യുറോപ്പിൽ പ്രസിദ്ധീകരിക്കുന്ന ഫോര്‍ബ്സ് മാസികയുടെ 30 അണ്ടര്‍ 30 ലിസ്റ്റില്‍ നോമിനിയായി കോഴിക്കോട് വടകര പഴങ്കാവ് സ്വദേശിനി നികിത ഹരിയും. ഫോര്‍ബ്സ് മാസിക തയ്യാറാക്കുന്ന വിവിധ മേഖലകളില്‍ യുറോപ്പിൽ മികവ് തെളിയിച്ച 30 പേരുടെ ലിസ്റ്റിലേക്കാണ് നികിതയെ നോമിനേറ്റ് ചെയ്തിരിക്കുന്നത് .
ഇന്ത്യയില്‍ നിന്നും ഫോര്‍ബ്സ് മാസികയുടെ ലിസ്റ്റില്‍ ഇടംപിടിക്കുന്ന ആദ്യത്തെ വനിതാ എന്‍ജിനീയറാണ് നികിത ഹരി. 30 വയസ്സിനുള്ളിൽ ഉയരങ്ങൾ താണ്ടി പുതു തലമുറയ്ക്ക് പ്രചോദനം കൊടുക്കുന്ന നാളെയുടെ ഭാവി മാറ്റാൻ കഴിവുള്ള വ്യക്തികളെ പ്രോത്സാഹിപ്പിക്കാനും അംഗീകരിക്കുവാനും വേണ്ടിയാണ് ഫോര്‍ബ്സ് നോമിനേഷൻ.
ഒരു മലയാളിക്ക് ലഭിക്കാവുന്ന വലിയ ഒരു അഗീകാരമായി കാണുന്നതായി നികിത പറയുന്നു. സയന്‍സ് വിഭാഗത്തിലാണ് നികിത ഹരി തെരഞ്ഞെടുക്കപ്പെട്ടത്. പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളെ വൈദ്യുത ഗ്രിഡുമായി ബന്ധിപ്പിക്കുമ്പോഴുള്ള പ്രസരണനഷ്ടം കുറയ്ക്കുന്നതിന് വേണ്ടിയുള്ള ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുക എന്ന നികിതയുടെ ഗവേഷണത്തിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.
വടകരയില്‍ നിന്നും ബ്രിട്ടനിലെ ലോകപ്രശസ്തമായ കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയില്‍ ഗവേഷ പഠനത്തിനു ചേരുമ്പോള്‍ വിജയിക്കാന്‍ സാധിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നെന്ന് നികിത പറഞ്ഞു.
സ്കൂള്‍കാലം മുതല്‍ തന്നെ പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് കാണിച്ചിരുന്നതിനാല്‍ കൂടുതല്‍ പഠിക്കണമെന്നായിരുന്നു ആഗ്രഹം. ചെന്നൈ എസ്.ആര്.എം. യൂണിവേഴ്സിറ്റിയിലെ പഠനത്തിനുശേഷം ഗവേഷണ സംബന്ധിയായ അന്വേഷണങ്ങള്‍ക്കായി മൂന്ന് മാസത്തോളം ഡല്‍ഹി ഐ.ഐ.ടി.യില്‍ ചെലവിട്ടു. ഈ കാലയളവില്‍ ചില സുഹൃത്തുക്കള്‍ വിദേശ പഠനത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിലും ഓക്സ് ഫോർഡിലും അഡ്മിഷൻ ലഭിച്ചു ഇതിൽ കേംബ്രിഡ്ജ് തിരെഞ്ഞെടുത്തു ഗവേഷണ പഠനം ചെയ്യാന്‍ തീരുമാനിച്ചു.
ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷനിലാണ് നികിത ബിരുദം കരസ്ഥമാക്കിയത്. ഇപ്പോള്‍ ഗവേഷ പഠനത്തോടൊപ്പം തന്നെ ലണ്ടനിലെ ചര്‍ച്ചില്‍ കോളജില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തു കൊണ്ടിരിക്കുകയാണ് കൂടാതെ യു കെ യിൽ പവർ ഇലക്ട്രോണിക് റിസേർച്ചിന്റെ ചെയർ പേഴ്സൺ , ഐ ഇ ഇ ഇ കേംബ്രിഡ്ജ് സെക്രട്ടറി ,ബിയോണ്ട് പ്രോഫിറ്റ് കോ ഓർഡിനേറ്റർ,സിറിയൻ അഭയാർഥി കുട്ടികളെ ഓൺലൈനിൽ പഠിപ്പിക്കുന്നവരുടെ ഉപദേശക ,കേംബ്രിഡ്ജ് വനിതാ എങ്ങിനീയറിംഗിന്റെ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം ,ഫസ്റ്റ് ചെയർ ഓഫ് യു കെ പവർ ഇലക്ട്രോണിക് സമ്മർസ്കൂൾ എന്നി നിലകളിലും തിരക്കിലാണ് നികിത ഹരി .വടകരയിൽ ഇന്‍ ടെക് ഇൻഡസ്ട്രിസ് സ്ഥാപനഉടമയുമായ ഹരി ദാസിന്റെയും ഗീതയുടെയും മകളാണ് നികിത.സഹോദരൻ അർജുൻ ഹരി കോഴിക്കോട് ഐ ഐ എമ്മിൽ പഠിക്കുന്നു.ഏക്സ്റ്റർ ടെക്സോഫ്റ്റ് വെയർ സ്ഥാപനത്തിന്റെ സി ഇ ഓയും സ്ഥാപകരിൽ ഒരാളുമാണ്.