Home » കലാസാഹിതി » എഴുത്തുമേശ » കമല സുരയ്യ കേരളത്തിന് ഒരു ‘വർഗ്ഗീയപ്രശ്‍നം’ ആയിരുന്നോ! അതാണോ ‘ആമി’ പറയാൻപോകുന്നത്?

കമല സുരയ്യ കേരളത്തിന് ഒരു ‘വർഗ്ഗീയപ്രശ്‍നം’ ആയിരുന്നോ! അതാണോ ‘ആമി’ പറയാൻപോകുന്നത്?

ട്രെയിലര്‍ സിനിമയോളംതന്നെ, ഒരുപക്ഷേ അതിനേക്കാള്‍ സൂക്ഷ്മമായി തയ്യാര്‍ചെയ്യുന്ന, സിനിമയുടെ ക്രീം ആണ്. ആ പ്രതീക്ഷയോടെ ട്രെയിലര്‍ കണ്ട് ആമിയ്ക്ക് ടിക്കറ്റെടുത്താൽ വഞ്ചിക്കപ്പെടുമോ? മാധവിക്കുട്ടിയുടെ മതംമാറ്റത്തെ സിനിമയില്‍ ഒരു വര്‍ഗീയ പ്രശ്നമാക്കിയിരിക്കുകയാണോ കമൽ? രാജു വിളയിൽ എഴുതുന്നു.

 

സിനിമ കാണുന്നതിനുമുമ്പ് അതിനെക്കുറിച്ചുള്ള അഭിപ്രായം പറയുന്നത്, പ്രത്യേകിച്ചും ഗുണകരമല്ലാത്ത അഭിപ്രായം, ശരിയല്ല എന്നാണ് പത്മാവതിയുടെയും സെക്സി ദുര്‍ഗയുടെയുമൊക്കെ കാര്യത്തില്‍ നമ്മള്‍ പറഞ്ഞുകൊണ്ടിരുന്നത്. അത് ശരിയുമാണ്. അതുകൊണ്ട് ആമി എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായമായി ഇതെടുക്കരുത്. എന്നാല്‍ കണ്ട ട്രെയിലറെക്കുറിച്ച് അഭിപ്രായമാകാമല്ലോ. അതിനാല്‍ ഇത് ആമി എന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലറെക്കുറിച്ചുള്ള ഗുണവിചാരമത്രെ.

ട്രെയിലര്‍ സിനിമയോളംതന്നെ, ഒരുപക്ഷേ അതിനേക്കാള്‍ സൂക്ഷ്മമായി തയ്യാര്‍ചെയ്യുന്ന, സിനിമയുടെ ക്രീം ആണ്. അത് സിനിമയുടെ ഒരു ഫീല്‍, മൂഡ് പ്രേക്ഷകന് സമ്മാനിക്കും; അല്ലെങ്കില്‍ സമ്മാനിക്കണം. ട്രെയിലര്‍ കണ്ട് പ്രതീക്ഷയോടെ ടിക്കറ്റെടുത്ത് വഞ്ചിക്കപ്പെട്ടവര്‍ നിരവധിയാണ്. എന്നാല്‍ ട്രെയിലറില്‍ ഒരു പ്രതീക്ഷയുമില്ലാതെ തിയറ്ററില്‍ കയറി അത്ഭുതപരതന്ത്രരായി ഇറങ്ങുന്നവര്‍ ഇന്നുവരെ ഉണ്ടായിട്ടില്ലത്രെ.

കമല്‍ ബുദ്ധിമാനായ ചലച്ചിത്രപ്രവര്‍ത്തകനാണ്. സെല്ലുലോയിഡ് എന്ന സിനിമ പ്രഖ്യാപിച്ചപ്പോഴാണ് മലയാളത്തില്‍ ആദ്യമായി സിനിമയെടുത്ത ജെ സി ഡാനിയേലിന്‍റെ കഥ ഇന്നുവരെ സെല്ലുലോയിഡിലായിട്ടില്ലല്ലോ എന്ന കാര്യം സിനിമാക്കാര്‍ ഓര്‍ത്തത്.
മാധവിക്കുട്ടിയുടെ കഥയുടെ കാര്യവും അതുതന്നെയാണ്. ഇത്രമാത്രം സിനിമാസാധ്യതയുള്ള ഒരു എഴുത്തുകാരിയുടെ ജീവിതം അഭ്രപാളിയിലാക്കാനുള്ള നിയോഗവും അദ്ദേഹത്തിനുതന്നെ കൈവന്നു.

പക്ഷേ, ഡാനിയേലിനെപ്പോലെയല്ല മാധവിക്കുട്ടി. അവര്‍ ഇന്നും ആസ്വാദകരുടെ മനസ്സില്‍ ജീവിക്കുന്ന, എത്രയോ പേര്‍ കണ്ടും കേട്ടും പരിചയിച്ചും അവരുടെ സ്വന്തമാക്കിയ, ഒരാളാണ്. അതിനാല്‍തന്നെ പ്രേക്ഷകന്‍റെ മനസ്സില്‍ താരതമ്യം സ്വാഭാവികമായിരിക്കും.

ഇതെന്‍റെ ആത്മകഥയാണോ? എനിയ്ക്കറിയില്ല്യ… എന്ന മഞ്ജു വാര്യരുടെ ആത്മഗതത്തോടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. ആ സംഭാഷണത്തിലെ ചെടിപ്പിക്കുന്ന, മലയാള സിനിമയില്‍ മാത്രം ഒരുകാലത്ത് കേട്ടിരുന്ന വള്ളുവനാടന്‍ സവര്‍ണ സ്ലാംഗ് ഒരിയ്ക്കലും മാധവിക്കുട്ടിയുടെ സംഭാഷണത്തിലുണ്ടായിരുന്നില്ലെന്ന് നമുക്കറിയാം. അവരുടെ എഴുത്തില്‍ നാലപ്പാട്ടെ തറവാട്ടിലെ ചില കഥാപാത്രങ്ങള്‍ ആ താളത്തില്‍ സംസാരിച്ചിരുന്നു എന്ന് മാത്രം.

നമ്മുടെ മനസ്സിലെ മാധവിക്കുട്ടിക്ക് ഒരിയ്ക്കലും യോജിക്കാത്തതാണ്  മഞ്ജു വാര്യരുടെ ഡബ്ബിങ്. ഇത് സിനിമയില്‍ മുഴച്ചുനില്‍ക്കും എന്ന് ട്രെയിലറിന്‍റെ ബലത്തില്‍തന്നെ നമുക്കുറപ്പിക്കാം. പട്ടുസാരിയില്‍ ആഭരണങ്ങളണിഞ്ഞ് എപ്പോഴും സുന്ദരിയായിരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു മാധവിക്കുട്ടി എന്നതുകൊണ്ട്, മഞ്ജു വാര്യരെ ഫാന്‍സി ഡ്രസ് മത്സരത്തില്‍ പങ്കെടുപ്പിക്കേണ്ടിയിരുന്നില്ല.

എന്‍റെ കഥ എന്ന മാധവിക്കുട്ടിയുടെ ആത്മകഥയാണ് സിനിമയ്ക്ക് പ്രചോദനം എന്ന് തോന്നിക്കുന്നതാണ് ട്രെയിലര്‍. വെറുതെയല്ല, വിദ്യാ ബാലനായിരുന്നെങ്കില്‍ ലൈംഗികതയിലേക്ക് വഴുതിപ്പോകുമായിരുന്നു എന്ന് കമല്‍ പറഞ്ഞത്. മാധവിക്കുട്ടിയുടെ കഥ പറയുമ്പോള്‍ ഏതുരീതിയിലാണ് ലൈംഗികത അവതരിപ്പിക്കേണ്ടത് എന്ന് സംവിധായകന് ഇപ്പോഴും വ്യക്തതയില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മാധവിക്കുട്ടിയുടെ ലൈംഗികത എന്താണ് എന്നും സംവിധായകന് പിടികിട്ടിയിട്ടില്ല. അത് ഡേര്‍ട്ടി പിക്ചേഴ്സിലെ മേനിപ്രദര്‍ശനമാണെന്ന് പാവം കമല്‍ ധരിച്ചുവച്ചിരിക്കുന്നു.

മാധവിക്കുട്ടിയായി മഞ്ജു വാര്യര്‍ ഫിറ്റാവുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. അതിനാല്‍ത്തന്നെ മഞ്ജു വാര്യരിലൂടെ മാധവിക്കുട്ടിയിലെത്താന്‍ പാടുപെടേണ്ടിവരും. അതുണ്ടാക്കുന്ന കൃത്രിമത്വം സിനിമയിലില്ലാതിരിക്കാന്‍ പ്രാര്‍ഥിക്കാം.

മാധവിക്കുട്ടിയുടെ എഴുത്ത്, ബന്ധുക്കളും വായനക്കാരും അതില്‍ ആരോപിക്കുന്ന സദാചാര പ്രശ്നം, പ്രണയം, മതംമാറ്റം, അതുണ്ടാക്കുന്ന വര്‍ഗീയപ്രശ്നം എന്നിവയാണ് സിനിമ ചര്‍ച്ചചെയ്യുന്നതെന്നുവേണം കരുതാന്‍. മാധവിക്കുട്ടിയുടെ മതംമാറ്റത്തിനു കാരണക്കാരന്‍ എന്ന് കരുതുന്ന വ്യക്തിയുടെ രൂപസാദൃശ്യവുമായി അനൂപ് മേനോന്‍ എത്തുന്നത് സിനിമയെ എത്രമാത്രം ഉപരിപ്ലവമായാണ് സംവിധായകന്‍ സമീപിച്ചിരിക്കുന്നത് എന്നതിന് തെളിവാണ്.

മാധവിക്കുട്ടിയുടെ മതംമാറ്റം ബൗദ്ധികതലത്തിലെ ചര്‍ച്ചയ്ക്കും ചില പരിഹാസത്തിനുമപ്പുറത്ത് കേരളത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയോ? എന്നാല്‍ സിനിമയില്‍ അതൊരു വര്‍ഗീയ പ്രശ്നമാണ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. രാഷ്ട്രീയ കാരണങ്ങളാലാണ് വിദ്യാ ബാലന്‍ സിനിമയില്‍നിന്ന് പിന്‍മാറിയത് എന്ന് പറഞ്ഞ് ആ രീതിയിലുള്ള ചര്‍ച്ചയ്ക്ക് ആദ്യംമുതലേ സംവിധായകന്‍ അരങ്ങൊരുക്കിയിരുന്നു. ഇനി സിനിമയിറങ്ങിയാല്‍ സംഘപരിവാറിനെക്കൊണ്ട് ഒരിയ്ക്കല്‍ക്കൂടി തന്നെ കമാലുദ്ധീന്‍ എന്ന് വിളിപ്പിച്ച് ഇടതുപക്ഷ ഇടം ഉറപ്പിക്കാനാണോ ശ്രമം എന്നുമറിയില്ല.

എന്തായാലും ട്രെയിലര്‍ ദൃശ്യപരിചരണത്തില്‍ പുതുമയൊന്നും സമ്മാനിക്കുന്നില്ല. ആമിയായുള്ള മഞ്ജുവിന്‍റെ പകര്‍ന്നാട്ടം പ്രതീക്ഷ നല്‍കുന്നില്ല. ഡബ്ബിങ് നിരാശപ്പെടുത്തുകയും ചെയ്യുന്നു. റിലീസിങ് ദിവസത്തിനായ് കാത്തിരിക്കാം. വിദ്യാ ബാലനാണോ, മഞ്ജു വാര്യരാണോ, നമ്മള്‍ പ്രേക്ഷകരാണോ രക്ഷപ്പെടുന്നതെന്ന് കണ്ടറിയാം.

Leave a Reply