Home » വാർത്തകൾ » സിവിക്‌സാര്‍, അങ്ങിപ്പോള്‍ ഏത് കളരിയിലാണ് അഭ്യസിക്കുന്നത്

സിവിക്‌സാര്‍, അങ്ങിപ്പോള്‍ ഏത് കളരിയിലാണ് അഭ്യസിക്കുന്നത്

ഗുലാബ് ജാന്‍

എന്താണ് ബലറാമിന്റെ കേസ്. കേസ് വാദിക്കാന്‍ വരുമ്പോള്‍ സിവിക്‌സാര്‍, ചുരുങ്ങിയത് കേസ്സെങ്കിലും പഠിക്കണ്ടേ? എതിര്‍ കക്ഷികളോടുള്ള ചൊരുക്ക് മാത്രമാവരുത് ഒരു വക്കീലിന്റെ വിചാരലോകം. ബാലപീഢനമാണ് സാര്‍. ഒരാളുടെ ജീവിതം ആള്‍ ആരുമാകട്ടെ അദ്ദേഹം എഴുതി പരസ്യപ്പെടുത്തിയ രേഖകള്‍ തിരുത്തി തനിക്ക് ആവശ്യമുള്ള വാചകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ബാലപീഢകനെന്ന് സ്ഥാപിക്കുക, കൃമിനല്‍ കുറ്റമാണ്. വക്കീല്‍സാറിന്റെ ദയാഹര്‍ജിയില്‍ ധൃതിയില്‍ ആലോചനയില്ലാതെ പറഞ്ഞ്‌പോയതാണെന്ന ഒരു വാദമുണ്ട്. എന്നാല്‍ അക്കാര്യമെങ്കിലും പ്രതിയെകൊണ്ട് സമ്മതിപ്പിക്കാന്‍ വക്കീലിന് ബാധ്യതയില്ലേ. പ്രതി പക്ഷെ ഇപ്പോഴും അത്രപോലും സമ്മതിച്ചിട്ടില്ല. അതിന് കഴിയാത്ത വക്കീല്‍ വാദികള്‍ക്കെതിരെ ആരോപണമുന്നയിച്ച് കേസ് വഴിതിരിച്ച് വിടുകയാണ്. അത് പക്ഷെ ഒരു കോടതിയും സ്വീകരിക്കില്ല സാര്‍. കേസ് നേരാംവണ്ണം വാദിക്കണം. അതിന് പറ്റില്ലെങ്കില്‍ ഒഴിയാനുള്ള മാന്യതവേണം. വാദിക്കെതിരെ ആരോപണം ഉന്നയിച്ച് പ്രതിയെ രക്ഷിച്ചെടുക്കാന്‍ വക്കീല്‍ പ്രയോഗിച്ച ബുദ്ധി കേമംതന്നെ. ബലറാമിനെ വളഞ്ഞിട്ടാക്രമിക്കുന്നൂവത്രേ. അത് കൊടിയപാപമാണ്. ബലറാമിന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ നുണയില്‍തീര്‍ത്ത ഒരു നീചപ്രവര്‍ത്തിയാണെങ്കില്‍പോലും മറ്റുള്ളവര്‍ അനങ്ങാതിരിക്കണം…. ഇരിക്കാം. പക്ഷെ അങ്ങയേപോലുള്ള മഹാമേരുക്കള്‍ ബലറാമിനെ ഒന്ന് കുളിപ്പിച്ച് വൃത്തിയാക്കിത്തരുമോ? വി എസിന്റേയും എം എം മണിയുടേയും അഭിപ്രായങ്ങളിലെ ശരികേടുകള്‍ക്കെതിരെ അന്ന് വികാരഭരിതനായി ആഞ്ഞടിച്ച താങ്കള്‍ പക്ഷേ ബലറാമിന്റെ പോസ്റ്റ് വായിച്ചിട്ടും ഇളകിയില്ല. അതിനെതിരെയുള്ള പ്രതികരണങ്ങള്‍ക്ക് മുന്നില്‍ താങ്കളുടെ ജനാധിപത്യബോധം അണപൊട്ടിയൊഴുകുന്നു. സോറി സാര്‍ സാറിന്റെ നിക്ഷ്പക്ഷത വെളിപ്പെടുന്നുണ്ട്. ഇതൊരു രോഗമാണ്. സി പി എം വിരുദ്ധതകൊണ്ട് മാത്രം ലോകത്തെ കാണല്‍. അര്‍ദ്ധരാത്രിയും ഞെട്ടിയുണര്‍ന്ന് സി പി എം സി പി എം എന്ന് പിച്ചുംപേയും പറയുന്നതിലേക്ക് അത് വളര്‍ന്നിട്ടുണ്ടെങ്കില്‍ ഉടനെ ഡോക്റ്ററെ സമീപിക്കുകയാണ് വേണ്ടത്. അല്ലാതെ അത് പൊതു സമൂഹത്തിന് മേല്‍ വിതറരുത് പ്ലീസ്…
ബലറാമിന്റെ കേസ് സമാനതകളില്ലാത്തതാണ്. അത് ജനാധിപത്യപരിസരത്തെ ദുര്‍ബലപെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ ജനാധിപത്യത്തിന്റെ ആനുകൂല്യമല്ല, ഫാസിസത്തിന്റെ ലാളനയാണ് അയാള്‍ അര്‍ഹിക്കുന്നത്. നുണകള്‍ ചരിത്രത്തിന്മേല്‍ വിതറുന്നത് ഫാസിസത്തിന്റെ അടിസ്ഥാനയുക്തികളില്‍ ഒന്നാണ്. ബാബരിമസ്ജിദിനടിയിലാണ് രാമന്‍ ജനിച്ചത് എന്ന് പറയുന്നത്‌പോലെ. തെളിവ് എവിടെ എന്ന് ചോദിച്ചാല്‍ ഞങ്ങള്‍ അങ്ങിനെ വിശ്വസിക്കുന്നു എന്നായിരിക്കും ഉത്തരം. വസ്തുനിഷ്ഠമായ ചരിത്രം അത്തരക്കാര്‍ക്ക് ഒരു ഉത്തരമല്ല. ചരിത്രത്തെ മറച്ചുപിടിക്കുന്ന ഗീബല്‍സിന്റെ ബുദ്ധിയാണത്. അതുകൊണ്ട് ഫാസിസ്റ്റുകളുടേതൊഴികെ മറ്റാരുടെയെങ്കിലും ഏറ്റവും മോശപ്പെട്ട ഒരഭിപ്രായ പ്രകടനംപോലും ബലറാമിന് ജാമ്യമാവില്ല. മുഹമ്മദ്‌നബിയുടെ വിവാഹം കുറ്റകൃത്യമായി അവതരിപ്പിക്കുന്നത് ബുദ്ധിശൂന്യതയാണെങ്കിലും വസ്തുതാവിരുദ്ധമല്ല, മാര്‍ക്‌സിന് വേലക്കാരിയുമായുണ്ടായിരുന്ന ബന്ധം പോലെതന്നെ. ജനാധിപത്യ സംവാദത്തിന്റെ യുക്തിക്കകത്ത് ബലറാമിനെ പ്രതിഷ്ഠിക്കാന്‍ പഴുതുകളൊന്നുമില്ലായെന്നര്‍ത്ഥം.
നേതാക്കളുടെ ഒളിവുജീവിതം വിശുദ്ധപശുവല്ലായെന്നും പല ഒളിസേവകളും നടന്നിട്ടുണ്ടെന്നും സിവിക്ക് പറയുന്നു. തന്റെ ഈ പുതിയ കളരിയില്‍വെച്ച് റദ്ദ് ചെയ്യപ്പെടുന്നത് അദ്ദേഹത്തിന്റെ തന്നെ ഭൂതകാലമാണ്. ഒളിവു ജീവിതത്തിന്റെ അനുഭവങ്ങള്‍ സിവിക്കിനുമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ ഒളിവുജീവിതം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അനിവാര്യതയില്‍ നിന്നുണ്ടായതാണെന്ന് കരുതാനാണ് ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നത്. എന്റെ പഠനകാലത്ത് നേതാക്കള്‍ ഒളിവുജീവിതം നടത്തിയ കുറേ വീടുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും കുട്ടികളും അടങ്ങുന്ന ആ കുടുംബങ്ങള്‍ തങ്ങള്‍ നിര്‍വഹിച്ച സാഹസികമായ വിപ്ലവപ്രവര്‍ത്തനത്തിന്റെ ഓര്‍മ്മ ആത്മാഭിമാനത്തോടെ നെഞ്ചേറ്റുന്നവരാണ്. അത് പക്ഷെ പഠിച്ചെടുക്കേണ്ടത് ഒളിഞ്ഞുനോട്ടത്തിന്റെ ഇക്കിളികളില്‍നിന്നല്ല, ചരിത്രത്തിന്റെ തുടിപ്പില്‍നിന്നാണ്.
എന്തായിരുന്നു സാര്‍ ഒളിവു ജീവിതം, കച്ചവട സിനിമകള്‍ ധ്വനിപ്പിക്കുന്നവിധം മച്ചിന്റെ മുകളില്‍ ഒളിച്ചിരിക്കുന്ന നേതാവും അവിടേക്ക് ഭക്ഷണം കൊണ്ടുപോകുന്ന സുന്ദരിയും എന്ന ക്ലീഷേ ആയിരുന്നോ. ദീര്‍ഘകാലം ഒരേയിടത്ത് വീട്ടില്‍ ഒളിവുജീവിതം നയിച്ച എത്രപേരുണ്ട്. ഒളിവുജീവിതങ്ങളുടെ ആയുസ്സ് വളരെ കുറവായിരുന്നുവെന്നും ആരെങ്കിലും തിരിച്ചറിയുമ്പോഴേക്കും അടുത്ത കേന്ദ്രത്തിലേക്ക് എന്നനിലയില്‍ അതൊരു പാലായനമായിരുന്നുവെന്നും സ്വന്തം ജീവിതം കൊണ്ട് പലരും രേഖപ്പെടുത്തിയിട്ടുണ്ട്. ഒളിവുജീവിതകാലത്ത് തന്നെയാണ് അതാത് പ്രദേശങ്ങളില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന പ്രവര്‍ത്തനവും നടന്നത്. അവര്‍ക്ക് ഒളിവുജീവിതം ഒരു സുഖവാസമായിരുന്നില്ല, രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയായിരുന്നു. ഒരോ പ്രദേശത്തിന്റേയും രാഷ്ട്രീയ ചരിത്രത്തിലൂടെ അലസമായി നടന്നാല്‍പോലും ലഭിക്കാവുന്ന ചരിത്രമാണത്. അവിടെ പ്രണയവും ലൈംഗികതയും ഉണ്ടായിരുന്നെങ്കില്‍തന്നെ എന്നെ പീഢിപ്പിച്ചു എന്ന് ഒരാളും പരാതിപറഞ്ഞിട്ടില്ലാതിരിക്കെ അതൊരു കുറ്റകൃത്യമായില്ല. അതുകൊണ്ട് സദാചാരപോലീസിന്റെ അപ്പീല്‍ ഇവിടെ സ്വീകരിക്കാന്‍ ഒരു നിര്‍വാഹവും ഇല്ലസാര്‍…
മലയാളികളില്‍ ഭൂരിപക്ഷവും രാഷ്ട്രീയം അതിന്റെ ആഴത്തില്‍ സ്വാംശീകരിച്ച ഒരു ജനതയല്ല, എന്നാല്‍ സാമാന്യമായി രാഷ്ട്രീയ വിചാരങ്ങളില്‍ പങ്ക്‌കൊള്ളുന്നവരാണ്. സാമാന്യയുക്തികൊണ്ട് എളുപ്പം എതിരിടാനുള്ള സൂത്രവാക്യങ്ങള്‍ ധാരാളമായി നിര്‍മ്മിച്ചെടുത്തുകൊണ്ടാണ് പൊതുവില്‍ കക്ഷിരാഷ്ട്രീയത്തിന്റെ ബലാബലങ്ങള്‍ മാറ്റുരക്കാറുള്ളത്. തന്തയ്ക്ക് വിളിച്ചാല്‍ തിരിച്ച് തള്ളയ്ക്ക് വിളിക്കുന്ന ഒന്നാണത്. നാട്ടുവര്‍ത്തമാനങ്ങളിലെ ബഹളങ്ങളില്‍ കണ്ടുവരുന്ന ഈ താര്‍ക്കികയുക്തി ഇന്ന് അതേപടി പറിച്ച് നട്ടത് സോഷ്യല്‍ മീഡിയയിലേക്കാണ്. അതിന്റെ ഒരു പങ്ക് മുഴുവന്‍ അത്തരത്തിലുള്ള തര്‍ക്കവേദിയാണ്. എന്നാല്‍ ജ്ഞാനപരിസരത്തെ അപഗ്രഥിക്കുകയും അപനിര്‍മ്മിക്കുകയും ചെയ്യുന്ന നിര്‍മ്മാണാത്മകമായ സംവാദങ്ങള്‍ക്ക് പുറത്തെന്നപോലെ സോഷ്യല്‍ മീഡിയയും വേദിയാകുന്നുണ്ട്. അത് സമൂഹത്തിന്റെ ചിന്താധാരയുടെ ഉപരിതലത്തിലെങ്കിലും വലിയ അളവിലുള്ള ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അവിടെവച്ച് നമ്മുടെ ചരിത്രവും ചരിത്രവ്യക്തിത്വങ്ങളും പുനര്‍വായിക്കപ്പെടുന്നുണ്ട്. നടപ്പുജീവിതത്തിന്റെ ജ്ഞാനവ്യവസ്തയിലെ അധീശ്വത്വവും പ്രതിനിധാനവും സുക്ഷ്മ പഠനത്തിന് വിധേയമാക്കുന്ന ഈ പാഠനിര്‍മ്മിതിയില്‍നിന്ന് വ്യക്തികളെ മാറ്റിനിര്‍ത്തേണ്ട കാര്യമില്ല. അത്തരത്തിലുള്ള സ്‌ഫോടനാത്മകമായ വിമര്‍ശനങ്ങള്‍ ബുദ്ധന്‍ മുതല്‍ വിവേകാനന്ദനും, നാരായണഗുരുവും, ഗാന്ധിജി, ഇ എം എസ് വരെയുള്ളവരെകുറിച്ച് ഇന്ന് നടക്കുന്നുണ്ട്. അത് ഗൗരവപരമായ പുതിയ പാഠരൂപീകരണത്തിന്റെ ഭാഗമാണ്. അവിടെയാണ് ജനാധിപത്യം സ്വയം അടയാളപ്പെടുത്തുന്നത്. മറിച്ച് ഒളിഞ്ഞുനോട്ടത്തിനും നുണപറയാനും അധിക്ഷേപിക്കാനുമുള്ളതാണ് ജനാധിപത്യം എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ അതിനോട് വിയോജിക്കാതെ ജനാധിപത്യത്തിന് വികസിക്കാനാവില്ല. ഫാസിസ്റ്റ് കാലത്തിന്റെ ഒരു സവിശേഷത അത് നമ്മുടെ ഉള്ളില്‍ അടക്കിവെച്ചിരിക്കുന്ന സകല ജനാധിപത്യവിരുദ്ധതകളേയും ഉത്തേജിപ്പിക്കും എന്നതാണ്. ഉള്ളില്‍ കെട്ടിക്കിടന്ന് തളംകെട്ടിയ അത്തരം വികാരങ്ങള്‍ ഒരു ദുര്‍ഗന്ധത്തോടെ പുറത്തേക്കൊഴുകും. സിവിക് ചന്ദ്രന്‍, ഇപ്പോള്‍ താങ്കള്‍ക്കൂടി ചേര്‍ന്നാണ് ജനാധിപത്യസംവാദത്തിന്റെ ആശയ മണ്ഡലം വികൃതമാക്കുന്നത്. ഇടതുപക്ഷത്തെ വെല്ലുവിളിക്കാന്‍ മറുപക്ഷത്ത് ഒരു ബലവാന്‍ ഉയിര്‍കൊണ്ടിട്ടുണ്ടെന്ന് അലറിവിളിക്കുന്നതും ബലറാമിലേക്ക് ലയിച്ചലിയുന്നതും ഗംഭീരമായ പരിണാമം തന്നെ…..പ്രിയ സുഹൃത്തിന് അഭിവാദ്യങ്ങള്‍

Leave a Reply