Home » കലാസാഹിതി » എഴുത്തുമേശ » ഹിന്ദുവായാലുള്ള ഗുണം; ഹിന്ദുവാകാത്തതിന്‍റെ ദോഷം

ഹിന്ദുവായാലുള്ള ഗുണം; ഹിന്ദുവാകാത്തതിന്‍റെ ദോഷം

ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങള്‍ അക്കമിട്ട് നിരത്തുന്ന ജോയ് മാത്യുവിന്റെ പോസ്റ്റ്, സംഘപരിവാര്‍ചിന്ത ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണോ? ഒരു നിരീക്ഷണം.

നടനും സംവിധായകനുമായ ജോയ് മാത്യു ഷെയര്‍ ചെയ്ത ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങള്‍ അക്കമിട്ട് നിരത്തുന്ന പോസ്റ്റാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ തരംഗം. ഹാദിയ വിഷയം കേരളം പുരപ്പുറത്തുകയറി ചര്‍ച്ചചെയ്തുകൊണ്ടിരുന്നപ്പോള്‍ ഹാദിയയുടെ മതംമാറ്റത്തിന്‍റെ കാരണം ചികഞ്ഞ ‘സാമൂഹ്യശാസ്ത്രജ്ഞര്‍’ ഗവേഷണം നടത്തി കണ്ടെത്തിയ ഒരു വസ്തുതയുണ്ട് – സംഘപരിവാര്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ, മതേതരവാദികള്‍ക്കെതിരെ ആയുധമാക്കിയ ആരോപണം.

‘കമ്യൂണിസ്റ്റുകാരനായ അശോകന്‍ തന്‍റെ മകളെ ഹിന്ദുവായി വളര്‍ത്തിയില്ല. അമ്പലത്തില്‍ പറഞ്ഞയച്ചില്ല, മതപരമായ വിലക്കുകളേര്‍പ്പെടുത്തിയില്ല, ഹിന്ദു ധര്‍മം എന്താണെന്ന് പഠിപ്പിച്ചില്ല, ഹിന്ദു ദൈവങ്ങള്‍ എത്രമാത്രം ശ്രേഷ്ഠരാണെന്ന് മനസ്സിലാക്കാന്‍ സാഹചര്യമൊരുക്കിയില്ല. പിന്നെങ്ങനെ മക്കള്‍ മറ്റ് മതങ്ങളിലേക്ക് പോകാതിരിക്കും?’

‘മുസ്ലിങ്ങളാണെങ്കില്‍ ഒരവസരം കിട്ടിയാല്‍ ചാക്കിട്ടുപിടിക്കാന്‍ ആളുകളെ പരിശീലിപ്പിച്ച്, ഓഫീസും തുറന്ന് കാത്തിരിക്കുന്നു. വേണ്ട സമയത്ത് മക്കളെ നല്ലരീതിയില്‍ വളര്‍ത്താതെ ഇപ്പോള്‍ കരഞ്ഞിട്ടും കാവലിരുന്നിട്ടും എന്തുകാര്യം? അതുകൊണ്ട് കമ്യൂണിസ്റ്റുകാരാ, നിങ്ങളുടെ മക്കള്‍ക്ക് ഐഎസില്‍ പോകാനാണ് വിധി.’

ഹിന്ദുക്കള്‍ക്ക് (നിര്‍ബന്ധിത) മതപഠനത്തിന് അവസരമില്ല എന്ന് മുമ്പേ സംഘപരിവാര്‍ ആവലാതിപ്പെടുന്നതാണ്. അതിനിടയില്‍ സംഭവിക്കുന്ന ഇത്തരം കാര്യങ്ങള്‍ തങ്ങളുടെ ആശയപ്രചാരണത്തിന് അനുയോജ്യമായ വളക്കൂറുള്ള മണ്ണായി അവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഹിന്ദുമതം അതിവിശാലവും സ്വാതന്ത്ര്യം ആവോളം അനുവദിക്കുന്നതുമാണെന്നും ഇസ്ലാം ഇതിന് വിരുദ്ധമാണെന്നുമുള്ള പൊതുബോധം പൊതുവെ നമ്മിലെല്ലാമുണ്ട്. അതിനാല്‍തന്നെ ഹിന്ദുമതത്തില്‍നിന്ന് ഒരാള്‍ ഇസ്ലാം മതം സ്വീകരിക്കുന്നത് വിഡ്ഢിത്തമായി പരിഗണിക്കപ്പെടുന്നു. അത് നിര്‍ബന്ധിത മതപരിവര്‍ത്തനമാകുമെന്നും വിശ്വസിക്കപ്പെടുന്നു.

കിസ്മത്ത് എന്ന സിനിമയില്‍ ‘ആ ചെറുമിയെയല്ലാതെ മറ്റാരെയും നിനക്ക് പ്രേമിക്കാന്‍ കിട്ടിയില്ലേ’ എന്ന് ചോദിക്കുന്നപോലെ, മുസ്ലീമോ എന്ന പരിഹാസമാണ് ഹാദിയക്കുമേല്‍ വീഴുന്നത്. അതുകൊണ്ടാണ് വീട്ടുതടങ്കലിലാകുമ്പോഴും പൊതുസമൂഹം ആശങ്കപ്പെടാത്തത്. താന്‍ പീഡനത്തിനിരയാകുന്നു എന്ന് അവള്‍ വിളിച്ചുപറയുമ്പോഴും കേരളം ഞെട്ടാതിരുന്നത്. ഇത്രയും നല്ല ഒരു മതത്തില്‍നിന്ന്…

ഈ ചിന്ത ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ് ജോയ് മാത്യു ചെയ്തിരിക്കുന്നത്. തന്‍റേതല്ല, താന്‍ ഷെയര്‍ ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്ന് പറയുമ്പോഴും, ഇതുകൊണ്ടൊക്കെയാണ് ഹാദിയമാര്‍ ഉണ്ടാകുന്നത് എന്ന് ഈ പോസ്റ്റ് ചൂണ്ടിക്കാട്ടി സംഘപരിവാറുകാര്‍ക്ക് പറയാം.

ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങള്‍ എന്ന് തുടങ്ങി, ‘ചെറുപ്പം തൊട്ടേ മതം പഠിക്കാന്‍ പോണ്ട… എന്ത് ചെയ്യണമെന്നോ എന്ത് ചെയ്യരുതെന്നോ എങ്ങനെ ജീവിക്കണമെന്നോ കര്‍ശന നിയമങ്ങളില്ല…’
എന്നെല്ലാം പറയുന്ന ജോയ് മാത്യുവിന്റെ പോസ്റ്റ് ഹിന്ദുമതത്തിലെ സ്വാതന്ത്രത്തെക്കുറിച്ച് വാചാലമാകുന്നു.
‘കള്ള് കുടിക്കാന്‍ നിരോധനമില്ലാത്തതു കൊണ്ട്, കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ച് ഭ്രാന്ത് പിടിക്കേണ്ട.. സിനിമ കാണാം ഡാന്‍സ് കളിക്കാം പാട്ട് പാടാം… പലിശയ്ക്ക് പണം കൊടുക്കാം, വാങ്ങാം…ആര്‍ക്കും വോട്ടു ചെയ്യാം, എങ്ങനേം ജീവിക്കാം നിയമങ്ങളില്ല… മരണാനന്തര പേടിപ്പിക്കലുകളില്ല… മദ്യപ്പുഴയെയും ഹൂറിമാരെയും സ്വപ്നംകണ്ട് ഒരു ജന്മം വെറുതെ കളയണ്ട…സുഖം സുന്ദരം സ്വസ്ഥം സ്വാതന്ത്ര്യം…ഇഷ്ടം പോലെ ജീവിതം..മതമുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ട്… മതമില്ലേന്ന് ചോദിച്ചാല്‍ ഇല്ല…

Leave a Reply