കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും ഇത്തവണയും ഹജ്ജ് വിമാനങ്ങളില്ല. ഈ വർഷവും ഹജ്ജ് എംബാർക്കേഷൻ പോയിന്റായി പരിഗണിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. കൊച്ചി ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള ഇരുപത്തിയൊന്ന് എംബാർക്കേഷൻ പോയന്റകൾ ഇത്തവണയും നിലനിർത്തുമെന്നും മന്ത്രി അറിയിച്ചു. വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് വ്യാമയാന മന്ത്രാലയത്തിൽ നിന്നും അംഗീകാരം കിട്ടാതെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ഹജ്ജ് വിമാനങ്ങൾ അനുവദിക്കാൻ സാധിക്കില്ലെന്ന് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
തീർഥാടകർ അവരുടെ സംസ്ഥാനങ്ങളിലെ എംബാർക്കേഷൻ പോയിന്റ് വഴി തന്നെ ഹജ്ജിനു പുറപ്പെടണം എന്ന് നിർബന്ധമില്ല. ഇഷ്ടപെട്ട എംബാർക്കേഷൻ പോയിന്റ് തിരഞ്ഞെടുക്കുവാനുള്ള അവസരം ഈ വർഷം മുതൽ നൽകുന്നുണ്ട്. മുഴുവൻ ഹജ്ജ് അപേക്ഷാ നടപടിക്രമങ്ങളും പൂർണമായും ഡിജിറ്റലൈസേഷൻ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ നിന്നും സൗദി ഇ എമിഗ്രേഷൻ പൂർത്തിയാക്കാനുള്ള നടപടികൾ നടന്നുവരുന്നതായും ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.