Home » എഡിറ്റേഴ്സ് ചോയ്സ് » പുഴയിൽ കുളിച്ചിട്ടുണ്ടോ? കുളിരണിഞ്ഞിട്ടുണ്ടോ? മീനുകൾ ദേഹത്ത് പിടച്ചിട്ടുണ്ടോ? പുഴകളുടെ ശ്വാസം നിലക്കുംമുമ്പ് വന്നറിയാൻ ഒരു ക്ഷണപത്രം

പുഴയിൽ കുളിച്ചിട്ടുണ്ടോ? കുളിരണിഞ്ഞിട്ടുണ്ടോ? മീനുകൾ ദേഹത്ത് പിടച്ചിട്ടുണ്ടോ? പുഴകളുടെ ശ്വാസം നിലക്കുംമുമ്പ് വന്നറിയാൻ ഒരു ക്ഷണപത്രം

കുളി മലയാളിയുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. പുഴ അവന്‍റെ സംസ്കാര സ്രോതസ്സുമാണ്. പുഴയിലെ കുളി മലയാളിക്ക് ഗൃഹാതുരമായ ഒരോര്‍മമാത്രമല്ല, ജീവിതത്തില്‍ അറിവും അനുഭവവും പകര്‍ന്ന കുളിരാണ്. നിളയിൽ നീന്തിത്തുടിച്ച സമീപകാല അനുഭവത്തിൽനിന്ന്, സ്വന്തം പുഴയായ ചാലിയാറിന്റെ ആലിംഗനത്തിലമര്‍ന്ന് നീരാടിയ പഴയ നേരങ്ങളെ ഓര്‍ത്തെടുക്കുകയാണ് പ്രശസ്ത ക്യാരിക്കേച്ചറിസ്റ്റ് വി. കെ. ശങ്കരന്‍.

അന്യംവന്നുപോകുന്ന ഒരു കേരളീയാനുഭവത്തെ ഒരു കലാകാരന്റെ സൂക്ഷ്മസ്വനഗ്രാഹികൾ പിടിച്ചെടുത്തത് ഇവിടെ വായിക്കാം. നീര്‍ച്ചാലിട്ടൊഴുകുന്ന നിളയുടെ ആകുലതകൾ കൂടിയാണിത്.

പുഴയിലെ കുളി ഇപ്പോൾ തീരെയില്ല എന്നു പറയുന്നതാണ് ശരി. പണ്ട് ഒരു ദിവസത്തെ മുഖ്യ അജണ്ട തന്നെയായിരുന്നു രാവിലെയും വൈകുന്നേരവും പുഴയിൽപോയി കുളിച്ചുവരിക എന്നത്.

ആർട്ടിസ്റ്റ് വി.കെ. ശങ്കരന്‍ (സെൽഫ്‌ പോർട്രേറ്റ്)

പുഴയ്ക്ക് ഒരു പാട് ഭാവങ്ങളുണ്ട്. രാവിലെ ഒരു ഭാവം. ഉച്ചക്ക് വേറൊന്ന്. വൈകുന്നേരത്തും രാത്രിയും വേറെ വേറെ ഭാവങ്ങൾ. അതിൽ ഉച്ചയുടെയും വൈകുന്നേരത്തെയും ഭാവങ്ങളുടെ നടുക്കുള്ള ഭാവമാണ് രൗദ്രം.

വേലിയേറ്റവും വേലിയിറക്കവും കടലിലെന്ന പോലെ പുഴയിലുമുണ്ട്. ആ സമയത്ത് പുഴയിലെ വെള്ളം ചെറു തിരമാലകളാൽ രൗദ്രമാകും. അന്നേരമാണ് സൂര്യൻ പുഴയിലേക്ക് പൊന്നുരുക്കി ഒഴിക്കുന്നത്. സൂര്യന്റെ പ്രതിബിംബം പുഴയിൽ ചിന്നി ചിതറി സ്വർണ്ണവർണ്ണങ്ങളിൽ മിന്നും.

ചെറുപ്പത്തിലേ പുഴയിൽ പോയാണ് കുളിച്ചു ശീലം. മിക്കവാറും ദിവസങ്ങളിൽ അതിരാവിലെ തന്നെ പുഴയോരെത്തെത്തും. അപ്പോൾ പുഴയിൽ നിന്നും ആവി പൊങ്ങുന്നതു കാണാം. വെള്ളത്തിന് ഒരു ഇളം ചൂടും കാണും.

രാവിലെ കുളിക്കുന്നവരുടെ ശബ്ദകോലാഹലങ്ങൾ പലവിധത്തിലാണ്. പല്ല് തേപ്പ്, നാക്കു വടി, കാറൽ, മൂക്കു ചീറ്റൽ, അങ്ങനെ പലതും. അകലെ അക്കരെ നിന്നും തുണിയലക്കുമ്പോൾ തുന്നി കല്ലിൽ പതിയുമ്പോൾ ഒച്ച കേൾക്കില്ല. ഒരു സെക്കന്റുകഴിയുമ്പോളാണ് കേൾക്കുക.

ചിലർ പുഴയിലേക്ക് ഓടിയൊരു വരവാണ്. എന്നിട്ട് ഉടുമുണ്ട് അഴിച്ച് തോർത്തുമുണ്ടുടുത്ത് പുഴയിലേക്ക് ഒരൊറ്റ കരണം മറിച്ചിൽ. അതിന്റെ ഒരു ഇഫക്റ്റ് ഭയങ്കരമാണ്. ഓളങ്ങൾ തിരമാല കണക്കെ കരയിൽ ആഞ്ഞടിക്കും.

ചിലരുടെ കുളി അതിവേഗത്തിലാണ്. ഒന്നു മുങ്ങിനിവർന്ന് സോപ്പെടുത്ത് ഒരു പതപ്പിക്കലാണ്. സോപ്പിന്റെ പത ഏൽക്കാത്ത ഒരു സ്ഥലവും ബാഹ്യശരീരത്തിലുണ്ടാവില്ല. മുഖത്തും തലയിലും ആണ് ഈ പതപ്പിക്കൽ അതിശക്തമായി നടത്തുക. എന്നിട്ട് കണ്ണ് മുറുക്കി ച്ചുമ്മി പുഴയിലേക്ക് ഇറങ്ങി വിശദമായൊരു മുങ്ങലാണ്. തുടർച്ചയായുള്ള മുങ്ങലിന്റെ ഫലമായി വീണ്ടും പുഴ പ്രചണ്ഡമാവും; തിരമാലകളുടെ വലയം സൃഷ്ടിക്കപ്പെടും.

ചിലർ പുഴയിലിറങ്ങി നീന്തും. നീന്തൽ പ്രധാനമായും രണ്ടു വിധമുണ്ട്. ആണുങ്ങളുടെ നീന്തലും പെണ്ണുങ്ങളുടെ നീന്തലും. ആണുങ്ങൾ തല ഉയർത്തിപ്പിടിച്ച് കൈകൾ വായുവിൽ മാറി മാറി ഉയർത്തി ആഞ്ഞ് തുഴഞ്ഞാണ്ടാണ് മുന്നോട്ടു കുതിക്കുക. പെണ്ണുങ്ങൾക്ക് വേറൊരു രീതിയാണ്. അവരുടെ കൈകൾ വെള്ളത്തിന് വെളിയിൽ കാണുകയേ ഇല്ല. കാലുകൊണ്ടുള്ള അടിയാണ് അവർക്ക് മുഖ്യം. ചിലപ്പോൾ വേഗത കൂടുമ്പോൾ തല ഒരു ഭാഗത്തേക്ക് ചെരിക്കും. മുലക്കച്ചകെട്ടിയുള്ള ഈ നീന്തലിൽ അവർ അവരുടെ സ്ത്രൈണഭാവങ്ങളായ അടക്കവും ഒതുക്കവും പ്രദർശിപ്പിക്കും.

രാവിലെ മണലിന് വെള്ളത്തെക്കാൾ തണുപ്പുണ്ടാവും. മണൽപ്പരപ്പായിരുന്നു പുഴയോരത്തെ ഒരു ആകർഷണം. വെയിലു ചൂടാകുന്നതോടുകൂടി മണലും ചൂടാവും. ഉച്ച സമയത്ത് മണലിലൂടെ നടക്കാൻ കഴിയില്ല. അന്നാണെങ്കിൽ വ്യാപകമായി ആരും ചെരിപ്പ് ഉപയോഗിക്കില്ല.

ഉച്ചക്ക് പുഴയോരം ശാന്തമാകും. ഉച്ചതിരിയുന്നതോടെ കന്നുകാലികളുടെ വരവുണ്ട്. അവരെ ഇറക്കാൻ പുഴയിൽ പ്രത്യേക സ്ഥലമുണ്ട്. ചിലർ കന്നുകാലികൾ പുഴയിലിറങ്ങിയാൽ ഉണക്കപ്പുല്ലു ചുരുട്ടികൂട്ടിയ ചകിരി കൊണ്ട് അവയുടെ മേല് ഉരക്കും. വേറെ ചിലർ കന്നുകാലികളെ നീന്തിക്കും. എന്നിട്ട് അവയുടെ പുറത്തു കയറും.

പോത്തുകൾക്ക് വെള്ളത്തിൽ കിടക്കാൻ ഇഷ്ടമാണ്. അവയുടെ തലക്കു ചുറ്റും ഒരു തരം ചെറിയ ഈച്ചകളുടെ കൂട്ടമുണ്ടാവും. പോത്തുകൾ തലവെള്ളത്തിലാഴ്ത്തുമ്പോൾ അവ കുറച്ചു നേരം പോത്തിന്റെ തലക്കു മുകളിൽ അന്തരീക്ഷത്തിൽ പോത്തു തല പൊക്കുന്നതു വരെ പറന്നുനിൽക്കും. പോത്തിന്റെ തല പൊങ്ങിയാൽ തൽസ്ഥാനത്ത് വീണ്ടും ചെന്നിരിക്കും.

ചില വികൃതിക്കുട്ടികൾ പോത്തിന്റെ അടുത്തു പോയി വിദഗ്ദ്ധമായി ഈച്ചകളെ ആവാഹിച്ച് സ്വന്തം തലക്കു മുകളിലാക്കി നീന്തിത്തുടിക്കുന്ന മറ്റൊരുത്തന്റെ ‘തലയിലിടും’; എന്നിട്ട് മുങ്ങി ദൂരെ പൊങ്ങും. ആ ഈച്ചകളുടെ ഭാരം കിട്ടിയവൻ അത് വേറൊരുത്തന്റെ തലയിൽ കെട്ടിവെയ്ക്കും!

ഉച്ചമയക്കത്തിനു ശേഷം ഒരു നാലു മണിയൊക്കെയാവുമ്പോഴേക്കും പുഴക്കടവ് വീണ്ടും സജീവമാകും. എല്ലാ വിഭാഗത്തിലും എല്ലാ പ്രായത്തിലുമുള്ള മനുഷ്യരെ അപ്പോൾ പുഴക്കരയിൽ കാണാം.

കുളിക്കുമ്പോൾ ചിലർക്ക് സോപ്പ് കൂടിയേ തീരുവെങ്കിൽ ചിലർക്ക് സോപ്പിന്റെ ആവശ്യമേയില്ല. വൈകുന്നേരം വരെ കഠിനാദ്ധ്വാനം കഴിഞ്ഞു വരുന്നവരായിരിക്കും ചിലർ. അവർക്ക് അവരുടെ ശരീരത്തിലെ വിയർപ്പ് കഴുകിക്കളയണം. അവരുടെ തോർത്തുമുണ്ടാണ് അവരതിന് ഉപയോഗിക്കുക. അരയ്ക്ക് വെള്ളത്തിൽ ഇറങ്ങിനിന്ന് തോർത്തുമുണ്ട് വെള്ളത്തിൽ ഒലുമ്പി ശരീരം മുഴുവൻ ഉരയ്ക്കും. എന്നിട്ട് തോർത്ത് മുതുകിലേക്കിട്ട് രണ്ടു കൈ കൊണ്ടും ഒരു പ്രത്യേകരീതിയിൽ തോർത്ത് വലിച്ചു പിടിച്ച് ഡയഗണൽ പൊസിഷനിൽ ശക്തമായ ഒരു ഉരയുണ്ട്. ആ ആ ഉരയിൽ മുതുകിലുള്ള എല്ലാ ചളിയും പോകും. എന്നിട്ട് തല നല്ലപോലെ തുവർത്തി തോർത്ത് പിഴിഞ്ഞ്, തങ്ങളുടെ നഗ്നമേനി ആരും കാണാതിരിയ്ക്കാൻ തോർത്ത് വെള്ളത്തിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പിടിച്ച് കരകയറും. അവരുടെ പൃഷ്ടഭാഗം മറുപുറത്തുള്ളവർ കാണുകയും ചെയ്യും.

നല്ലപോലെ സോപ്പു തേക്കുന്നവരും കളിച്ചു കേറുന്നത് ഈ സ്റ്റൈലിൽ തന്നെയാണ്.

ഒരിക്കൽ ഞങ്ങൾ തലയിൽ സോപ്പ് തേക്കുന്നത് കണ്ട് ഒരു കാരണവർ ഞങ്ങളോട് പറഞ്ഞു: ‘കുട്ടികളേ, തലയിൽ സോപ്പു തേക്കരുത്. അത് നിങ്ങളുടെ കണ്ണിനെ ബാധിക്കും. നിങ്ങൾക്ക് ഉറക്കം നഷ്ടപ്പെടും”.

അദ്ദേഹം പറഞ്ഞതും ശരിയായിരുന്നു.

ആർട്ടിസ്റ്റ് വി.കെ. ശങ്കരന്റെ ഒരു സ്കെച്ച്

പുഴ അടുത്തില്ലാതിരുന്ന കുട്ടികൾ വെള്ളിയാഴ്ച ദിവസങ്ങളിൽ സ്കൂളിൽ നിന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കൂർ ഒഴിവുള്ള സമയത്ത് പുഴയിൽ കുളിക്കാൻ വരും . അവരുടെ ആഹ്ളാദത്തിമിർപ്പ് ഒന്ന് കാണേണ്ടതു തന്നെയാണ്. പുഴയുടെ നിലയും വിലയും അന്നേരം നമുക്ക് കാണാം.

തെളിനീരൊഴുകിയിരുന്ന പുഴയിലെ വെള്ളം അക്കാലങ്ങളിൽ ദാഹിക്കുമ്പോൾ കുടിക്കാറുണ്ടായിരുന്നു. ഇന്ന് പുഴയിലെ വെള്ളം ആരെങ്കിലും കുടിക്കുമോ?

ഇപ്പോൾ താമസം പുഴയിൽ നിന്ന് അകന്നത് കൊണ്ടായിരിക്കാം, പുഴയിൽ കുളിയില്ല.

ആറങ്ങോട്ടുകരയിലെ കൊയ്ത്തുത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു പാറമ്മലിന്റെ നാടകമായ ‘വിത്തും കൈക്കോട്ടും’ എന്ന വെള്ളരി നാടകം അരങ്ങേറിയത്. അതിന്റെ രംഗപടം വരക്കാൻ എന്നോടൊപ്പം പാറമ്മലും കൂട്ടുനിന്നു.

വൈകുന്നേരം പണി നിർത്തിയപ്പോൾ ഞങ്ങൾ കുളിക്കാൻ പോയത് ഭാരതപ്പുഴയിലേക്കാണ്.

തോർത്തുമുണ്ടും സോപ്പും സംഘടിപ്പിച്ച് ഞങ്ങൾ പുഴയിലെ മണപ്പുറത്തെത്തിയപ്പോൾ സമയം സന്ധ്യയും കഴിഞ്ഞ് രാത്രിയായിരുന്നു. നിളയുടെ കിരുകിരുത്ത മണലിൽ ഞങ്ങൾ ചവുട്ടി. നടക്കുമ്പോൾ ഞാൻ പറമ്മലിനോട് ചോദിച്ചു:

– ഈ മണലൊന്നും ആരും വാരാഞ്ഞതെന്തേ?

പാറമ്മൽ പറഞ്ഞു, അതിശക്തമായ വിലക്ക് ഏർപ്പെടുത്തിയതുകൊണ്ടു മാത്രം നിലനിന്നുപോയതാണ്.

പുഴയുടെ പകുതിയിലധികം ദൂരം ഞങ്ങൾ മണലിലൂടെ നടന്നു. അവസാനം ഞങ്ങൾ മെലിഞ്ഞൊഴുകുന്ന പുഴയുടെ അടുത്തെത്തി. വസ്ത്രങ്ങൾ അഴിച്ചു വെച്ച് തോർത്തുമുണ്ടെടുത്ത് പുഴയിൽ ഇറങ്ങി. തണുത്ത രാത്രിയായിരുന്നെങ്കിലും പുഴയിലെ വെള്ളത്തിനും തണുപ്പായിരുന്നെങ്കിലും ആ തണുപ്പ് വളരെ ഹൃദ്യമായി തോന്നി.

തീരെ ആഴമില്ലായിരുന്നു പുഴക്ക്. ഞങ്ങൾ പുഴയിൽ കിടക്കുകയായിരുന്നു.

വലിയ തരിമണലിലൂടെയാണ് പുഴയുടെ ഒഴുക്ക്. വെള്ളത്തിൽ കിടക്കുമ്പോൾ ഞങ്ങളുടെ ശരീരഭാഗങ്ങളിൽ മീനുകൾ പിടഞ്ഞു. ഒരുപാടു കാലത്തിനു ശേഷം ഞങ്ങൾ പുഴയുടെ ആലിംഗനം ആസ്വദിക്കുകയായിരുന്നു.

ആ കിടപ്പിൽ ഞങ്ങൾ പുഴയിലെ കുളിയനുഭവങ്ങൾ പങ്കുവെച്ചു. പുഴക്ക് വരുന്ന മാറ്റങ്ങൾ, ജീവിതത്തിൽ പുഴയുടെ സ്ഥാനം, സ്വാധീനം, അതിന്റെ പരിശുദ്ധിയുടെ നഷ്ടം ഇതെല്ലാം ഞങ്ങൾ ചർച്ച ചെയ്തു. പഴയ കാലപുഴ ഇനി തിരിച്ചുവരുമോ എന്നു ഞങ്ങൾ ഉൽക്കണ്ഠപ്പെട്ടു.

– നദീതട സംസ്ക്കാരമെന്നത് ചരിത്ര പുസ്തകത്തിൽ മാത്രം കാണുന്ന ഒരു പദപ്രയോഗമാവുമോ. പുഴകൾ എന്നന്നേക്കുമായി മരിക്കുമോ.. ഞാൻ സ്വയം ചോദിച്ചു.

ഒരുപാട് നേരം കഴിഞ്ഞ് തല തുവർത്തി വസ്ത്രങ്ങളണിഞ്ഞ് കിരുകിരുത്ത മണലിൽ ചവുട്ടി ഞങ്ങൾ നടന്നു.

നടക്കുമ്പോൾ ഞങ്ങളുടെ പാദരക്ഷകൾ ഞങ്ങൾക്ക് ഒരു ബാധ്യതയായിരുന്നു.

Leave a Reply