Home » ന്യൂസ് & വ്യൂസ് » ദുർഗയും മായാനദിയും നാഴികക്കല്ലുകൾ; പോത്തേട്ടൻ സൂക്ഷിക്കണം! നിരാശയുടെ ചലച്ചിത്രവർഷം

ദുർഗയും മായാനദിയും നാഴികക്കല്ലുകൾ; പോത്തേട്ടൻ സൂക്ഷിക്കണം! നിരാശയുടെ ചലച്ചിത്രവർഷം

2017 മലയാള സിനിമയില്‍ അവശേഷിപ്പിച്ചത് എന്തൊക്കെയെന്നൊരു കണക്കെടുപ്പ്. രാജു വിളയിൽ എഴുതുന്നു.

‘കാട് പൂക്കുന്ന നേരം’ എന്ന ഡോ. ബിജുവിന്‍റെ സിനിമയോടെ 2017 തുടങ്ങിയപ്പോള്‍ സിനിമയെ സ്നേഹിക്കുന്നവരുടെ മനസ്സും പൂത്തിരിക്കണം. എന്നാല്‍ 132 സിനിമകളിറങ്ങിയ (മൂന്ന് ദിവസം കൂടുമ്പോള്‍ ഒന്ന്) പോയവര്‍ഷം ബാക്കിവച്ചത് പതിവുപോലെ നിരാശമാത്രം. എങ്കിലും ചില വെളിച്ചങ്ങള്‍, ധീരമായ പരീക്ഷണങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്.

ചൂഷണത്തിനും അടിച്ചമര്‍ത്തലിനും വിധേയമാകുന്ന ദളിത് ജീവിതം യഥാതഥമായി വരച്ചിടാനാണ് ഡോ. ബിജു തന്‍റെ ചിത്രത്തിലൂടെ ശ്രമിച്ചത്. ആരെയും തീവ്രവാദിയാക്കാന്‍ കഴിയുകയും തീവ്രവാദിക്കുമേല്‍ എന്തു കുറ്റവും ആരോപിക്കാനാവുകയും ചെയ്യുന്ന കാലത്ത്, വേണ്ടതിനും വേണ്ടാത്തതിനും മാവോയിസ്റ്റ് ഭീഷണി ആരോപിക്കുന്നതിലെ അസംബന്ധം തുറന്നുകാട്ടാനും സിനിമ ശ്രമിക്കുന്നു. നിരവധി അന്താരാഷ്ട്ര മേളകളില്‍ പുരസ്കാരം നേടിയ ചിത്രം പക്ഷേ, പ്രേക്ഷകര്‍ കൈവിട്ടു.

മോഹന്‍ലാലിന്‍റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴും മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍, മാസ്റ്റര്‍ പീസ് എന്നിവയും പൃഥ്വിരാജിന്‍റെ എസ്രയും മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ ആട് 2ഉം ബോക്സ് ഓഫീസില്‍ രക്ഷപ്പെട്ടെങ്കിലും പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാതെ വിരസമായ കാഴ്ചാനുഭവം സമ്മാനിച്ച് കടന്നുപോയി. ഇരുത്തംവന്ന സംവിധായകരായ സത്യന്‍ അന്തിക്കാട് (ജോമോന്‍റെ സുവിശേഷങ്ങള്‍), രഞ്ജിത്ത് (പുത്തന്‍ പണം), മേജര്‍ രവി (1971 ബിയോണ്ട് ദ ബോര്‍ഡേഴ്സ്), സിദ്ദീഖ് (ഫുക്രി), ജയരാജ് (വീരം) എന്നിവരെല്ലാം ‘എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല’ എന്ന മട്ടില്‍ വീണ്ടും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാനിറങ്ങി.

ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനംചെയ്ത പൃഥ്വിരാജും ഇന്ദ്രജിത്തും അഭിനയിച്ച ടിയാന്‍, ബിജോയ് നമ്പ്യാരുടെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സോളോ എന്നീ പരീക്ഷണങ്ങള്‍ പ്രേക്ഷകര്‍ പുച്ഛിച്ച് തള്ളി. ബി ഉണ്ണികൃഷ്ണന്‍റെ വില്ലന്‍ അദ്ദേഹം വിശേഷിച്ചതുപോലെ ക്ലാസോ, പ്രേക്ഷകര്‍ പ്രതീക്ഷിച്ചതുപോലെ മാസോ ആകാതെ രണ്ടുംകെട്ട അനുഭവമാണ് പകര്‍ന്നത്. മോഹന്‍ലാലിന്‍റെ ഗെറ്റപ്പും അഭിനയമികവും മാത്രം ആശ്വാസമായി.

സെന്‍സറിങ്ങിനുമപ്പുറത്തെ ഇടപെടലുകൾ: എസ് ദുര്‍ഗ

ബിജു മേനോന്‍ ചിത്രം രക്ഷാധികാരി ബൈജു ഒപ്പ്, മഞ്ജു വാര്യരുടെ കെയര്‍ ഓഫ് സൈറാബാനു, ഉദാഹരണം സുജാത, പൃഥ്വിരാജിന്‍റെ വിമാനം, കുഞ്ചാക്കോ ബോബന്‍റെ രാമന്‍റെ ഏദന്‍തോട്ടം എന്നിവ പ്രേക്ഷകരുടെ ഇഷ്ടംകൂടി. ജീവിതഗന്ധിയായ കഥകള്‍ക്ക് പ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോഴും സ്ഥാനമുണ്ട് എന്നതിന്‍റെ തെളിവുകൂടിയാണ് ഇവയുടെ വിജയം.

സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് ഇത്തരം ഘടകങ്ങളുണ്ടായിട്ടും പ്രേക്ഷകശ്രദ്ധ നേടിയില്ല. സിനിമയുടെ മാര്‍ക്കറ്റിങ്ങും ഒരു ഘടകമാണെന്ന് ഇത് തെളിയിക്കുന്നു. ആ സിനിമ റിലീസായതുതന്നെ പ്രേക്ഷകര്‍ അറിഞ്ഞിരുന്നില്ല.

സാധാരണ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന സിനിമയായിരുന്ന ലാല്‍ ജോസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്‍റെ വെളിപാടിന്‍റെ പുസ്തകം. പ്രേക്ഷകര്‍ക്ക് നിരാശമാത്രം സമ്മാനിച്ച്, ലാല്‍ ജോസും മോഹന്‍ലാലും മറക്കാനാഗ്രഹിക്കുന്ന സിനിമയായി അത് മാറി.

ബാഹുബലി ഉയര്‍ത്തിയ ഓളംകൊണ്ട് മലയാള സിനിമയിലെ ഡിപിഇപി കളികളെയൊക്കെ പ്രേക്ഷകര്‍ കൈവിട്ടു. എന്നാല്‍ റിയലിസ്റ്റിക്കായ കഥപറച്ചിലുകളെ ഇരുകൈയും നീട്ടി സ്വീകരിക്കുകയുംചെയ്തു. റിയലിസത്തിന്‍റെ മറ്റൊരു തലം പകര്‍ന്നുതന്ന മഹേഷിന്‍റെ പ്രതികാരത്തിനുശേഷം അതേ ടീം അണിയിച്ചൊരുക്കിയ തൊണ്ടിമുതലും ദൃക്സാക്ഷിയും ആദ്യസിനിമയുടെ നിഴലാണെങ്കിലും മികച്ച അനുഭവമായി. പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് ഒരു കാപട്യമാണ് എന്ന് പറയാമെങ്കിലും ഫഹദ്, അലന്‍സിയര്‍, സുരാജ് എന്നിവരുടെ അസാമാന്യ പെര്‍ഫോമന്‍സ് സിനിമയെ മറ്റൊരു തലത്തിലേക്കുയര്‍ത്തി. ഇതില്‍ക്കൂടുതല്‍ റിയലിസം കൊണ്ടുവരാനാവില്ലെന്നതരത്തിലുള്ള അവതരണം പ്രേക്ഷകര്‍ സ്വീകരിച്ചു.

ഒരു പക്ഷേ അതില്‍ പ്രേക്ഷകരുടെ ഒരു കാപട്യമുണ്ട്. ഇത് തള്ളിപ്പറഞ്ഞാല്‍ മോശമാകുമോ എന്ന ബുദ്ധിജീവി നാട്യം. അത് അടുത്ത സിനിമയിലും പ്രതീക്ഷിക്കരുതെന്ന് ഓര്‍ത്താല്‍ പോത്തേട്ടന് നന്ന്.

യഥാര്‍ഥത്തില്‍ ബ്രില്ല്യന്‍സ് പ്രകടമായത് ലിജോ ജോസ് പല്ലിശേരിയില്‍നിന്നാണ്. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ അങ്കമാലി ഡയറീസ് ആ സംവിധാന മികവിന്‍റെയും കൈയടക്കത്തിന്‍റെയും മുദ്രയായി. പ്രേക്ഷകര്‍ അതംഗീകരിക്കുകയുംചെയ്തു.

ആഷിഖ് അബുവിന്‍റെ വര്‍ഷമവസാനമിറങ്ങിയ മായാനദി മലയാളസിനിമയിലെ വിശ്വാസവും പ്രതീക്ഷയും പകരുന്നതാണ്.

കഴിഞ്ഞ വര്‍ഷമിറങ്ങിയ മികച്ച സിനിമാനുഭവം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് ആണ്. ഇറാഖിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ നേഴ്സുമാരുടെ യഥാര്‍ഥ കഥ പറഞ്ഞ ചിത്രം സാങ്കേതികത്തികവോടെയുള്ള സംവിധാനംകൊണ്ട് വേറിട്ടുനിന്നു. ഫഹദ് ഫാസില്‍, പാര്‍വതി, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെ അഭിനയവും സിനിമക്ക് മുതല്‍ക്കൂട്ടായി. ഗോവയിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള അംഗീകാരവും പാര്‍വതിക്ക് ഈ ചിത്രത്തിലെ അഭിനയം നേടിക്കൊടുത്തു.

പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയാതെപോയ ഒരു ചിത്രത്തെക്കൂടി പട്ടികയിലുള്‍പ്പെടുത്തണ്ടേിവരും. പുതിയ കാലത്ത് സിനിമ അനുഭവിക്കുന്നതിന്‍റെ നിയന്ത്രണങ്ങള്‍ അത് നമ്മെ ഓര്‍മിപ്പിക്കും. ഹൈക്കോടതിയുടെ അനുമതിയുണ്ടായിട്ടും ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനാവാതെപോയ സനല്‍കുമാര്‍ ശശിധരന്‍റെ എസ് ദുര്‍ഗ സെന്‍സറിങ്ങിനുമപ്പുറത്തെ ഇടപെടലുകളെ ബോധ്യപ്പെടുത്തുന്നു.

മലയാള സിനിമയ്ക്ക് യാതൊരു ഗുണവും ചെയ്യാത്ത വിവാദങ്ങള്‍ക്കുകൂടിയാണ് മലയാള സിനിമാ രംഗം കഴിഞ്ഞവര്‍ഷം സാക്ഷ്യംവഹിച്ചത്. നടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് സൂപ്പര്‍ താരം ദിലീപ് അറസ്റ്റിലായത് മേഖലയെ പിടിച്ചുലച്ചു. അതിന്‍റെ അലയൊലികള്‍ അവസാനിക്കുന്നില്ല. അതുമായി ബന്ധപ്പെട്ടുതന്നെ രൂപീകൃതമായ സിനിമയിലെ സ്ത്രീ കൂട്ടായ്മയാണ് മലയാള സിനിമ 2017-ല്‍ അവശേഷിപ്പിച്ച പ്രധാന സംഭവമെന്ന് പറയാം. എന്നാല്‍ അതൊരു ട്രേഡ് യൂണിയന്‍ സ്വഭാവം കൈവരിക്കുന്നതല്ലാതെ, ഗുണപരമായ മാറ്റം മലയാള സിനിമയില്‍ കൊണ്ടുവരാന്‍ അതിനു കഴിയുമെന്നതിന് ഇതുവരെ തെളിവൊന്നും ആയിട്ടില്ല.

Leave a Reply