സോളാര്‍ക്കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കുനേരെ കരിങ്കൊടി പ്രതിഷേധം. ഡി.വൈ.എഫ്.ഐ, യുവമോർച്ച പ്രവർത്തകരാണ് ഇന്ന് രാവിലെ കോഴിക്കോടെത്തിയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്. സോളാർ കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു. കോഴിക്കോട് ഗസ്റ്റ് ഹൗസിന് സമീപവും ഡി.വൈ.എഫ്.ഐ പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിച്ചു.
കോഴയായി ഉമ്മൻചാണ്ടിക്ക് ഒരു കോടി 90 ലക്ഷം രൂപയും വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന് രണ്ട് തവണകളായി 40 ലക്ഷം രൂപയും നൽകിയതായി സോളാർ കമ്മീഷനിൽ സരിത എസ് നായർ ഇന്നലെ മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് കൊടുക്കാനായി ഡൽഹി ചാന്ദ്നി ചൗക്കിൽ വെച്ച് തോമസ് കുരുവിളയുടെ പക്കൽ ഒരു കോടി 10 ലക്ഷവും തിരുവനന്തപുരത്തെ വസതിയിൽ 80 ലക്ഷം രൂപയും എത്തിക്കുകയായിരുന്നു. ആര്യാടന് ഔദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ലാവിൽ വെച്ച് ആദ്യം 25 ലക്ഷംവും പിന്നീട് സ്റ്റാഫ് മുഖാന്തരം 15 ലക്ഷവും കൈമാറിയെന്നും സരിത പറഞ്ഞു. ടീം സോളർ കമ്പനിയുടെ സോളാർ മെഗാ പവർ പ്രോജക്ടിനുള്ള ലൈസൻസുകളും സഹായങ്ങളും നേടിയെടുക്കാനാണു പണം നൽകിയത് എന്നും സരിത സോളാര്‍ പറഞ്ഞു.