Home » എഡിറ്റേഴ്സ് ചോയ്സ് » സൂഫീപഥങ്ങളിൽ: പരിവ്രാജകത്വത്തിലൂടെ സത്യത്തെത്തേടുന്ന വിപ്ലവകാരിയുടെ മതമാണ് സൂഫിസം
അജ്‌മീർ യാത്രാസംഘം: രോഹിത് ആനന്ദ്, ബിപിൻ ബാലകൃഷ്ണൻ, പി. പി. ഷാനവാസ്, ഹരിനാരായണൻ, ഷഹബാസ് അമൻ (ചിത്രം: ബിജു ഇബ്രാഹിം)

സൂഫീപഥങ്ങളിൽ: പരിവ്രാജകത്വത്തിലൂടെ സത്യത്തെത്തേടുന്ന വിപ്ലവകാരിയുടെ മതമാണ് സൂഫിസം

കൊട്ടാരക്കെട്ടുകളിലും അധികാരസ്വരൂപങ്ങളിലും ജീര്‍ണിച്ചുപോവാതെ പ്രവാചക മതത്തിന്‍റെ വിശ്വാസവിശുദ്ധിയെ കാലാകാലങ്ങളിലായി സംരക്ഷിച്ചുപോന്ന പ്രസ്ഥാനമാണ് സൂഫിസം. ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ ദുര്‍ഗങ്ങളെ അതിജീവിക്കാനുള്ള പ്രസ്ഥാനമായി ഇന്ത്യന്‍ പരിവ്രാജക പ്രസ്ഥാനം നിലനിന്നപോലെ. ഇന്ത്യയില്‍ ചിഷ്തിയ സൂഫി പ്രസ്ഥാനത്തിന് തുടക്കംകുറിച്ച ഖ്വാജാ മൊയ്നുദ്ദീന്‍ ഹസന്‍ ചിഷ്തി, ഇന്ത്യന്‍ ആത്മീയതയ്ക്കും ദര്‍ശനത്തിനും മാത്രമല്ല, സാധാരണക്കാരന്‍റെ നിലനില്‍പ്പിനും നിത്യജീവിതത്തിനും, ഒപ്പം ഇന്ത്യന്‍ സംഗീതത്തിനും വിലപ്പെട്ട സംഭാവന നല്‍കി. പി. പി. ഷാനവാസ് ‘സൂഫിപഥങ്ങ’ളിലൂടെയുള്ള യാത്രാനുഭവം തുടരുന്നു. മൂന്നാംഭാഗം.

തിരിച്ച് അജ്‌മീറിലേക്കുള്ള ബസ് യാത്ര രാത്രിയിലായിരുന്നു. ബസ് ജീവനക്കാരുമായി സീറ്റ് അനുവദിക്കുന്നതിന്‍റെ പേരില്‍ ഉണ്ടായ ശണ്ഠയൊഴിച്ചാല്‍ വിശേഷിച്ചൊന്നും ഓര്‍ക്കാനില്ല. ആരവല്ലി കുന്നുകളുടെ സാന്ത്വനത്തിലേക്ക് കണ്ണുതുറക്കുമ്പോള്‍ ഞങ്ങള്‍ വീണ്ടും അജ്‌മീറിന്‍റെ പ്രാന്തത്തില്‍ എത്തിയിരുന്നു.

ഹൃദയം നിങ്ങളോടു പറയുന്നത് എന്ത്? ഖ്വാജ നിന്നെ വിളിച്ചുവോ? ജയ്‌പൂരിലേക്ക് പുറപ്പെട്ട പ്രഭാതത്തില്‍ നിഷ്കര്‍ഷകള്‍ തെറ്റിച്ച് ദര്‍ഗയിലെ ഉള്ളകം ഞങ്ങള്‍ കണ്ടിരുന്നു. ഖവാലി ഗായകര്‍ ഉള്ളുരുകി പാടിയും പ്രാര്‍ത്ഥിച്ചും പ്രഭാതത്തെ വിളിച്ചുണര്‍ത്തുകയായിരുന്നു അപ്പോള്‍. അവിടെ അന്തിയുറങ്ങുന്ന ഖ്വാജാ മൊയ്നുദ്ദീന്‍ ഹസന്‍ ചിഷ്തി ഇന്ത്യന്‍ ആത്മീയതയ്ക്കും ദര്‍ശനത്തിനും മാത്രമല്ല, സാധാരണക്കാരന്‍റെ നിലനില്‍പ്പിനും നിത്യജീവിതത്തിനും എന്നപോലെ ഇന്ത്യന്‍ സംഗീതത്തിനും വിലപ്പെട്ട സംഭാവന നല്‍കിയിട്ടുണ്ട്. സംഗീത ചരിത്രകാരന്മാരാല്‍ പലപ്പോഴും കണ്ടെടുക്കാന്‍ വിസമ്മതിക്കുന്ന ആ ചരിത്രം ഇന്നും തുടിക്കുന്ന ഏതാനും ദര്‍ഗകളുടെ സാന്നിധ്യം ഇന്ത്യയിലുണ്ട്. അതിലൊന്നാണ് അജ്‌മീർ.

ദിനേന, പ്രഭാതം തൊട്ട് അര്‍ധരാത്രി വരെ ഖവാലി സംഘങ്ങള്‍ ധോലകിന്‍റെ താളത്തില്‍ ഖ്വാജയെയും അദ്ദേഹത്തിന്‍റെ പരമ്പരകളെയും സ്മരിച്ചും വിളിച്ചുണര്‍ത്തിയും ആലാപനം നടത്തുന്നു. ദര്‍ഗയിലെ മുന്നിലും ഇടതുചത്വരത്തിലുമായി ഖവാലി സംഘങ്ങള്‍ ഇരുന്നു ദീര്‍ഘദീര്‍ഘം പാടി ഭക്തിയുടെ അന്തരീക്ഷം സദാ നിലനിര്‍ത്തുന്നു. വെള്ളിയാഴ്ച രാവുകളില്‍ ദില്ലിക്കടുത്തെ ഹസ്രത്ത് നിസാമുദ്ദീന്‍റെയും അമീര്‍ ഖുസ്രുവിന്‍റെയും ദര്‍ഗകളിലും ഇപ്രകാരം സൂഫിസംഗീതം അനുഷ്ഠിക്കുന്നു.

ഖ്വാജാ മൊയ്നുദ്ദീന്‍ ഹസന്‍ ചിഷ്തി ഇന്ത്യയില്‍ തുടക്കം കുറിച്ച ചിഷ്തിയ സൂഫി പ്രസ്ഥാനത്തിന് ഇപ്രകാരം സംഗീതശ്രവണവും ആലാപനവും ഈശ്വരാന്വേഷണത്തിന്‍റെ ഭാഗമാണ്. സംഗീത ശ്രവണത്തിന് സമാഅ് എന്നാണ് സൂഫിസത്തില്‍ പറയുക. അതായത് സാമം. സാമത്തില്‍ നിന്നാണ് സംഗീതം എന്നാണല്ലോ നമ്മുടെ വേദചിന്ത. സൂഫി ചിന്ത എല്ലായ്‌പ്പോഴും ഇങ്ങിനെ സമാന്തരങ്ങള്‍ തീര്‍ക്കുന്നു.

‘വൈവിധ്യവും നിഗൂഢതയും സൂഫിസത്തെ അനിര്‍വചനീയമാക്കുന്നു’

സൂഫിസം ഇസ്ലാമിക സ്രോതസ്സില്‍നിന്നാണ് ഉത്ഭവിച്ചത് എന്നു പൊതുവെ കരുതാറുണ്ടെങ്കിലും അതിലും ഭിന്നാഭിപ്രായങ്ങളുണ്ട്. സ്വന്തം ഉറവിടത്തെപ്പറ്റിയുള്ള നിലപാടുകളില്‍പോലും മിസ്റ്റിസിസത്തിന്‍റെ തലം സൂക്ഷിക്കുന്ന ചിന്താധാര. പടിഞ്ഞാറന്മാര്‍ക്ക് സൂഫിസം ആധികാരികമായി പരിചയപ്പെടുത്തുന്ന ഇദ്രിസ് ഷാ തന്‍റെ പ്രസിദ്ധമായ ‘സൂഫികള്‍’ എന്ന പുസ്തകത്തില്‍ പറയുന്നു:

“ഒരു പേര്‍ഷ്യന്‍ പണ്ഡിതന്‍റെ അഭിപ്രായത്തില്‍ സൂഫിസം ക്രിസ്ത്യാനിറ്റിയില്‍നിന്ന് വഴിപിരിഞ്ഞതാണ്. ഓക്സ്ഫോര്‍ഡിലുള്ള ഒരു പ്രൊഫസര്‍ ചിന്തിക്കുന്നത് സൂഫിസം ഹിന്ദു വേദാന്തത്തില്‍നിന്ന് സ്വാധീനം കൊണ്ടതാണെന്നാണ്. ഇസ്ലാമിലെ ഉലമാ (പണ്ഡിത) പ്രസ്ഥാനത്തിനെതിരെ വന്നത് എന്ന നിലയിലാണ് ഒരു അറബ്-അമേരിക്കന്‍ പ്രൊഫസര്‍ സംസാരിക്കുന്നത്. സെമിറ്റിക് സാഹിത്യത്തിന്‍റെ ഒരു പ്രൊഫസറുടെ അഭിപ്രായത്തില്‍ സൂഫിസം മധ്യേഷ്യയിലെ ഷമാനിസത്തില്‍ നിന്നുത്ഭവിച്ചതാണ്. ക്രിസ്റ്റ്യാനിറ്റിയുടെയും ബുദ്ധിസത്തിന്‍റെയും സന്തതിയാണ് അതെന്നാണ് ഒരു ജര്‍മ്മന്‍കാരന്‍റെ അഭിപ്രായം. രണ്ട് പ്രമുഖ ഓറിയന്‍റലിസ്റ്റുകള്‍ പറയുന്നത്, നിയോ പ്ലാറ്റോണിയന്‍ സ്വാധീനമാണ് അതിനുള്ളത് എന്നാണ്. എന്നാല്‍ അവരില്‍ ഒരാള്‍ സൂഫിസത്തിന് സ്വതന്ത്രമായ ഉത്ഭവമാണുള്ളത് എന്നു പറയുന്നു. അമേരിക്കന്‍ യൂണിവേഴ്സിറ്റി മുഖാന്തരം തന്‍റെ അഭിപ്രായം പ്രകടിപ്പിക്കുന്ന ഒരു അറബി പറയുന്നത്, നിയോ പ്ലാറ്റോണിസം തന്നെ ഗ്രീക്ക് പേര്‍ഷ്യന്‍ ചിന്താധാരയുടെ സമന്വയമാണെന്നാണ്. ക്രിസ്ത്യന്‍ മൊണാസ്റ്റിസിസത്തില്‍ ദീക്ഷ വാങ്ങി എന്ന് അവകാശപ്പെടുന്ന പ്രമുഖനായ ഒരു സ്പാനിഷ് അറബിസ്റ്റ്, മനിചെയിസമാണ് സൂഫിസത്തിന്‍റെ സ്രോതസ്സ് എന്നാണ് വാദിക്കുന്നത്. മറ്റൊരു പ്രധാനപ്പെട്ട അക്കാദമീഷ്യന്‍ സൂഫിസത്തില്‍ ഗ്നോസിസത്തിന്‍റെ അംശമാണ് കാണുന്നത്. സൂഫി പുസ്തകങ്ങളുടെ വിവര്‍ത്തകനായ ഒരു ഇംഗ്ലീഷ് പ്രൊഫസര്‍, അത് ഒരു ചെറിയ പേര്‍ഷ്യന്‍ കള്‍ട് ആണെന്നു കരുതുന്നു. എന്നാല്‍ മറ്റൊരു വിവര്‍ത്തകന്‍ സൂഫിസത്തിന്‍റെ ഉത്ഭവം ഖുര്‍ആനില്‍തന്നെ കണ്ടെത്തുന്നു. അറബി പേര്‍ഷ്യന്‍ പുസ്തകങ്ങളില്‍ സൂഫിസത്തെക്കുറിച്ച് നിരവധി നിര്‍വചനങ്ങള്‍ കാണുന്നു”.

‘ഇതെല്ലാം ചരിത്രപരമായി വളരെ രസാവഹമാണ്; എന്നാല്‍ നിര്‍വചനങ്ങളില്‍പോലുമുള്ള ഈ അവ്യക്തതയും വൈവിധ്യവും നിഗൂഢതയും സൂഫിസത്തെ അനിര്‍വചനീയമാക്കുന്നു’വെന്ന് ഇദ്രിസ് ഷാ തുടര്‍ന്നു പറയുന്നു. ജീര്‍ണ്ണതയില്‍ മുങ്ങി, തളംകെട്ടിക്കിടക്കുന്ന ഒരു സമൂഹത്തെ അവര്‍ ദര്‍ശിക്കാത്ത ഭൂഭാഗങ്ങളും യാഥാര്‍ത്ഥ്യങ്ങളും കാണിച്ചുകൊടുക്കുന്ന സാഹസികനായ കപ്പല്‍ യാത്രികനോടാണ് സൂഫിയെ ഇദ്രിസ് ഷാ തന്‍റെ പുസ്തകത്തില്‍ ഉപമിക്കുന്നത്. ഭൂമിയിലും സ്വര്‍ഗത്തിലും നീ കാണാത്ത സത്യങ്ങളുണ്ട്, എന്ന് ഹെറോഷ്യസിനോട് പറയുന്ന ഷേക്സ്പിയറുടെ ഹാംലറ്റിനെപ്പോലെ. കമ്പിളി പുതച്ച്, ഭൗതികജീവിതത്തിന്‍റെ കെട്ടുനിറകളെ അവയുടെ സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് വിട്ടൊഴിഞ്ഞ്, പരിവ്രാജകത്വത്തിലൂടെ സത്യത്തെത്തേടുന്ന വിപ്ലവകാരിയുടെ മതം.

ഇവിടെ ചിലപ്പോള്‍ ഈശ്വരാന്വേഷണംപോലും, പ്രവൃത്തികൊണ്ട് മാറാന്‍ വിസമ്മതിക്കുന്നവിധം ജീര്‍ണിച്ച ഒരു സാമൂഹ്യവ്യവസ്ഥയ്ക്ക് നേര്‍വഴി കാണിക്കാനുള്ള ചര്യയാണ്. ഇന്ത്യന്‍ പരിവ്രാജക പ്രസ്ഥാനം എങ്ങിനെ ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ ദുര്‍ഗങ്ങളെ അതിജീവിക്കാനുള്ള പ്രസ്ഥാനമായിത്തീര്‍ന്നോ, അതുപോലെ, കൊട്ടാരക്കെട്ടുകളിലും അധികാരസ്വരൂപങ്ങളിലും ജീര്‍ണിച്ചുപോവാന്‍ ഇടവരാതെ പ്രവാചക മതത്തിന്‍റെ വിശ്വാസവിശുദ്ധിയെ കാലാകാലങ്ങളിലായി സംരക്ഷിച്ചുപോന്ന പ്രസ്ഥാനമാണ് സൂഫിസം. എട്ടാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെ പേര്‍ഷ്യയിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലെയും സൂഫി പ്രസ്ഥാനങ്ങള്‍, സുല്‍ത്താനേറ്റുകളുടെയും പാദുഷാഭരണത്തിന്‍റെയും ജീര്‍ണതയ്ക്കും ഹിംസയ്ക്കും കലാപക്കൊടി ഉയര്‍ത്തിക്കൊണ്ടാണ് നിലവില്‍ വന്നത്.

എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ബസ്റയിലെ റാബിയത്തുല്‍ അദവിയയ്ക്ക് ഈ പ്രസ്ഥാനത്തില്‍ പ്രമുഖ സ്ഥാനമുണ്ട്. ഏറ്റവും പ്രമുഖനായ സൂഫി അവധൂതനായി അറിയപ്പെടുന്നത്, കൊട്ടാരം വിട്ട് ഈശ്വരാന്വേഷണത്തിന് ഇറങ്ങിത്തിരിച്ച മഹാനായ ഇബ്രാഹിം അദ്ഹം ആണ്.

മനുഷ്യലോകം: കുരുടന്മാർ കാണുന്ന ആന

പത്തും പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടുകളിലാണ് സൂഫിസത്തിന്‍റെ ഏറ്റവും സജീവമായ കാലഘട്ടം. അക്കാലത്തെ ഗുരുവര്യന്മാരില്‍ ഏറെ പ്രശസ്തി കൈവരിച്ച ജലാലുദ്ദീന്‍ റൂമിയുടെ മസ്നവി അല്‍ മാനവിയില്‍, ആനയെ കണ്ട കുരുടന്മാരുടെ ഒരു കഥ പറയുന്നുണ്ട്. ശ്രീരാമകൃഷ്ണ പരമഹംസര്‍ വരെ പലരും ഏറെ പ്രിയത്തോടെ ആവര്‍ത്തിക്കാറുണ്ടായിരുന്ന ഈ കഥ, നമ്മുടെ യാഥാര്‍ത്ഥ്യ ദര്‍ശനത്തിലെ അപര്യാപ്തതയെപ്പറ്റിയാണ് സൂചിപ്പിക്കുന്നത്. സത്യത്തെ അന്വേഷിച്ച് കണ്ടെത്തി എന്നു സ്വയം വിശ്വസിച്ചു കഴിയുന്ന കുരുടന്മാര്‍ക്ക് തുല്യരാണു നാം. കുരുടന്മാര്‍ ആനയെ തിരിച്ചറിഞ്ഞവിധം ഭാഗികമായ സത്യങ്ങളുടെ ഊറ്റങ്ങളിലും ഉറപ്പിലുമാണ് മനുഷ്യലോകം കെട്ടിപ്പൊക്കിയിരിക്കുന്നത്. സൂഫിസം യാഥാര്‍ത്ഥ്യത്തിന്‍റെ യഥാതഥത്വത്തിലേക്ക് അന്വേഷിയെ എത്തിക്കുന്നു. യാഥാര്‍ത്ഥ്യമാകട്ടെ വാക്കുകള്‍ക്കും ഭാഷയ്ക്കും നിര്‍വചനത്തിനും അതീതമാണ്. യാഥാര്‍ത്ഥ്യത്തിന്‍റെ ഈ അതീതത്വത്തെക്കുറിച്ചുള്ള അറിവാണ് സൂഫിസത്തെ അതാക്കുന്നത്.

എല്ലാ മതങ്ങളും അതിന്‍റെ പ്രവാചകര്‍ക്കുണ്ടായ ഇത്തരം അതീത യാഥാര്‍ത്ഥ്യാനുഭവത്തില്‍നിന്നാണ് ഉരുവം കൊണ്ടത്. മിസ്റ്റിസിസത്തിന്‍റെ ഈ ഘടകമാണ് സൂഫിസത്തെ ഒരു ബഹുരൂപിയാക്കുന്നത്; അനിര്‍വചനീയമായ അനുഭവമാക്കുന്നത്; ഗുരുവില്‍ നിന്ന് പകര്‍ന്നുകിട്ടേണ്ട, തേടിയലയേണ്ട ഒന്നാക്കുന്നത്. അറിഞ്ഞു എന്നു വിചാരിക്കുന്നവര്‍ക്ക് അറിയാത്തതും, അറിഞ്ഞില്ലല്ലോ എന്നു വേവലാതി കൊള്ളുന്നവര്‍ക്ക് അറിഞ്ഞിരിക്കാന്‍ ഇടയുള്ളതുമായ ബ്രഹ്മാനുഭവത്തെപ്പറ്റി കേനോപനിഷത്ത് പറയുന്നത് സൂഫിസത്തിന്‍റെ നിര്‍വചനം തന്നെ.

‘ജ്ഞാനാന്വേഷണം കത്തിമുനയിലൂടെയുള്ള നടത്തമാണ്’

ജീവിത സൂക്ഷ്മതയിലൂടെയാണ് ആ സത്യം തേടേണ്ടത് എന്ന് സൂഫിസം അനുശാസിക്കുന്നു. ഈ സൂക്ഷ്മതയെ ആര്‍ജിക്കാനാണ് അനുഷ്ഠാനാചാരങ്ങളുടെ ശരീഅത്ത് (കര്‍മശാസ്ത്രം). കര്‍മശാസ്ത്രത്തില്‍ ഉറച്ച് അന്വേഷണത്തിന്‍റെ വഴിയില്‍ (ത്വരീഖത്ത്) പ്രവേശിക്കുന്ന സാധകന്‍, യാഥാര്‍ത്ഥ്യത്തെ, അതായത് ഹഖിനെ, സത്യത്തെ അല്ലെങ്കില്‍ അള്ളാഹുവിനെ അറിയുന്നു. ഈ ഘട്ടത്തെയാണ് ഹഖീഖത്ത് എന്നു പറയുന്നത്. ഹഖീഖത്തിനെ അനുഭവമാക്കി പരിവര്‍ത്തിപ്പിക്കുന്നതിലൂടെ ആയിത്തീരലിന്‍റെ മഅ്രിഫത്തില്‍ എത്തിച്ചേരുന്നു. ഇവിടെ ത്രിപുടികള്‍ ഇല്ലാതാകുന്നു. ജ്ഞാനവും ജ്ഞാനവിഷയവും ജ്ഞാനവിഷയിയും ഒന്നായി മാറുന്നു. അറിവും അറിയുന്നവനും അറിയേണ്ട വസ്തുവും എന്ന വിഭജനം തീര്‍ന്ന് എത്തിച്ചേരുന്ന ഘട്ടമാണ് മഅ്രിഫത്ത്. ഈ ഘട്ടത്തില്‍ അറിഞ്ഞതിനെ അനുഭവിക്കുന്ന പ്രക്രിയ മാത്രം നിലനില്‍ക്കുന്നു. പിന്നെ അനുഷ്ഠാനമോ, ആചാരമോ, വഴിയോ, അറിവോ പ്രധാനമല്ലാതെ, വിലയത്തിന്‍റെയും സായൂജ്യത്തിന്‍റെയും നിത്യശാന്തിയുടെ മഖാമില്‍ എത്തിച്ചേരുന്നു. അന്വേഷണത്തിന്‍റെ വഴിയില്‍ ഉണ്ടാകുന്ന അനുഭവങ്ങളുടെ ഹാലുകള്‍ കടന്നാണ്, സൂഫി ഇങ്ങനെ സ്ഥായിയായ മഖാമില്‍ എത്തിച്ചേരുന്നത്.

ഹാലിന്‍റെ ഘട്ടങ്ങള്‍ അപകടം നിറഞ്ഞതാണ്. അതില്‍ നിന്ന് ഭ്രാന്തിലേക്കോ നിത്യനഷ്ടത്തിലേക്കോ നിപതിക്കാം. ഹാല്‍, മഖാമായിത്തീരുന്നതോടെ ജ്ഞാനാന്വേഷണത്തിന്‍റെ അപകടസാധ്യത മറികടക്കുന്നു. ജ്ഞാനാന്വേഷണം കത്തിമുനയിലൂടെയുള്ള നടത്തമാണ് എന്ന് കഠോപനിഷത്ത് താക്കീത് ചെയ്യുന്നതും മറ്റൊന്നുകൊണ്ടുമല്ല. ഈ അന്വേഷണങ്ങളിലെ അപകടങ്ങളെ ഒഴിവാക്കാനാണ് ഗുരുവിന്‍റെ സഹായം. ഷെയ്ഖിന്‍റെ മാര്‍ഗദീപം മുരീദിനെ എപ്പോഴും തെറ്റുകളും തെറ്റിദ്ധാരണകളും തിരുത്തി, അന്വേഷണത്തിന്‍റെ യഥാര്‍ത്ഥ പന്ഥാവ് കാണിച്ച്, ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നു.

(തുടരും)

*
സൂഫീപഥങ്ങൾ ഒന്നാംഭാഗം ഇവിടെ വായിക്കാം:

സൂഫീപഥങ്ങളിൽ: ആത്മാന്വേഷണത്തിന്റെ അജ്മീർ യാത്ര


സൂഫീപഥങ്ങൾ രണ്ടാംഭാഗം ഇവിടെ വായിക്കാം:

സൂഫീപഥങ്ങളിൽ: ജയ്‌പൂരിലെ വിസ്മയങ്ങള്‍

Leave a Reply