ജി. അരവിന്ദന്റെ ‘തമ്പ്’ ചലച്ചിത്രം പുറത്തിറങ്ങിയിട്ട് നാൽപ്പത് വർഷമാകുന്നു. ചിത്രീകരണം നടന്ന കുറ്റിപ്പുറം പാലത്തിനുതാഴെ മണല്‍പ്പരപ്പിലെത്തുകയാണ് ആ ചലച്ചിത്രസംഘത്തിൽ ബാക്കിയായവർ. മനുഷ്യന്റെ സാംസ്കാരിക ശൂന്യതയ്ക്കുമുമ്പില്‍ അടിയറവ് പറഞ്ഞ നിളയെ വീണ്ടെടുക്കാൻകൂടിയാവട്ടെ ആ സംഗമമെന്ന് പ്രത്യാശിക്കുന്നു, രാജു വിളയിൽ
അരവിന്ദന്റെ തമ്പ് എന്ന സിനിമ കണ്ടതെന്നാണെന്ന് ഓര്‍മയില്ല. ഒരു രംഗം മാത്രം വിങ്ങലായി കൂടെയുണ്ട്.
സര്‍ക്കസിന്റെ മുതലാളിയും (ഭരത് ഗോപി) കലാകാരന്മാരുമെല്ലാം പ്രദര്‍ശനം കഴിഞ്ഞ് തമ്പിനുള്ളില്‍ ഇരിക്കുകയാണ്. മദ്യത്തിന്റെ ലഹരിയില്‍ മുതലാളി ഒരു കലാകാരിയോട് പാടാന്‍ ആവശ്യപ്പെടുന്നു. ഘനീഭവിച്ച നിസ്സംഗതയില്‍ അവള് പാടുന്നു.
പാട്ട് പുരോഗമിക്കുമ്പോള്‍ പ്രായംചെന്ന ഒരാള്‍ ഇരിപ്പിടത്തില്‍നിന്നെഴുന്നേറ്റ് ആടാന്‍ തുടങ്ങി. സങ്കടം വഴിഞ്ഞൊഴുകുന്ന ആ പാട്ടിന് എന്തിനാണയാള്‍ ചുവടുവയ്ക്കുന്നത്? സര്‍ക്കസിലെ കോമാളിയാണെങ്കിലും?
തന്റെ മുന്നില്‍നിന്ന് ഇടറുന്ന കാലുകളുമായി ചുവടുവയ്ക്കുന്ന ആ വൃദ്ധനെ കൈവീശി ആഞ്ഞടിക്കുന്ന മുതലാളിയും തെറിച്ചുവീഴുന്ന കോമാളിയും. നിമിഷങ്ങള്‍ നീങ്ങാന്‍ മടിച്ച നിശബ്ദതയില്‍ പിന്നെ, വായില്‍നിന്ന് ഒലിച്ചിറങ്ങുന്ന ചോരയുമായി അയാള്‍ പറയുന്നു: ഞാന്‍ കൃഷ്ണന്, തലശേരിക്കാരന്. എട്ടാം വയസില്‍ തമ്പിലെത്തി. കുടുംബം പോറ്റാന്‍വേണ്ടി….
ആ രംഗം ഒരു ബലികര്മത്തിലേക്ക് കട്ട് ചെയ്യുന്നതോടെ മനസ്സ് വീര്‍പ്പുമുട്ടി. ഇപ്പോഴും ആ വീര്‍പ്പുമുട്ടല്‍ ഒഴിയാബാധയായി കൂടെയുണ്ട്. ജീവിതത്തിലിന്നുവരെ സര്‍ക്കസ് കാണണമെന്ന് തോന്നാത്തത് അതുകൊണ്ടായിരിക്കുമോ?
തമ്പ് ഇറങ്ങിയിട്ട് 40 വര്‍ഷമാകുന്നു. കുറ്റിപ്പുറം പാലത്തിനുകീഴിലൂടെ എത്രയോ വെള്ളം ഒഴുകിപ്പോയി. തിരുന്നാവായ മണപ്പുറത്തെ ആ തമ്പിലെയും അതിനുള്ളിലെ ജീവിതത്തിനും ഇപ്പോള്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ?
ഒരു ഡോക്യുമെന്ററിയുടെ ചിട്ടവട്ടങ്ങളോടെയാണ് അരവിന്ദന് തമ്പ് ചിത്രീകരിച്ചത്. കുറ്റിപ്പുറം പാലം കടന്ന്, കഴിഞ്ഞ രാത്രിയിലെ പ്രകടനത്തിന്റെ ക്ഷീണവുമായി ഇരുന്നും കിടന്നും ട്രക്കില്‍ വരുന്ന സര്‍ക്കസ് സംഘം. അതില്‍ കുട്ടികളും സ്ത്രീകളുമുണ്ട്. ആടും കുരങ്ങുമുണ്ട്. നാട്ടുകാരുടെ കൗതുകത്തിനുമേല് നിളയുടെ വിശാലമായ മണപ്പുറത്ത് ടെന്റുയരുന്നു. നിറഞ്ഞ കാണികള്‍ക്കുമുമ്പില്‍ ഗ്രേറ്റ് ചിത്രാ സര്‍ക്കസ് ആരംഭിക്കുന്നു.
സര്‍ക്കസ് കാണുന്ന പ്രതീതി പ്രേക്ഷകര്‍ക്കും പകരുന്നതാണ് അവതരണം. യഥാര്‍ഥ കലാകാരന്മാര്തന്നെയാണ് റിങ്ങില്‍. കാണികളുടെ മുഖഭാവങ്ങളില്‍നിന്ന് അവരതെത്രമാത്രം ആസ്വദിക്കുന്നുണ്ടെന്ന് വ്യക്തം. പ്രദര്‍ശനം കണ്ട് സംതൃപ്തിയോടെ കാണികള്‍ മടങ്ങുന്നു.
എന്നാല്‍ കാണികളുടെ ആ നിറവോ ആരവമോ തമ്പിലെ ജീവിതത്തിനില്ല. കുട്ടികള്‍ക്ക് കഞ്ഞിയൊഴിച്ചുകൊടുക്കുമ്പോള് അതിലെ വെള്ളം ഊറ്റിക്കളഞ്ഞ് വറ്റ് വാരിത്തിന്നുന്നത് നിസ്സഹായതയോടെ നോക്കിനില്ക്കുന്ന അമ്മ ടെന്റിലെ ജീവിതം പറയും. കുട്ടികള്‍ക്കടക്കമുള്ള ഒഴിവുസമയത്തെ പരിശീലനവും ആ ജീവിതത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നു.
അടുത്ത ദിവസം കാണികള്‍ കുറയുന്നു. ഗ്രാമത്തില്‍ ഒരു ഉത്സവംകൂടി എത്തിയതോടെ അത് തീരെയില്ലാതായി. മറ്റൊരു തീരം തേടി പോകാറായി എന്ന് അവര്‍ക്കെല്ലാമറിയാം. ഉത്സവപ്പറമ്പില്നിന്നുള്ള വെടിക്കെട്ടില്‍ ആകാശത്ത് പൊട്ടിവിരിയുന്ന വര്ണപ്പൂക്കളം കാണാന്‍ അവരും ടെന്റിനു പുറത്തിറങ്ങുന്നുണ്ട്. ആ വര്‍ണങ്ങള്‍ അവരുടെ മുഖത്ത് കരിനിഴലാണ് വീഴ്ത്തുന്നത്.
അനിവാര്യമായ തിരിച്ചുപോക്കില്‍ സിനിമ അവസാനിക്കുന്നു. പോകുമ്പോള്‍ ആ ട്രക്കില്‍ കയറാന്‍ ഗ്രാമത്തില്‍നിന്ന് ഒരാള്‍കൂടിയുണ്ടെന്ന വ്യത്യാസം മാത്രം.
തെരുവ് സര്‍ക്കസ് കൂടാരത്തിനകത്തെ വര്‍ണങ്ങളില്ലാത്ത ജീവിതത്തിന്റെ നിസ്സംഗഭാവം പ്രേക്ഷകരിലേക്കും സന്നിവേശിക്കുന്ന തമ്പ് 1978-ലാണ് പുറത്തിറങ്ങുന്നത്. 1977 നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ ഭാരതപ്പുഴയുടെ തീരത്തായിരുന്നു ചിത്രീകരണം. സര്‍ക്കസ് കൂടാരവും യഥാര്‍ഥ സര്‍ക്കസുകാരെയും കണ്ട് നാട്ടുകാരെല്ലാം സര്‍ക്കസ് കാണാന്‍ ചെന്നിരുന്നു. അതുകൊണ്ടുകൂടിയാണ് ആ രംഗങ്ങള്‍ക്ക് അത്രമാത്രം സ്വാഭാവികത വന്നുചേര്‍ന്നത്.
നെടുമുടി വേണുവിന്റെ ആദ്യചിത്രമായിരുന്നു തമ്പ്, ജലജയുടെയും. കൊടിയേറ്റം കഴിഞ്ഞ് ഗോപി രണ്ടാമതായി അഭിനയിച്ചതും തമ്പിലായിരുന്നു. ശ്രീരാമനും തമ്പിലൂടെ വെള്ളിത്തിരയിലെത്തി.
40 വര്‍ഷങ്ങള്‍ തിരുന്നാവായക്കും ഭാരതപ്പുഴയ്ക്കും എന്തൊക്കെ മാറ്റങ്ങള്‍ വരുത്തി? തെളിനീരായി നിറഞ്ഞൊഴുകിയിരുന്ന നിള മണല്‍പ്പരപ്പായി കാടുമൂടിക്കിടക്കുന്നു. ഈ നാല് പതിറ്റാണ്ട് മലയാളത്തിന്റെ സാംസ്കാരിക മുദ്രയായ ഭാരതപ്പുഴ മനുഷ്യന്റെ സാംസ്കാരിക ശൂന്യതയ്ക്കുമുമ്പില്‍ അടിയറവ് പറഞ്ഞ കാലയളവുകൂടിയാണ്.
സംസ്കൃതിയുടെ ആ നിറവിന്റെ ഓര്‍മയില്‍, തമ്പിന്റെ കാലം ഓര്‍ത്തെടുക്കാന്‍, തമ്പില്‍ ബാക്കിയായവര്‍ ഒരിയ്ക്കല്‍കൂടി ഈ മണല്‍പ്പരപ്പിലെത്തുകയാണ്. അനുഗ്രഹമായി അരവിന്ദന്റെ മൗനമുണ്ടാകും, ഗോപിയുടെ നിറഞ്ഞ ഓര്‍മകളും.
പുഴയെ രക്ഷിക്കാനൊരു വഴിതേടലാകും ആ കൂട്ടായ്മ. മാര്‍ച്ചില്‍ നെടുമുടി വേണുവിന്റെയും വി കെ ശ്രീരാമന്റെയും നേതൃത്വത്തില്‍ അന്നത്തെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഒന്നിച്ചിരിക്കുമ്പോള്‍ തിരുന്നാവായ മണലിറമ്പിനെ നിള ഒരു കുളിര്‍തെന്നലായി തലോടും.