Home » എഡിറ്റേഴ്സ് ചോയ്സ് » സൂഫീപഥങ്ങളില്‍: പ്രവാചകചര്യയുടെ നന്മകളെ കാത്തുസൂക്ഷിക്കാന്‍ എല്ലാം ത്യജിച്ചിറങ്ങുന്നവര്‍
സയ്യിദ് മുഹമ്മദ് ആരിഫുദ്ദീന്‍ ജീലാനി കൊണ്ടോട്ടി സന്ദർശിച്ചപ്പോൾ (ചിത്രം: ബിജു ഇബ്രാഹിം)

സൂഫീപഥങ്ങളില്‍: പ്രവാചകചര്യയുടെ നന്മകളെ കാത്തുസൂക്ഷിക്കാന്‍ എല്ലാം ത്യജിച്ചിറങ്ങുന്നവര്‍

“നിങ്ങള്‍ക്ക് ഭൗതികജീവിത സൗഖ്യത്തിനുള്ള സമ്മാനങ്ങളാണ് അള്ളാഹുവില്‍നിന്ന് വേണ്ടതെങ്കില്‍ അതാവശ്യപ്പെടാം. അപ്പോള്‍ അള്ളാഹുവിന്‍റെ ഔലിയാക്കന്മാര്‍ നിങ്ങളെ തുപ്പുന്നു. ആ തുപ്പല്‍കൊണ്ട് കേവല ഭൗതിക സുഖങ്ങളും നിങ്ങള്‍ക്ക് അനുഗ്രഹമായി ലഭിക്കും. എന്നാല്‍ നിങ്ങള്‍ക്ക് അതാണോ വേണ്ടത്? അതോ പ്രപഞ്ചനാഥനെ സംബന്ധിച്ച പരമജ്ഞാനമാണോ?”
പി പി ഷാനവാസ് യാത്രയെഴുത്ത് തുടരുന്നു. അള്ളാഹുവും പ്രവാചകനും നമ്മുടെ ഹൃദയത്തിലെ യാഥാര്‍ത്ഥ്യങ്ങളാണെന്ന അറിവുപകര്‍ന്ന അജ്‌മീര്‍ ദിനരാത്രങ്ങളിലെ അനുഭവങ്ങളിലൂടെ

മൂന്നുദിവസത്തെ ഷെയ്ഖിന്‍റെയും ഖലീഫമാരുടെയും തഅ്ലീമുകള്‍ക്കു (അധ്യാപനം) ശേഷമേ, ദര്‍ഗാ സിയാറത്ത് അനുവദിക്കൂ എന്നാണ് സംഘത്തിന്‍റെ നിഷ്കര്‍ഷ. അതിനാല്‍ ആരിഫുദ്ദീന്‍ ഷെയ്ഖിനുവേണ്ടി ഞങ്ങള്‍ ലോഡ്ജ് മുറിയില്‍ കാത്തിരുന്നു.

അദ്ദേഹവും പരിവാരവും വന്നു. അനാസാഗര്‍ തടാകത്തിനരികെയുള്ള വാടകക്കെട്ടിടത്തിലെ ഹാളില്‍ ഹൈദരാബാദികളും മലയാളികളും തമിഴന്മാരും ഇന്തോനേഷ്യ-മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുമുള്ള ശിഷ്യഗണവുമൊത്തുള്ള പ്രഭാഷണ സദസ്സ് തുടങ്ങി.

വിചിത്രവും സങ്കീര്‍ണവുമായ ശൈലിയിലാണ് ഈ പ്രഭാഷണങ്ങള്‍. ഹൈദരാബാദിലെ സയ്യിദ് അഹമ്മദ് മുഹിയുദ്ദീൻ നൂരിഷാ ജീലാനിയുടെ സൂഫി പ്രസ്ഥാനത്തിന്‍റെ പിന്തുടര്‍ച്ചക്കാരായ ഇവരുടെ ചില്ലകളില്‍, ഹൈദരാബാദില്‍ ചെന്ന് രണ്ടുതവണ പങ്കെടുത്തതുകൊണ്ട് ഈ ശൈലി എനിക്ക് പരിചയമായിരുന്നു.

ഇസ്ലാമിക ചരിത്രം ചരിത്രബോധമില്ലാതെ പഠിച്ചുശീലിച്ചവർക്ക് ഇതെല്ലാം വലിയ ആറ്റംബോംബുകളായിത്തീരും

യഥാര്‍ത്ഥത്തില്‍ ഖ്വാദിരി-ചിഷ്തി ത്വരീഖത്ത് സൂഫീ പ്രസ്ഥാനത്തിന്‍റെ ഈ ബന്ധുസംഘത്തോടൊപ്പം അലയാന്‍ തുടങ്ങിയിട്ട് കുറേ നാളുകളായി. രണ്ടാമത്തെ തവണ പ്രവാചകന്‍റെ ജന്മദിനത്തില്‍ ആരിഫുദ്ദീന്‍ തങ്ങളുടെ നേതൃത്വത്തില്‍ അവിടെ ഒത്തുകൂടിയ നാളുകളിലാണ്, അള്ളാഹുവും പ്രവാചകനും നമ്മുടെ ഹൃദയത്തിലെ യാഥാര്‍ത്ഥ്യങ്ങളാണ് എന്ന അറിവ് ഉള്ളുറപ്പോടെ അദ്ദേഹം പറയുന്നതുകേട്ടത്. അത് നമ്മുടെ ഉള്ളില്‍ തന്നെയുള്ള സത്തയുടെ സ്വരൂപങ്ങളാണ് എന്ന അറിവ് യാഥാസ്ഥിതികരായ ഉലമാക്കളെ ചൊടിപ്പിക്കുന്നതാണ്. ഇസ്ലാമിക ചരിത്രം ഒരു ചരിത്രബോധവുമില്ലാതെ പഠിച്ചുശീലിച്ച സമുദായത്തിനും സമൂഹത്തിനും ഇതെല്ലാം വലിയ ആറ്റംബോംബുകളായിത്തീരും.

എന്നാല്‍ വായനയിലൂടെയും മറ്റ് അന്വേഷണങ്ങളിലൂടെയും ഇത്തരം അറിവാണ് എന്‍റെ മതത്തിന്‍റെ ആത്യന്തികാടിസ്ഥാനങ്ങള്‍ എന്ന തിരിച്ചറിവ് എനിക്ക് ലഭിച്ചിരുന്നു. അതിനാല്‍ പുലിമുഖത്തുനിന്ന് ആ സത്യം അറിയാനുള്ള അവസരമായേ ഇപ്പോഴത്തെ കൂടിച്ചേരലുകളെ ഞാന്‍ കണ്ടുള്ളൂ.

അജ്‌മീറിലെ അനാസാഗർ തടാകം

അവിടെവെച്ചാണ് സൂഫികള്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകചര്യയുടെ ആദ്യകാല നന്മകളെ കാത്തുസൂക്ഷിക്കാന്‍ എല്ലാം ത്യജിച്ചിറങ്ങുന്നവരാണ് എന്ന സത്യം ഞാനറിഞ്ഞത്. സ്വന്തം മതത്തിന്‍റെ ഉറവിടത്തിലേക്കു മടങ്ങിപ്പോകല്‍. പഴഞ്ചന്മാരും ഭ്രാന്തന്മാരുമെന്ന് അവരെ നമുക്കു പരിഹസിക്കാമെങ്കിലും, സ്വന്തം ജീവിതത്തെത്തന്നെ ബലിയാക്കുന്നതിലൂടെ മതത്തിന്‍റെ യഥാര്‍ത്ഥവും ആദിയുമായ സ്രോതസ്സുകളാണ് സൂഫിപ്രസ്ഥാനങ്ങള്‍ കാത്തുസൂക്ഷിക്കുന്നത്. പ്രവാചകജീവിതത്തിന്‍റെ പുനര്‍നാടകീകരണം എന്നു വിശേഷിപ്പിക്കാം. ഇങ്ങിനെ ആദിയിലെ നിഷ്കളങ്കതയും അധികാരരാഹിത്യവും ആചരിച്ച്, ജീവിതംതന്നെ നിര്‍മലവും ത്യാഗപൂര്‍ണവുമാക്കി മാറ്റാനുള്ള പരിശീലനമാണ് യഥാര്‍ത്ഥത്തില്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ എന്നതിന്‍റെ നേരിട്ടുള്ള ബോധ്യങ്ങളായിരുന്നു സന്തോഷം തുളുമ്പിനിന്ന ഹൈദരാബാദിലെ ചാന്ദ്നഗറിലെ ആ ദിനങ്ങള്‍.

ജീവിച്ചിരിക്കെത്തന്നെ ദൈവാസ്തിത്വത്തെ അറിഞ്ഞവർ; ഖബറിടം അവർ എത്തിച്ചേർന്ന ആത്മീയാവസ്ഥയുടെ മഖാം

പ്രഭാഷണങ്ങളും അന്നദാനവുംകൊണ്ട് മുഖരിതമായ അജ്‌മീറിലെ ദിനങ്ങളിലേക്കു വരാം. എങ്ങിനെയാണ് ഖ്വാജയുടെ കബറിടം സന്ദര്‍ശിക്കേണ്ടത് എന്നതാണ് വിഷയം. അജ്‌മീര്‍, വിലായത്ത് നല്‍കുന്ന സ്ഥലമാണ്. ജ്ഞാനരഹസ്യം നല്‍കുന്ന ഗുരുപരമ്പരയില്‍ പ്രധാനിയെയാണ് സന്ദര്‍ശിക്കാന്‍ പോകുന്നത്. ദൈവത്തില്‍ പങ്കുകാരെ ചേര്‍ക്കാനുള്ള ഷിര്‍ക്കിന്‍റെ പ്രലോഭനങ്ങളെ മറികടന്നുവേണം ഖബര്‍ സിയാറത്ത് നടത്താന്‍. അതായത് അള്ളാഹുവിനുമേല്‍ മറ്റു ശക്തികളെയോ വ്യക്തികളെയോ, പ്രവാചകനെത്തന്നെയോ പങ്കുചേര്‍ക്കുന്നത് ഇസ്ലാമിക വിശ്വാസപ്രകാരം നരകാര്‍ഹമായ പാതകമാണ്. ഇസ്ലാമിന്‍റെ അടിസ്ഥാനശിലയായ ഏകദൈവ വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കുന്നതിന് തുല്യമാണത്. എന്നാല്‍ ദൈവവുമായി ചങ്ങാത്തം പുലര്‍ത്തുന്ന ജ്ഞാനികളുമായുള്ള സമ്പര്‍ക്കത്തിലൂടെ അള്ളാഹുവെക്കുറിച്ചുള്ള ജ്ഞാനം പകര്‍ന്നുകിട്ടും. ആലമുല്‍ ഹഖിനെക്കുറിച്ചുള്ള അറിവും അനുഭവവും. യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ഈ പരമജ്ഞാനാവസ്ഥയെ ആഗ്രഹിച്ചും അപേക്ഷിച്ചും വേണം ഖ്വാജയുടെ ഖബറിടം സന്ദര്‍ശിക്കാന്‍. ഇതായിരുന്നു ഭാഷണങ്ങളിലെ ഉള്ളടക്കം.

ജീവിച്ചിരിക്കുമ്പോള്‍തന്നെ ദൈവാസ്തിത്വത്തെ അറിഞ്ഞ ജ്ഞാനികളുടെ ഖബറിടം അവര്‍ എത്തിച്ചേര്‍ന്ന ആത്മീയാവസ്ഥയുടെ മഖാം ആണ്. അതുകൊണ്ട് സൂഫിസം, ജ്ഞാനികളുടെ ആത്മാവ് എത്തിച്ചേര്‍ന്ന മഖാം, തുടര്‍ന്നും നിലനില്‍ക്കുന്നിടമായാണ്, അവരുടെ കബറിടത്തെ കാണുന്നത്. സൂഫിജ്ഞാനികളുടെ ഇത്തരം മഖാമുകള്‍ അവര്‍ കൈവരിച്ച ഭൗതിക സിദ്ധികളുടെ സ്രോതസ്സായും തുടരുന്നു. സാധാരണ ഭക്തന്‍റെ ഭൗതികാവശ്യങ്ങളും ഇവിടങ്ങളില്‍ പ്രാര്‍ത്ഥനകളാല്‍ സഫലീകരിക്കപ്പെടുന്നു. എന്നാല്‍ സൂഫീ ജ്ഞാനത്തിന്‍റെ വഴിതേടിയിറങ്ങിയ മുരീദിനെ സംബന്ധിച്ചിടത്തോളം തന്‍റെ ഗുരുപരമ്പരകളുടെ മഖാമില്‍നിന്ന് ഭൗതികതയല്ല അയാള്‍ അര്‍ത്ഥിക്കുന്നത്. മറിച്ച് പരമമായ ജ്ഞാനം തന്നെ.

അള്ളാഹുവിനെക്കുറിച്ചുള്ള ശരിയായ ബോധ്യവും അറിവും അനുഭവവും. ഇതാണ് നാം ഖ്വാജയുടെ പരമ്പരയുടെ അവകാശികള്‍ എന്ന നിലയില്‍ ദര്‍ഗാ സന്ദര്‍ശനത്തിലൂടെ കാംക്ഷിക്കേണ്ടത്. ജാനഷീര്‍ (അടുത്ത സ്ഥാനീയന്‍) പദവിയിലിരിക്കുന്ന ചെറുപ്പക്കാരനായ സയ്യിദ് അഹമ്മദ് മുഹിയുദ്ദീന്‍ നൂരിപാഷ ഭംഗിയായ ഉറുദുവില്‍ പ്രസംഗിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്‍റെ പിതാവ് ആരിഫുദ്ദീന്‍ ജീലാനിയാണ് ഇപ്പോള്‍ സ്ഥാനത്ത്. അസുഖബാധിതനായതിനാല്‍ പ്രഭാഷണസമയം വെട്ടിച്ചുരുക്കി, സാന്നിധ്യം കൊണ്ട് സദസ്സിനെ ആശിര്‍വദിക്കാന്‍ അദ്ദേഹവുമുണ്ട്. സില്‍സിലയിലെ (പരമ്പരയിലെ) ഖലീഫമാരുടെ ഹസ്തദാനം സ്വീകരിച്ച് അവരുടെ പ്രഭാഷണങ്ങള്‍ അദ്ദേഹം സാകൂതം വീക്ഷിച്ചിരിക്കും. ഒടുവില്‍ അദ്ദേഹത്തിന്‍റെ ഹ്രസ്വമായ പ്രസംഗത്തോടെ അന്നത്തെ സദ് സംഗമത്തിനു സമാപ്തി. ആ പ്രസംഗങ്ങളിലൊന്നില്‍ അദ്ദേഹം ഇങ്ങിനെ ഉപസംഹരിച്ചു:

അള്ളാഹുവിനെത്തന്നെ സ്വന്തം ഹൃദയത്തില്‍ കണ്ടുകഴിഞ്ഞാല്‍ ഭൗതികസുഖങ്ങള്‍ക്ക് എന്തർത്ഥം!

“നിങ്ങള്‍ക്ക് ഭൗതികജീവിതസൗഖ്യത്തിനുള്ള സമ്മാനങ്ങളാണ് അള്ളാഹുവില്‍നിന്ന് വേണ്ടതെങ്കില്‍ അതാവശ്യപ്പെടാം. അപ്പോള്‍ അള്ളാഹുവിന്‍റെ ഔലിയാക്കന്മാര്‍ നിങ്ങളെ തുപ്പുന്നു. ആ തുപ്പല്‍ കൊണ്ട് കേവല ഭൗതിക സുഖങ്ങളും നിങ്ങള്‍ക്ക് അനുഗ്രഹമായി ലഭിക്കും. എന്നാല്‍ നിങ്ങള്‍ക്ക് അതാണോ വേണ്ടത്? അതോ പ്രപഞ്ചനാഥനെ സംബന്ധിച്ച പരമജ്ഞാനമാണോ?”

“ആ കാംക്ഷയുമായി ദര്‍ഗാ ഷരീഫില്‍ ചെല്ലുമ്പോള്‍, നിങ്ങളുടെ ഗുരുവര്യനും പിതാമഹനുമായ ഖ്വാജ ഏറെ സന്തുഷ്ടനാകും. അദ്ദേഹത്തിന്‍റെ മഖാമില്‍ നിന്ന് നിങ്ങള്‍ക്ക് ആ അനുഗ്രഹം സ്വീകരിച്ചു മടങ്ങാം. അജ്‌മീര്‍ ദര്‍ഗ സാധാരണ സ്ഥലം പോലെയല്ല, ഇന്ത്യയിലെ റൗളാ ഷരീഫ് (പ്രവാചകന്‍റെ മദീനയിലെ കബറിടം) പോലെതന്നെയാണ് . തന്‍റെ മുരീദുകളായി (ശിഷ്യന്മാര്‍) സ്വീകരിച്ച് ഖ്വാജ വിലായത്തു പകര്‍ന്നു കൊടുക്കുന്ന സ്ഥലമാണ്. ജ്ഞാനത്തിന്‍റെ ആ ദീക്ഷയാണോ വേണ്ടത്, അതോ അവര്‍ തുപ്പിക്കളയുന്ന ഭൗതിക സുഖങ്ങളാണോ നിങ്ങളുടെ ലക്ഷ്യം എന്നാണു ചിന്തിക്കേണ്ടത്. അള്ളാഹുവിനെത്തന്നെ നിങ്ങളുടെ ഹൃദയത്തില്‍ കണ്ടുകഴിഞ്ഞാല്‍ പിന്നെ അവന്‍ പ്രദാനം ചെയ്യുന്ന ഭൗതികസുഖങ്ങള്‍ പ്രധാനമാണോ? പിന്നെ ഭൗതികതയ്ക്ക് എന്ത് അര്‍ത്ഥമാണുള്ളത്?”

അന്ന് കൃഷ്ണാഷ്ടമിയായിരുന്നു. എല്ലാവരും പ്രഭാത പ്രാര്‍ഥന കഴിഞ്ഞ് ഷെയ്ഖിന്‍റെ നേതൃത്വത്തില്‍ കൂട്ടമായി ദര്‍ഗാ സന്ദര്‍ശനം നടത്താനാണ് പരിപാടി. ഞാന്‍ കൂട്ടം പിരിഞ്ഞ് മഖാം ഷരീഫിനുള്ളിലെ അക്ബര്‍ മസ്ജിദില്‍ പോയി പ്രഭാതനമസ്കാരം നടത്തി. അനന്തവിഹായസ്സിലേക്ക് തുറന്നിട്ട ലളിതവും മനോഹരവുമായ ആ വാസ്തുശില്‍പ്പ വിസ്മയം അക്ബര്‍ ചക്രവര്‍ത്തി അദ്ദേഹത്തിന്‍റെ കാലത്തു നിര്‍മിച്ചുനല്‍കിയതാണ്. അക്ബര്‍ അജ്‌മീറിലേക്ക് ദില്ലിയില്‍നിന്ന് കാല്‍നടയായി വന്ന് സിയാറത്ത് നടത്തിയ ചരിത്രമുണ്ട്. അതിനുശേഷം നിര്‍മിച്ചതാകണം ആ പള്ളി.

ചിഷ്തിയ പ്രസ്ഥാനം അധികാരത്തോട് കണിശമായ അകലം പാലിച്ചു; വിശ്വാസവിശുദ്ധിയെ കാത്തുസൂക്ഷിച്ചു

അക്ബറുടെ കാലത്തോടെ യഥാര്‍ത്ഥത്തില്‍ ചിഷ്തിയ സൂഫി പ്രസ്ഥാനം പതുക്കെ ഭരണകൂടം സ്വാംശീകരിച്ച സ്ഥിതിയിലെത്തി എന്നൊരഭിപ്രായവുമുണ്ട്. സുല്‍ത്താനേറ്റുകളുടെയും മുസ്ലിം രാജാക്കന്മാരുടെയും പടയോട്ടങ്ങള്‍ക്കും പിടിച്ചെടുക്കലുകള്‍ക്കും ഇടയില്‍, അതില്‍നിന്നെല്ലാം ദൂരെ മാറി, അധികാരത്തോട് കണിശമായി അകലം പാലിച്ചുപോന്നിരുന്ന ചിഷ്തിയ പ്രസ്ഥാനം, ഇന്ത്യയില്‍ ഇസ്ലാമിക വിശ്വാസത്തെ അതിന്‍റെ വിശ്വാസപരമായ നിഷ്കളങ്കതയില്‍ കാത്തുസൂക്ഷിക്കുകയാണു ചെയ്തത്.

മുഹമ്മദ് ഗസ്നിയുടെയും മുഹമ്മദ് ഗോറിയുടെയും സുല്‍ത്താനേറ്റുകളുടെയും കാലത്തെല്ലാം അധികാരവുമായി നിശ്ചിത അകലം സൂക്ഷിച്ചുകൊണ്ടാണ് ഇന്ത്യയില്‍ ചിഷ്തിയ സൂഫി പ്രസ്ഥാനം വളര്‍ന്നുവന്നത്. സര്‍ക്കാര്‍ ചുമതലകളില്‍നിന്നും ജോലിയില്‍നിന്നുപോലും വിട്ടു നില്‍ക്കണം എന്നത് ദില്ലിക്കടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഹസ്രത്ത് നിസാമുദ്ദിന്‍റെ ശിഷ്യന്മാരായി ദീക്ഷ ലഭിക്കുന്നതിനുള്ള ഉപാധികളിലൊന്നായിരുന്നു. ഖുറാസാനില്‍ നിന്ന് അജ്‌മീറില്‍ എത്തി ഇന്ത്യയില്‍ ചിഷ്തിയ സൂഫിസത്തിനു വിത്തിട്ട മൊയ്നുദ്ദീന്‍ ഹസന്‍ ഖ്വാജാ അജ്‌മീരി മുതല്‍ അദ്ദേഹത്തിന്‍റെ ശിഷ്യപരമ്പരയിലെ ഹസ്രത്ത് നിസാമുദ്ദീന്‍റെ കാലം വരെയെങ്കിലും ചിഷ്തിയ പ്രസ്ഥാനം അധികാരത്തോട് കണിശമായ അകലം പാലിച്ചുകൊണ്ട് വിശ്വാസവിശുദ്ധിയെ കാത്തു സൂക്ഷിച്ചു. മുഗള്‍ കാലഘട്ടത്തോടെ ചിഷ്തിയ പ്രസ്ഥാനത്തെ പതുക്കെ ഭരണകൂടം സ്വാംശീകരിക്കുകയും അത് മുഗള്‍ ഭരണകൂടത്തിന്‍റെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി പരിണമിക്കുകയും ചെയ്തു. ഫത്തേപൂര്‍ സിക്രിയില്‍ ശവകുടീരം സ്ഥിതിചെയ്യുന്ന ചിഷ്തിയ പരമ്പരയില്‍പെട്ട സലീം ചിഷ്തി, അക്ബറിന്‍റെ രാജഗുരുവായിത്തീരുന്നത് അങ്ങിനെയാകണം.

ഇന്ത്യയിലെ സുഹ്രവര്‍ദി സൂഫി പ്രസ്ഥാനങ്ങളും നക്ഷബന്ധി സൂഫിസവുമെല്ലാം ഇപ്രകാരം സുല്‍ത്താനേറ്റുകളെയും രാജഭരണാധികാരികളെയും തങ്ങളുടെ അന്നദാതാക്കളായി കണ്ട് പരിഗണിക്കുകയും ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തപ്പോള്‍, ചിഷ്തിയ സൂഫിസമാണ് ഭരണകൂടത്തിന് പിടികൊടുക്കാതെ, രാഷ്ട്രീയ രൂപീകരണങ്ങളോട് നിശബ്ദമായി കലഹിച്ചുകൊണ്ടുള്ള ആത്മീയപ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോയത്. ഖ്വാജാ മൊയ്നുദ്ദീന്‍ ചിഷ്തിയുടെ അടിയുറപ്പുള്ള ജ്ഞാനപദ്ധതിയാണ് അതിന് അടിത്തറയായത്. ദില്ലി സുല്‍ത്താനേറ്റുകളെയും തുടര്‍ന്നുവന്ന ഭരണാധികാരികളെയും വരെ സ്വാധീനിക്കുകയും ആശയപ്രത്യയശാസ്ത്രങ്ങള്‍ പകര്‍ന്നുകൊടുക്കുകയും ചെയ്ത നിരവധി മഹാമനീഷികളായ സൂഫിവര്യര്‍ അദ്ദേഹത്തിന്‍റെ പരമ്പരയിലുണ്ട്.

കുത്തുബുദ്ദീന്‍ ബക്തിയാര്‍ കാക്കിയും ബാബാ ഫരീദുദ്ദീന്‍ ഖഞ്ച്ഷഹറുമാണ് തൊട്ടു പിന്നില്‍ വരുന്ന മഹാരഥന്മാര്‍. ഇസ്ലാമിക വിശ്വാസത്തിന്‍റെ ആദ്യകാല ശുദ്ധിയെ കാത്തുസൂക്ഷിച്ച് പ്രവാചകനെ, അദ്ദേഹം പകര്‍ന്ന ശരിയായ ജ്ഞാന നിഷ്ഠയില്‍ പിന്‍പറ്റി, ജീര്‍ണതയില്‍നിന്ന് പ്രവാചക മതത്തെ സംരക്ഷിച്ചുപോന്ന്, അതിന്‍റെ ഏകതയുടെയും ഏകത്വത്തിന്‍റെയും കീഴാള വിമോചനത്തിന്‍റെയും സ്രോതസ്സുകള്‍ നിലനിര്‍ത്തിയതില്‍ ഇന്ത്യയില്‍ ചിഷ്തിയ സൂഫി പ്രസ്ഥാനത്തിനുള്ള പങ്ക് വലുതാണ്.

(തുടരും)

സൂഫീപഥങ്ങളിൽ ഒന്നാംഭാഗം ഇവിടെ വായിക്കാം:

സൂഫീപഥങ്ങളിൽ: ആത്മാന്വേഷണത്തിന്റെ അജ്മീർ യാത്ര

സൂഫീപഥങ്ങളിൽ രണ്ടാംഭാഗം ഇവിടെ വായിക്കാം:

സൂഫീപഥങ്ങളിൽ: ജയ്‌പൂരിലെ വിസ്മയങ്ങള്‍

സൂഫീപഥങ്ങളിൽ മൂന്നാംഭാഗം ഇവിടെ വായിക്കാം:

സൂഫീപഥങ്ങളിൽ: പരിവ്രാജകത്വത്തിലൂടെ സത്യത്തെത്തേടുന്ന വിപ്ലവകാരിയുടെ മതമാണ് സൂഫിസം

Leave a Reply