Home » നമ്മുടെ മലപ്പുറം » 1921ന്റെ പാഠങ്ങൾ: പഴയ രൂപത്തിലുള്ള പ്രതിരോധങ്ങൾ ഇനി സാധ്യമല്ല
(ചിത്രം: ബിജു ഇബ്രാഹിം)

1921ന്റെ പാഠങ്ങൾ: പഴയ രൂപത്തിലുള്ള പ്രതിരോധങ്ങൾ ഇനി സാധ്യമല്ല

ആശയങ്ങളുടെയും സംസ്‌കാരത്തിന്റെയും മേഖലകളാണ് ഇന്ന് പുത്തൻ അധിനിവേശത്തിന്റെ ആയുധപ്പുരകൾ. കൊളോണിയൽ സംസ്‌കാരം സ്വയം ഉൾക്കൊണ്ട്, അതു മറ്റു സാമൂഹിക അടരുകളിലേക്ക് വ്യാപിപ്പിക്കുന്ന മധ്യവർഗം എന്നത്തേക്കാളും അവരുടെ കയ്യാളുകളായി. ഈ മധ്യവർഗത്തിന്റെ സ്വാധീനത്തിൽ, ദരിദ്രരും തൊഴിലാളികളും താഴ്ന്ന മധ്യവർഗവും ക്രമേണ ആഗോളവൽക്കരണത്തിന്റെ സാംസ്‌കാരികാഭിരുചിയുടെ ഇരകളായി മാറുകയാണ്. 1921 അടക്കമുള്ള സമരപാരമ്പര്യങ്ങൾ മാപ്പിളസമുദായം കയ്യൊഴിക്കുന്നതിലെ ആപത്തിനെക്കുറിച്ച് പത്തുവർഷം മുമ്പ് ദീർഘദർശിത്വത്തോടെ ഡോ. കെ. എൻ. പണിക്കർ നടത്തിയ നിരീക്ഷണങ്ങൾ. രണ്ടാംഭാഗം

കൊളോണിയലിസത്തിന്റെ സാംസ്‌കാരിക അധിനിവേശം ശക്തിപ്രാപിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ഒരു ജനതക്കുമേൽ സമ്പൂർണ്ണമായ ആധിപത്യത്തിന് വഴി ജനങ്ങളുടെ സാംസ്‌കാരികജീവിതത്തിൽ മേൽക്കോയ്മ സ്ഥാപിക്കലാണല്ലോ. ബലപ്രയോഗത്തിലൂടെയും സാമ്പത്തിക അധിനിവേശത്തിലൂടെയും ആധിപത്യം ഉറപ്പിക്കുന്നതിനേക്കാൾ ശക്തമായി ഒരു ജനതയെ കീഴടക്കാൻ സാംസ്‌കാരിക അധിനിവേശത്തിനു കഴിയും. ഇതാണ് ബ്രിട്ടീഷ് കൊളോണിയലിസം പത്തൊമ്പതാം നൂറ്റാണ്ടിൽ വ്യാപകമായി ചെയ്തത്.

മധ്യകാലഘട്ടത്തിൽ കൊളോണിയലിസം പ്രവർത്തിച്ചത് ബലപ്രയോഗത്തിന്റെയും വ്യാപാരാധിനിവേശത്തിന്റെയും കടന്നാക്രമണങ്ങളുടെയും വഴിക്കാണ്. അതോടൊപ്പം, പത്തൊമ്പതാം നൂറ്റാണ്ടോടെ സാംസ്‌കാരികമായ അധിനിവേശം വ്യാപകമാക്കാനും പദ്ധതികൾ അരങ്ങേറി.

പഴയ സാമ്രാജ്യത്വമല്ല പുത്തൻ സാമ്രാജ്യത്വം; ആയുധങ്ങളെക്കാൾ അത് ആശയങ്ങളുടെ ശക്തിയെ ആശ്രയിക്കുന്നു

അന്നത്തേതിൽനിന്നു വ്യത്യസ്തമായി ഇന്നത്തെ അധിനിവേശത്തിന്, നാം പുത്തൻ സാമ്രാജ്യത്വ അധിനിവേശം എന്നു വിളിക്കുന്ന പ്രതിഭാസത്തിന്, വ്യത്യസ്തമായ പ്രവർത്തനവഴിയാണുള്ളത്. ആയുധ ശക്തിയേക്കാൾ പുത്തൻ സാമ്രാജ്യത്വം ഇന്ന് ആശയങ്ങളുടെ ശക്തിയെ ആശ്രയിക്കുന്നു.ആശയങ്ങളെയും സംസ്‌കാരത്തെയും അധിനിവേശത്തിന്റെ ആയുധമാക്കുന്ന രീതികൾ എക്കാലത്തേക്കാളും ഇന്ന് അവർ വികസിപ്പിച്ചെടുത്തിരിക്കുന്നു. സാംസ്‌കാരിക സാമ്രാജ്യത്വമാണ് ഇന്ന് അധിനിവേശ ശക്തികളുടെ പ്രഥമവും മുഖ്യവുമായ ആയുധം. ഇതു ഫലപ്രദമായി നടപ്പാക്കാനുള്ള ധൈഷണിക പ്രവർത്തനങ്ങൾ അവർ വികസിപ്പിച്ചെടുത്തിരിക്കുന്നു.

വിവരസാങ്കേതിക രംഗത്തെ കുതിപ്പുകളെ ഇതിനായി ഫലപ്രദമായി ഉപയോഗിക്കുന്നു. വിജ്ഞാനത്തിന്റെയും വിജ്ഞാനോത്പാദനത്തിന്റെയും മേഖലകൾ അധിനിവേശത്തിന്റെ സജീവസ്ഥലങ്ങളായി മാറിയിരിക്കുന്നു. ധൈഷണിക രംഗത്തെ ഈ മാറ്റങ്ങളാണ് പഴയ സാമ്രാജ്യത്വത്തിൽനിന്ന് പുത്തൻ സാമ്രാജ്യത്വത്തെ വ്യത്യസ്തമാക്കുന്നത്.

സാമ്രാജ്യത്വത്തിന്റെ ഈ പുതിയ വേഷം നാം വേണ്ടത്ര ആഴത്തിൽ മനസ്സിലാക്കിയിട്ടില്ല. ഈ പുതിയ സാംസ്‌കാരിക അധിനിവേശത്തെ ചെറുക്കാനുള്ള ധൈഷണികമായ പ്രാപ്തി വളർത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളിലൂടെ മാത്രമേ സാംസ്‌കാരിക സാമ്രാജ്യത്വത്തിന്റെ പ്രച്ഛന്നവും എന്നാൽ സർവ്വാശ്ലേഷിയുമായ പിടിയിൽനിന്ന് നമുക്ക് രക്ഷയുണ്ടാവൂ. ഇന്നത്തെ അധിനിവേശ വിരുദ്ധപ്രവർത്തനങ്ങളുടെ കാതൽ ഈ ധൈഷണിക പ്രാപ്തിയെ സ്വരൂപിച്ച്, വളർത്തിക്കൊണ്ടുവരലാണ്.

പത്തൊമ്പതാം നൂറ്റാണ്ടിൽത്തന്നെ ഇത്തരമൊരു അധിനിവേശത്തിന്റെ സാധ്യതകൾ സാമ്രാജ്യത്വകേന്ദ്രങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പുതിയ പരിവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ അതിന്റെ ഭീമാകാരമായ വിധത്തിലുള്ള തുടർച്ചകളാണ് സംഭവിക്കുന്നത്. ഇന്നത്തെ സാമ്രാജ്യത്വാധിനിവേശ സംരംഭങ്ങളുടെ കാതൽതന്നെ അതാണ്.

സാമ്രാജ്യത്വാധിനിവേശത്തിന്റെ പ്രവർത്തനത്തിലെ ഈ മാറ്റം ശരിയായി മനസ്സിലാക്കുകയും നിജപ്പെടുത്തുകയും ചെയ്യുക എന്നത് ഇന്നു നാം പ്രധാനമായി കാണേണ്ടതാണ്. ഈ തിരിച്ചറിവിലൂടെ മാത്രമേ ഇന്നത്തെ സാമ്രാജ്യത്വത്തെ മനസ്സിലാക്കാനും അതിനെതിരെ പ്രതിരോധം വളർത്തിക്കൊണ്ടുവരുവാനും കഴിയൂ.

മധ്യവർഗം പുതിയ അധിനിവേശത്തിന്റെ തുറന്ന വക്താക്കളായി; ദരിദ്രരും താഴ്ന്ന മധ്യവർഗവും ഇരകളായി

മൂന്നാംലോക രാജ്യങ്ങളിൽ ഉയർന്നുവന്ന മധ്യവർഗത്തെ ഉപയോഗിച്ചാണ് സാമ്രാജ്യത്വ ശക്തികൾ ഇന്ന് ആശയമേൽക്കോയ്മ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. മധ്യവർഗത്തിനുള്ളിൽ ഒരു കൊളോണിയൽ മനോഭാവം വളർത്തിക്കൊണ്ടുവന്നാണ് ഇന്ന് സാമ്രാജ്യത്വം മൂന്നാംലോക രാജ്യങ്ങളിൽ പ്രവർത്തിക്കുന്നത്. ആന്തരികമായി കൊളോണിയലിസത്തിന്റെ എക്കാലത്തേയും പങ്കുപറ്റുകാരായിരുന്നു ഇന്ത്യൻ മധ്യവർഗം. ഇന്നും പുത്തൻ സാമ്രാജ്യത്വാധിനിവേശത്തിന്റെ പ്രധാന ചാലകശക്തി ഈ മധ്യവർഗമാണ്.

കൊളോണിയൽ സംസ്‌കാരം സ്വയം ഉൾക്കൊണ്ട്, അതു മറ്റു സാമൂഹിക അടരുകളിലേക്ക് വ്യാപിപ്പിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നത് ഈ മധ്യവർഗമാണെന്നു കാണാം. നേരത്തെ മധ്യവർഗത്തിന് പൂർണ്ണമായ തോതിൽ അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല സ്ഥിതി. മധ്യവർഗം പരിപൂർണ്ണമായ സ്വാതന്ത്ര്യത്തോടെ പുതിയ അധിനിവേശത്തിന്റെ തുറന്ന വക്താക്കളായി മാറിയിരിക്കുന്നു.

മധ്യവർഗം ചെന്നെത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ആധുനികത അധിനിവേശശക്തികൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന പുത്തൻ ആധുനികതയാണ്. ആഗോളീകരണം സൃഷ്ടിക്കുന്ന ആധുനികതയാണത്. ഈ പുതിയ ആഗോളവൽക്കരണാധുനികതക്കു കീഴടങ്ങിയാണ് മധ്യവർഗം പ്രവർത്തിക്കുന്നത്. കൺസ്യൂമറിസത്തിന്റെയും മതഫണ്ടമെന്റലിസത്തിന്റെയും വക്താക്കളായിക്കൊണ്ട്, ഫലത്തിൽ ഈ പുത്തൻ ആധുനികതയുടെ വക്താക്കളായി മധ്യവർഗം മാറിപ്പോയിരിക്കുന്നു.

മധ്യവർഗം സ്വാംശീകരിച്ചു കഴിഞ്ഞ ആഗോളവൽക്കരണത്തിന്റെ ഈ സാംസ്‌കാരികാഭിരുചി ക്രമേണ മറ്റു വിഭാഗങ്ങളിലേക്കും വ്യാപിക്കുകയാണ്. ദരിദ്രരും തൊഴിലാളികളും താഴ്ന്ന മധ്യവർഗവും ക്രമേണ ഈ സാംസ്‌കാരികാഭിരുചിയുടെ ഇരകളായി മാറുകയാണ്. മധ്യവർഗത്തിന്റെ സാംസ്‌കാരികാഭിരുചികൾ കീഴ്ത്തട്ടിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രവണത സംസ്‌കാരത്തിന്റെ വിവിധമേഖലകളിൽ വലിയ സങ്കീർണ്ണതകളാണ് സൃഷ്ടിക്കാൻ പോകുന്നത്, സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

എങ്ങിനെയാണ് ഇതിനെ പ്രതിരോധിക്കുക? പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ നാം ആദ്യം ഉൾക്കൊള്ളേണ്ടത് സാമ്രാജ്യത്വം ഇന്നു പ്രവർത്തിക്കുന്നത് പഴയ കൊളോണിയലിസത്തിന്റെ രീതിയിലല്ല എന്ന വസ്തുതയാണ്. പഴയ കൊളോണിയലിസത്തിനെതിരെയുള്ള പ്രതികരണത്തിന്റെ അതേ മാതൃകയിൽ ഇന്നത്തെ കൊളോണിയലിസത്തോട് പ്രതികരിക്കാനുള്ള മുൻകയ്യുകളും ഉണ്ടാകാനിടയുള്ളതിനാലാണ് ഈ നിരീക്ഷണം ശക്തമായി അവതരിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നത്. രണ്ട് സാമ്രാജ്യത്വങ്ങളെയും തമ്മിൽ താരതമ്യം ചെയ്യാനുള്ള സാധ്യതയുള്ളതിനാലാണ് ഇക്കാര്യം ഊന്നിപ്പറയുന്നത്.

ഇന്ന് സാമ്രാജ്യത്വം ഉണ്ട്, എന്നാൽ സാമ്രാജ്യങ്ങൾ ഇല്ല! പഴയ രൂപത്തിലുള്ള പ്രതിരോധങ്ങൾ സാധ്യമല്ല

അക്കാര്യം ഒന്നുകൂടി വിശദമാക്കട്ടെ. ശാരീരികമായ കീഴടക്കലിലൂടെയല്ല സാമ്രാജ്യത്വം ഇന്ന് പ്രവർത്തിക്കുന്നത്. ഇന്ന് സാമ്രാജ്യത്വം ഉണ്ട്, എന്നാൽ സാമ്രാജ്യങ്ങൾ ഇല്ല എന്നു വന്നിരിക്കുന്നു. ഈ വൈപരീത്യത്തെ നാം തിരിച്ചറിയണം. ഇന്നത്തെ ബലപ്രയോഗം സാംസ്‌കാരിക മേഖലയിലാണ് നടക്കുന്നത്. ബൗദ്ധികമായ, സാംസ്‌കാരികമായ അധിനിവേശത്തിലൂടെയാണ് പുത്തൻ സാമ്രാജ്യത്വം പ്രവർത്തിക്കുന്നത്.
ഈ വ്യത്യാസത്തിലൂടെവേണം ഇന്നത്തെ യാഥാർത്ഥ്യങ്ങളെ തിരിച്ചറിയാൻ.

അതായത്, അധിനിവേശവിരുദ്ധ പ്രതിരോധങ്ങളുടെ പാരമ്പര്യത്തെ നാം പുനർവായനക്കു വിധേയമാക്കേണ്ടതുണ്ടെന്നത് പ്രധാനകാര്യം. എന്നാൽ, അതിന്റെ ഇടർച്ചകളെ പരിഹരിക്കുകയും തുടർച്ചകളെ സ്വംശീകരിക്കുകയും ചെയ്യുമ്പോൾതന്നെ, പഴയ രൂപത്തിലുള്ള പ്രതിരോധങ്ങൾ ഇന്നത്തെ സാഹചര്യങ്ങളിൽ സാധ്യമല്ലെന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്.

ഇതു പ്രധാനപ്പെട്ട കാര്യമാണ്. സംസ്‌കാരം വ്യവസായമായി മാറിയ പുതിയ സാഹചര്യത്തിലാണ് നാം പ്രവർത്തിക്കുന്നത്. സംസ്‌കാരം ഒരു കച്ചവടച്ചരക്കായി മാറി. സംസ്‌കാരത്തിന്റെ ഭാഗമായ മതവും ഒരു കച്ചവടച്ചരക്കായി മാറി. മതാധ്യക്ഷന്മാർ കച്ചവടക്കാർകൂടിയായി മാറി. ഇങ്ങനെ എല്ലാ മാനുഷിക പ്രവർത്തനങ്ങളെയും ചരക്കാക്കി മാറ്റി, കച്ചവടച്ചരക്കാക്കി മാറ്റി. വിശ്വാസം ഇന്ന് വാണിജ്യവൽക്കരണത്തിനു വിധേയമായിരിക്കുന്നു. വിശ്വാസത്തെ മുതലെടുക്കുന്ന ഒരു വ്യവസായ സംസ്‌കാരം ഇന്നു രൂപപ്പെട്ടിട്ടുണ്ട്. ഇതാകട്ടെ വികൃതമായ ഒരാധുനികതക്കാണ് ജന്മം കൊടുക്കുന്നത്.

ഈ മാറ്റം വളരെ പ്രധാനമാണ്. എന്തുകൊണ്ടെന്നാൽ, ഈ മാറ്റങ്ങൾ മതവ്യവസ്ഥയിൽ സാംസ്‌കാരിക പ്രവർത്തനത്തിനുള്ള സാധ്യതകളും കൊണ്ടുവരുന്നു.

യുക്തിയുടെ കാഴ്ചപ്പാടുകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ബദൽ ആധുനികത രൂപം കൊള്ളേണ്ടതുണ്ട്. ഇതിനായി പുനർവായനക്കും പഠനത്തിനും വിധേയമാക്കേണ്ടതാണ് – വൈദ്യരുടെ കാവ്യപാരമ്പര്യത്തെയും അത് പ്രതിനിധീകരിക്കുന്ന സങ്കലിതമായ സാംസ്‌കാരിക ജീവിതത്തെയും.

(2008ൽ മഹാകവി മോയിൻകുട്ടി വൈദ്യർ മഹോത്‌സവത്തിൽ കൊണ്ടോട്ടിയിൽ നടത്തിയ വൈദ്യർ അനുസ്മരണ പ്രഭാഷണം അവസാനഭാഗം)

1921ന്റെ പാഠങ്ങൾ: ഒന്നാംഭാഗം ഇവിടെ വായിക്കാം:

1921ന്റെ പാഠങ്ങൾ: വൈദ്യർപാരമ്പര്യത്തെ വിസ്മരിച്ചത് മാപ്പിളജനതയെ കൊളോണിയൽ ആധുനികതയുടെ പങ്കുകാരാക്കി

Leave a Reply