Home » എഡിറ്റേഴ്സ് ചോയ്സ് » കലോത്സവം കഴിഞ്ഞ് കരയുന്ന കുഞ്ഞുങ്ങളേ, ഈ അമ്മയുടെ വാക്കുകൾ നിങ്ങളെയും വിജയികളാക്കും!

കലോത്സവം കഴിഞ്ഞ് കരയുന്ന കുഞ്ഞുങ്ങളേ, ഈ അമ്മയുടെ വാക്കുകൾ നിങ്ങളെയും വിജയികളാക്കും!

ഓരോ കലോത്സവവും ഒരിറ്റ് കണ്ണീരുകൂടി അവശേഷിപ്പിച്ചാണ് കൊടിയഴിക്കുന്നത്. ചായംതേച്ച കുരുന്നു മുഖങ്ങളില്‍ പരാജയത്തിന്‍റെ കണ്ണീരുപടരുന്നത് പ്രിയപ്പെട്ടവര്‍ക്ക് തിരിച്ചറിയാനാകും. 58-ാമത് സംസ്ഥാന കലാ കിരീടവും കോഴിക്കോട് മാറോട് ചേര്‍ക്കുമ്പോള്‍, ഒരു പതിറ്റാണ്ടുമുമ്പ് കോഴിക്കോട് നടന്ന കലോത്സവം ഓര്‍ത്തെടുക്കുകയാണ് ഒരമ്മ. നാടകമത്സരത്തില്‍ പരാജയം നുണഞ്ഞ് നിരാശയുടെ പടുകുഴിയില്‍ വീണ മകനെ, ജീവിതത്തിന്‍റെ വര്‍ണങ്ങളിലേക്ക് പറക്കാന്‍ പ്രേരിപ്പിച്ച ആ അമ്മയുടെ വാക്കുകള്‍ ഇന്നും പ്രസക്തമാണ്. ഒന്നാമതെത്തുന്നതുമാത്രമല്ല, പരാജയത്തില്‍നിന്ന് തിരിച്ചറിയുന്ന ജീവിതവീക്ഷണമാണ് കാലം കാത്തുവയ്ക്കുകയെന്നോർമിപ്പിക്കുന്നു, അനോന സറോ

ഏതാണ്ട് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലാ കലോത്സവ വേദിയുടെ ഏറ്റവും പിന്നില്‍ ഈ അമ്മയിരിക്കുന്നു. ഓഫീസില്‍നിന്ന് നേരേ വന്നുള്ള ഇരിപ്പാണ്. നാടകം കഴിയണം, മോനെയുംകൊണ്ട് വീട്ടില്‍ പോകണം.

നാല് നാടകം കഴിഞ്ഞു. ഇനിയാണ് അവരുടെ ഊഴം. ഗഹനമായ വിഷയം, വളരെ ലളിതമായ സ്റ്റേജ് സെറ്റിങ്സിലൂടെ നാടകം മുന്നേറുന്നു. ഓരോ ചലനത്തിലും വിസ്മയിപ്പിക്കുന്ന മികവ് പുലര്‍ത്തി കുട്ടികള്‍ തകര്‍ത്തഭിനയിക്കുന്നു. സൂചി കുത്താന്‍ ഇടമില്ലാത്ത ടൗണ്‍ഹാളില്‍ പൂര്‍ണ നിശ്ശബ്ദത…

ഒടുവിലെ രംഗത്തില്‍ കേന്ദ്ര കഥാപാത്രമായ എന്‍റെ എട്ടാംതരക്കാരന്‍ മാത്രം സ്റ്റേജില്‍. മരണത്തിലേക്ക് നടന്നടുക്കുന്ന ആ ജീവന്‍മരണ അഭിനയം കാണികളുടെ ഹൃദയത്തെ കൊത്തിവലിച്ചമ്മാനമാടുന്നു. ഈ അമ്മയുടെ സര്‍വകോശങ്ങളും ഓരോരോ തന്‍മാത്രകളായി ചിന്നി ചിതറിപ്പോയി.

കര്‍ട്ടന്‍ വീണു. ലൈറ്റുകള്‍ തെളിഞ്ഞു. ജനം എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി. നീണ്ടുനിന്ന ആ ഓരോ കൈയടിയും എന്നെ തടുത്തുകൂട്ടി, ഞാനായി എന്നെ പുനര്‍ജീവിപ്പിച്ചു.

സ്റ്റേജില്‍നിന്നിറങ്ങി ഉണ്ണിക്കുട്ടന്‍ എന്ന കഥാപാത്രം വരുമ്പോള്‍, അവന്‍ എല്ലാവരുടേയും കണ്ണിലുണ്ണിയായ്കഴിഞ്ഞിരുന്നു. ആശ്ലേഷിച്ചവര്‍, അനുമോദിച്ചവര്‍, അനുഗ്രഹിച്ചവര്‍… എല്ലാവരുടേയും സ്നേഹം നുകര്‍ന്ന് അവന്‍ എന്‍റെ അടുത്ത് വന്നിരുന്നു.

-“പോകാം കണ്ണാ”

-“വേണ്ട. നാടകങ്ങള്‍ കഴിയട്ടെ. വിധിപ്രഖ്യാപനം കഴിഞ്ഞിട്ട് പോകാം”

എല്ലാവരുടേയും പ്രതികരണം നല്‍കിയ ആത്മവിശ്വാസത്തില്‍ ടീം സമ്മാനം ഉറപ്പിച്ച് നില്‍ക്കുകയാണ്.

ആദ്യാവസാനംവരെ എല്ലാ നാടകവും കണ്ടു. വെളുപ്പിന് ഒരു മണിക്ക് പ്രഖ്യാപനം വന്നു. കാശ് നല്ലോണം മുടക്കി ഗംഭീര സ്റ്റേജ് സെറ്റിങ്സ് നടത്തി അവതരിപ്പിച്ച വേറൊരു മികച്ച നാടകത്തിനായിരുന്നു ഒന്നാം സ്ഥാനം.
അവന്‍ രുചിച്ച ആദ്യത്തെ കയ്പുനീരായിരുന്നു അത്…

വെളുപ്പിന് രണ്ടരയ്ക്ക് വീടെത്തുമ്പോള്‍ പിന്‍സീറ്റില്‍ കിടന്നുറങ്ങിയ അവനെ കഷ്ടപ്പെട്ടാണ് കട്ടിലിലേക്ക് എത്തിച്ചത്. എന്‍റെ ദിനചര്യ എന്നത്തേയുംപോലെ അഞ്ചര വെളുപ്പിനുതന്നെ തുടങ്ങി. പ്രാതല്‍, ഉച്ചഭക്ഷണം… എല്ലാം റെഡി. മോള്‍ കോളേജിലേക്കും അപ്പന്‍ എറണാകുളത്തേക്കും പോയി.

പത്തു മണി കഴിഞ്ഞിട്ടും ഉണ്ണി ഉറക്കംതന്നെ.

-“കണ്ണാ….”

അവന്‍ കണ്ണ് തുറന്നെന്നെ നോക്കി. മെര്‍ക്കുറി ലെവല്‍ താഴ്ന്ന് താഴ്ന്ന് അങ്ങ് പൂജ്യത്തിലേക്ക് കൂപ്പുകുത്തുന്ന നോട്ടം.

-“വാ… മമ്മ എടുക്കാം”

രണ്ട് കൈകള്‍ എനിക്ക് നേരേയുയര്‍ന്നു. കട്ടിലില്‍നിന്ന് കോരിയെടുത്ത് നിര്‍ത്തി, ഞാനവനെ ഒക്കത്തെടുത്തു. ചേമ്പിന്‍ തണ്ടുപോലെ ഇരുകൈകളും എന്‍റെ കഴുത്തില്‍ കോര്‍ത്ത്, ഇരുകാലുകള്‍ എന്‍റെ ശരീരത്തിന് ചുറ്റിലും പിണച്ചുവച്ച് അവനിരുന്നു. അടുക്കള പാതകത്തിന്‍റെ പുറത്ത് കൊണ്ടുവന്ന് അവനെ ഞാനിരുത്തി.

എന്നോളമെത്തിയ എന്‍റെ മകനെ അവസാനമായി ഞാന്‍ ഒക്കത്തെടുത്തു നടന്നതന്നായിരുന്നു. അപ്പോഴും എന്നെ കെട്ടിപ്പിടിച്ചവന്‍ ഇരുന്നു, ഞാനവനെ തഴുകിക്കൊണ്ടിരുന്നു.

കഥയിലെ നായകനായ മകൻ റെയ്മണ്ട് സറോ, ഭർത്താവ് ഫ്രാൻസിസ് സറോ എന്നിവർക്കൊപ്പം അനോന സറോ. റെയ്മണ്ട് സറോ ഇപ്പോള്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ വൈമാനികൻ.

-“കണ്ണാ,നിന്‍റെ മനസ്സ് മുറിഞ്ഞു വേദനിക്കുന്നല്ലേ?”

-“ഉം…”

-“എന്തിനാ കുഞ്ഞേ ഈ വേദന?”

മൗനം.

-“നന്നായി പ്രോക്ടീസ് ചെയ്തില്ല എന്ന കുറ്റബോധമുണ്ടോ?”

-“ഇല്ല…”

-“പിന്നെ?”

-“ഇത്ര നന്നായി ചെയ്തിട്ടും… അവന്‍ മുഴുമിപ്പിച്ചില്ല…”

-“ശരിയാണ്. നീയും നിന്‍റെ ടീമും നന്നായി ചെയ്തു. പക്ഷേ, സമ്മാനം കിട്ടിയ ടീമും മികച്ചത് തന്നെ. അതിന് ആശയത്തെക്കാളേറെ ആഖ്യാനഭംഗിയുണ്ടായിരുന്നു. നിങ്ങളുടെ നാടകത്തിന് കണ്ണിന് ഇമ്പമാകുന്ന സെറ്റിങ്സ് ആവശ്യമില്ലായിരുന്നു. അവര്‍ക്ക് അതുണ്ടായിരുന്നു.”

-“കല മനുഷ്യനെ സന്തോഷിപ്പിക്കാന്‍വേണ്ടി മാത്രമുള്ളതാണോ? ആശയ ആവിഷ്കാരത്തിനല്ലേ? അതിനല്ലേ മനുഷ്യനെ സംസ്കരിക്കാന്‍ പറ്റൂള്ളൂ? അതല്ലേ കല?”

ഞാന്‍ പകച്ചു? അവന്‍റെ ഉള്ളിലൂടെ നൂറായിരം ചോദ്യങ്ങള്‍ പായുന്നു…

-“കണ്ണാ, വിധികര്‍ത്താക്കള്‍ക്ക് തീര്‍പ്പിന് പല മാനദണ്ഡങ്ങളുണ്ടാവും. അതൊന്നും നമ്മള്‍ക്കറിയില്ല.
നാടകത്തിനുശേഷം കാണികള്‍ തന്ന കരഘോഷം നിനക്ക് ലഭിച്ച അനുമോദനങ്ങളാണ്. അതാണ് നിന്‍റെ സമ്മാനം, നിങ്ങള്‍ക്ക് ലഭിച്ച തീര്‍പ്പ്. കാണികളുടേയും നിങ്ങളുടേയും ഇടയില്‍ കലയുടെ ആവിഷ്കാരവും ആസ്വാദനവുമുണ്ടായിരുന്നു. ഇടത്തട്ടുകാരുടെ തീര്‍പ്പില്‍ മനസ്സെന്തിന് നുറുക്കി കൊല്ലണം….”

അവന്‍റെ കണ്ണുകളില്‍ പ്രകാശം…

-“വിജയവും തോല്‍വിയും നിശ്ചയിക്കുന്നത് നമ്മുടെ വിവേകബുദ്ധിയാണ്”

-“ഉം…”

-“ഒന്നാം സ്ഥാനം കിട്ടിയ ടീമിലെ കുട്ടികള്‍ ഇപ്പോള്‍ ആഹ്ളാദിക്കുന്നുണ്ടാവും.എന്നാല്‍ നീയോ? അതിന്‍റെ ഓരോ വശങ്ങളിലൂടെ ആഴങ്ങളിലേക്ക് ഇറങ്ങി വീണ്ടും സഞ്ചരിക്കുകയാണ്. ഈ അനുഭവത്തില്‍നിന്ന് നീ നേടുന്ന ഉള്‍ക്കാഴ്ചയും പക്വതയും വിജയികള്‍ നേടുന്നുണ്ടോ? തോല്‍വി ജീവിതം സമ്മാനിക്കുന്ന ഏറ്റവും മഹത്തായ വിജയമാണ് കണ്ണാ…ആ മുറിവിലൂടെയാ ജ്ഞാനം പുറത്ത് വരുന്നേ…നിരാശപ്പെട്ട് കുത്തിയിരിക്കുന്നവരാണ് യഥാര്‍ഥ പരാജിതര്‍. വേദനിക്കുമ്പോള്‍ വേദനയുടെ ആഴങ്ങളിലേക്ക് കൂടെ പോകുക. വിജയിക്ക് ലഭിക്കാത്ത പാരിതോഷികം അവിടെയുണ്ട്”

അവന്‍റെ കണ്ണില്‍ നൂറുമേനി വിളവിന്‍റെ ആനന്ദം.

ചാടിയെഴുന്നേറ്റ് കുളിച്ച് ഭക്ഷണം കഴിച്ചുവന്നു.

പിന്നെ അവനിഷ്ടമുള്ള മൈക്ക്ള്‍ ജാക്സനെ തുറന്നുവിട്ട് ഞങ്ങള്‍ തിമിര്‍ത്താടി…

ഡെയ്ഞ്ചറസ്സ്…. ഡൈയ്ഞ്ചറസ്സ്..

58-ാമത് സ്കൂള്‍ കലോത്സവം കൊടിയിറങ്ങുമ്പോള്‍, നോവുന്ന കുഞ്ഞുങ്ങളാവും അധികവും.
എല്ലാ കുഞ്ഞുങ്ങളുടെയും മികവിന് മുന്നില്‍ ഈ അമ്മയുടെ ഹൃദയ പ്രണാമം…

(അനോന സറോ ഐ സി ഡി എസ് സുപ്പര്‍വൈസറായി കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വിരമിച്ചു. മൂന്ന് പേരക്കുട്ടികളുടെ മുത്തശ്ശി. ഭര്‍ത്താവിനോടൊപ്പം അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ താമസം. കുറിപ്പിലെ മകന്‍ ഇപ്പോള്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ വിമാനങ്ങള്‍ പറത്തുന്ന ട്രെയിനി)

Leave a Reply