Home » എഡിറ്റേഴ്സ് ചോയ്സ് » പള്ളേപ്പയിപ്പ് ഇത്തിള് പോലെ നീറി; കൊണ്ടോട്ടീല് കൊയങ്ങ്യോര് അന്നങ്ങനെ ഒപ്പംനിന്നുതുടങ്ങി: സഖാവ് കുഞ്ഞാലി അരങ്ങിലേക്ക്

പള്ളേപ്പയിപ്പ് ഇത്തിള് പോലെ നീറി; കൊണ്ടോട്ടീല് കൊയങ്ങ്യോര് അന്നങ്ങനെ ഒപ്പംനിന്നുതുടങ്ങി: സഖാവ് കുഞ്ഞാലി അരങ്ങിലേക്ക്

റനാടൻ തൊഴിലാളർക്കുള്ളിൽ ഇന്നും വിളങ്ങുന്ന ഓർമ്മയാണ് സഖാവ് കുഞ്ഞാലി. കാളഭൈരവൻ എന്ന നാടകത്തിലൂടെ ഏറനാടൻ ദളിതരുടെ ആദിമസംസ്കൃതിയെയും ഭാഷയെയും അരങ്ങിലെത്തിച്ച ഇ. സി. ദിനേശ് കുമാർ ആ ഏറനാടൻ പോരാട്ടവീര്യത്തെ രംഗഭാഷയിലാക്കുന്നു.

ബീഡിത്തൊഴിലാളികളുടെയും തോട്ടംതൊഴിലാളികളുടെയും അവകാശസമരങ്ങളുടെ നായകനായി വളർന്ന ചരിത്രം നാടകം രേഖപ്പെടുത്തുന്നു. ഒപ്പം, കുഞ്ഞാലിയെ സൃഷ്‌ടിച്ച തെക്കേമലബാറിലെ മാപ്പിള ജീവിതത്തിലേക്കുകൂടി അത് വെളിച്ചംവീശുന്നു.

എംഎൽഎ ആയിരിക്കെ നിലമ്പൂരിൽ വെടിയേറ്റുമരിച്ച കുഞ്ഞാലിയുടെ ജന്മനാട്ടിൽ തുടങ്ങുന്നതാണ് നാടകം. നാടകത്തിൽ കുഞ്ഞാലിയുടെ കൊണ്ടോട്ടിയിലെ ചെറുപ്പകാലം അവതരിപ്പിക്കുന്ന രംഗം.

ദിനേശ് കുമാർ ഇ. സി.

രംഗം 1
(1934)

കൊണ്ടോട്ടി പപ്പടത്തെരു. ഇരുവശവും പപ്പടത്തട്ടുകളിൽ ഒരുക്കിവച്ച പപ്പടക്കെട്ടുകൾ. അടുക്കുകളായി കാണുന്ന പപ്പടക്കെട്ടുകൾക്കു പിറകിൽ ചിറ്റിട്ട കാതുകൾ കലമ്പുന്നതിനിടക്ക്‌
ആണു മൂപ്പത്തികളുടെ പുള. ചുവന്ന നാവും ചുണ്ടും അലിപ്പുലിയാരുടെ ഇരുതലയുളള നീണ്ടുവളഞ്ഞ വാളിനേക്കാൾ കടുപ്പത്തിൽ പടവെട്ടിത്തുടങ്ങി.

ചെറിയ വീടുകൾ ഓലമേഞ്ഞതും ഓടിട്ടതുമാണ്. അതിനു മുമ്പിലേക്ക് താഴ്തിക്കെട്ടിയ കോലായിക്കു താഴെ നിരത്തിനു മുമ്പിലാണ് കച്ചവടതകൃതി. മുറുക്കിത്തുപ്പിയും .കടക്കണ്ണെറിഞ്ഞും വമ്പത്തികൾ പേശിക്കയറുന്നു.

അതിനിടക്കാണ് ഇത്തിൾ നിറഞ്ഞ കൊട്ട കാണുന്നത്. ഒരു തട്ടിൽ വാളമ്പുളിയുണ്ട്. കച്ചവടക്കാരത്തിയില്ല.

പിറകിൽ വച്ച വെളളപ്പാത്രമെടുത്ത് മുറുക്കാൻ കുലുക്കുഴിഞ്ഞ് നിരത്തിലേക്ക് തുപ്പി ഒരുവൾ. വെളളത്തിന്റെ ചെറുതുളളികൾ പാറിവീണോ ഇത്തിൾ കൊട്ടയിൽ?

ആ സ്ത്രീക്കു മൂർദ്ധാവിൽ കേറി. മറ്റൊരുവൾ മൂർദ്ധാവിൽ കൊട്ടിക്കൊണ്ടു ചിരിച്ചു.

“പപ്പടത്തുമ്മല് തുപ്പല് പാറ്യാല് ബെയിലത്ത് ബെച്ചൊണക്കാം. അമ്പലവത്തിന്റെ ഇത്തിള് കൊട്ടേക്ക് തുപ്പ്യാല് നീറിപ്പോകും പടപ്പേ, അത്! കൊറെ ദീസായി ചുട്ട് കത്തി നിക്കാണ് ഓള മൊതല്”

കല കല കല.. പെണ്ണുങ്ങളും കാതിൽ ചിറ്റുകളും ചിരിച്ചു മറിഞ്ഞു.

”കരിക്കാടൻ ഉണ്ണിക്കമ്മദിന്റെ മയ്യത്ത് മഴപെയ്തു കുളുന്ന പളളിക്കാട്ടിലമർന്നപ്പൊത്തൊടങ്ങ്യ നീറ്റലാ പാത്തുട്ട്യേ അത് ..ഇത്തള് പൊളന്നാ ഇങ്ങെനെ ഇണ്ടോ ഒരു പൊളപ്പ്? ഇങ്ങളെ ചേല്ക്ക് ഇനിക്കോളെ
പേടില്ല… ഓള്ന്ന്യാണ്ട് മുണ്ങ്ങൂം, ല്ലേ? ന്തേയ്?”

അരങ്ങിൽ ഹംസ തങ്ങൾ വന്ന വശത്തുനിന്നും വരുന്നതാരാണ്? അണോ? പെണ്ണോ? മുലകളുണ്ട്! മുടി മറച്ച് തട്ടവും.

മുറുക്കിച്ചുവന്ന മുഖം . പെറ്റു കിടക്കണ പുലിയെന്ന മെയ്യും മോറും.

അമ്പലവൻ അയിശുമ്മ വരുന്നത് കണ്ട പെണ്ണുങ്ങൾ നേരും നെറിയും വിട്ടു കലമ്പിയോളുടെ മൂക്കും മൊഖറും പൊത്തി ഇരുട്ടിലേക്ക് വലിച്ചു, ആ പാഴ്ത്തടി… പപ്പടക്കൊട്ടകളും… അരങ്ങത്ത് കാല് കുത്ത്യ തടി ഒരു പെണ്ണാണോ? അതെ, ഇത് പെണ്ണ് വേറെ!

“…ഫാ….. അറുവാണിച്ച്യളെ… അമ്പലവൻ ആയിശുമ്മാന്റെ തക്വ അളക്കാൻളള തിലാസ് ങ്ങളൊര്ക്കണ്ട… മഹ്ശറീല് സൂര്യൻ നെലറങ്ങുമ്പോ, പടപ്പ് കള്ടെ മൂത്താവില് തൊറക്കണ കണ്ണ് പൊട്ടി പൊറപ്പെടുമ്പൊ, യാ നഫ്സീ യാ നഫ്സീന്ന് ഓരോ തടിം മന്തിരിച്ചുമ്പോ, അളളാൻനെറ റസൂല് ശഫാഅത്ത് പറഞ്ഞോളും ആയീശാൻറെ കാര്യം. ബലിച്ചോളിം പൊല്യാടിച്ച്യളേ ങ്ങളെ അരക്കെട്ട്കള്, അങ്ങാടീന്ന്… ഹ്.. ബപ്പടം!ന്താടീ ചെറക്ക്ണ്?…”

പേടിച്ചുപോയ പെണ്ണുങ്ങൾ കലമ്പൽ നിർത്താതെതന്നെ കൊട്ട വലിച്ചു ഇരുട്ടിലേക്കു പതുങ്ങുന്നതു കണ്ടു. സ്കൂള് വിട്ട നീണ്ട മണിയടി ശബ്ദത്തോടൊപ്പം കുട്ടികളുടെ കാലടികൾ മണ്ണിൽ വീണടിച്ച് ചുവന്ന പൊടിമണ്ണു പാറുന്നു. ഒരു വശത്തുനിന്നും അഞ്ചാറു കുട്ടികൾ ഓടിവരുന്ന കാഴ്ച! ഒരുത്തന്റെ കറുത്ത കുതികാലാണ് ഞാൻ കണ്ടത് .മറ്റു കുട്ടികൾ വശങ്ങളിലേക്കു വില്ലുപോലെ വളഞ്ഞ് അപ്രത്യക്ഷമായതും ഒരുവൻ അരങ്ങിന്റെ മധ്യത്തിൽ നേർരേഖയിൽ ഓടിവന്ന് അമ്പലവൻ ആയിശുമ്മയുടെ പിറകിലിരുന്ന് അവരുടെ ചിറ്റിട്ട കാതുകൾ തട്ടിക്കിലുക്കി കവിളിൽ മുത്തി.

“ഇനിക്ക് ബെശ്ക്ക്ണ് ഇമ്മാ…”

അവരുടെ തല കൊട്ടയിലേക്ക് കുനിഞ്ഞുപോയി. കണ്ണീർമണികൾ വീണ് നീറി ഇത്തിൾകൊട്ടയിൽ നിന്നു പറന്ന ആവിയിൽ കുഞ്ഞുകണ്ണുകളും നിറഞ്ഞു തിളങ്ങിനിന്നത് കണ്ടു. അലിവുളള ആ കണ്ണുകളിലേക്ക് നോക്കിനിന്നു പോയി ഞാൻ. പക്ഷെ അഭിമാനിയായ അമ്പലവത്തി തർക്കിക്കുന്നതാണ് കേട്ടത്.

“കൊറച്ച് ഇത്തിള് ബാരി തൊള്ളേക്കട്ട് ബെളളം കുട്ച്ചാളാ. ന്നാ.”

ഒരു അലുമിനിയക്കിണ്ടി നെരക്കിവെച്ചു അവർ. പടിഞ്ഞാറ് വലിയ പളളിയിലെ പൊന്തിക്കണ്ട പൂച്ചപ്പെരക്കിപ്പുറവും അതിലും താഴ്ന്ന ചെറിയ മാളികപ്പെരക്കിടയിലുമായി നെരത്തിന്റെ ഒഴിവില് ഇളിഞ്ഞു മഞ്ഞച്ച മൊഖറുമായി നിന്ന സൂര്യന്റെ കണ്ണും കവിളും പക്ഷെ അതു കേട്ടപ്പൊ ചൊകന്നു.

അന്നത്തിലും ബെളളത്തിലും ശ്വാസത്തിലും അളളാന്റ പടപ്പ്കള്ക്ക് തുല്യ അവകാശണ്ടോലൊ! കിത്താബടങ്ങ്യ സഞ്ചി ചെറ് വെരല്മ്മ തൂക്യ ഉശിരന്റെ കണ്ണിലാണിപ്പൊ സൂര്യന്റെ ചോപ്പ്. സത്യം!

സൂര്യൻ മറഞ്ഞ മയ്യിരിട്ടിൽ. പളളിക്കലെ ഇപ്പറത്തെ മാളികപ്പെരകളിലെ ശുജായിക്കുട്ട്യാളെ പൊള പൊന്ത്യപ്പൊ പടിപ്പിന്റ ആ കീറമാറാപ്പ് വെറും മണ്ണില്ക്കാ വീണത്. അത് നോക്കിനിന്ന അയിശുമ്മാന്റെയും കൊട്ടയുടെയും മുമ്പിൽ ഇത്തിൾ നിറഞ്ഞ വലങ്കയ്യുയർത്തി അവൻ നിൽക്കുന്നത് കാണാനായി .അവന്റെ കയ്യിലെ ഇത്തിള് വെളളകളിൽ അപ്പോൾ പടിഞ്ഞാറുദിച്ച ഖമറിന്റെ നൂറ് തിളങ്ങി വന്നു.

“ബെളളം തെരി ഇമ്മാ….”

ഖമറിന്റെ വെളിച്ചത്തിനൊപ്പം വന്നുനിന്നത് ബീഡിത്തൊഴിലാളി ആയി മുഹമ്മദ്.. .പൂർണ്ണചന്ദ്രന്റെ കനിവോലുന്ന മുഖം. ഒരു നിമിഷം! ഉശിരന്റെ വായിലേക്കു വീഴാൻ ഒരുങ്ങിയ ഇത്തിളുകളെ കൈപ്പത്തിയടക്കം തട്ടിയെറിഞ്ഞു ആയി മുഹമ്മദ്. തിണ്ടിലിരുന്ന അലുമിനിയക്കിണ്ടിയിലെ വെളളം കുടിച്ച് കിതച്ചു നിന്നവനെ ഉമ്മ നോക്കിയില്ല.

“ദെത്താണ് ആയിശാത്താ, ങ്ങളാ കുട്ടിനോട് പറഞ്ഞത്!”

ഇത്തിളുകൾ നക്ഷത്രങ്ങളെപ്പോലെ അരങ്ങിലെ പല ഭാഗത്തായി മണ്ണിൽവീണ് തിളങ്ങി. കുട്ടി പതുക്കെ ഇത്തിളുകൾ പെറുക്കാൻ തുടങ്ങി.

ആയി മുഹമ്മദ് കാക്ക അവിടിരുന്നു. ആയിശുമ്മാക്ക് കൊല്ലിയിൽ കിരുകിരുത്തു… കരച്ചിൽ വന്നു…

“കുണ്ടോട്ടി നീർച്ച കയിഞ്ഞ് മൊയമ്മദേ… ഇതോക്കിം, അമ്പലവൻ ആയിശുമ്മാൻറെ പെട്ടീല് വീണ മുക്കാല് കണ്ടോ? കില്ങ്ങാനില്ല. പണം നെരങ്ങാണ്. എങ്ങന്യാണ് ഒര് നേരം തന്നെ കയിഞ്ഞ് കൂടണത്ന്ന് തിരിയോ ഓന്! പാലക്കല് മെയമാക്ക ഇപ്പെര ബാടകക്ക് തന്നില്ലെങ്കില് ഏത് കൊടപ്പനച്ചോട്ടില് ഞങ്ങള് കെടന്നൊറങ്ങും! പാലക്കല് ബാടക ചോയിക്കാത്തത് അളളാന്റെ കിറിബ!”

ആയി മുഹമ്മദ് ഒരു ബീഡി കത്തിച്ചു.

“സാരല്ല താത്ത. എല്ലാരുംണ്ട്, ങ്ങക്ക് ”

കുട്ടി ഇത്തിളുകൾ പെറുക്കിവന്ന് അവ കൊട്ടയിലിട്ടു. അവന്റെ മുഖത്ത് തെളങ്ങ്ണ ചിരി.

“ഇമ്മാ, കുഞ്ഞാലി ഒര് ഇത്തിള് മിണ്ങ്ങീക്ക്ണ് ന്നാ തോന്ന്ണത്. പളളന്റെ ഔത്ത് ഒര് നീറല്!”

കണ്ണീരു തൊടക്കാതെ ആയിശുമ്മ കെറുവിച്ചു ഓലക്കൊടികൊണ്ട് തല്ലുമ്പോലെ കരഞ്ഞു…

“മണ്ടിക്കൊ ഹിമാറെ ജ്ജ് … മോന്ത്യാമ്പോ ബന്നാമതി”

അവൻ കുട്ടീം കോലും വലിച്ചെടുത്ത് പാഞ്ഞുപോയി… ആ പാച്ചില് നോക്കി ആയി മുഹമ്മദ് ചിരിച്ചു. അമ്പലവത്തിയും.

“കരിക്കാടൻ ഉണ്ണിക്കമ്മദ് പളളിപ്പറമ്പിലൊറങ്ങ്യപ്പൊ ഞമ്മളെ ഒറക്കം പോയി. ഒപ്പം ഇണ്ടായ്ന്ന, പയങ്ങാടീത്തെ പെരയും പോയി. ഇക്കച്ചോടം കൊണ്ട്
ന്താവാനാ ആയിയേ?… കാലം എത്തര തിരിഞ്ഞാലും ആൾക്കാര് ബെറ്റിലമ്മ നൂറ് കൊറച്ചല്ലേ തേക്കു…”

ബീഡി വലിച്ചെറിഞ്ഞ ആയി മുഹമ്മദ്, അയിശുമ്മ നീട്ടിയ മുറുക്കാൻപൊതി വാങ്ങി… മുറുക്കിയ ആയി മുഹമ്മദിന്റെ താടിയെല്ലിലെ ചതുരക്കോണിലെ മീൻ പിടക്കുന്നത് ഞാൻ കണ്ടു… ആയിശുമ്മ
ശരിക്കും കരഞ്ഞു…

“കാരെര്ന്ത് തൊളള തൊറന്നാ ചുട്ട് ഇത്തിളാക്കാൻ മരത്തിന്റെ തോല് മതി. ഇനിക്കും ഇന്റെ കുഞ്ഞാലിക്കും അത് കടിച്ച് ചമച്ചെറക്കാനുളള പല്ല് ഇല്ലല്ലോ!”

മൂക്കു വിയർത്ത ആയി മുഹമ്മദ് പിന്നെത്തുപ്പിയത് ചോപ്പാണ്. കട്ടച്ചോപ്പ്!

“ആയിശുമ്മത്താത്ത.. ഇങ്ങള് ഓനെ ബീഡിപ്പെരേല്‌ക്ക് ബിട്ടാളിം.. ബീഡിനൂല്
കെട്ടിക്കുട്ക്ക് കയിച്ച് ചെറ്യേ കോല്മ്മ കെട്ടിത്തരണം. എല പൊതിർത്തിത്തരണം… നാലണ കൂലി, എന്തെയ്? പടിപ്പ് കയിഞ്ഞ്ട്ട് ഇളള നേരം മതി. ഇമ്മള് കൊയങ്ങ്യോര് ഒപ്പം നിക്കണം, ന്തേയ്”

ആയി മുഹമ്മദ് എഴുന്നേറ്റുനിന്നു. അരങ്ങിൽ നിലാവുദിച്ചു. അറ്റത്ത് കുഞ്ഞാലി കുട്ടിപ്പറ കുത്തി ഒറക്കെ വിളിച്ചു ചോദിച്ചു.

“കാത്തോ?”

ആയി മുഹമ്മദ് നട്ടെല്ലു നിവർത്തിത്തന്നെ പറഞ്ഞു.

“കാത്ത് ”

കുഞ്ഞാലിയുടെ പറയിൽ നിന്നും പാറിയ കുട്ടിയും കാത്ത് ആയി മുഹമ്മദ്… കുട്ടി മൂളിപ്പറന്നുവന്നു ഇരു തലയും കൂർപ്പിച്ച്.

അരങ്ങിൽ വെളിച്ചം കെട്ടു.

(ഏറനാടൻ നാട്ടുഭാഷയിലാണ് നാടകസംഭാഷണങ്ങൾ. മാനകഭാഷയിൽ ടിപ്പണി നൽകാത്തതിന് ക്ഷമാപണം. എൻ.ജി.ഒ. യൂനിയൻ കലാവിഭാഗത്തിനുവേണ്ടിയാണ് കുഞ്ഞാലി നാടകം ഒരുങ്ങുന്നത്. അവരോട് കടപ്പാട്: എഡിറ്റർ)

Leave a Reply