തോരാമഴയായാലും പൊരിവെയിലായാലും വരിനില്‍ക്കണം. കയ്യും കാലുമുപയോഗിച്ച് തടയുന്ന കിളിയെ മറികടക്കണം, അകത്തൊന്നു കേറിപ്പറ്റാൻ. പിന്നെ കണ്ടക്ടറുടെ വക അധിക്ഷേപം. സീറ്റുണ്ടായാലും ഇരുന്നുകൂടാ. ഒരു കമ്പിയിൽപ്പോലും ചാരിക്കൂടാ.
ഇത്ര നിന്ദ്യമായ, വിലകെട്ട കാര്യങ്ങൾക്കാണോ ഈ കുഞ്ഞുങ്ങൾ രാവിലെ വീടുകളിൽനിന്നും ഇറങ്ങിപ്പുറപ്പെടുന്നത്! ഒരു സർക്കാർ വന്നാലും മാറാത്ത വിദ്യാർത്ഥിയാത്രാദുരിതത്തിന്റെ ഒരു നഖചിത്രം രാജു വിളയിൽ എഴുതുന്നു.
അരീക്കോട് – കൊണ്ടോട്ടി റോഡില്‍ ഉച്ചസമയത്ത് യാത്ര ചെയ്യുകയാണ്. മുണ്ടംപറമ്പ് എത്തിയപ്പോള്‍ മുന്നില്‍ വാഹനങ്ങളുടെ നിര. എന്തെങ്കിലും അപകടമാവും ബ്ലോക്ക് ഇപ്പോള്‍ തീരും എന്നായിരുന്നു കരുതിയത്. കുറേ കഴിഞ്ഞിട്ടും വണ്ടികളൊന്നും പോകുന്നില്ല. ഇറങ്ങി നോക്കിയപ്പോള്‍ റോഡില്‍ വിദ്യാര്‍ഥികളുടെ പട. മുന്നിലുള്ള ബസ് തടഞ്ഞിട്ടിരിക്കയാണ്. കാര്യമന്വേഷിച്ചപ്പോഴാണറിയുന്നത്, റോഡ് ഉപരോധമാണ്. തലേ ദിവസം ഒരു വിദ്യാര്‍ഥിനിയെ ബസില്‍നിന്ന് തള്ളി താഴെയിട്ടെന്ന് വിദ്യാര്‍ഥികള്‍. കുട്ടി കാലൊടിഞ്ഞ് ആശുപത്രിയിലാണ്. അവര്‍ ആ ബസ് കാത്തുനിന്നതായിരുന്നു. പക്ഷേ, അവര്‍ ഓടിയില്ല. അങ്ങനെ പ്രതിഷേധം റോഡ് ഉപരോധത്തിലേക്ക് നീങ്ങിയതാണ്.
വിദ്യാര്‍ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുള്ള പ്രശ്നം എന്നാവും തീരുക എന്ന് വെറുതെ ആലോചിച്ചു. അതൊരു ‘ചില്ലറ’ പ്രശ്നമല്ല. തോരാമഴയായാലും പൊരിവെയിലായാലും സ്റ്റാന്‍ഡില്‍ വരിനില്‍ക്കണം. ബസ് സ്റ്റാര്‍ട്ട് ചെയ്തതിന് ശേഷമേ വിദ്യാര്‍ഥികള്‍ കയറാന്‍ പാടുള്ളൂ. അതൊരു അലിഖിത നിയമമാണ്. അങ്ങനെയായാലും സൗകര്യപൂര്‍വം കയറാന്‍ അനുവദിക്കാറില്ല. അപ്പോഴേക്കും ബസ് മുന്നോട്ടെടുത്തുകഴിഞ്ഞിരിക്കും. ഓടുന്ന ബസില്‍ ചാടിക്കയറണം പെണ്‍കുട്ടികളടക്കം. എട്ടോ പത്തോ കുട്ടികള്‍ കഷ്ടപ്പെട്ട് കയറിക്കഴിയുമ്പോഴേക്കും കിളി കൈയ്യും കാലുമുപയോഗിച്ച് തടയും. കയറിപ്പറ്റിയവര്‍ക്ക് കണ്ടക്ടറുടെ വക പരിഹാസവും ശകാരവും. സീറ്റുണ്ടായാലും ഇരിക്കാനാവില്ല. ഒരു കമ്പിയിലും അവര്‍ക്ക് ചാരിനില്ക്കാനാവില്ല. നിരന്തരം മുന്നോട്ട്, പിന്നോട്ട് എന്ന തള്ളിമാറ്റല്‍. ബാഗിന്റെ വലിപ്പത്തെക്കുറിച്ചുള്ള ആക്ഷേപം.
ലൈനിലെ വെയ്റ്റിങ് ഷെഡ്ഡില്‍ ഇതിലും ക്രൂരമാണ് കാര്യങ്ങള്‍. നൂറുകണക്കിന് കുട്ടികള്‍ വരിനില്ക്കുന്നതില്നിന്ന് അഞ്ചോ ആറോ കുട്ടികള്‍ക്കേ കയറാനവകാശമുള്ളൂ; അതുതന്നെ സ്റ്റോപ്പില്‍ നിര്‍ത്തില്ല. സ്റ്റോപ്പിനുമുമ്പോ സ്റ്റോപ്പ് കഴിഞ്ഞോ ആവും മിക്കവാറും നിര്‍ത്തുക. കുട്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും ഓട്ടം തന്നെ. ബസിലെ യാത്രക്കാര്‍-അവര്‍ അധികവും രക്ഷിതാക്കളായിരിക്കും – ഇതിലൊന്നും ഇടപെടുകയേയില്ല എന്നതാണ് വിചിത്രം. അത്തരം അനുഭവങ്ങള്‍ പോരാഞ്ഞിട്ടാണ് കയറുമ്പോള്‍ തള്ളിവീഴ്ത്തലും മറ്റും.
സമയം പോകുന്തോറും ബസിലെ യാത്രക്കാര്‍ അസ്വസ്ഥരായി. അച്ഛനമ്മമാര്‍ കഷ്ടപ്പെട്ട് പഠിക്കാനയക്കുന്ന കുട്ടികള്‍ ഇത്തരം പ്രവൃത്തിയിലേര്പ്പെടുന്നതിനെ അവര്‍ ശപിച്ചു. ഇവരെയെല്ലാം അടിച്ചോടിക്കുകയാണ് വേണ്ടതെന്ന ഒരു മാന്യന്റെ അഭിപ്രായത്തിന് എല്ലാവരും സമ്മതംമൂളി. ഒരു കുട്ടിയെ ബസില്‍നിന്ന് തള്ളിവീഴ്ത്തിയതോ കാലൊടിഞ്ഞതോ ഒന്നും ആര്‍ക്കും പ്രശ്നമേ അല്ലായിരുന്നു. അതില്‍ ചെറിയ വിഷമം തോന്നിയിട്ടായിരിക്കണം, ഒരു സ്ത്രീ ‘അങ്ങനെയാണെങ്കില്‍ അവര്‍ക്ക് അക്രമം കാണിച്ച ബസ് തടഞ്ഞാല്‍ പോരെ, എന്തിനാണ് എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നത്’ എന്ന് പറഞ്ഞു.
അപ്പോഴേക്കും സമയം ഒരു മണിക്കൂറിനടുത്ത് കഴിഞ്ഞിരുന്നു. പോലീസ് വരാത്തതിനെയും പ്രശ്നം പരിഹരിക്കാത്തതിനെയും പറ്റി ആളുകള്‍ ദേഷ്യപ്പെടാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞതും രണ്ട് പോലീസുകാര്‍ വന്നു. അവര്‍ കുട്ടികളെ അടിച്ചോടിക്കാന്‍ വന്നതാണെന്ന കണക്കുകൂട്ടലില്‍ ‘ഇത്രയും കുട്ടികളുള്ളിടത്ത് ഇവര്‍ രണ്ടുപേര്‍ വന്നിട്ട് എന്താകാനാണ്’ എന്ന് ഒരാള്‍ പരിഹസിച്ചു. ചുരുങ്ങിയത് 50 പേരെങ്കിലും വേണം എന്ന് മറ്റൊരാള്‍ ഇത് ശരിവച്ചു.
പോലീസുകാര്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി പ്രശ്നം ഒരുവിധം പരിഹരിച്ചു. അപകടം വരുത്തിയ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നോ മറ്റോ പറഞ്ഞിട്ടുണ്ടാകണം. എന്തായാലും വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോകാന്‍ തുടങ്ങി. പോലീസ് ഗതാഗതസൗകര്യമൊരുക്കാനും. ആശ്വാസത്തോടെയിരിക്കുന്ന യാത്രക്കാരിലേക്ക് അപ്പോഴാണ് അശനിപാതംപോലെ ബസ് ജീവനക്കാരുടെ പ്രഖ്യാപനം വന്നത്: ഇനി ഓടുന്നില്ല, എല്ലാവരും ഇറങ്ങിക്കോ. ഇതുംപറഞ്ഞ് ബസ് സൈഡാക്കി ഡ്രൈവറും കണ്ടക്ടറും ഇറങ്ങിപ്പോയി.
ഇതെന്തൊരു അക്രമമാണ്- ഒരു സ്ത്രീ ആരൊടെന്നില്ലാതെ പറഞ്ഞു. ഇതെങ്ങനെ ശരിയാകും, അവര്‍ കാശ് വാങ്ങിവച്ചിട്ട് അതും തിരിച്ചുതന്നില്ലല്ലോ… ആ സ്ത്രീ ആരെയൊക്കെയോ പ്രാകിക്കൊണ്ടേയിരുന്നു. പക്ഷേ, യാത്രക്കാരിലധികവും മാന്യന്മാരായിരുന്നു. അതിനാല്‍ ഒന്നും പറയാതെ, എന്തെങ്കിലും വാഹനം വരുമെന്ന പ്രതീക്ഷയില്‍ അവര്‍ വിദൂരതയിലേക്ക് കണ്ണുംനട്ടുനിന്നു.
(ചിത്രങ്ങൾക്ക് കടപ്പാട്: ദി ഹിന്ദു, ദി ഡെക്കാൻ ക്രോണിക്കിൾ)