നിത്യഹരിതനായകനെന്നു പുകഴ്ത്തി. ഒടുവില്‍ ആ അഭിനയജീവിതം തീര്‍ത്തും ശുഷ്കമായിരുന്നുവെന്ന് പറഞ്ഞു! അപ്പോഴും, മലയാളസിനിമയിൽ ഇന്നും വീശിയടിക്കുകയാണ് പ്രേംനസീറും താരത്തൊഴിലാളികളും പടച്ച മായക്കാഴ്ചകളുടെ മരംചുറ്റിക്കാറ്റ്.
പ്രേംനസീറെന്ന നായകവ്യക്തിത്വത്തെ കൊട്ടകകൾതോറും കയറി ജനപ്രിയസിനിമകൾ കണ്ടുനടന്ന കാലത്തിനിപ്പുറമെത്തിനിൽക്കെ ഒന്നുകൂടി നോക്കിക്കാണുന്നു, ഷാനവാസ് കൊനാരത്ത്. ഇന്നത്തെ ഏതു താരവ്യക്തിത്വങ്ങളെയും കാത്തുനിൽക്കുന്ന ചവറ്റുകൊട്ടകളെ ഓർമിപ്പിക്കുന്ന, വേറിട്ട ഒരു നസീറോർമ്മ. പ്രേംനസീറിന്റെ ഇരുപത്തെട്ടാം ചരമവാർഷികമായിരുന്നു ജനുവരി 16ന്.
“നമ്മുടെ റൊമാന്റിക് സങ്കല്പങ്ങളുടെ പാരമ്യമാണ് ശ്രീകൃഷ്ണൻ എങ്കില്‍, അതാ ഒരു ശ്രീകൃഷ്ണൻ എന്ന് ചൂണ്ടിപ്പറയാൻ നമ്മുടെ തലമുറയില്‍ ഇനിയൊരു നടൻ ഉണ്ടാവില്ല; എനിക്ക് ഉറപ്പാണ്.”
(പി. പത്മരാജൻ)
പില്ക്കാലത്ത് ഹാസ്യാനുകരണ പ്രകടനത്തിന്റെ അവിഭാജ്യഘടകമോ ഒരു മിമിക്കിന്റെ ഇഷ്ടമാതൃകയോ ആവുകയായിരുന്നു പ്രേംനസീര്‍. സ്റ്റേജ്, ചാനല്‍ ഷോകളില്‍ നസീര്‍ ഒരു കലാരൂപം തന്നെയായി മാറി. ഈ കലാരൂപം ജയറാമിനേക്കാള്‍ കേമമായി അവതരിപ്പിക്കുന്ന മിമിക്കുകള് ഇപ്പോള്‍ നാട്ടിലുണ്ടായി.
‘അഭിനയ’ത്തിനുവേണ്ടി ഇത്രയേറെ മുന്നൊരുക്കങ്ങള്‍ മുഖത്തും ദേഹത്താകെയുംതന്നെ പ്രസരിപ്പിച്ച മറ്റൊരു നടൻ മലയാളത്തിലില്ല. അതാണ് സിനിമ എന്ന് വിശ്വസിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്ത കാലം. നാടകീയതയും അതിഭാവുകത്വവും സ്തോഭജനകമായ മുഹൂര്‍ത്തങ്ങളാലും നിറഞ്ഞ ആ സിനിമകള്‍ പില്ക്കാലത്ത് കണ്ടവര്‍, കണ്ടുകൊണ്ടിരിക്കുന്നവര്‍, മിമിക്സ്ഷോ കാണുമ്പോലെ ഊറിച്ചിരിക്കുന്നു.
തന്റെ പഴയ സിനിമകള്‍ പലതും കാണുമ്പോള്‍ തനിക്കുതന്നെ ചിരിവരുമെന്ന് ഒരഭിമുഖത്തില്‍ രവി മേനോനോട് നസീര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം തന്നെ പിന്നീട് സ്വന്തം സിനിമകള്‍ കോമഡിഷോ പോലെ അനുഭവിച്ച് ചിരിച്ചിട്ടുണ്ട് എന്ന് അനുമാനിക്കാം. ജാള്യം മറച്ചുപിടിച്ചായിരുന്നിരിക്കണം ആ ചിരി. നാട്ടില്‍ ആ ചിരിയെ ‘സൈക്കിളില്‍ നിന്നും വീണ ചിരി’ എന്ന് ബഹുമാനിക്കാറുണ്ട്. താൻ അഭിനയിച്ച സിനിമകള്‍ പിന്നീട് തമാശയായി അഭിനേതാവിനുതന്നെ അനുഭവപ്പെട്ടെങ്കില്‍ നിരപരാധികളായ പ്രേക്ഷകന്റെയൊരവസ്ഥ എന്തായിരുന്നിരിക്കും!
ഈ തിരിച്ചറിവിനുശേഷം, അതായത് 1978-ല്‍ രവിമേനോനോട് അദ്ദേഹമത് പറഞ്ഞതിനുശേഷം, 1989-ല്‍ അദ്ദേഹം വേര്പ്പെടുംവരെയുള്ള കാലത്ത് പ്രേംനസീര്‍ തന്റെ അഭിനയരീതിയില്‍ എന്തെങ്കിലും മാറ്റം വരുത്തിയോ എന്ന് സമയമുള്ളവര്‍ക്ക് പരിശോധിക്കാവുന്നതാണ്. ഒരുപക്ഷേ കുറച്ചുസിനിമകള്‍ മാത്രം അഭിനയിച്ച ആ കാലത്തെ ആ വിധം നിരൂപിക്കേണ്ടതില്ലെന്ന് അവശേഷിക്കുന്ന ആരാധകര്‍ക്ക് സ്വയം തീരുമാനിക്കുകയുമാവാം.
കിറുകൃത്യമായ അധരചലനം വശമുള്ള ഏക പ്രതിഭ; ദുഷ്കര മുഹൂര്‍ത്തങ്ങളില്‍ നായികമാരുടെ മുടിയിഴകളെ മറയാക്കി
ഏറ്റവുമേറെ സിനിമാപ്പാട്ടുകള്ക്കുവേണ്ടി ചുണ്ടിളക്കിയ വ്യക്തിയാണദ്ദേഹം. ഈ തരത്തില്‍ കിറുകൃത്യമായി അധരചലനം വശമുള്ള അക്കാലത്തെ ഏക പ്രതിഭയും അദ്ദേഹം തന്നെ. എന്നിരുന്നാലും ചില അര്‍ധശാസ്ത്രീയ ഗാനങ്ങളുടെ ചിത്രീകരണസമയത്ത് കൃത്യമായി ചുണ്ടിളക്കാൻ സാധിക്കാതെ വിയര്‍ത്തുപോയ കഥ അദ്ദേഹംതന്നെ പറഞ്ഞതായി വായിച്ചവരുണ്ട്. ഈ ദുഷ്കര മുഹൂര്‍ത്തങ്ങളില്‍ ജയഭാരതിയുടേയോ ഷീലയുടേയോ കെ ആര് വിജയയുടേയോ മുടിയിഴകളെ മറയാക്കി അഥവാ ചുണ്ടുകളെ അദൃശ്യമാക്കി അദ്ദേഹം രക്ഷപ്പെടുമായിരുന്നത്രെ.
എന്തൊരു ഗതികേട്! മലയാള സിനിമയുടെ ആ ഒരവസ്ഥ! അഭിനയത്തികവിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമായിട്ടാണ് വ്യര്‍ത്ഥമായ ഈ അധരചലനത്തെ അന്ന് കരുതിപ്പോന്നത്.
ലോകത്തെവിടെയും കമിതാക്കള്‍ നൃത്തസംഘത്തോടൊപ്പവും അല്ലാതെയും ഉച്ചത്തില്‍ പാട്ടുപാടി നടക്കില്ല. എന്നിട്ടും നമ്മുടെ സിനിമകളില്‍ പാട്ട് അവിഭാജ്യഘടകമായി. സിനിമയിലെ ജീവിതങ്ങള്‍ അസ്വാഭാവികമായി പാടി നൃത്തം ചെയ്തു!
പലപ്പോഴും സംവിധായകൻ ഊളിയിടുന്ന ഇടവേളകളാണ് ഗാനരംഗമെങ്കിലും ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റുപോകുന്ന ഈ ഉത്പന്നം സിനിമയുടെ സാമ്പത്തികശാസ്ത്രത്തില്‍ വലിയ ഘടകമാണെന്ന ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ പ്രേക്ഷകരോ ശ്രോതാക്കളോ ഒപ്പുവെയ്ക്കുന്നു.
ഭാവാഭിനയം എന്ന കഠിനാധ്വാനം വാരിച്ചുറ്റി; ആ ഗാനങ്ങള്‍ മലയാളിയെ കോള്‍മയിര്‍ക്കൊള്ളിച്ചു
‘മൈം‘ എന്നൊരു സമ്പ്രദായമുണ്ടല്ലോ. ആംഗ്യത്തിലൂടെയും ഭാവത്തിലൂടെയുമൊക്കെയാണ് മൈമിങ്ങിൽ ആശയവിനിമയം നടത്തുക. (പണ്ട്, ഗുരുവായൂര്‍ സത്രം ഹാളില്‍ വെച്ച് പരേതനായ പി.എ. ആന്റണി സംവിധാനം ചെയ്ത ‘സ്പാര്‍ട്ടക്കസ്’ എന്ന പുരാണനാടകത്തിലാണ് ഈ കലാരീതി ഒരു വിസ്മയമായി അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളത്. സൂര്യകാന്തി തിയറ്റേഴ്സിലെ മത്സ്യത്തൊഴിലാളികളായ ഒരുപറ്റം കലാകാരന്മാരുടെ ശാരീരികസൗന്ദര്യവും മെയ്വഴക്കവും സ്പാര്‍ട്ടക്കസ് എന്ന നാടകത്തെ കാഴ്ചയുടെ വിസ്മയമാക്കിയതോർക്കുന്നു.) ഗാനരംഗങ്ങളിലേറെയും പ്രേംനസീര്‍ ചെയ്തത് മൈമിങ് തന്നെ.
മുഖഭാവത്തിലൂടെയും ആംഗ്യപ്രകടനങ്ങളിലൂടെയും കവിതയുടെ ആശയം പ്രേക്ഷകരോട് ഒരു കാഥികനെപ്പോലെ പ്രേംനസീര്‍ വിവരിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ മിക്കവാറും യേശുദാസ് പാടുകയായിരിക്കും. ഭാവാഭിനയം എന്ന കഠിനാധ്വാനം വാരിച്ചുറ്റി നസീര്‍ കാഴ്ചവെച്ച ആ ഗാനങ്ങള്‍ മലയാളിയെ കോള്‍മയിര്‍ക്കൊള്ളിച്ചു. ഭാവമത്രയും തന്റെ അഭിനയത്തിലൂടെ നിത്യഹരിതനായകൻ നിര്‍വ്വഹിച്ചു തീര്‍ക്കുന്നതിനാല്‍ ഗായകന് ആലാപനത്തിലത് വേണ്ടിവന്നില്ലെന്നുവരെ പില്ക്കാലത്ത് ചര്‍ച്ചകള്‍ നടന്നു.
തന്റെ ആദ്യചിത്രമായ ലേഡീസ് ഹോസ്റ്റലിലെ ‘ജീവിതേശ്വരിയ്ക്കേകുവാൻ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികളോടൊപ്പം ഒരു ഗന്ധര്‍വ്വനെപ്പോലെ നസീര്‍ ഒഴുകിപ്പോയതായി സംവിധായകനായ ഹരിഹരൻ പറഞ്ഞതും നമ്മൾ ഒരു കൂസലുമില്ലാതെ ശരിവെച്ചു. നന്നായി പാടാൻ കഴിവുള്ളയാളായിരുന്നു പ്രേംനസീര്‍ എന്ന് നടൻ മധു പറഞ്ഞിട്ടുണ്ട്. കുടുംബാംഗങ്ങള്‍ ഒത്തുചേരുന്ന സന്ദര്‍ഭങ്ങളില്‍ നസീര്‍ ഗായകന്റെ വേഷമിടാറുണ്ടെന്ന് ബന്ധുകൂടിയായ പുവ്വച്ചല് ഖാദറും രേഖപ്പെടുത്തുന്നു. ഇപ്പോള്‍ നമുക്ക് വ്യക്തതവന്നല്ലോ, ആ അധരചലന വൈദഗ്ധ്യം വെറുതെയായിരുന്നില്ലെന്ന്!
പ്രേംനസീര്‍ എന്ന പേരിനു പുറകില്‍ ആഴമുള്ള ഒരു ഹാസ്യമുണ്ട്; തിക്കുറുശ്ശിക്ക് അതൊരു ഹോബിയായിരുന്നു!
പല അര്‍ത്ഥങ്ങളില്‍ മലയാള ജീവിതത്തിന്റെ അടയാളങ്ങളായിരുന്നു പ്രേംനസീര്‍. അഥവാ മലയാളിയുടെ തെറ്റിദ്ധരിക്കപ്പെട്ട സൗന്ദര്യസങ്കല്പമായിരുന്നു പ്രേംനസീര്‍. ‘പ്രേംനസീറിന്റെ ചന്തം’ എന്ന ഒരു ചൊല്ലുപോലും മലയാളി സ്വായത്തമാക്കി. ആയുസ്സിലെ മഹാനായ അഭിനയപ്രതിഭയെന്ന് ധരിച്ചു. പത്മരാജൻ യുക്തിപൂര്‍വ്വം ശ്രീകൃഷ്ണനെന്ന് വിളിച്ചു.
മുപ്പതുകൊല്ലക്കാലം ഈ നായകഭാരം പേറി നടന്ന പ്രേക്ഷകരാരെങ്കിലും പിന്നീടേതുവിധം തങ്ങള്‍ മാറി എന്ന് ചോദിച്ചാല്‍ നന്ദികേടായി കാണേണ്ടതില്ല. ചിന്തയെ ഒരസുഖമായി കണക്കാക്കരുതല്ലോ.
പ്രേംനസീര്‍ എന്ന പേരിനു പുറകില്‍ ആഴമുള്ള ഒരു ഹാസ്യമുണ്ട്. കാരണം ചിറഞ്ഞിക്കല് അബ്ദുല്‍ ഖാദറിനെ എത്ര പേര് അറിയും? അറിഞ്ഞാലും ഒരു കുഴപ്പവും ഉണ്ടാകുമായിരുന്നില്ല. അബ്ദുല്‍ ഖാദര്‍ എന്നത് മോശം പേരാണെന്ന് പുനര്‍നാമകരണം ചെയ്യപ്പെടും വരെ ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാകാനും ഇടയില്ല. ആ പേരിന് മഹത്വം പോരെന്നോ അപരിഷ്കൃതമാണെന്നോ ആരും കരുതിക്കാണില്ല. ‘വിശപ്പിന്റെ വിളി’ എന്ന സിനിമയുടെ ചിത്രീകരണസ്ഥലത്തുവെച്ച് തിക്കുറുശ്ശിയുടെ നേതൃത്വത്തിലാണ് അബ്ദുല്‍ ഖാദറിനെ ‘പ്രേംനസീര്‍’ എന്ന് പുനര്‍നാമകരണം നടത്തിയത്.
പരേതനായ തിക്കുറുശ്ശിക്ക് ഇതൊരു ഹോബിയായിരുന്നതായി കാണാം. കാരണം ഈ തരത്തില്‍ അദ്ദേഹത്താല്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടവര്‍ പലരുണ്ട്. ഇതിന് ചില ഉദാഹരണങ്ങള്‍ പറയാം. ആലപ്പുഴക്കാരനായ ജോണ്‍ ആണ് സംവിധായകൻ ശശികുമാറായത്. ജോസഫിനെ ജോസ് പ്രകാശാക്കി. കുഞ്ഞാലിയെ ബഹദൂറാക്കി. കെ പി ഉമ്മറിനെ സ്നേഹജാൻ എന്ന് പേരുമാറ്റാൻ ശ്രമം നടന്നെങ്കിലും അത് ഒറ്റ സിനിമയിലുപേക്ഷിച്ച് കെ പി ഉമ്മര്‍ തന്റെ സ്വത്വം തിരിച്ചെടുത്തു. ഈ ഒരു പശ്ചാത്തലത്തില്‍, തിക്കുറുശ്ശി സുകുമാരൻ നായര്‍ എന്നത് അന്ന് പരിഷ്കൃത നാമമായിരുന്നു എന്ന് തീര്‍ത്തും ഉറപ്പിക്കാവുന്നതേയുള്ളൂ! എന്തായാലും മുഹമ്മദ് സത്യൻ എന്നോ മധു റഹ്മാൻ എന്നോ മറ്റു നായകന്മാർക്ക് തിക്കുറുശ്ശി പേരുകള്‍ നിര്‍ദേശിച്ചതായി അറിവില്ല.
പേര് ഒരു കൈവിട്ട കളിയാണ്. വ്യക്തിയുടെ നിയന്ത്രണപരിധിയില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ വ്യക്തിയെ അയാളാക്കുന്നതുമായ പ്രഥമാടയാളം. സ്വന്തം നാമകരണത്തില് വ്യക്തി പങ്കാളിയാകുന്നില്ല. ഒരാള്‍ തന്റെ പേരിനെപ്പറ്റി ആലോചിച്ചുതുടങ്ങുന്നതിനും വര്‍ഷങ്ങള്‍ക്കുമുമ്പേ ആ വ്യക്തിയുടെ നാമകരണം നടന്നു കഴിയും. വേണമെങ്കില്‍ അബ്ദുല്‍ഖാദറിനെയോ കുഞ്ഞാലിയെയോ പോലെ പുനഃക്രമീകരിക്കാം. സ്വന്തം പേര് പരിഹാസ്യമായി തോന്നുന്ന സാധാരണക്കാര്‍ക്ക് – ലേഖകൻ ഉള്‍പ്പെടെയുള്ള കേവല പ്രേക്ഷകര്‍ക്ക് – ഗസറ്റില്‍ പരസ്യപ്പെടുത്തിയും മറ്റും കൃത്യം നിര്‍വ്വഹിക്കാനുള്ള സംവിധാനവുമുണ്ട്.
വമ്പൻ റെക്കോര്‍ഡുകൾ! ഗിന്നസ് അതെല്ലാം തന്റെ കണക്കുപുസ്തകത്തില്‍ എഴുതിച്ചേര്‍ത്തു
നേരത്തെ പറഞ്ഞ ആ മൂന്ന് ദശാബ്ദകാലം പ്രേംനസീറെന്ന നായകഭാരം മലയാള സിനിമ എപ്രകാരം രേഖപ്പെടുത്തിയെന്ന് പരിശോധിച്ചവര്‍ ചില വമ്പൻ റെക്കോര്‍ഡുകളില്‍ തട്ടിയാകും വീഴുക. ഗിന്നസില്‍ പല റെക്കോര്‍ഡുകള്‍. നൂറ്റിമുപ്പത് സിനിമകളില്‍ ഷീലയോടൊപ്പം അഭിനയിച്ചത്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകവേഷം കെട്ടിയത്. അറുനൂറോളം സിനിമകളിലായി വിവിധ നായികമാരോടൊപ്പം അഭിനയിച്ചത്. ഗിന്നസ് അതെല്ലാം തന്റെ കണക്കുപുസ്തകത്തില്‍ എഴുതിച്ചേര്‍ത്തു. എത്ര മഹത്തുറ്റതാണ് ഗിന്നസ് റെക്കോര്‍ഡ്. ഒരു മണിക്കൂര്‍ക്കൊണ്ട് അറുപത് ചായ കുടിച്ചാല്‍ ഗിന്നസില്‍ ഇടം കിട്ടുമോ എന്ന് പരിഹസിച്ചവരുണ്ട്. ഗിന്നസില്‍ പേരുവരുന്നത് ഇപ്പോള്‍ ഇൻഫോപേജസില് ഫ്രീ എൻട്രിയായി കയറിപ്പറ്റുമ്പോലെയാണെന്ന് വാദിച്ച വിമതഗ്രൂപ്പുകളുമുണ്ട്. ഗിന്നസ് ഇതില്പരം ജനകീയമാകാൻ മറ്റെന്തു വേണ്ടൂ?
ഭാര്‍ഗവിനിലയത്തിലെ ശശികുമാര്‍ (1964 – കഥ – ബഷീര്‍, സംവിധാനം – എ. വിൻസെന്റ്), മുറപ്പെണ്ണിലെ ബാല (1965- കഥ എം.ടി, സംവിധാനം – എ വിൻസെന്റ്), ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധൻ (1967 കഥ – എം.ടി, സംവിധാനം പി ഭാസ്കരൻ); പിന്നെ, നദി (1969), അനുഭവങ്ങള്‍ പാളിച്ചകള്‍ (1971), വിടപറയുംമുമ്പേ (1981) തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ എന്നിവയെല്ലാം പ്രേംനസീറിന്റെ ശ്രേയമായ കഥാപാത്രങ്ങളായി വിലയിരുത്തപ്പെടുന്നു.
ഫ്രഞ്ച് നോവലിസ്റ്റായ അലക്സാണ്ടര്‍ ഡൂമയുടെ ‘ദി കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ’ എന്ന നോവലിനെ അവലംബിച്ചാണത്രെ എ ഗോവിന്ദൻകുട്ടി ‘പടയോട്ടം’ (മലയാളത്തിലെ പ്രഥമ 70 എം എം സിനിമ. 1982. സംവിധാനം അപ്പച്ചൻ) എന്ന സിനിമയ്ക്ക് കഥയുണ്ടാക്കിയത്. ഇതിലെ ഉദയൻ, 1981-ല്‍ വന്ന പി എ ബക്കറിന്റെ ‘ചാരം’ എന്ന സിനിമയിലെ അച്ഛൻ എന്നിവ പതിവുശൈലി വെടിയാൻ ആഗ്രഹിച്ച് ചെയ്ത സിനിമകളായി അനുഭവപ്പെടും.
നന്ദികെട്ട നമ്മള് കൊട്ടിഗ്ഘോഷിച്ചു; ഒടുവില്‍ ആ അഭിനയജീവിതം തീര്‍ത്തും ശുഷ്കമായിരുന്നുവെന്ന് പറഞ്ഞു
വിളിക്കാതെ വരുന്ന ഓര്‍മ്മകളിലുണ്ട് എത്ര ഉപേക്ഷിക്കാൻ നോക്കിയിട്ടും സാധിക്കാത്ത നസീര്സ്മരണകള്. വില്ലന്റെ കയ്യിലകപ്പെട്ട നായികയെ രക്ഷിക്കാൻ ഡൈവ് ചെയ്തെത്തുന്ന ആ നായകൻ എത്രകുറി നമ്മെക്കൊണ്ട് കയ്യടിപ്പിച്ചു; ചിരിപ്പിച്ചു; രസിപ്പിച്ചു; കരയിപ്പിച്ചു. നമ്മള് ആരാധിച്ചു. പിന്നെപ്പിന്നെ മുഖച്ചായം തേച്ച് ചുളിവുകള്‍ മറച്ചുവെച്ചിട്ടും റൊമാന്റിക് നായകനാക്കി നെഞ്ചേറ്റി നടന്നു.
ആ നമ്മള് നന്ദികെട്ടവര്‍! ഇങ്ങനെയെല്ലാം കൊട്ടിഗ്ഘോഷിച്ചുനടന്ന് ഒടുവില്‍ കാര്യത്തോടടുത്തപ്പോള്‍ ആ അഭിനയജീവിതം തീര്‍ത്തും ശുഷ്കമായിരുന്നുവെന്ന് പറഞ്ഞു നടന്നു! ലെമ്പര്ട്ടൊ മാഗിയോറനിയെ സ്വപ്നം കണ്ടുനടന്നാലും അറുനൂറു സിനിമകളില്‍ നടുനായകത്വം വഹിച്ച പ്രേംനസീറിനെ ആരും സ്വപ്നം കണ്ടില്ല!
സ്വയം വിമര്‍ശനത്തിനും മാറ്റങ്ങള്‍ക്കും സ്വാഭാവികമായും നസീര്‍ ആഗ്രഹിച്ചിരുന്നു. ഇതദ്ദേഹം എം.ടി.യോട് തന്നെ പറഞ്ഞിട്ടുണ്ട്. ഈ അഭിപ്രായം വിരല്‍ തൊടുന്ന മറ്റൊരു വശമുണ്ട്. ഒരു യാഥാര്‍ത്ഥ്യം. വേറിട്ട സിനിമകള്‍ സൃഷ്ടിക്കാൻ ചിന്താവൈഭവമുള്ള സംവിധായകര്‍ കൊമേഴ്സ്യല്‍ സിനിമയില്‍ കുറവായിരുന്നു. ഉണ്ടായിരുന്നവരാകട്ടെ നിലവിലുള്ള സിനിമാസംസ്കാരത്തെ അതേപടി പിൻപറ്റുകയാണ് ചെയ്തിരുന്നത്. നടന്മാര് മുരടിച്ചു പോയതിന് ഈയൊരവസ്ഥ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ആവര്‍ത്തനവിരസമോ പതിവുശൈലി പിന്തുടരുന്നതോ ആയ കഥാപാത്രങ്ങളെ വേണ്ടെന്നു വെയ്ക്കാനുള്ള ആത്മാര്‍ത്ഥത പ്രകടിപ്പിക്കാൻ നസീറിനെപ്പോലൊരു നടന് കഴിഞ്ഞിട്ടുണ്ടോ?
കാറ്റടിച്ചാല്‍ മുടിപാറുന്ന സാധാരണ ഒരു മനുഷ്യൻ തന്നെയായിരുന്നു; ജീവിതത്തിൽ നസീറും അതറിഞ്ഞിരുന്നു
തന്റെ സ്ഥിരമായ ഭാവങ്ങളും സംഭാഷണശൈലിയും ശരീരഭാഷയും ഹെയര്‍സ്റ്റൈല്‍ തന്നെയും (അദ്ദേഹം തൊപ്പി എന്നു വിളിച്ചിരുന്ന വിഗ്ഗ്) യാതൊരു മാറ്റവുമില്ലാതെ പ്രേംനസീറിനൊപ്പം സഞ്ചരിക്കുകയായിരുന്നു. പ്രേംനസീറിനപ്പുറം വേറൊരു നായകസങ്കല്പം എന്ന പാപചിന്തയ്ക്ക് തലവെച്ചുകൊടുക്കാൻ നസീര്ക്കാലത്തെ കുടുംബപ്രേക്ഷകസിംഹഭാഗം തയ്യാറായില്ല.
അന്ന് ഇന്നത്തെപ്പോലെ ഫാൻസ് സംഘാടനമെന്ന ആധുനിക വങ്കത്തം മലയാളി സങ്കല്പത്തില് പിറന്നിട്ടില്ല. അസോസിയേഷനുകളില്ലാത്ത ശാന്തമായ കാലത്താണ് നിര്ഭാഗ്യവാന്മാരായ നസീറും സത്യനും ജയനുമൊക്കെ അഭിനയിച്ചവസാനിച്ചത്. ഈ അര്‍ത്ഥത്തില്‍ യുവത അപമാനവീകരണത്തിലേക്ക് ചന്തികുത്തി വീണിട്ടില്ലാത്ത മൂന്ന് ദശാബ്ദങ്ങള്കൂടിയായിരുന്നു നസീര്ക്കാലം.
‘ചിത്രത്തെരുവുകള്‍’ എന്ന കൃതിയില്‍ എം.ടി. അതെഴുതിയിട്ടുണ്ട്. ”പൗരുഷത്തിന്റെ പരുക്കൻ ഭാവങ്ങള്‍ കണ്ട് സത്യനെ ആരാധിച്ച ആസ്വാദകരുടെ ഒരു വലിയ സമൂഹമുണ്ടായിരുന്നു. പക്ഷേ അവരും പ്രണയാതുരനായ മറ്റേ ചെറുപ്പക്കാരനെ സ്നേഹിച്ചിരുന്നു. ആരാധകര്‍ ചേരിതിരിഞ്ഞ് ഒരാളെ ഉയര്‍ത്താനോ താഴ്ത്താനോ ശ്രമിച്ചിരുന്നില്ല എന്നതും ഒരു സത്യമാണ്. ആസ്വാദനം വിഗ്രഹാരാധനയാക്കി മാറ്റല്‍ സ്വന്തം ഉത്തരവാദിത്വമായി അന്നത്തെ പാവം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നില്ല.”
ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ ഒരുകാലത്തും ‘ആരാധകര്‍’ ഉണ്ടായിരുന്നില്ല. കേട്ടുനടന്ന കാലത്ത് മാത്രമായിരുന്നു നസീര്‍ ഉള്ളില്‍ നിറഞ്ഞുനിന്നത്. കുട്ടിക്കാലത്ത് സേതുബന്ധനം എന്ന സിനിമയിലാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. കണ്ടപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല, എന്തെങ്കിലും പന്തികേട് അന്നേ തോന്നിയിട്ടുണ്ടാകാമെങ്കിലും.
”സിനിമ തൊഴിലായി മാറുമ്പോള്‍ എന്തു സാഹസത്തിനും നമ്മള് തയ്യാറാകേണ്ടിവരും. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അവിടെ പ്രസക്തിയില്ല.” എന്ന് നസീര്‍ പറഞ്ഞത് കൃത്യനിര്‍വഹണത്തിലുള്ള ഒരാളുടെ ഉത്തരവാദിത്വത്തെ മുനിര്‍ത്തിയാണ്. എന്നാല്‍ തന്റെ കഥാപാത്രങ്ങളില്‍ യുക്തമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാനോ കാലോചിതമായി സ്വയം മാറാനോ കാറ്റടിച്ചാല്‍ മുടിപാറുന്ന സാധാരണ ഒരു മനുഷ്യൻ തന്നെയാണ് താനെന്ന് മറന്നുപോകാതിരിക്കാനോ അദ്ദേഹത്തിന് കഴിയാതെപോയത് ഒരത്ഭുതം തന്നെയാകാം. പ്രത്യേകിച്ചും മുപ്പതുവര്‍ഷക്കാലം മലയാള സിനിമയെ ചൊല്‍പ്പടിക്കുനിര്‍ത്താൻ സാധിച്ച ഒരാള്‍ക്ക്.
സ്നേഹകാരുണ്യങ്ങള്‍
നാട്യശാസ്ത്രത്തിലൊതുങ്ങുന്ന ഭാവങ്ങളല്ല
നവരസങ്ങളില്‍ രണ്ട് ഭാവങ്ങളാണ് രൗദ്രവും കരുണവും. നടനത്തില്‍ ഒരാള്‍ രൗദ്രം മനോഹരമായി അഭിനയിക്കുമ്പോള്‍ നാം കയ്യടിച്ചേക്കും; എന്നാല്‍ ജീവിതത്തിലില്ല. വ്യക്തിപരതയില്‍ രൗദ്രം സഹനീയമല്ല.
സിനിമയിലേതുപോലെയല്ല നസീര്‍ വ്യക്തിജീവിതത്തില്‍. അവിടെ കരുണയുടെ ഭാവം ഏറ്റവും മനോഹരമായി അദ്ദേഹം അവതരിപ്പിച്ചു. കാരണം അത് അഭിനയമായിരുന്നില്ല. സ്വന്തം മനസ്സിന്റെ ഭാവങ്ങളാക്കി സ്നഹകാരുണ്യങ്ങളെ സംരക്ഷിച്ചിരുന്നു നസീറെന്ന് നമ്മള് തിരിച്ചറിയുന്നു. ആ ജീവിതത്തിന്റെ അധികം തുറക്കാത്ത ചില അറകളിലെത്തുമ്പോള് അതറിയാനാകും. ഇരുചെവിയറിയാതെ അദ്ദേഹം നിര്‍വഹിച്ച കാരുണ്യങ്ങളെപ്പറ്റി.
നമ്മുടെ ബ്ളാക്ക് ആന്റ് വൈറ്റ് ചലച്ചിത്രകാലത്ത് മനുഷ്യനന്മകളില്‍ നിന്നും കാരുണ്യം ഇത്രമാത്രം ചോര്‍ന്നുപോയിരുന്നില്ല. നാടെങ്ങും ആരാധകരുള്ള, തിരക്കുപിടിച്ച ജീവിതചര്യകളുള്ള അദ്ദേഹം അതിനിടയിലും താനറിയുന്ന പല വേദനകള്ക്കുമേലെയും കരുണ ചൊരിഞ്ഞിരുന്നതായി നസീറിനെ അടുത്തറിയുന്ന പലരും അദ്ദേഹത്തിന്റെ മരണാനന്തരം രേഖപ്പെടുത്തുകയുണ്ടായി. സിനിമയില്‍ നമ്മള് കണ്ട നസീറായിരുന്നില്ല നസീര്‍.
അസാമാന്യ മനുഷ്യത്വമുള്ള ആളായിരുന്നു നസീറെന്നും തന്റെ ജീവിതവും ജീവിതപരിസരവും ശുദ്ധമായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹവുമായി ഏറെ അടുപ്പമുണ്ടായിരുന്ന സംവിധായകൻ ശശികുമാര്‍ പറഞ്ഞിട്ടുണ്ട്.
ആയിരം സൗഹൃദങ്ങള്‍ക്കിടയില്‍ അപൂര്‍വ്വമായി കിട്ടുന്ന ഒരനുഗ്രഹമായിരുന്നു നസീറെന്ന് എം.ടി.യും എഴുതി. ഗാള്‍ബ്ലാഡറിലെ കല്ലുനീക്കാനുള്ള ഒരു സര്‍ജറിക്ക് വിധേയനായി മദിരാശിയിലെ ഒരാശുപത്രിയില്‍ കിടപ്പിലായ കാലത്ത് ആ സ്നേഹമനുഭവിച്ചതിനെപ്പറ്റി എം ടി ചിത്രത്തെരുവുകളില്‍ വിവരിക്കുന്നുണ്ട്:
“…നസീറിന്റെ വീട്ടിലെത്തി. അവിടേയ്ക്കു കയറിയപ്പോഴേ ആ വലിയ ലൈബ്രറി എന്നെ അത്ഭുതപ്പെടുത്തി. ക്ലാസിക്കുകള്‍ ധാരാളമുള്ള ലൈബ്രറി. ഇവിടെ കിട്ടാൻ പ്രയാസമുള്ള നാഷണല്‍ ജ്യോഗ്രഫിക്, ടൈം, ന്യൂസ് വീക്ക് തുടങ്ങിയ മാഗസിനുകള്‍. വലിയ കൗതുകം തോന്നി. ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരുന്നു. ഭക്ഷണം കഴിക്കാറായപ്പോള്‍ നസീര്‍ പറഞ്ഞു. മദിരാശിയിലിപ്പോള് മദ്യനിരോധനത്തിന്റെ കാലമാണ്. എനിക്കൊരു പെര്മിറ്റൊക്കെയുണ്ട്. വേണമെങ്കില്‍ ബിയര്‍ വാങ്ങിപ്പിക്കാം. കൊണ്ടുവയ്ക്കാറില്ല…” (ചിത്രത്തെരുവുകള്‍ / എം.ടി.)
ആ ലൈബ്രറി, വായിച്ചതിന്റെയോ വായിക്കാനുള്ളവയുടെയോ സൂക്ഷിപ്പായിരുന്നോ അതോ അതിഥികളെ അത്ഭുതപ്പെടുത്താനുള്ള അലങ്കാരമായിരുന്നോ എന്നത് ഇവിടെ പ്രസക്തമേയേല്ല. നവരസങ്ങളിലെ കരുണയെപ്പറ്റിയാണ് പറഞ്ഞത്. അത് സൂക്ഷിച്ച വ്യക്തി എന്ന ആള്‍രൂപം. ഇതൊരു അപൂര്‍വ്വതയോ അത്ഭുതമോ ആയി കാണേണ്ടതില്ല. കുറേപേര്‍ ജീവിതത്തെ രൗദ്രമാക്കുന്നു. കുറച്ചുപേര്‍ അത് കരുണമാക്കുന്നു. സ്വാഭാവികമാണ്. മരണാനന്തരം ഏതൊരാളെയും പറ്റി നല്ലതേ പറയാവൂ. ആ സ്ഥിതിക്ക് ഒരു ഓര്‍മ്മയും മോശമായി പരാമര്‍ശിക്കേണ്ടതില്ല.
പ്രിയപ്പെട്ട നസീര്‍ സര്, നിങ്ങളുണ്ടാക്കിയ മായക്കാഴ്ചകളുടെ മരംചുറ്റിക്കാറ്റ് ഇന്നും വീശിയടിക്കുന്നല്ലോ!
“മലയാളികളുടെ മനസ്സിലെ പുരുഷസങ്കല്‍പ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേംനസീറിന്റെ ചലച്ചിത്ര കഥാപാത്രങ്ങള്‍…” എന്നാണ് വിക്കിപീഡിയയുടെ ദാര്‍ശനിക മാനം. എന്നാലിത് ഒരു കാലഘട്ടത്തിന്റെ നിവൃത്തികേടായിരുന്നു എന്നതിന്റെ സൂചനകളൊന്നും വിക്കിപീഡിയ നല്‍കുന്നുമില്ല. ഇവിടെ ‘മൂക്കില്ലാരാജ്യത്ത്…’ എന്ന ചൊല്ലില്‍ പ്രതികളാകുന്നത് പ്രേക്ഷകര്‍ തന്നെയാണ്. നമ്മുടെ ഇല്ലായ്മ മുതലെടുത്താണല്ലോ ഭാഗികമായെങ്കിലും ഉള്ളവർ ചക്രവര്‍ത്തിയായി അവരോധിക്കപ്പെടുന്നത്.
“പണമെറിഞ്ഞ് പണം വാരുന്ന പണിയാണ് മോനെ പടംപിടി…” എന്നൊരു വിദ്വാൻ കൗമാരകാലത്ത് സൂചന തന്നിട്ടുണ്ട്. ഒരു കളക്ടീവ് ആര്‍ട്ട്. ഒരുപാട് പേരുടെ കഠിനാദ്ധ്വാനങ്ങളുടെ ഫലം. നൂറ്റിമുപ്പത് മലയാള സിനിമകള്‍ സംവിധാനം ചെയ്തയാളാണ് ശശികുമാര്‍. അദ്ദേഹത്തെ സംബന്ധിച്ച് അതൊരു തൊഴിലാണ്. സംവിധാനം എന്ന തൊഴില്‍ – ഏറ്റെടുക്കുന്ന തൊഴില്‍ കൃത്യമായി ചെയ്തുതീര്‍ക്കുക; കൂലി കൈപ്പറ്റുക; അടുത്ത തൊഴിലിടത്തേക്ക് പുറപ്പെടുക.
ഇങ്ങനെയൊരു തൊഴില്‍മേഖലയുടെ ഉത്പന്നമായി സിനിമ നിലനിന്നത് ലോകത്താകമാനമാണ്. ഇതിനിടയിലാണ് വാണിജ്യതാത്പര്യങ്ങള്‍ പ്രാഥമിക പരിഗണനയിലില്ലാത്ത സിനിമകള്‍ ഉണ്ടാകുന്നത്. വാണിജ്യം എന്ന യാഥാര്‍ത്ഥ്യം അഥവാ, നിര്‍മ്മാണം എന്ന സാമ്പത്തിക പ്രശ്നം ഉള്‍ക്കൊണ്ടും നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ട്.
സിനിമയുടെ മാറ്റം സാങ്കേതികമായിരുന്നു. ടെക്നോളജിയുടെ എല്ലാ കരുത്തും ഏറ്റുവാങ്ങി മുന്നേറുന്ന സിനിമ മറ്റെന്തോ പുതിയ ഒരു കലാരൂപമായി മാറിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തികവിജയം ഒരു സിനിമ ആവശ്യപ്പെടുന്ന സുപ്രധാനമായ വിഷയം തന്നെയാണ്. അതില്‍ നിന്നുകൊണ്ടുതന്നെ ജീവിതസ്പര്‍ശിയായ സിനിമകളുമുണ്ടായി. കരുത്തുറ്റ നടന്മാരുണ്ടായി. ചലച്ചിത്ര ശില്പികളുണ്ടായി. ശക്തരായ പ്രേക്ഷകരുണ്ടായി. അരോചകങ്ങളായ ഫാൻസ് അസോസിയേഷനുകള്‍ ഉണ്ടായി.
ഇറാനില്‍ സിനിമകളുണ്ടായി. ജര്‍മ്മനിയില്‍ വെര്‍ണര്‍ ഹെര്‍സോഗ് ഉണ്ടായി. ഓസ്കാറിൽ റസൂല്‍ പൂക്കുട്ടിയുണ്ടായി, ഗുല്‍സാര്‍ ഉണ്ടായി, എ ആര് റഹ്മാൻ ഉണ്ടായി. ജയ്ഹോ എന്ന തട്ടുപൊളിപ്പൻ ഗാനം ലോകമാകെ ഏറ്റുപാടുകയുണ്ടായി.
പ്രിയപ്പെട്ട നസീര്‍ സര്,
അത്രേടം വരെയൊക്കെയായി ഇവിടെ കാര്യങ്ങള്‍. താങ്കളടക്കമുള്ള തൊഴിലാളി ആര്‍ട്ടിസ്റ്റുകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഏറ്റവും വലിയ മായക്കാഴ്ചകളുടെ ആ മരംചുറ്റിക്കാറ്റ് ഇപ്പോഴുമിങ്ങനെ പ്രതിപ്രവര്‍ത്തിക്കുന്നുവെന്ന് ഖേദപൂര്‍വ്വം വ്യക്തമാക്കട്ടെ.