Home » എഡിറ്റേഴ്സ് ചോയ്സ് » 1921ന്റെ പാഠങ്ങൾ: വൈദ്യർപാരമ്പര്യത്തെ വിസ്മരിച്ചത് മാപ്പിളജനതയെ കൊളോണിയൽ ആധുനികതയുടെ പങ്കുകാരാക്കി

1921ന്റെ പാഠങ്ങൾ: വൈദ്യർപാരമ്പര്യത്തെ വിസ്മരിച്ചത് മാപ്പിളജനതയെ കൊളോണിയൽ ആധുനികതയുടെ പങ്കുകാരാക്കി

കൊളോണിയലിസത്തിനെതിരായ സമരത്തിലൂടെ രൂപപ്പെട്ട ആധുനികതയാണ് മാപ്പിളപാരമ്പര്യത്തിന്റെയും ഉറവിടം. 1921നു ശേഷം ആ പാരമ്പര്യത്തിന് വളർന്നുവരാൻ കഴിയാതിരുന്നതിനെപ്പറ്റി, നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക പാരമ്പര്യങ്ങളെപ്പറ്റി ഡോ. കെ. എൻ. പണിക്കർ നടത്തുന്ന നിരീക്ഷണങ്ങൾ. 2008ൽ മഹാകവി മോയിൻകുട്ടി വൈദ്യർ മഹോത്‌സവത്തിൽ കൊണ്ടോട്ടിയിൽ നടത്തിയ വൈദ്യർ അനുസ്മരണ പ്രഭാഷണം ചർച്ചകൾക്കായി പുനഃപ്രസിദ്ധീകരിക്കുന്നു. ഇത് ഒന്നാം ഭാഗം

നമ്മുടെ സാമൂഹ്യനവോത്ഥാന പ്രസ്ഥാനത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ധാരയാണ് മഹാകവി മോയിൻകുട്ടി വൈദ്യരെക്കുറിച്ചുള്ള ഓര്‍മ്മ. ഈ ഓര്‍മ്മക്ക് പല മാനങ്ങളുണ്ട്.

കേരളത്തിലെ മാപ്പിള സമൂഹത്തിന്റെ അവബോധരൂപീകരണത്തില്‍ മോയിൻകുട്ടി വൈദ്യരുടെ കവിതകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. സമൂഹവും സാഹിത്യവും തമ്മിലുള്ള ബന്ധത്തിന്റെ ഒരു പ്രധാന പാഠമുണ്ട് ഇതിൽ. അക്കാലത്തെ മാപ്പിളസമൂഹത്തിന്റെ കീഴാളമായ നില്‍പ്പിന്റെ പ്രതിരോധഭാവങ്ങളെ ആവിഷ്‌കരിക്കാൻ മോയിൻകുട്ടി വൈദ്യര്‍ക്കായി. അക്കാലത്ത് സമൂഹത്തില്‍ രൂപപ്പെട്ടുവന്ന ഈ പ്രതിരോധ സാംസ്‌കാരികാവബോധത്തെ മുന്നോട്ടുകൊണ്ടുപോകുന്നതായിരുന്നു അദ്ദേഹത്തിന്റെ കവിതാപ്രവര്‍ത്തനങ്ങൾ. ബദര്‍ പാട്ടും മലപ്പുറം പടപ്പാട്ടും അതിനുദാഹരണങ്ങളാണ്.

വൈദ്യരുടെ ഭാഷ അതോടൊപ്പംതന്നെ പ്രാധാന്യമർഹിക്കുന്നു. സവിശേഷമായ ഒരു സങ്കരഭാഷയായിരുന്നു വൈദ്യരുടെത്. അറബി, സംസ്‌കൃതം, പേര്‍ഷ്യ, തമിഴ്, നാട്ടുവഴക്കങ്ങള്‍ എന്നിവയെല്ലാം സംഗമിക്കുന്നതാണ് ആ ഭാഷ. മുഖ്യധാരാസമൂഹം വേണ്ട നിലയില്‍ ആ ഭാഷയുടെ സവിശേഷതകൾ മനസ്സിലാക്കിയിട്ടില്ല.

വൈദ്യര്‍ പ്രതിനിധീകരിക്കുന്ന സംസ്‌കൃതി ഇന്ന് നഷ്ടപ്പെട്ടുപോകുകയാണോ

മുഖ്യധാരാസമൂഹത്തിന് സംഭാവന നല്‍കിയ വലിയൊരു സംസ്‌കൃതിയെയാണ് മോയിൻകുട്ടി വൈദ്യര്‍ പ്രതിനിധീകരിക്കുന്നത്. ആ സംസ്‌കൃതി ഇന്ന് നഷ്ടപ്പെട്ടുപോകുകയാണോ എന്ന ആശങ്കയാണ് ഇന്നു നിലനില്‍ക്കുന്നത്. മുഖ്യധാരാ സംസ്‌കാരത്തില്‍ നിന്നു ഒരര്‍ത്ഥത്തില്‍ വേറിട്ടു നില്‍ക്കുന്നതും എന്നാല്‍ ആ സമൂഹത്തോട് ക്രിയാത്മകമായി പ്രതികരിക്കുന്നതുമാണ് ആ സംസ്‌കൃതി. അതേസമയം സ്വകീയതയാല്‍ സമ്പന്നവുമാണ് അത്. ആ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണോ? മാപ്പിളമാര്‍ സൃഷ്ടിച്ച സാംസ്‌കാരിക പാരമ്പര്യത്തിന് അത്തരമൊരു സ്ഥിതി വന്നു ചേരുകയാണോ?

പാരമ്പര്യങ്ങളെക്കുറിച്ചുള്ള നഷ്ടബോധം കലര്‍ന്ന ഈ ചിന്ത, പുത്തനധിനിവേശം സർവ്വവ്യാപിയായിത്തീർന്ന നമ്മുടെ പശ്ചാത്തലത്തിൽ പ്രസക്തമാണെന്നാണ് ഞാൻ കരുതുന്നത്. അധിനിവേശത്തിനു വഴിവെച്ച ധാരകളും അതിനോടുള്ള പ്രതിരോധവും രാഷ്ട്രീയമായി മാത്രം സംഭവിക്കുന്നവയല്ല. പ്രതിരോധത്തിനും പരിവര്‍ത്തനത്തിനും സായുധ വിപ്ലവം മാത്രമല്ല ഉപാധികള്‍.

പ്രതിരോധം ആദ്യം സംഭവിക്കുക പലപ്പോഴും സാംസ്‌കാരികമേഖലയിലാണ്. രാഷ്ട്രീയ പ്രതിരോധങ്ങള്‍ക്കുമുമ്പ് ഭാഷയിലും കലാരൂപങ്ങളിലുമാണ് പ്രതിരോധ പ്രവണതകള്‍ ഉയര്‍ന്നുവരിക. അത്തരം മേഖലകളില്‍ വളര്‍ന്നുവരേണ്ട പ്രതിരോധപരിശ്രമങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ ഇന്ന് ഏറെ പ്രസക്തമാണ്. ഗഹനമായ അന്വേഷണങ്ങളിലൂടെയേ അത്തരം സാംസ്‌കാരിക പ്രതിരോധ മുറകള്‍ രൂപപ്പെടുത്താനാവൂ.

തെക്കേ മലബാറിന്റെ അനുഭവസമ്പത്ത് ഇനിയും നാം മനസ്സിലാക്കിയിട്ടില്ല

ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ തെക്കേ മലബാറിലെ പ്രതിരോധചരിത്രത്തില്‍ നിന്ന് ഊര്‍ജ്ജമുൾക്കൊണ്ടാണ് മോയിൻകുട്ടി വൈദ്യരുടെ കവിതകള്‍ ജനിക്കുന്നത്. ആ പ്രതിരോധ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകരുന്നതായിരുന്നു അദ്ദേഹത്തിന്റെ കാവ്യഖണ്ഡങ്ങള്‍. അധിനിവേശ ശക്തികള്‍ക്കെതിരെ പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ നടന്ന വീരേതിഹാസങ്ങളുടെ അനുഭവസമ്പത്തുണ്ട് തെക്കേ മലബാറിന്. ആ ചരിത്രത്തിന്റെ പ്രാധാന്യം നാം പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടില്ല. ആ ചരിത്രം നിര്‍മ്മിച്ച പാരമ്പര്യം നഷ്ടമാവുന്ന കാലത്ത്, അത് സംബന്ധിച്ച ഓർമകളെല്ലാം മറവിയിലേക്ക് മറയുന്ന കാലത്ത്, വീണ്ടെടുക്കാനാകുമോ? ചരിത്രകാരന്മാർ ഒരു പരിധി വരെ നടത്തുന്നത് ഇത്തരമൊരു വീണ്ടെടുപ്പാണ്.

എന്തായിരുന്നു ഈ പ്രതിരോധ പാരമ്പര്യത്തിന്റെ പ്രത്യാഘാതങ്ങള്‍? എന്തായിരുന്നു അതിന്റെ അനന്തര ഫലം? മലബാര്‍ കലാപങ്ങള്‍ എന്നറിയപ്പെടുന്ന തെക്കേ മലബാറിലെ മാപ്പിള കര്‍ഷകരുടെ കലാപങ്ങൾ മതപരമായ ഉറവിടങ്ങളില്‍ നിന്നാണ് പ്രത്യയശാസ്ത്രം സ്വീകരിച്ചത്. ആ കലാപങ്ങള്‍ക്ക് ആശയവും നേതൃത്വവും നൽകിയത് മതനേതാക്കളായിരുന്നു. അവര്‍ സാധാരണക്കാരായ കര്‍ഷകരുടെ കൂടെനിന്ന് ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ പടവാളേന്തി. മതം അന്നത്തെ സമരത്തില്‍ ഇന്നത്തേതില്‍നിന്ന് തുലോം വ്യത്യസ്തമായ പങ്കാണ് നിര്‍വ്വഹിച്ചത്.

സമരോത്‌സുകമായ മതാത്മകതയില്‍ നിന്ന് സാമുദായികവാദത്തിന്റെ സങ്കുചിതത്വത്തിലേക്ക്

എന്നാല്‍, ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തൊന്നിനു ശേഷം വളരെ വ്യത്യസ്തമായ പങ്കുനിറവേറ്റുന്നതിലേക്ക് മതപ്രസ്ഥാനങ്ങള്‍ നീങ്ങി. സമരോത്‌സുകമായ മതാത്മകതയില്‍ നിന്ന് സാമുദായികവാദത്തിന്റെ സങ്കുചിതത്വത്തിലേക്ക് അത് വഴിമാറി. പലപ്പോഴും വര്‍ഗീയതയിലേക്കും, ഇപ്പോള്‍ മതമൗലികവാദപരമായ കാഴ്ചപ്പാടിലേക്കും മതപ്രസ്ഥാനങ്ങള്‍ മാറി.

മാപ്പിളമാര്‍ സൃഷ്ടിച്ച പാരമ്പര്യങ്ങളുടെ തുടര്‍ച്ചയല്ല ഇതൊന്നും. മറിച്ച്, ആ പാരമ്പര്യങ്ങളിൽനിന്നുള്ള ഇടര്‍ച്ചയായാണ് ഇതു മനസ്സിലാക്കേണ്ടത്. ജനങ്ങളുടെ അവബോധത്തിന്റെ മേഖലയിൽ സൃഷ്ട്യുന്മുഖമായ പരിവര്‍ത്തനമാണ് അതുവരെ സംഭവിച്ചിരുന്നത്. എന്നാൽ അതിൽനിന്നുള്ള മാറ്റമാണ് ഇന്ന് നാം കാണുന്നത്. തൊള്ളായിരത്തി ഇരുപത്തൊന്നിനു ശേഷമുണ്ടായ ഈ വ്യതിയാനം ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇന്ന് നാം ഗൗരവമായി ആലോചിക്കേണ്ടതാണ്.

കൊളോണിയല്‍ അധിനിവേശത്തിനെതിരായ പ്രതികരണങ്ങള്‍ കൊളോണിയലിസം കൊണ്ടുവന്ന അധിനിവേശ ആധുനികതയില്‍ ലയിച്ചു നശിക്കുന്ന സ്ഥിതിയുമായാണ് ഇതിനെ കൂട്ടിവായിക്കേണ്ടത്. യഥാര്‍ത്ഥത്തില്‍ മലബാര്‍ കലാപത്തിന്റെ മതനേതൃത്വം സ്വന്തം പാരമ്പര്യത്തെ നവീകരിക്കുകയും, സമുദായത്തിന്റെ അവബോധത്തില്‍ സാമ്രാജ്യത്വവിരുദ്ധമായ പ്രതികരണശേഷി കൊണ്ടുവരികയുമാണ് ചെയ്തത്. അങ്ങനെ അവർ ഇതര സമുദായങ്ങള്‍ക്കും നേതൃത്വമായി നിലകൊണ്ടു; ഒരു ബദല്‍ മതനിരപേക്ഷ ആധുനികത സൃഷ്ടിക്കുകയും ചെയ്തു.

എന്നാല്‍ പില്‍ക്കാലത്തുണ്ടായ രാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങളും, സാമുദായികതയുടെ നാലതിരുകൾക്കുള്ളിൽനിന്നുകൊണ്ട് സംഗതികളെ നോക്കിക്കാണാൻ തുടങ്ങിയതും പുതിയൊരു അവസ്ഥയുണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ മതമൗലികവാദത്തിന്റെ വളര്‍ച്ചയുംകൂടി ചേര്‍ന്ന് നേരത്തെപ്പറഞ്ഞ ബദലിനെ മായ്ച്ചുകളയുകയോ മൂടിക്കളയുകയോ ചെയ്യുകയാണെന്നു കാണാം. കലാപകാലത്തെ മതനേതൃത്വം മുന്നോട്ടുവെച്ച ബദല്‍ മതനിരപേക്ഷ ആധുനികതക്കു പകരം ഇന്നു മാപ്പിള ജനസാമാന്യം പിൻപറ്റാൻ ശ്രമിക്കുന്നത് ഈ കൊളോണിയല്‍ ആധുനികതയുടെ ഒരു പതിപ്പാണോ എന്നു ഞാൻ സംശയിക്കുന്നു.

പാരമ്പര്യങ്ങളുടെ പുനർവായനയും ചരിത്രഗവേഷണങ്ങളും ഉണ്ടാകാതെപോകുന്നത് പാരമ്പര്യനഷ്ടത്തിനു കാരണമാകുന്നു

എന്നാല്‍ ഇതില്‍നിന്നു വ്യത്യസ്തമായ ഒരു ആധുനികത സൃഷ്ടിക്കാൻ നമുക്കു കഴിഞ്ഞിരുന്നുവെന്നോർക്കണം. ആ പാരമ്പര്യം നഷ്ടപെട്ടതിനെക്കുറിച്ചാണ് ഞാൻ ആശങ്കപ്പെടുന്നത്. കൊളോണിയലിസത്തിനെതിരായ സമരത്തിലൂടെ രൂപപ്പെട്ട ആ ആധുനികതയാണ് നമ്മുടെ പാരമ്പര്യത്തിന്റെ ഉറവിടം. 1921നു ശേഷം ആ പാരമ്പര്യത്തിന് വളര്‍ന്നുവരാൻ കഴിഞ്ഞില്ല. കേരളത്തിന്റെ പൊതുജനാധിപത്യ പ്രസ്ഥാനത്തില്‍നിന്നും ജനകീയസമരങ്ങളില്‍നിന്നും ഒരു പരിധിവരെ വിട്ടുനില്‍ക്കുന്ന ഒരവസ്ഥ മാപ്പിളസമൂഹത്തിനു വന്നുചേര്‍ന്നു. സമുദായം മതമേധാവിത്വത്തിന്റെയും പൗരോഹിത്യത്തിന്റെയും യാഥാസ്ഥിതികത്വത്തിന്റെയും പിടിയിലമരുന്ന സ്ഥിതിയുണ്ടായി.

ഇതിനു പല കാരണങ്ങളിലൊന്ന് മോയിൻകുട്ടി വൈദ്യരെപ്പോലുള്ളവരുടെ കാവ്യപാരമ്പര്യത്തെ ചരിത്രപരമായി വായിച്ചെടുക്കാൻ കഴിയാത്തതുകൊണ്ടാണെന്നു കാണാം. മോയിൻകുട്ടി വൈദ്യരുടെ മാത്രമല്ല, അക്കാലത്തെ പല വിധത്തിലുള്ള കലാ സാംസ്‌കാരിക പാരമ്പര്യങ്ങളേയും ഗഹനമായി പഠിക്കാനോ സമാഹരിക്കാനോ ശ്രമങ്ങളുണ്ടായില്ല. വായ്‌മൊഴി പാരമ്പര്യത്തിലെ സമ്പന്നമായ ചരിത്രം അങ്ങനെ രേഖപ്പെടുത്താതെ പോയി.

പുതിയ തലമുറക്ക് പാരമ്പര്യത്തെക്കുറിച്ചുള്ള അവബോധം നഷ്ടമാകുന്നു എന്നതുമാത്രമല്ല ഇതിന്റെ പ്രധാനഫലം. ആ കൃതികളുടെയും പാരമ്പര്യങ്ങളുടെയും പുനർവായനയും അവയെക്കുറിച്ചുള്ള ചരിത്രപരമായ അന്വേഷണവും അവയിലേക്കുള്ള ഗവേഷണങ്ങളും ഉണ്ടാകാതെപോകുന്നത് പാരമ്പര്യനഷ്ടത്തിനുതന്നെ കാരണമായിത്തീരുകയാണെന്നതാണ് സത്യം.

(തുടരും)

Leave a Reply