Home » എഡിറ്റേഴ്സ് ചോയ്സ് » “തൃത്താല കേശവേട്ടൻ ചെണ്ടയെടുത്താൽപിന്നെ ഗുരുവായൂർ ക്ഷേത്രപരിസരത്തെ സമയം ഘനീഭവിച്ചിരുന്നു”

“തൃത്താല കേശവേട്ടൻ ചെണ്ടയെടുത്താൽപിന്നെ ഗുരുവായൂർ ക്ഷേത്രപരിസരത്തെ സമയം ഘനീഭവിച്ചിരുന്നു”

തായമ്പകകുലപതി തൃത്താല കേശവ പൊതുവാളിന്റെ ഇരുപതാം ചരമവാർഷികദിനമാണ് ഫിബ്രവരി എട്ട്. കൗമാരത്തിൽ താൻ ഒപ്പംകൂടി, ഇന്നും ഉണർവിലും ഉറക്കത്തിലും പിന്തുടർന്നുകൊണ്ടിരിക്കുന്ന നാദപ്രപഞ്ചമായ മേളാചാര്യനെക്കുറിച്ച് ഹരിനാരായണൻ

ഹരി നാരായണൻ

ഴുപതുകളിൽ കോഴിക്കോട് സാമൂതിരി സ്കൂളിലെ ഗുരുവായൂരപ്പൻ ഹാളിൽ ആകാശവാണിയുടെ ക്ഷണിക്കപ്പെട്ട സദസ്സിനുവേണ്ടിയുള്ള സംഗീതപരിപാടിയിലാണ് ആദ്യമായി ഞാൻ കേശവേട്ടനെ കാണുന്നത് (തൃത്താല കേശവ പൊതുവാൾ). പന്ത്രണ്ട്, പതിമൂന്ന് വയസ്സുള്ള എന്നെ അത്ഭുതപ്പെടുത്തിയ കാഴ്ചയായിരുന്നു ഡബിൾ ബാസ് ഒക്കെയുള്ള ഓർക്കസ്ട്രയിൽ, കേശവേട്ടന്റെ ചെണ്ടയുമായുള്ള ഇരിപ്പ്.

എന്റെ കസിൻ സിസ്റ്റർ, ആകാശവാണി സ്ഥിരം കലാകാരിയായി പിന്നീട് നിയമനം ലഭിച്ച ശ്രീമതി ചന്ദ്രിക ഗോപിനാഥ്, ആ പരിപാടിയിൽ പാടുന്നുണ്ടായിരുന്നു. “കഥകളി മുദ്ര എനിയ്ക്കറിയില്ല; കടമിഴിയാലും കാര്യം പറയാൻ അറിയില്ല” – ഇതാണ് പാട്ടിന്റെ തുടക്കം.

ഈയൊരു പാട്ടിനു മാത്രം വായിക്കാനായി കേശവ പൊതുവാളെ ഇത്രയും പ്രൗഢമായ ഓർക്കസ്ട്രയുടെ കൂടെ ഇരുത്തിയതിന്റെ കാര്യമെന്തെന്ന് മുതിർന്നപ്പോഴാണ് എനിക്കു മനസ്സിലായത്. ആ കാഴ്ചയും കേൾവിയും എന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒന്നാണെന്ന് അന്നേ അടിവരയിട്ടിരുന്നു. താളവാദ്യത്തോടാണ് എനിയ്ക്ക് ജീവിതത്തിൽ കൂറ് എന്ന് ഒന്നുകൂടി ഉറപ്പിയ്ക്കുകയായിരുന്നു.

കേശവേട്ടൻ ചെണ്ടക്കാരനാണെങ്കിലും, അസ്വസ്ഥനായ അദ്ദേഹത്തിന്റെ ജീവിതം അടുത്തറിയാൻ ഒരുപാടുകാലം കേശവേട്ടൻ ചെണ്ടപ്പുറത്തു കോലിടുന്ന സ്ഥലങ്ങളിൽ, ഏതോ ഒരു കാന്തികശക്തിയാൽ, പിന്നീട് ഞാൻ പിന്തുടർന്നു. വഴിനീളെയുള്ള ചാരായ ഷാപ്പുകളും, കയ്യിൽ കരുതിയിരുന്ന കഞ്ചാവു ബീഡികളും, രണ്ടുപേർക്കും ഒരുതരം ഏർപ്പാടായിരുന്നു. അർദ്ധബോധാവസ്ഥയിലുള്ള യാത്രകളായിരുന്നെങ്കിലും കഠിനമായ ജപം എത്തേണ്ടിടങ്ങളിൽ ചില മാന്ത്രികമായ സംഭവങ്ങളിലൂടെ ഞങ്ങളെ എത്തിച്ചുവെന്നു വേണം പറയാൻ. ചിലപ്പോൾ വളരെ മോശമായ അനുഭവങ്ങൾ ബസ്സിലും ട്രെയിനിലുമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും, ഗുരുവായൂർ ക്ഷേത്രപരിസരത്ത് കേശവേട്ടനു കിട്ടിയിരുന്ന ആരാധകരുടെ ആത്മാർത്ഥമായ സാഷ്ടാംഗനമസ്കാരവും കനത്ത ദക്ഷിണ നൽകലും കണ്ട് പലപ്പോഴും അന്തംവിട്ട് നിന്നിട്ടുണ്ട് ഞാൻ.

തൃത്താല കേശവ പൊതുവാൾ

ജതി താളമിട്ട് ചൊല്ലാൻ പറയും; കൃത്യമായ പ്രമാണത്തിൽ ചൊല്ലുമ്പോൾ കെട്ടിപ്പിടിയ്ക്കും, ഉമ്മവെയ്ക്കും

പ്രായംകൊണ്ട് ഒരുപാട് വ്യത്യാസമുള്ള എന്നെ ഒരു വിദേശിയായ ഇംഗ്ലീഷ് മീഡിയം ബേബിയെപ്പോലെയാണ് കൂട്ടുചെണ്ടക്കാർ കരുതിയിരുന്നത്. കൈപിടിച്ച്, ഉറക്കെ ‘കഥകളി മുദ്രയെനിയ്ക്കറിയില്ല’ എന്ന പാട്ടുപാടിക്കൊണ്ട്, ഗുരുവായൂരിലെ ഊടുവഴികളിലൂടെ ഒരുപാട് അലഞ്ഞിട്ടുണ്ട് ഞങ്ങൾ. ചന്ദ്രികയുടെ അനിയനാണ്, മൃദംഗം പുതുക്കോട് കൃഷ്ണയ്യരുടെ ശിഷ്യനാണ് എന്ന് എല്ലാവരോടും വളരെ കേമമായിട്ടാണ് പരിചയപ്പെടുത്തുക. സത്രത്തിന്റെ കോലായിൽ ഇരുന്ന് എന്നോട് ജതി ഉറക്കെ, ഒരു കയ്യിൽ താളമിട്ട്, സ്ഫുടമായി ചൊല്ലാൻ പറയും. അദ്ദേഹം കണ്ണടച്ച് വളരെ ശ്രദ്ധയോടെ കേൾക്കും. ചിലതൊക്കെ ഭാഗ്യത്തിന് കൃത്യമായ പ്രമാണത്തിൽ ചൊല്ലുമ്പോൾ കെട്ടിപ്പിടിയ്ക്കും. ഉമ്മവെയ്ക്കും,നുള്ളും, കുത്തും. ഇതായിരുന്നു ഞങ്ങളുടെ കാര്യമായ സംവേദനം. പുറത്തുനിന്നു കാണുന്ന ഒരാൾക്ക് സ്വവർഗ്ഗരതിയാണോ എന്ന് സംശയം തോന്നുമാറ് വന്യമായിരുന്നു ഞങ്ങളുടെ സ്നേഹപ്രകടനങ്ങൾ.

മണ്ഡലമാസക്കാലത്തെ ഭജനം, കേശവേട്ടൻ ഗുരുവായൂർ ക്ഷേത്രത്തിന്റെ മൊത്തം പരിസരത്തേയും തന്റെ ശബ്ദഘോഷം കൊണ്ടലങ്കരിയ്ക്കും. അയ്യപ്പക്ഷേത്രത്തിന്റെ മുന്നിലെ കൽവിളക്കും, വിശാലമായ പരിസരവും അദ്ദേഹത്തിന്റെ ശബ്ദ പ്രദർശനത്താൽ തരിച്ചുനിൽക്കും. സമയം എന്നതിന് കുറേക്കൂടി ആഴത്തിലുള്ള വ്യാഖ്യാനങ്ങളായിരുന്നു ഓരോ ദിവസത്തേയും തായമ്പക. വാകച്ചാർത്ത് തൊഴുത്, പകൽ അമ്പലത്തിനകത്തെ ചെറിയ കർമ്മങ്ങൾക്കുപോലും ഇടയ്ക്കയും മറ്റുമായി എപ്പോഴും നാദപ്രപഞ്ചത്തിലുള്ള ജീവിതം. അദ്ദേഹത്തിന്റെ വാദ്യത്തിലുള്ള കയ്യടക്കം ഇന്നും എന്റെ സപ്തനാഡികളേയും ഉണർത്തുന്ന ഒരു പ്രചോദനമാണ്.

ഏറ്റവും തലയെടുപ്പുള്ള സമ്പന്നനായ തായമ്പകക്കാരനിൽനിന്നും മാനസികരോഗത്തോടു കൂടിയുള്ള കേശവേട്ടന്റെ ഭ്രാന്തമായ അലച്ചിലുകളോടൊപ്പം അലയാനായിരുന്നു എനിയ്ക്ക് വിധി. ചുരുക്കം, കേശവേട്ടനെ ആരും അടുപ്പിയ്ക്കാത്ത സമയത്തായിരുന്നു അത്. എന്തോ ജാതീയമായ ചില അനുകൂല പരിസരത്തായിരുന്നു കേശവേട്ടന്റെ വാദ്യവുമായുള്ള സമരം. ഇടഞ്ഞു കൊട്ടിക്കൊട്ടി തന്റെ സ്വഭാവത്തിലും അതിന്റെ സ്വാധീനം തെളിഞ്ഞുനിന്നു.

പലർക്കും അസഹനീയമായ അനുഭവമായിരുന്നു അദ്ദേഹത്തിന്റെ ഭാഷയുടെ പ്രയോഗം. പുലിനഖച്ചങ്ങലയും മേൽവേഷ്ടിയും മറ്റുമായി ഗുരുവായൂരെത്തുമ്പോഴുള്ള ചില പ്രമാണിമാരുടെ വേഷംകെട്ട് അദ്ദേഹത്തിന് പരമപുച്ഛമായിരുന്നു. വയറ്റിൽ അപ്പീംവെച്ച് അഞ്ചുനേരം കുളിച്ച് നാരായണ നാരായണ എന്നു ജപിച്ചിട്ട് നിങ്ങൾക്കൊരു നേട്ടവുമുണ്ടാകില്ല എന്ന് ചിലരോടൊക്കെ ഉപദേശിക്കുന്നത് കണ്ടിട്ടുണ്ട്. എല്ലാം ഭയഭക്തിയോടെ കേട്ട് ദക്ഷിണ നൽകി നമിച്ച് പോകുന്ന വലിയ ആഢ്യൻമാരായിട്ടുള്ള ആരാധകർ ധാരാളമായിരുന്നു.

ഉത്സവ തിയ്യതി സിഗററ്റ്കൂടിന്റെ ചട്ടയിൽ കുറിച്ചുവെച്ച് അരയിൽ തിരുകി കളഞ്ഞുപോവും; ഷാപ്പുമുതൽ ഷാപ്പുവരെ തിരച്ചിലോടു തിരച്ചിലാകും

മിക്കവാറും ഓർമ്മയിൽനിന്നുതന്നെ ചില പ്രധാന ക്ഷേത്രങ്ങളിലെ കൊട്ട്, നാളും നക്ഷത്രവും എണ്ണി എടുക്കാനുള്ള കഴിവ് അപാരവും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു.

പകൽസമയത്തെ ‘കൊലക്കുടി’ കഴിഞ്ഞ് സന്ധ്യയ്ക്കു മുൻപ് ക്ഷേത്രക്കുളത്തിൽ മുങ്ങി ദീപാരാധന തൊഴുത് ചെണ്ടയെടുത്താൽ പിന്നെ ഗുരുവായൂർ ക്ഷേത്രപരിസരത്തെ സമയം ഘനീഭവിച്ചിരുന്നതായി തോന്നിയിട്ടുണ്ട് – To freeze the time. ആൾക്കൂട്ടത്തിൽ കൊട്ടു കണ്ടും കേട്ടും നിൽക്കുന്ന എന്നോട് ഇടയ്ക്ക് കണ്ണുകൊണ്ട് ചില ഗോഷ്ടികൾ കാണിച്ച് മനോഹരമായി ചിരിക്കും. അഭിമാനം തോന്നിയ അവസരങ്ങളായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം അത്തരം സംവേദനം. ഒരുതരം ദേവഭാഷയായിരുന്നു ആ ചിരിയും നോട്ടവും കൊട്ടും.

കാലപ്രമാണം എന്ന പ്രധാനമായ സംഗതി ചെണ്ടയുടെ വായവട്ടം മുഴുവനും ഉപയോഗിച്ചുകൊണ്ട് പൂമ്പാറ്റയുടെ ചിറകടിപോലെ കോലും, ശീലകൊണ്ട് കാപ്പുകെട്ടിയ വിരലിൽ മുത്തിയുള്ള കൊട്ടും, അതുകൊണ്ടുള്ള വിരൽപ്രയോഗങ്ങളും, സ്ഥാനങ്ങളിലുള്ള പൊത്തലുകളും എന്നെ മറ്റൊരു നാദവിസ്മയലോകത്തേയ്ക്കുണർത്തും. സകല നാഡീഞരമ്പുകളും താളാത്മകമായി മിടിയ്ക്കുന്നത് എനിയ്ക്ക് വലിയൊരനുഭവം തന്നെയായിരുന്നു. മുപ്പതുവർഷമായിട്ടും എന്റെ തലയ്ക്കകത്ത് ആ മേളപ്രപഞ്ചം അതേപടി മുഴങ്ങിക്കൊണ്ടേയിരിയ്ക്കുന്നു. അദ്ദേഹത്തിന്റെ ഊർജ്ജത്തിന്റെ അടുത്തെത്താനുള്ള എന്റെ ശ്രമം ദയനീയമായ വൃഥാവ്യായാമമായിരുന്നു. ഒരു ഉരുളി പടച്ചോറൊക്കെ വലിയ ഉരുളകളായി ഗുരുവായൂരപ്പന്റെ നേദ്യം അദ്ദേഹം ആസ്വദിച്ചു കഴിയ്ക്കുന്നതുകണ്ട് അന്തംവിട്ട് നിന്നുപോയിട്ടുണ്ട് ഞാൻ.

അങ്ങനെ ഭക്തിയും ഭ്രാന്തും ചേർന്ന സങ്കീർണ്ണമായ ചില താളവഴികളിലൂടെ കേശവേട്ടൻ എന്നെ ഒപ്പം കൂട്ടി. ഒരു മൃദംഗവിദ്യാർത്ഥിയായിരുന്ന എനിയ്ക്ക് അദ്ദേഹത്തിന്റെ ഊർജ്ജം താങ്ങാവുന്നതിലും അധികമായിരുന്നു. ശാരീരികമായും മാനസികമായും അത് താങ്ങാനുള്ള കെൽപ്പ് പത്തൊൻപത്-ഇരുപത് വയസ്സുകാരനായ എനിയ്ക്കില്ലായിരുന്നു.

മുമ്പിൽ കത്തുന്ന വിളക്കിന്റെ തിരിനാളം കേശവേട്ടന്റെ ചൊൽപ്പടിയ്ക്കു നിൽക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. വിളക്കിന്റെ തിരിയും കേശവേട്ടന്റെ ചെണ്ടയും തമ്മിലുള്ള തായമ്പകയായി എനിയ്ക്കതനുഭവപ്പെട്ടിട്ടുണ്ട്. പതിയെ, ഈ ജ്ഞാനവൈരാഗ്യം എന്നിലേക്കും പകരുന്നതായിത്തോന്നി. ഇന്നും ഉണർവിലും ഉറക്കത്തിലും ആ നാദപ്രപഞ്ചം എന്നെ പിൻതുടർന്നുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ദൃഷ്ടി പതിയുമ്പോഴൊക്കെ എന്റെ ഉൾക്കണ്ണ് തുറന്നുതുറന്ന് മറ്റൊരുതരം ബോധാവസ്ഥയിലേക്ക് എത്തുമായിരുന്നു.

പലർക്കും പട്ടും വളയും കൊടുത്താദരിച്ചപ്പോൾ കേശവേട്ടന് ഒരു തോർത്തു കൊടുത്ത് അപമാനിച്ചതും ഞാൻ കണ്ടിട്ടുണ്ട്

നാദയോഗമെന്ന പരമപദം പൂകിയ മഹാനായ ഈ കലാകാരനെ അന്നത്തെ കേരളത്തിലെ സാംസ്കാരിക ഭൂമിക വളരെ ദയനീയമായാണ് പരിഗണിച്ചത്. പലർക്കും പട്ടും വളയും കൊടുത്താദരിച്ചപ്പോൾ കേശവേട്ടന് ഒരു തോർത്തു കൊടുത്ത് അപമാനിച്ചതും ഞാൻ കണ്ടിട്ടുണ്ട്. ഭ്രാന്തും മദ്യപാനവും അദ്ദേഹത്തിന്റെ സ്വഭാവത്തിലെ ചില സവിശേഷഭാഷയും ഉൾക്കൊള്ളാൻ നമുക്ക് കഴിയാതെ പോയി. ചെണ്ടയുമായി കണ്ണടച്ച് ധ്യാനിച്ചു നിൽക്കുന്ന കേശവേട്ടന്റെ രൂപം ഇന്നും മനസ്സിലെ ഏറ്റവും ദിവ്യമായ കാഴ്ചയാണ്. പാലക്കാട് പുത്തൂരമ്പലത്തിലും, കോങ്ങാടും, കൊടുവായൂരും തുടങ്ങി വള്ളുവനാടൻ ക്ഷേത്രാന്തരീക്ഷത്തിൽ അദ്ദേഹം തീർത്തിരുന്ന നാദഗോപുരങ്ങൾ ഒരുകാലത്തും ഇടിഞ്ഞു വീഴാതെതന്നെ നിൽക്കും. ഇന്ന് നമ്മുടെ കൊച്ചു കേരളത്തിലെ എല്ലാ നാദോപാസകർക്കും ആ ശബ്ദപ്രപഞ്ചം പ്രചോദനവും പ്രവർത്തിക്കാനുള്ള ഊർജ്ജവും പ്രസരിപ്പിച്ചു കൊണ്ടേയിരിക്കും.

എല്ലാ ദുശ്ശീലങ്ങളേയും കണ്ണീരും വിയർപ്പുംകൊണ്ട് ഓരോ മേളം കഴിയുമ്പോഴും കേശവേട്ടൻ കഴുകിക്കളയുമായിരുന്നു. വിണ്ടുകീറിയ ഇടത്തേക്കൈ മുമ്പിൽ കത്തുന്ന വിളക്കിന്റെ തീയിലേക്ക് നീട്ടിപ്പൊളളിക്കുന്നതു കാണുമ്പോൾ ഞാൻ അറിയാതെ പൊട്ടിക്കരഞ്ഞുപോയിട്ടുണ്ട്. ഭൗതികജീവിതത്തിലെ പല താളപ്പിഴകളും പത്തിരട്ടി കുറ്റബോധത്തോടെ തന്റെ വാദ്യത്തിലൂടെ അദ്ദേഹം പരിഹരിച്ചു.

പല അമ്പലപരിസരങ്ങളിലെ ആൽത്തറകളിലും പീടികത്തിണ്ണകളിലും ഞങ്ങൾ കിടന്നു. ഉറക്കമില്ലാത്ത അദ്ദേഹത്തിന്റെ പിടച്ചിലും, പല്ലുകടിച്ചുള്ള ദേഷ്യവും ഞാൻ ഒരുപാടു സഹിച്ചിട്ടുണ്ട്. തികച്ചും ഒരു സ്കിസൊഫ്രീനിക്കിന്റെ സ്വഭാവഘടന പ്രകടമായിരുന്നു അദ്ദേഹത്തിൽ! എത്ര കുടിച്ചാലും വലിച്ചാലും അസ്വസ്ഥമായ മനസ്സ്.

ഇന്നെനിക്കു മനസ്സിലാകുന്നു, പ്രതിഭയുള്ളൊരു താളവാദ്യക്കാരന്റെ ജൈവികസംഘർഷമായിരുന്നു കേശവേട്ടന്റെ ജീവിതം എന്ന്. “For a percussionist, after playing a perfect meter, then it is death”.

എന്റെ മാനസഗുരുവിന് കോടാനുകോടി നമസ്കാരം.

*

തൃത്താല കേശവ പൊതുവാളിനെക്കുറിച്ച് മനോജ് കുറൂർ എഴുതിയ കവിത ഇവിടെ കേൾക്കാം:

തൃത്താലയുടെ മേളം കേൾക്കാം:

Thayambaka Thrithala KESAVA PODUVAL

Pubblicato da Arunkumar CG Marar su Martedì 14 gennaio 2014

Leave a Reply