Home » കലാസാഹിതി » ‘ഈട’ കണ്ണൂരിലേക്കുള്ള ഒളികൺനോട്ടം; രാജ്‌നാഥ് സിംഗുമാർക്കുള്ള ക്ഷണപത്രം

‘ഈട’ കണ്ണൂരിലേക്കുള്ള ഒളികൺനോട്ടം; രാജ്‌നാഥ് സിംഗുമാർക്കുള്ള ക്ഷണപത്രം

കണ്ണൂരിനെ ഇന്ത്യൻഭൂപടത്തിലെ ഏറ്റവും ഭീകരമായ ഇടമായി അടയാളപ്പെടുത്തുന്നു. വർഷങ്ങൾക്ക് മുമ്പ് ശാന്തം എന്ന സിനിമയിലൂടെ ജയരാജ്‌ പറഞ്ഞുവെക്കാൻ ശ്രമിച്ചത് പിന്നെയും ഉറപ്പിക്കുന്നു. ‘ഈട’ സിനിമയുടെ രാഷ്ട്രീയം പറയുന്നു,വി.കെ.ജോബിഷ്

എ.കെ.ജിയെ അപമാനിച്ച എം.എൽ.എ.യെക്കാൾ ഭീകരമായി എ.കെ.ജി.രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കണ്ണൂരിനെയും അവിടുത്തെ ഇടതുപക്ഷ ജീവിതങ്ങളെയും പ്രതിസ്ഥാനത്താക്കിക്കൊണ്ടാണ് ‘ഈട’ എന്ന സിനിമയും വന്നത്. തീർച്ചയായും ഒരു ഫേസ്ബുക്ക് കമൻറിനേക്കാളും വലിയ രാഷ്ട്രീയ ഫലമുണ്ടാക്കും ഈട എന്ന ഈ സിനിമ.

തലശ്ശേരി എന്നാൽ തല ശരിയല്ലാത്തവരുടെ നാട് എന്നും കണ്ണൂരെന്നാൽ കണ്ണീരെന്നാണെന്നുമുള്ള മിഡിൽ ക്ലാസ്, മനോരമ യുക്തികൾക്കത്തുവെച്ച് ഭാവന ചെയ്യപ്പെട്ട ഒരു ഫിലിം.തീർച്ചയായും ദേശീയ തലത്തിൽ കണ്ണൂരിന്റെ സംഘർഷഭരിതമായ രാഷ്ട്രീയ ഭൂമികയെ മുന്നിൽ വെച്ചുകൊണ്ട് കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള മറ്റൊരു ആയുധം കൂടി. അതാണ് ഈട. രാഷ്ട്രീയജാഗ്രതയുള്ള കളക്ടീവ് ഫേസ് എന്ന രാജീവ് രവിയുടെ നേതൃത്വത്തിലുള്ള സിനിമാകൂട്ടായ്മയാണ് ഇങ്ങനെയൊരു ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചതെന്നതുകൊണ്ടാവാം വലിയ വിമർശനങ്ങളേൽക്കാതെ ഈട സുരക്ഷിതമാവുന്നത്. എന്നാൽ ആ ഒരു ഔദാര്യത്തിന്റെ പേരിൽ കേരളത്തിലേക്കും പുറത്തേക്കും ഒളിച്ചു കടത്താനുള്ള മരുന്നാകരുത് കണ്ണൂർരാഷ്ട്രീയ പശ്ചാത്തലമുള്ള പ്രണയചിത്രം എന്ന പേരിൽവന്ന ഈ മിഡിൽ ക്ലാസ് കാൽപ്പനികം.

ആരുടെ കണ്ണട വെച്ചാണ് ബി.അജിത്കുമാറെന്ന സംവിധായകൻ കണ്ണൂരിലേക്ക് നോക്കുന്നത്. അതേതായാലും അദ്ദേഹം പൊതുവിൽ പങ്കു വെക്കുന്ന ലെഫ്റ്റ് ലിബറലിന്റേതല്ല. ആ ലിബറലാണെന്ന തോന്നലുണ്ടാക്കാൻ ബാലൻസിംഗ് രാഷ്ട്രീയം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെങ്കിലും തീർച്ചയായും അന്തിമമായി അതിന്റെ ലെൻസ് അരാഷ്ട്രീയതയുടെതാണ്.അയാളുടെ നോട്ടത്തിൽ സി.പി.എം.കാർ കണ്ണൂരിൽ നടത്തുന്ന ഏക രാഷ്ട്രീയ പ്രവർത്തനം കൊലപാതകവും അതിനായുള്ള ആസൂത്രണവും പ്രവർത്തനങ്ങളും മാത്രമാണ്.പാർട്ടി പ്രവർത്തനമെന്നാൽ എതിർ രാഷ്ട്രീയപ്രവർത്തകരെ പച്ചയ്ക്ക് ആക്രമിക്കലും അധികാരംപങ്കിടലും മധ്യവർഗ ആസക്തിയാൽ സുരക്ഷിതമായ സ്വകാര്യ ഇടങ്ങൾ തേടുന്ന നേതൃത്വവും ഒക്കെയായാണ് ചിത്രത്തിൽ തെളിയുന്നത്‌. അണികളെല്ലാം ഇതൊക്കെ നിലനിർത്താൻ ഇരയാവേണ്ടി വരുന്ന രക്തസാക്ഷികളും!

ഇത് റിയലിസ്റ്റിക്കാണെന്ന് തോന്നിപ്പിക്കാൻ തറിയും തിറയും കാവും ഒപ്പം കൂത്തുപറമ്പ് വെടിവെപ്പിൽ ജീവച്ഛവമായിക്കിടക്കുന്ന പുഷ്പനെ മുതൽ സി.പി.ഐ.എം ന്റെ സംസ്ഥാന നേതാവിന്റെ രൂപസാദൃശ്യമുള്ളവരെ വരെ (അത് വെറും തോന്നൽ മാത്രമെന്ന് കരുതാൻ തൽക്കാലം മനസ്സില്ല) ഈ സിനിമയിൽ കൊണ്ടുവരുന്നുണ്ട്. മാത്രമല്ല ‘ഇലക്ഷൻ കാലത്ത് മാത്രം ചില നേതാക്കൾ വന്നു പോകാറുണ്ട്’ എന്ന് പരിക്കേറ്റ് വീൽച്ചെയറിൽ കഴിയുന്ന സഖാവിനെക്കൊണ്ട് പുച്ഛത്തിൽ സംവിധായകൻ പറയിക്കുന്നുമുണ്ട്. രാഷ്ട്രീയം എന്നാൽ തീർത്തും ക്രിമിനലുകളുടെ വ്യവഹാരമാണെന്ന വിചാരമാണ് ചിത്രം ആകപ്പാടെ പങ്കുവെക്കുന്നത്. അതല്ലാതെ ഒരൊറ്റ ദൃശ്യം പോലും ഷേക്സ്പിയറുടെ റോമിയോ ആൻഡ് ജൂലിയറ്റിൽ നിന്നുള്ള പ്രചോദനത്താൽ ചെയ്ത ഈടയിലെ പ്രണയകഥയോടൊപ്പം ചേർത്തുവെച്ചിട്ടില്ലെന്നു കാണാം.

വ്യത്യസ്ത പ്രത്യയശാസ്ത്രത്തെ പിൻപറ്റുന്ന രാഷ്ട്രീയപാർട്ടികളിൽപ്പെട്ട കുടുംബങ്ങളിലെ രണ്ടു പേർ തമ്മിലുള്ള പ്രണയവും അതിനു അനുബന്ധമായി സംഭവിക്കുന്ന കൊലപാതങ്ങളും അതിൽപ്പെട്ടുപോവുന്ന പ്രധാന കഥാപാത്രങ്ങളുടെ ദുരന്തവുമൊക്കെയാണ് ഈട പറയുന്നത്. ചിത്രത്തിന്റെ ആദ്യഭാഗം പ്രധാനമായും നായികാനായകർ പരസ്പരം പ്രണയിക്കുന്നതും വിവാഹിതരാവാൻ തീരുമാനിക്കുകയും ചെയ്യുന്നതുവരെയുള്ള സന്ദർഭങ്ങളാണ്. എന്നാൽ മൈസൂരെന്ന നഗര ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ സ്വതന്ത്രകളായി പ്രണയിക്കുന്നവർ നാടെത്തുമ്പോൾ തീർത്തും കലുഷിതമായ അന്തരീക്ഷത്തെയാണ് അഭിസംബോധന ചെയ്യുന്നത്.
അമ്മു എന്ന ഐശ്യര്യയുടെയും നന്ദുവിന്റെയും ഇഷ്ടങ്ങളും ഇടപഴകലുകളുമൊക്കെ കണ്ണൂരിന് പുറത്തു മാത്രം സാധ്യമാവുന്ന അനുഭവമാണ് ചിത്രത്തിൽ!

മൈസൂരിൽ നിന്ന് കണ്ണൂരിലേക്കെത്തുമ്പോൾ അപകടകരമായ ഒരു ഭൂപ്രദേശത്തേക്കാണെത്തിയതെന്ന് കാണികളിൽ തോന്നലുണ്ടാക്കാൻ തുടക്കം മുതൽ ഒടുക്കം വരെ ഈ സിനിമ ശ്രദ്ധിച്ചിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഒരു ഹർത്താൽ ദിനത്തിൽ തുടങ്ങി മറ്റൊരു രാഷ്ട്രീയ കൊലപാതകത്തിലെ ഹർത്താൽ ദിനത്തിൽ അവസാനിക്കുന്ന ചിത്രത്തിന്റെ ഘടന അതുറപ്പിക്കുകയും ചെയ്യുന്നുണ്ട്.

നന്ദുവിനെ പ്രണയിക്കുന്ന ഐശ്യര്യ പാനൂരിലെ ജയകൃഷ്ണൻ മാഷ് വധം നടക്കുമ്പോൾ ക്ലാസിലുണ്ടായിരുന്ന കുട്ടിയാണ്. അവളുടെ നോട്ടത്തിൽ കണ്ണൂർജില്ല ജീവിക്കാൻകൊള്ളാത്ത സ്ഥലമാണ്. അതുകൊണ്ട് അമേരിക്കയിൽപ്പോയി സുരക്ഷിതമായ ഭാവിജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവളാണവൾ. രാഷ്ട്രീയം എന്നാൽ സിനിമയുടെ സംവിധായകനെപ്പോലെ ആളെക്കൊല്ലുന്ന പരിപാടിയായി മാത്രം മനസിലാക്കിയ നായികയാണിവിടെ. ഇടതുപക്ഷ രാഷ്ട്രീയ വിനിമയങ്ങൾക്ക് മാത്രം ഇടമുള്ള അവളുടെ കുടുംബത്തിനകത്തെ ചെറു സംഭാഷണങ്ങൾപോലും കക്ഷിരാഷ്ട്രീയത്തിലെ വിയോജിപ്പുകളുമായി ബന്ധപ്പെട്ട ഹിംസകളെക്കുറിച്ചാണ്. നായകനും അതുപോലെതന്നെ. നായികയെപ്പോലെ തന്നെ നായകന്റെ തോന്നലിനും ഈ ചുറ്റുപാടും കുടുംബവുമൊക്കെത്തന്നെ പാഠശാല!

ഈ ന്യൂ ജനറേഷൻ തോന്നലിനെ മറയാക്കിക്കൊണ്ടാണ് കണ്ണൂരിനെ ഇന്ത്യൻഭൂപടത്തിലെ ഏറ്റവും ഭീകരമായ ഇടമായി സംവിധായകൻ അടയാളപ്പെടുത്തുന്നത്. വർഷങ്ങൾക്ക് മുമ്പ് ശാന്തം എന്ന സിനിമയിലൂടെ ജയരാജ്‌ പറഞ്ഞുവെക്കാൻ ശ്രമിച്ചത് അജിത്കുമാർ ഈടയിലൂടെ പിന്നെയും ഉറപ്പിക്കുന്നു. അത്രമാത്രം.

കണ്ണൂർ രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തിൽ ഹിംസ ഒരു പ്രധാന വിഷയം തന്നെ. എന്നാൽ അത് കണ്ണൂരിൽ മാത്രമാണെന്ന് കരുതാനും വയ്യ. അതിനെ ഒരിക്കൽപ്പോലും ന്യായീകരിക്കേണ്ടതുമല്ല. ആ ഹിംസയുടെ സാക്ഷികളായ ചിലരെങ്കിലും അമ്മുവിനെപ്പോലെയോ നന്ദുവിനെപ്പോലെയോ അരാഷ്ട്രീയമായിത്തീർന്നിട്ടുണ്ടെങ്കിൽ അതിൽ കക്ഷിരാഷ്ട്രീയക്കാർക്ക് വലിയപങ്കുമുണ്ട്. ആ ഉത്തരവാദിത്തത്തിൽ നിന്ന് അവർക്ക് ഒരിക്കലും ഒഴിഞ്ഞുനിൽക്കാനും കഴിയില്ല.പക്ഷെ ആ കാഴ്ചയെ കേവലം ചരിത്രബോധമില്ലാത്ത, തീർത്തും അരാഷ്ട്രീയമായ ഒരു മിഡിൽ ക്ലാസ് ഹൃദയത്തിലുണർത്തുന്ന മാനവികതയുടെ വ്യാജ നോട്ടമാക്കുന്നതാണ് സങ്കടം. കണ്ണൂരിലെ പ്രാദേശിക ഭാഷാഭേദവും പരിസരങ്ങളും ഉപയോഗിച്ചു എന്ന കാരണത്താൽ മാത്രം ഈടയെ കണ്ണൂർ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സിനിമയായി തിരിച്ചറിയാൻ കഴിയില്ല. ഈ നോട്ടം കണ്ണൂരിലേക്കുള്ള ഒരു ഒളികൺനോട്ടം മാത്രമാണ്.

ഇങ്ങനെയുള്ള സിനിമ കൊണ്ടോ സിനിമാക്കാരുടെ പഴയനിരാഹാരം കൊണ്ടോ പരിഹരിക്കാവുന്നതല്ല അവിടുത്തെ രാഷ്ട്രീയത്തിലെ ഹിംസ. എന്നാൽ അതൊരു വലിയ മാനവിക പ്രശ്നവുമാണ്. അത് പരിഹരിക്കേണ്ടതുമാണ്.അതിനെ ഈ രീതിയിൽ ഒറ്റക്കണ്ണൻ ഫ്രെയിമിലൂടെ സമീപിച്ചാൽ അതിനേക്കാൾ വലിയ അപകടങ്ങളിലേക്കായിരിക്കും നാട് നീങ്ങുക.ആ നോട്ടത്തിൽ നിന്നാണ് ‘അവിശ്വാസി ഉത്സവം നടത്തിപ്പ് തുടങ്ങിയതോടെ കൊഴപ്പോം തുടങ്ങി’ എന്നൊക്കെ തിരക്കഥയിൽ എഴുതിവെക്കാൻ സംവിധായകന് ധൈര്യം കിട്ടിയിട്ടുണ്ടാവുക. നാടിന്റെ ദൈനംദിന ജീവിതത്തിന്റെ ആചാരങ്ങളിലും വിശ്വാസങ്ങളിലും രാഷ്ട്രീയ ഹിന്ദുത്വം കലർത്തുന്ന പുതിയ ‘പൊരുളി’നെ പ്രതിരോധിക്കുന്ന ഇച്ഛാശക്തിയെയൊക്കെ ഈ രീതിയിൽ പ്രതിസ്ഥാനത്താക്കി ചിത്രീകരിച്ചത് അതുകൊണ്ടാവാം. രാഷ്ട്രീയ ഹിന്ദുത്വം ഇടതുസാന്നിധ്യമില്ലാത്ത ഇടങ്ങളിലൊന്നും ചികിത്സയില്ലാതെ വ്യാപിക്കുമ്പോൾ ഈ തുരുത്തിൽ ജീവൻവെച്ച് പ്രതിരോധിക്കുന്നവരെ പോരുകോഴികളുടെ ജീവിതം പോലെ ചുരുക്കി എഴുതുന്നതും ജനപ്രിയ വാരികകളിലെ ഫീച്ചറെഴുത്തും തമ്മിൽ എന്താണ് ഭേദം?

പാർട്ടി നേതൃത്വമെന്നാൽ ജനപ്രിയ സിനിമകളിലെ വില്ലൻ കഥാപാത്രങ്ങളുടെ ഇമേജുകളിൽ നിന്ന് ഒരടി ഈ സിനിമയിൽ പിന്നോട്ടു പോയിട്ടില്ല. മാത്രമല്ല അന്തിമമായി ഈ സിനിമ മുന്നോട്ടുവെക്കുന്നത് രാഷ്ട്രീയമുക്തമായ ഒരു പുതിയ കണ്ണൂർ തന്നെയാണ്. കണ്ണൂരിൽ നിലനിൽക്കുന്ന അല്ലെങ്കിൽ ഹിംസാത്മകമായി തുടരുന്ന ചില രാഷ്ട്രീയാനുഭവങ്ങളിൽ നിന്ന് തീർച്ചയായും മനുഷ്യപക്ഷത്ത് നിലയുറപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയപ്രക്രിയകളെ ജനാധിപത്യപരമായി വളർത്തിയെടുക്കേണ്ടതുണ്ട്. അതിന് കേരളം കാത്തിരിക്കുന്നുമുണ്ട്‌.അതിലേക്കുള്ള സൂചകങ്ങൾ എന്ന നിലയിൽ സിനിമയ്ക്കും ഇടപെടാവുന്നതാണ്. അത് പക്ഷെ കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ വർഷം 200 പേർ വാഹനാപകടത്താൽ മരണപ്പെട്ടു; അതുകൊണ്ട് ഇനി മുതൽ ജില്ലയിൽ വാഹനമേ വേണ്ട എന്ന മിമിക്സ് കോമഡി ഷോകളിലെ റെസിപ്പി പോലെയാകരുതെന്നു മാത്രം.

മലയാള ചലച്ചിതസംരംഭകരിലെ രാഷ്ട്രീയമുള്ള മനുഷ്യരിൽ ലെഫ്റ്റ് ലിബറലുകളായി ജീവിക്കുന്ന ദേശീയ പുരസ്കാരം വരെ നേടിയ അജിത് കുമാറിനെപ്പോലെയുള്ളവരുടെ ഭാവനയിലും കണ്ണൂർ ഈ രീതിയിലാണ് നോട്ടപ്പെടുന്നതെങ്കിൽ ഈട കണ്ട് തീർച്ചയായും രാജ്‌നാഥ് സിംഗുമാർ പുതിയ സന്ദേശങ്ങളുമായ് കണ്ണൂരിലേക്ക് ഇനിയുംവരും.

Leave a Reply