അസഹിഷ്ണുതയുടേതു തന്നെയാണ്.

ദേവാലയങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളായിത്തീരണം.
സങ്കുചിതത്വ ചിന്തകൾക്കു പകരം മാനവികതയുടെ, സഹവർത്തിത്വത്തിന്റെ, കൂട്ടായ്മയുടെ ധനാത്മക ഊർജ്ജമായിരിക്കണം അത് പ്രസരിപ്പിക്കേണ്ടത്. തങ്ങളുടെ വിശ്വാസം അതിമഹത്തരവും ഇതരരുടെത് അന്ധവിശ്വാസവും ആണെന്ന ധാരണ അപകടകാരിയാണ്. ഉത്സവങ്ങളിലും ആഘോഷങ്ങളിലും ആണ്ടറുതികളിലും വിശ്വാസങ്ങളിലും മറ്റും പരസ്പരം കൈകോർത്തിരുന്ന ഒരു സാംസ്കാരിക പാരമ്പര്യത്തെ, പൗരോഹിത്യം എത്രത്തോളം സങ്കുചിതമാക്കിത്തീർത്തു എന്നതിന് രണ്ടോ മൂന്നോ പതിറ്റാണ്ടുകൾ കൊണ്ട് സമൂഹത്തിലെ ധാരണകൾക്ക്, പ്രത്യേകിച്ചും മതബോധത്തിന് സംഭവിച്ച മാറ്റം ദൃഷ്ടാന്തമാണ്.

പരസ്പരം മനസ്സിലാക്കാനുള്ള അവസരങ്ങൾ നഷ്ടപ്പെട്ടു പോയി. ഒരു സുഹൃത്ത് പറഞ്ഞതുപോലെ, ‘ഓൺലൈനിൽ മതേതര വാദിയും ഓഫ് ലൈനിൽ മതവാദിയും’ ആയിത്തീർന്ന സമൂഹത്തിന് ചില മാതൃകകൾ ബോധപൂർവ്വം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അതിന് മുൻകൈ എടുക്കണമെങ്കിൽ സഹിഷ്ണുതയുള്ള സാമൂഹിക മനസ്സും ഉണ്ടാവേണ്ടതുണ്ട്.

ഇവിടെയാണ് എന്റെ നാട്ടിലെ ഒരു പള്ളിക്കമ്മറ്റിയോട് ബഹുമാനവും ആദരവും തോന്നിയത്. 2017ലെ അവസാന വെളളിയാഴ്ച, പുളിക്കൽ മസ്ജിദ് തഖ് വയിൽ ജുമുഅ നമസ്കാരത്തിലും ഖുത്തുബയിലും ജാതിമതഭേദമന്യേ തോളോടുതോൾ ചേർന്നിരുന്ന് പങ്കുകൊണ്ടു. മാനവികതയുടെ മനമൈത്രിയുടെ വിത്തുകളാണ് ഇവിടെ വിതയ്ക്കപ്പെട്ടത്. സ്വാമി ഡോക്ടർ ആത്മദാസ് യമി, ഫാദർ പൗലോസ് പുതിയേടത്ത്, ശൈഖ് മുഹമ്മദ് കാരക്കുന്ന് എന്നിവരുടെ, ലഘുവായതും മാനവമൈത്രിയെ വിളംബരം ചെയ്യുന്നതുമായ പ്രസംഗങ്ങളും കവിയും പാട്ടുകാരുമായ വി.എം കുട്ടിയുടെ മാനവമൈത്രി ഗാനങ്ങളും നാട്ടുകാരായ സദസ്യരുടെ അഭിപ്രായങ്ങളും പള്ളിക്കകത്ത് മുഴങ്ങിക്കേട്ടപ്പോൾ ഞാനിരിക്കുന്നത് ഒരു സാംസ്കാരിക കേന്ദ്രത്തിലാണ് എന്ന് ബോധ്യപ്പെട്ടു. പള്ളിയിലും ചർച്ചിലും ക്ഷേത്രങ്ങളിലും ജൈന – ബുദ്ധക്ഷേത്രങ്ങളിലും സുവർണ്ണ ക്ഷേത്രത്തിലും ജാറങ്ങളിലുമെല്ലാം പല തവണ സന്ദർശിക്കാനും ആരാധനകൾ കാണാനും അറിയാനും പങ്കുകൊള്ളാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്. എന്നാൽ ബോധപൂർവ്വം സൃഷ്ടിക്കപ്പെട്ട ഒരു സദസ്സിൽ, അതും പള്ളിയുടെ അകത്തളത്തിൽ സാംസ്കാരികതയുടെ കണ്ണികളെ ചേർത്തുവെയ്ക്കാനും വായിക്കാനും അറിയാനുമുള്ള ശ്രമത്തിന്റെ ഭാഗമാവുന്നത് ആദ്യമായാണ്. ഇത്തരത്തിലുള്ള ശ്രമങ്ങൾ കേരളത്തിൽ മുമ്പെവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നെനിക്കറിവില്ല. എന്തായാലും ഈ ശ്രമം തീർത്തും മാതൃകാപരമാണ്. ഈ മാനവമൈത്രീ സംഗമം സംഘടിപ്പിച്ച പുളിക്കൽ മസ്ജിദ് തഖ് വാ കമ്മിറ്റിയെ അഭിനന്ദിക്കുന്നു.

അസഹിഷ്ണുതയുടെ വിഷങ്ങൾ പടരുന്നതിനു മുൻപ് മാനവികതയുടെ, മതമൈത്രിയുടെ സന്ദേശങ്ങൾ കാറ്റിനൊപ്പം പടരട്ടെ. പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും ചാലകശക്തിയായി അത് മറ്റിടങ്ങളിലേക്കും പ്രസരിക്കട്ടെ. ദേവാലയങ്ങളിൽ സാംസ്കാരികതയുടെ വ്യവഹാരങ്ങൾ നടക്കട്ടെ. ആദാന പ്രദാനങ്ങളിലൂടെ സത്യവും നന്മയും സ്നേഹവും സൗഹൃദ’വും സഹിഷ്ണുതയും പ്രസരണം ചെയ്യപ്പെടട്ടെ. മനമൈത്രിയുടെ വിത്തുകൾ എങ്ങും വിതയ്ക്കപ്പെടട്ടെ…!

(മമ്പാട് എം.ഇ.എസ്. കോളേജിൽ മലയാളം അധ്യാപകനാണ് ലേഖകൻ)

Leave a Reply