ശവകുടീരത്തിലും സമാധി തുടരുന്നു എന്ന അര്‍ത്ഥത്തിലാണ് സൂഫിയുടെ കബറിടം സന്ദര്‍ശനസ്ഥലമായി സവിശേഷമാകുന്നത്. ഭൗതികശരീരത്തിന്റെ അഭാവത്തിലും തുടരുന്ന മഖാം. സൂഫിയുടെ ജ്ഞാനപദ്ധതിയും അന്വേഷണവഴിയും എത്രത്തോളം സാധകന് മനസ്സിലാക്കുന്നുവോ, അത്രത്തോളം മഖാമിനെ അടുത്തറിയാം, അനുഭവിക്കാം. ആത്മീയാനുഭവങ്ങളുടെ ശീര്ഷസ്ഥാനമായ അജ്മീറിൽ സൂഫിയുടെ ഹൃദയപ്രകാശത്തിന്റെ അനുഭവം ഏറ്റുവാങ്ങി പി. പി. ഷാനവാസ് യാത്ര തുടരുന്നു. സൂഫീപഥങ്ങളിൽ അഞ്ചാംഭാഗം.
ദര്‍ഗാ സന്ദര്‍ശനത്തിന്റെ തിരക്കില്‍നിന്ന് തലയൂരി മുറിയില്‍ അഭയംതേടി. പ്രഭാഷണങ്ങളും ബിരിയാണി തീറ്റയും ഇപ്പോള്‍ കൂടുതല്‍ ആയാസത്തിലായി.
ഭൗതികമായ ആവശ്യങ്ങള്‍ക്കും രോഗശാന്തിക്കും ഖ്വാജയുടെ സന്നിധിയില്‍ ഒറ്റയ്ക്കും കൂട്ടായും പ്രാര്‍ത്ഥന നടത്തുന്നതില്‍ ഇനി എതിര്‍പ്പൊന്നുമില്ല എന്ന നിലയില്‍ പ്രഭാഷണങ്ങള്‍ മയപ്പെട്ടു. ഖവാലി കേട്ടും ഖ്വാജയുടെ സാന്നിധ്യത്തില്‍ വ്യക്തിദുഃഖങ്ങള്‍ പറഞ്ഞും അറിവിന്റെ അത്യുന്നതങ്ങളില്‍ പരമജ്ഞാനത്തിന്റെ ഉടമകളാക്കണമെന്ന് പ്രാര്‍ത്ഥിച്ചും ദര്‍ഗയുടെ മായികകമായ ഭക്തിയന്തരീക്ഷത്തില് ഞങ്ങള്‍ കൂടെക്കൂടെ ചെന്നു ഹൃദയം നിറച്ചു. മനസ്സില്‍ പ്രേമത്തിന്റെ വീഞ്ഞിനു വീര്യം കൂടിക്കൂടി വന്നു.
ഓരോ തവണത്തെ ദര്‍ഗാ സന്ദര്‍ശനവും മനസ്സിലെ പ്രേമസ്വരൂപത്തെ അടുത്തറിയാനും ദൈവികമായ മാര്‍ഗത്തിന്റെ രഹസ്യജ്ഞാനിമങ്ങളെ തൊട്ടുരുചിക്കാനും ദൈവിക പ്രണയത്തിന്റെ മധു നുകരാനുമുള്ള അവസരങ്ങളായി മാറി. ഖവാലി സംഘങ്ങള്‍ക്കൊപ്പം രാപ്പകലുകള്‍ ചെലവഴിച്ചു. താരാഖട്ടിലെ സൂഫി ദര്‍ഗകളും സന്ദര്‍ശിച്ചു. ഒറ്റയ്ക്കുള്ള എന്റെ പലായനങ്ങളിലൊന്നില്, ഖ്വാജ ചില്ലയിരുന്ന (ധ്യാനവും തപശ്ചര്യയുമായി കഴിയൽ) ഗുഹാമുഖത്തും ഞാനെത്തി.
അനാസാഗറിനു തീരത്തുള്ള കുന്നുകളിലൊന്നില്‍ ഈ കൊച്ചു ഗുഹയില്‍ ഇരുന്നാണ് ഖ്വാജ തന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നടത്തിയത്. മരുഭൂമികള്‍ താണ്ടി അജ്മീറില്‍ എത്താന്‍ മൊയിനുദ്ദീന്‍ ഖ്വാജയ്ക്ക് ഇടയാക്കിയത്, പ്രവാചകന് അന്തിയുറങ്ങുന്ന മദീനയിലെ പരിശുദ്ധ റൗളാ ഷരീഫില്‍ വെച്ച്, പ്രവാചകന് തന്നോടു സംസാരിക്കുന്നതായുള്ള ആത്മീയാനുഭവം മുന്‍നിര്‍ത്തിയാണത്രെ.
അജ്മീറില്‍ എത്തുമ്പോള്‍ അവിടുത്തെ രാജാവിന്റെ ശത്രുതയ്ക്ക് ഖ്വാജയും ശിഷ്യന്മാരും പാത്രമായി. എന്നാല്‍ തന്റെ അത്ഭുതസിദ്ധികള്കൊണ്ടും അറിവിന്റെ അക്ഷയഖനികൊണ്ടും അതെല്ലാം അവര്‍ അതിജീവിച്ചു. മന്ത്രജാലക്കാരുടെ വെല്ലുവിളികളെയും രാജാവിന്റെ സില്‍ബന്തികളുടെ പ്രതിരോധങ്ങളെയും അതിശയിച്ചു.
പേര്‍ഷ്യനും അറബിയും സംസ്കൃതവും വശമാക്കിയിരുന്ന ഖ്വാജ അക്കാലത്ത് പേര്‍ഷ്യയില്‍ വളര്‍ന്നു വികസിച്ച എല്ലാ സൂഫീ പ്രസ്ഥാനങ്ങളുമായും സമ്പര്‍ക്കം പുലര്‍ത്തുകയും ഖുര്‍ആനും പ്രവാചകചര്യയുടെ വ്യാഖ്യാനങ്ങളും ആഴത്തില്‍ സ്വായത്തമാക്കുകയും ചെയ്തിരുന്നു. തൗഹീദിന്റെ (ഏകത്വത്തിന്റെ) വൃത്തം വരച്ച് മന്ത്രജാലക്കാര് അയച്ച വിഷജന്തുക്കളുടെ മായയെ അദ്ദേഹത്തിനു തോല്‍പ്പിക്കാനായത് അപ്രകാരമാണ്. തന്നോട് തര്‍ക്കിക്കാന്‍ എത്തിയ പ്രദേശത്തെ പുരോഹിതനെ വിശ്വാസിയാക്കി. രാജാവിന് അവിടെനിന്ന് തോറ്റോടേണ്ട കാലം വരുമെന്ന് പ്രവചിച്ചു. അങ്ങിനെ പൃഥ്വി ചൗഹാന്, മുഹമ്മദ് ഗസ്നിയുടെ പടയോട്ടത്തില്‍ പരാജയമടയുന്നതിലേക്ക് ആ പ്രവചനം സത്യമാണെന്ന് തെളിഞ്ഞു.
ഖ്വാജയുടെ കറാമത്ത്: അനാസാഗര്‍ മണ്കുടത്തില്
അനാസാഗറില്നിന്ന് വെള്ളമെടുത്ത ശിഷ്യന്മാര്ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം ഖ്വാജയെ ചൊടിപ്പിച്ച കഥ ഇവിടെ പ്രശസ്തമാണ്. അനാസാഗര്‍ മണ്കുടത്തിലാക്കിയ കഥ മിക്ക പ്രഭാഷകരും ആവര്‍ത്തിച്ചിരുന്നു. ഖ്വാജയെക്കുറിച്ചുള്ള പുസ്തകങ്ങളില്‍ മൊയിനുദ്ദീന്‍ ഖ്വാജയുടെ പ്രസിദ്ധമായ ഈ കറാമത്ത് (അത്ഭുതസിദ്ധി) വിവരിക്കുന്നുണ്ട്.
തടാകത്തിലെ വെള്ളമെടുക്കുന്നത് തടഞ്ഞപ്പോള്‍ രാജാവിനോട് കേവലം ഒരു കുടം വെള്ളമെടുക്കാന്‍ അനുവദിക്കണമെന്ന് ഖ്വാജ അഭ്യര്ത്ഥിച്ചുവത്രെ. ഈ അഭ്യര്‍ത്ഥന അനുവദിക്കപ്പെട്ടു. അങ്ങനെ തന്റെ ശിഷ്യന്മാരില് ഒരാളോട് ഒരു കുടത്തില്‍ അനാസാഗറില്നിന്ന് വെള്ളമെടുക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അനാസാഗര്‍ ആ കുടത്തിലേക്ക് മുഴുവന്‍ ആവാഹിക്കപ്പെടുകയും തടാകം വറ്റിവരളുകയും ചെയ്തുവത്രെ.
ഖ്വാജയുടെ ഈ കറാമത്തില്‍ പരിഭ്രാന്തരായി രാജാവും സംഘവും തടാകം പൂര്‍വസ്ഥിതിയിലാക്കണം എന്നഭ്യര്ഥിച്ചു. യഥേഷ്ടം വെള്ളമെടുക്കാന്‍ അനുവാദം നല്‍കുകയും ചെയ്തു. ഖ്വാജയുടെ ഈ അത്ഭുത സിദ്ധിയില്‍ വിസ്മയിച്ച് പതിനായിരക്കണക്കിനുപേര്‍ ഇസ്ലാംമത വിശ്വാസത്തിലേക്ക് കടന്നുവന്നു.
ഈ സംഭവത്തിന് മറ്റൊരു വ്യാഖ്യാനവും സാധ്യമാണ്. അഹത്തിന് അറബിയില്‍ അന എന്നാണു പറയുക. അഹംബോധത്തെ മണ്‍കുടത്തിലാക്കി എന്ന രൂപകം സൂഫീജ്ഞാനത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. അത് സൂഫിസത്തിന്റെ വാതില്‍പ്പടിയാണ്. ഞാനെന്ന ബോധത്തിന്റെ സാഗരത്തെ മണ്കുടത്തിലടച്ചു എന്ന നിലയിലും ഈ കറാമത്ത് ആഖ്യാനത്തിന് സാധ്യതയുണ്ട്.
നക്ഷത്രഖചിതമായ ആകാശത്തിനുകീഴില് ആരവല്ലി കുന്നുകളുടെ അതിര്‍ത്തിയുടെ നീലഞരമ്പിനുള്ളില് അനാസാഗര്‍ ഒരു സമുദ്രംപോലെ ശാന്തമായി കിടന്നു. മീന്‍കൂട്ടങ്ങള്‍ വന്ന് ആളുകളുടെ ഭിക്ഷ തിന്ന് പുളഞ്ഞു. ഷാജഹാന്റെ കാലത്ത് നിര്‍മ്മിച്ച തീരത്തെ മാര്‍ബിള്‍ കുടീരങ്ങളില്‍ വിശ്രമിച്ചും വെടിപറഞ്ഞും ഞങ്ങള്‍ നടന്നു.
അനാസാഗര്‍ കണ്ട് മടങ്ങവെ അരികിലെ കുന്നിലെ ഖ്വാജയുടെ പ്രിയ ശിഷ്യനും തൊട്ടു പിന്‍ഗാമിയുമായ കുത്ബുദ്ദീന്‍ കാക്കി ചില്ല ഇരുന്ന ഗുഹ ഞങ്ങള്‍ സന്ദര്‍ശിച്ചു. അദ്ദേഹം ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി ഉപയോഗിച്ച കല്ത്തട്ടില് ഞാന്‍ ആളറിയാതെ ഉപവിഷ്ടനായി. അതുകണ്ട് അവിടുത്തെ സൂക്ഷിപ്പുകാരില്‍ ഒരാള്‍ വന്ന് ചീത്ത പറഞ്ഞു. ക്ഷമ ചോദിച്ച് അവിടെ എഴുതിയ ലിഖിതങ്ങളെല്ലാം കുറിച്ചെടുക്കുന്ന പത്രപ്രവര്‍ത്തകന്റെ ഭാവത്തില്‍ നിന്നു. അയാള്‍ എന്നെ സാകൂതം നോക്കി.
തങ്ങള്‍ ആരാധനയോടെ മാത്രം കൈകാര്യം ചെയ്യുകയും ചുംബിക്കുക മാത്രം ചെയ്ത് കാത്തുപോരികയും ചെയ്യുന്ന ഇടമാണ് അത് എന്നായിരുന്നു അയാളുടെ വ്യാഖ്യാനവും വിമര്‍ശനവും. എന്നാല്‍ കുത്ബുദ്ദീന്‍ കാക്കി ഉപവിഷ്ടനായും ശയിച്ചും പ്രാര്‍ത്ഥനാനിരതനായും പുണ്യമാക്കപ്പെട്ട ആ ശിലാതല്പത്തില് ഇത്തിരി നേരം ഇരിക്കാനായി എന്ന അഭിമാനത്തില്‍ തന്നെയായിരുന്നു ഞാന്‍. ചില സാഹസങ്ങള്‍ ജ്ഞാനാന്വേഷണത്തില്‍ ആവശ്യമാണെന്ന് എനിക്കറിയാമായിരുന്നു. എന്നിലെ മാധ്യമപ്രവര്‍ത്തകന്റെ അത്തരം കുസൃതികള്‍ തൊഴില്‍പരമായ സങ്കേതമായി മാത്രം കൈക്കൊണ്ടാല്‍ മതി എന്ന് ഞാന്‍ കൂട്ടാളികളോടു പറഞ്ഞു സമാധാനിപ്പിച്ചു.
കുതിരവണ്ടിയില്‍ ഞങ്ങള്‍ ദര്‍ഗാ പരിസരത്തേക്കു മടങ്ങി. അക്ബര്‍ മസ്ജിദിന്റെ പൗരാണികമായ അങ്കണം ഞങ്ങളുടെ വിശ്രമത്തിനും ചര്‍ച്ചകള്‍ക്കും വേദിയായി.
‘ഞാന്‍ അറിവിന്റെ പട്ടണമാണെങ്കില്‍, അലി അതിന്റെ വാതിലാണ്’
തര്‍ക്കങ്ങളില്‍ ഒന്ന് ഇതായിരുന്നു. ഒരു ഭക്തന് എത്തിച്ചേരാന്‍ കഴിയുന്ന ആത്മീയോത്കര്‍ഷത്തിന്റെ മേഖലകളെക്കുറിച്ച് കഴിഞ്ഞ ദിവസമുണ്ടായിരുന്ന പ്രഭാഷണത്തിന്മേലായിരുന്നു ചര്‍ച്ച. ഖുര്‍ആനിലെ ഒരു സൂക്തത്തെ ആസ്പദിച്ചായിരുന്നു ആരിഫുദ്ദീന്‍ തങ്ങള്‍ അതു വിശദീകരിച്ചത്.
സ്വാലിഹിന്റെയും ഷുഹദാവിന്റെയും സിദ്ദീഖിന്റെയും മൂന്നു ഘട്ടങ്ങള്‍, മനുഷ്യന് അവന്റെ സല്‍കര്‍മ്മങ്ങളിലൂടെയും ആത്മശുദ്ധീകരണത്തിലൂടെയും എത്തിച്ചേരാന്‍ കഴിയുന്ന ആത്മീയ പദവികളാണ്. അതായത്, ആദ്യത്തേത് സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന ഒരാളുടെ പദവി. രണ്ടാമത്തേത് സത്യമാര്‍ഗത്തില്‍ രക്തം ചിന്തി മരിച്ചവരുടെ പദവിയാണ്. ഏറ്റവും ഉത്കൃഷ്ടമായ പദവി പ്രവാചകന്റെ പ്രഥമ ശിഷ്യനായ ഖലീഫ അബൂബക്കറിനു ലഭിച്ച സിദ്ദീഖ് എന്ന പദവിയാണ്. അതായത് സത്യവിചാരത്തിലൂടെ അള്ളാഹുവിനെ അറിയുക. സത്യത്തെ മുറുകെപ്പിടിക്കാനുള്ള ശ്രദ്ധ എന്ന നിലയില്‍ വിശ്വാസത്തെ അറിയുക.
അതും കഴിഞ്ഞ ഒരു പദവിയുള്ളത് പ്രവാചകത്വമാണ്. അത് പ്രവാചകന്മാര്ക്കു മാത്രമേ ലഭ്യമാവൂ. എന്നാല്‍ ജ്ഞാനത്തിന്റെ മാര്‍ഗത്തില്‍ ചരിക്കുന്ന സാധകന് എത്തിച്ചേരുന്ന പദവിയാണ് ഔലിയയുടേത്. അതായത് മുമുക്ഷുവായ ജ്ഞാനി. സര്‍വം അള്ളാഹുവില്‍ സമര്‍പ്പിച്ച ജ്ഞാനി. ആ പദവി പ്രവാചകത്വത്തിനോട് അടുത്തുനില്‍ക്കുന്നതാണ്. പ്രവാചകപദത്തിന്റെ രഹസ്യങ്ങള്‍ അറിയുന്ന ഒരാളാണ് ആ പദവിയില്‍ എത്തിച്ചേരുക എന്ന് സൂഫിസത്തിന്റെ പ്രമുഖനായ ഗുരു ഇമാം ഖസ്സാലി കണ്ടെത്തുന്നുണ്ട്. അത്തരം ജ്ഞാനരഹസ്യം പ്രവാചകന് എല്ലാ ശിഷ്യന്മാര്ക്കും പകര്‍ന്നു നല്‍കിയിട്ടില്ല. എന്നാല്‍ പ്രവാചകന്റെ ഒരു ഹദീസില്‍ ഇങ്ങനെ പറയുന്നുണ്ട്: അന ഇല്‍മി മദീനത്തു വ അലി ബാബു ഹ (ഞാന്‍ അറിവിന്റെ പട്ടണമാണെങ്കില്‍, അലി അതിന്റെ വാതിലാണ്).
ഇതാണ് മുഹമ്മദ് നബിയുടെ ശിഷ്യനായ അലി ഇബ്നു അബൂതാലിബിനെ, ഔലിയായുടെ ഉന്നതപദവിയില്‍ എത്തിച്ചത്. വളരെ വിവാദാസ്പദമായ ഈ സംഗതികളാണ് ആരിഫുദ്ദീന്‍ തങ്ങള്‍ തന്റെ പ്രസംഗത്തില്‍ അധികം വിശദാംശങ്ങള്‍ കൂടാതെ പറഞ്ഞുവെച്ചത്. സൂഫി ജ്ഞാനിക്കുമാത്രം എത്തിച്ചേരാനാവുന്ന അത്തരം പദവിയുടെ അവകാശികള്‍ എന്ന നിലയില്‍ നമ്മുടെ പരമ്പര അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന നിലയിലുള്ള ആശിര്‍വാദമായിരുന്നു അദ്ദേഹം പകര്‍ന്നത്.
ജാനഷീന് നബി എന്ന നിലയില്‍ ആ പദവി പ്രവാചകേതര മനുഷ്യജീവിതത്തിനും സാധ്യമാണ് എന്നും, നിങ്ങളുടെ ഉള്ളില്‍ ഒരു റസൂലുണ്ട് എന്ന് ഓരോ മനുഷ്യനെയും ഖുര്‍ആന്‍ സംബോധന ചെയ്യുന്നത് അത് സംബന്ധിച്ചാണെന്നും മറ്റുമുള്ള വാദങ്ങളാണ് ഷക്കീര്‍ നിരത്തിയത്. എന്നാല്‍, നാം സാധാരണക്കാര്‍ ഇത്തരം വലിയ കാര്യങ്ങളിലേക്ക് മനം തുറന്നിടുന്നത് വലിയ അപകടങ്ങളിലേക്ക് വഴിതെറ്റിക്കുമെന്നുള്ളതായിരുന്നു എന്റെ വാദം.
മാത്രമല്ല, ഷിയാ പക്ഷത്തിന്റെ അലി ആരാധനയുടെ ഷിര്‍ക്കിലേക്ക് നീങ്ങാന്‍ ഇടയുള്ള വാദവുമായിരുന്നു അത്. അതിനാല്‍ രഹസ്യമായ മാര്‍ഗത്തിലൂടെ പകരേണ്ട അറിവായാണ് ഇത്തരം കാര്യങ്ങളെ സൂഫി ഗുരുക്കന്മാര് കരുതുന്നത്. സാധാരണ മനുഷ്യര്‍ക്ക് അനുവദിക്കപ്പെട്ടതല്ല ഔലിയയുടെ സ്ഥാനം. എന്നാല്‍ സാധാരണ മനുഷ്യന് പരിവ്രാജകത്വത്തിലൂടെ ആ പദവിയില്‍ എത്തിച്ചേരാം. അത് വിചിത്രമായ മാര്‍ഗത്തില്‍ ആയിക്കൂടെന്നും ശരിയായ മാര്‍ഗനിര്‍ദേശത്തിലൂടെ വേണമെന്നും മറ്റും ഞാന്‍ പറയാന്‍ ശ്രമിച്ചു. സംഘാംഗങ്ങളുടെ ഭക്തിയും ഈശ്വരവിശ്വാസവും വഴിതെറ്റിപ്പോകേണ്ട എന്ന എന്റെ ഉള്ളിലിരിപ്പായിരുന്നു ഈ ചര്‍ച്ചയെ കൊഴുപ്പിച്ചത്.
എന്നിലെ ഞാനറിയാത്ത വഹാബി മനസ്സായിരിക്കണം അത്തരമൊരു എതിര് നിലപാട് സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ആശയങ്ങളുടെ തലത്തില്‍ ഈ ചിന്തകള്‍ പേറുകയും ഭൗതികതയുടെ തലത്തില്‍ സാധാരണക്കാരെപ്പോലെ എല്ലാ മാനുഷിക വ്യവഹാരങ്ങളിലും പങ്കുചേരുകയും ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇത്തരം ആയിത്തീരലുകള്‍ നാട്യത്തിലേക്കും സങ്കീര്‍ണവും ബാലിശവുമായ വ്യക്തിസ്വരൂപത്തിലേക്കും നയിക്കുന്നതിന് ഇടയാക്കാം എന്ന ആശങ്കയും എനിക്കുണ്ടായിരുന്നു.
താരാഗഡിന്റെ ആത്മീയ ഓറ
ദര്‍ഗാ സന്ദര്‍ശനം കഴിഞ്ഞ പിറ്റേ നാളുകള്‍ ചുറ്റുവട്ടത്തെ ചരിത്രാവശിഷ്ടങ്ങള്‍ തേടി ഞങ്ങള്‍ നടന്നു. അതില്‍ പ്രധാനപ്പെട്ടയിടം പൃഥ്വിരാജ് ചൗഹാന്റെ കോട്ടമതിലുകളുടെ അവശിഷ്ടങ്ങള്‍ ഉള്ള താരാഗഡ് സന്ദര്‍ശനമായിരുന്നു. അജ്മീര്‍ ഭൂഭാഗത്തെ മുഴുവന്‍ വിഹഗവീക്ഷണം കിട്ടുന്ന മലമുകളില്‍ തണുപ്പും മഞ്ഞിന് പടലങ്ങളും ഞങ്ങളെ സ്വാഗതംചെയ്തു. രാജാവുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മീരാന്‍ സാഹിബ് എന്ന സൂഫിവര്യന്റെയും സംഘങ്ങളുടെയും ദര്‍ഗകള്‍ സന്ദര്‍ശിച്ചു. ഖ്വാജയുടെ മകളെ വിവാഹം പറഞ്ഞു വെച്ചയാളായിരുന്നുവത്രെ അദ്ദേഹം.
സുന്നീ വിശ്വാസങ്ങളുടെ ചുറ്റുവട്ടത്തു ജീവിച്ചവര്‍ക്ക് വിമ്മിട്ടങ്ങള്‍ ഉണ്ടാക്കുന്ന ഷിയാ ആചാരങ്ങള്‍ പിന്തുടരുന്ന താരാഗഡിലെ ദര്‍ഗ, സത്യത്തില്‍ ഒരു മനോരോഗ ചികിത്സാ കേന്ദ്രമാണ്. എല്ലാ ദര്‍ഗകളും ഇപ്രകാരം മനസ്സിന്റെ വിഹ്വലതകള്‍ക്കും വിമ്മിട്ടങ്ങള്ക്കും പരിഹാരം തേടി സാധാരണ മനുഷ്യര്‍ ചെന്നെത്തുന്ന ഇടങ്ങളായി മാറിയിട്ടുണ്ട്. വിശ്വാസത്തിന്റെയും ദര്‍ഗകള്‍ സൂക്ഷിച്ചുപോരുന്ന മഖാമിന്റെയും മാനസികഭാവങ്ങള്‍ അപസ്മാരദ്യുതികളെ ശമിപ്പിക്കാന്പോന്ന ഔഷധവീര്യമുള്ളതാണെന്ന് പല അനുഭവങ്ങളുമുണ്ട്. സാധാരണക്കാരുടെ പല ജീവിതാവശ്യങ്ങളുടെയും വഴിപാടുകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മീരാന്‍ സാഹിബിന്റെ ദര്‍ഗ അനുഷ്ഠാനങ്ങളുടെ ആധിക്യംകൊണ്ട് പലപ്പോഴും മനംപിരട്ടല്‍ ഉണ്ടാക്കുന്നു.
ദൂരെനിന്നുതന്നെ താരാഗഡിന്റെ ആത്മീയ ഓറ ഞങ്ങള്‍ക്ക് അനുഭവിക്കാനായി. മുഖങ്ങള്‍ വിവര്‍ണമാകുകയും ഹൃദയമിടിപ്പിന്റെ താളക്രമം മറ്റൊരു നിലയിലാകുകയും ചെയ്തു. ഞാനൊഴികെ മറ്റാരും ദര്‍ഗാ ഷരീഫിന് ഉള്ളില്‍ കയറിയില്ല. മന്ത്രജപങ്ങളില്‍ മനസ്സിനെ കുത്തിനിര്‍ത്തി ആദരാഞ്ജലി അര്‍പ്പിച്ച് മടങ്ങുമ്പോള്‍ സമനില നഷ്ടമാകുംപോലെ തോന്നി. അടുത്തുള്ള പള്ളിയില്‍ പ്രാര്‍ത്ഥനാനിരതമായപ്പോള്‍ ചിരപരിചിതമായ ഖുര്‍ആന്‍ സൂക്തങ്ങള്പോലും ഓര്‍ത്തെടുക്കാനാവാതെ മനസ്സ് മറവിയുടെ പിടിയിലമര്‍ന്നു.
അജ്മീര്‍: ആത്മീയാനുഭവങ്ങളുടെ ശീര്‍ഷസ്ഥാനം
സവിശേഷമായ ഈ അനുഭവം ആദ്യമാണ്. പണ്ട് ഫത്തേപൂര്‍ സിക്രിയിലെ കടുത്ത വൃത്തികേടുകള്‍ക്കിടയില്‍ പ്രശാന്തത സൂക്ഷിച്ച് നിലകൊള്ളുന്ന അക്ബറുടെ ഗുരു സലിം ചിഷ്തിയുടെ ശവകുടീരം സന്ദര്‍ശിച്ചപ്പോള്‍ മനസ്സിനെ മയക്കുകയും ദ്രവീകരിക്കുകയും ചെയ്യുന്ന അനുഭവം ഈയുള്ളവന് ഉണ്ടായിട്ടുണ്ട്. സ്നേഹോഷ്മളതയുടെ സാന്നിധ്യമായിരുന്നു അവിടെയെങ്കില്‍, ഇവിടെ വിമ്മിട്ടത്തിന്റേയും മനംപുരട്ടലിന്റെയും മറവിയുടെയും മായികതയാണുണ്ടായത്.
ഓരോ മഖാമുകളും ഓരോ മാനസികഭാവം പകരുന്ന അനുഭവം സ്വന്തം മനസ്സിനെ സൂക്ഷ്മമായി പിന്തുടരുന്ന ഒരു സാധകന് അനുഭവിക്കാം. സ്വന്തം നാട്ടിലെ സൂഫി വര്യന്മാരുടെയും ഗുരുവര്യന്മാരുടെയും ശവകുടീരങ്ങളിലെ മഖാമുകളുടെ അനുഭവം, മമ്പുറത്തും കൊണ്ടോട്ടി തങ്ങളുടെ സാന്നിധ്യത്തിലുമെല്ലാം എന്റെ സൂക്ഷ്മമനസ്സിന് അനുഭവവേദ്യമായിട്ടുണ്ട്. ദില്ലിക്കടുത്ത്, ഹസ്രത്ത് നിസാമുദ്ദീന്റെയും അമീര്‍ ഖുസ്രുവിന്റെയും ദര്‍ഗകള്‍ കാത്തുപോരുന്ന ഭാവത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനും ഈയുള്ളവന് ഭാഗ്യമുണ്ടായിട്ടുണ്ട്.
അജ്മീര്‍ എല്ലാത്തിന്റെയും ശീര്‍ഷസ്ഥാനത്ത് നിലകൊള്ളുന്നു. അതിനപ്പുറത്ത് അനുഭവിക്കണമെങ്കില്‍ ബാഗ്ദാദിലെ മുഹിയുദ്ദീൻ അബ്ദുല്‍ ഖാദര്‍ ജീലാനിയുടെ സാന്നിധ്യം തേടേണ്ടിവരും. അല്ലെങ്കില്‍ ഹസന് ബസ്രിയുടേയോ റബിയത്തുല്‍ അദവിയ്യയുടെയോ ഇബ്രാഹിം അദ്ഹമിന്റേയോ ഫരീദുദ്ദീന്‍ അത്തറിന്റേയോ മഖാമുകള്‍. അതിനുമപ്പുറത്തേക്ക് ചെന്നെത്തണമെങ്കില്‍, വഹാബിസം പ്രവേശനാനുമതി പരിമിതപ്പെടുത്തിയ, പ്രവാചകന്റെ മദീനയിലെ റൗളയില്‍ ചെന്നെത്തേണ്ടി വരും. വാക്കുകളില്‍ പറയാനാവാതെ വഴുക്കിപ്പോകുന്ന അനുഭവങ്ങളുടെ സൂക്ഷ്മസ്വനഗ്രാഹികള്‍.
സൂഫികളുടെ ഹാലുകളെയും മഖാമുകളെയും കുറിച്ചും, ഈശ്വരഭക്തിയില്‍ സമാഅ് അഥവാ സംഗീതശ്രവണത്തിനുള്ള സ്ഥാനത്തെക്കുറിച്ചും ഷെയ്ഖ് സുഹ്റവര്‍ദിയുടെ പ്രസിദ്ധമായ മആരിഫുല്‍ മുആരിഫ് (ജ്ഞാനികളുടെ തത്വചിന്ത) എന്ന ഗ്രന്ഥത്തില്‍ വായിച്ചറിഞ്ഞിട്ടുണ്ട്. സൂഫിയുടെ ഈശ്വരാനുഭവത്തില്നിന്നുണ്ടാകുന്ന അവസ്ഥയെയാണ് ഹാല് എന്ന് പറയുന്നത്. ഇത് ഒരര്‍ത്ഥത്തില്‍ സൂഫിജ്ഞാനിയുടെ മിസ്റ്റിക് അനുഭവത്തിന്റെ താഴ്ന്ന പടിയാണ്.
ഈശ്വരനുമായുള്ള ബന്ധം, ഇവിടെ അല്പം ഭ്രാന്തമായ ആവേശത്തിന്റെ അവസ്ഥയില്‍ എത്തിക്കുന്നു. ഇത്തരം ഹാലുകള്‍ പക്വപ്പെടുകയും സൂഫി ഈ ഹാലുകളുടെ ആനന്ദത്തില്‍ വിരാജിക്കുമ്പോഴും സാധാരണത്വം കൈവിടാതെയിരിക്കുകയും സാധാരണ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും സമൂഹസേവ നടത്തുകയും ചെയ്യുന്ന അവസ്ഥയില്‍ ഹാല്, മഖാമായി പുരോഗമിക്കുന്നു. എപ്പോഴും ആണ്ടിറങ്ങാനും ഏതു സമയവും തിരിച്ചുവരാനും പറ്റുന്ന പക്വമായ ആത്മീയാനുഭവത്തില്‍ കഴിയുന്ന സൂഫിയെ, അയാള്‍-അവള്, അത്തരമൊരവസ്ഥയില്‍ ആണെന്ന് തിരിച്ചറിയാനാവാത്തവിധം സാധാരണത്വം ചൂഴുകയും ചെയ്യുന്നു.
മഖാമുകൾ ദൈവത്തിന്റെ ഏകാസ്തിത്വത്തിലേക്കുള്ള ഗോവണിപ്പടികൾ
യോഗചിന്തയിലെ പ്രത്യാഹാരവും ധാരയും ഉറയ്ക്കുന്ന അവസ്ഥ എന്നു വേണമെങ്കില്‍ താരതമ്യം തീര്‍ക്കാം. ഇത്തരം അവസ്ഥയില്‍ സൂഫിയുടെ ഹൃദയപ്രകാശത്തിന്റെ അനുഭവം ഏറ്റുവാങ്ങുന്നവര്‍ക്ക് അയാളുടെ ഉത്തുംഗമായ ആത്മാനുഭവത്തെ മനസ്സിലാക്കാനും അതില്‍നിന്ന് ശക്തി നേടാനും കഴിയുന്നു. ഈ മഖാം ശവകുടീരത്തിലും (സമാധി) തുടരുന്നു എന്ന അര്‍ത്ഥത്തിലാണ് സൂഫിയുടെ കബറിടം സന്ദര്‍ശനസ്ഥലമായി സവിശേഷമാകുന്നത്. ഭൗതിക ശരീരത്തിന്റെ അഭാവത്തിലും തുടരുന്ന ഈ മഖാം ഓരോ സൂഫിക്കും ഓരോന്നാണെന്ന് വരുന്നു. അതിനാല്‍ സൂഫിയുടെ ജ്ഞാനപദ്ധതിയും അന്വേഷണവഴിയും എത്രത്തോളം സാധകന് മനസ്സിലാക്കുന്നുവോ, അത്രത്തോളം മഖാമിനെ അടുത്തറിയാനും അനുഭവിക്കാനും കഴിയുന്നു. അവിടം ആതുര ശുശ്രൂഷയുടെ മിസ്റ്റിക് ഇടങ്ങളായിത്തീരുന്നു; ജ്ഞാനം പകര്ന്നുനല്കുന്ന മഖാം ഷരീഷുകളായി മാറുന്നു.
എന്നിരുന്നാലും ഇവിടെയെത്തുന്ന ഭക്തയ്ക്ക് ഏകദൈവത്തിന്റെ അനശ്വരതയെയും പരമശക്തിയെയുംകുറിച്ച് ബോധ്യം ഉറച്ചതായിരിക്കണം. അന്തിയുറങ്ങുന്ന സൂഫിയുടെ സാന്നിധ്യം ദൈവസാമീപ്യം എളുപ്പമാക്കും എന്നു മാത്രമേയുള്ളൂ. ഒരു ഗോവണിപ്പടി മുന്നിലുണ്ട് എന്നുമാത്രം.
അതിലപ്പുറം സൂഫിയുടെ കബറിടം ആരാധനാ കേന്ദ്രമാകുന്നത് അന്ധവിശ്വാസത്തിന്റേയും രോഗാതുരതയുടെയും ലക്ഷണമാണ്. ദൈവത്തില്‍ പങ്കുചേര്‍ക്കുക എന്ന കൊടിയ ഇസ്ലാമിക വിരുദ്ധതയില്‍ ചെന്നുപെടുന്നു എന്ന അര്‍ത്ഥമാണ്, അതിനാല്‍ത്തന്നെ ഷിര്ക്കിനെക്കുറിച്ചുള്ള ജ്ഞാനമാണ്, ഈശ്വരനില്‍ പങ്കുചേര്ക്കലിനെക്കുറിച്ചുള്ള അറിവാണ്; അള്ളാഹുവിന്റെ പ്രതിരൂപങ്ങളും ഗുണഗണങ്ങളും വേര്‍തിരിഞ്ഞുള്ള സവിശേഷതയെയും ഉള്‍ക്കൊള്ളലാണ്, അത്.
മുന്നൂറ്റിമുക്കോടി ദൈവങ്ങള്‍ ഏകാസ്തിത്വത്തിന്റെ ഏതേതു ഭാവങ്ങളെയാണോ പ്രതിബിംബിക്കുന്നത്, അതറിയലിലൂടെ മാത്രമേ ഏകത്വത്തിന്റെയും തൗഹീദിന്റെയും ഇസ്ലാമിക ആശയം സമ്പൂര്‍ണമാകൂ. ഇസ്ലാമിക തത്വചിന്തയുടെ ഈ ഞാണിന്മേല് കളിയാണ് സൂഫിസം ആന്തരവല്ക്കരിച്ചിരിക്കുന്നത്.
(തുടരും)
സൂഫീപഥങ്ങളിൽ ഒന്നാംഭാഗം ഇവിടെ വായിക്കാം:
സൂഫീപഥങ്ങളിൽ രണ്ടാംഭാഗം ഇവിടെ വായിക്കാം:
സൂഫീപഥങ്ങളിൽ മൂന്നാംഭാഗം ഇവിടെ വായിക്കാം:
സൂഫീപഥങ്ങളിൽ: പരിവ്രാജകത്വത്തിലൂടെ സത്യത്തെത്തേടുന്ന വിപ്ലവകാരിയുടെ മതമാണ് സൂഫിസം
സൂഫീപഥങ്ങളിൽ നാലാംഭാഗം ഇവിടെ വായിക്കാം:
സൂഫീപഥങ്ങളില്‍: പ്രവാചകചര്യയുടെ നന്മകളെ കാത്തുസൂക്ഷിക്കാന്‍ എല്ലാം ത്യജിച്ചിറങ്ങുന്നവര്‍